1/29/18

പൂ പറിക്കാൻ പോരുന്നോ ?



(Anitha Premkumar)


അത്തത്തിനു തലേനാൾ ചെമ്പരത്തിമൊട്ടുകൾ അന്വേഷിച്ചു നടന്നപ്പോൾ ആണ് അവനെ ആദ്യമായി കണ്ടത്.
ടൗണിൽ താമസിക്കുന്നവരൊക്കെ ജമന്തിപ്പൂക്കളും കനകാമ്പരവും മറ്റും പൈസ കൊടുത്തുവാങ്ങിയാണത്രേ പൂവിടുക. അവരുടെയൊക്കെ ഒരു ഭാഗ്യം!
എനിക്കും ഇഷ്ടമാണ്, ജമന്തിയുടെ, മുല്ലയുടെ, റോസാ പൂക്കളുടെ ഒക്കെ അഭൗമമായ പരിമളങ്ങൾ. പക്ഷേ കരണ്ടും വെളിച്ചവുമൊന്നും തിരിഞ്ഞുനോക്കാത്ത ഗ്രാമത്തിൽ നിന്നും രണ്ടു കിലോമീറ്റർ നടന്നു ബസ് സ്റ്റോപ്പിൽ പോയി, ബസ്സിൽ 5 കി.മി അകലെയുള്ള പട്ടണത്തിൽ നിന്നും പൂ വാങ്ങികൊണ്ടുതരാൻ എങ്ങനെ അച്ഛനോട് പറയും!
ചെമ്പരത്തിമൊട്ടുകൾ വൈകിട്ട് പറിച്ചു പറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ വച്ച് പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയിട്ടുണ്ടോ?
നീർമുത്തുകളാൽ അലങ്കരിക്കപ്പെട്ടു അവയൊക്കെ ചുമപ്പും വെള്ളയും ഒക്കെ നിറങ്ങളിൽ അങ്ങനെ വിടർന്നു നിന്നിട്ടുണ്ടാവും.
പക്ഷേ മൊട്ടുകളൊക്കെ സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ ആദ്യമെത്തുന്നവർ പറിച്ചുകൊണ്ട്പോയിട്ടുണ്ടാവും! എല്ലാ വീടുകളും അവിടെ ഉണ്ടാകുന്ന പൂവുകളും എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണല്ലോ!
അങ്ങനെ പൂ മൊട്ടുകൾ അന്വേഷിച്ചു ആൾ താമസമില്ലാത്ത നാണുഏട്ടന്റെ പറമ്പിൽ എത്തിയതായിരുന്നു .
നാണുഏട്ടനും കാർത്തിചേച്ചിയും പണ്ടെന്നോ ഇവിടെ താമസിച്ചിരുന്നു. എന്തുകൊണ്ടാണ് അവർ ഇവിടം വിട്ടുപോയത് എന്ന ചോദ്യത്തിന് 'അമ്മ വ്യക്തമായ മറുപടി തന്നില്ല.
ചില്ലകൾ താഴ്ത്തി മൊട്ടുകൾ പറിക്കുന്നതിനിടയിൽ കണ്ടത്, നിറഞ്ഞ ചിരിയോടെ തന്നെനോക്കി നിൽക്കുന്ന, കോളജിൽ പഠിക്കുന്ന പ്രായത്തിലുള്ള ഒരാൾ!
സൗമ്യമായ മുഖഭാവം കണ്ടെങ്കിലും ഭയം കാലുമുതൽ തലവരെ അരിച്ചെത്താൻ തുടങ്ങിയത് അറിയുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് അവൻ ചോദിച്ചത്.
" നീ ഗോപാലേട്ടന്റെ മകൾ രേണുവല്ലേ?"
"അതെ"
"എന്നെ അറിയോ?"
"ഇല്ല"
"എന്തിനാ ഇപ്പോൾ ഇവിടെ വന്നത്? അതും ഈ കാട്ടിൽ, ഒറ്റയ്ക്ക്? പേടിയില്ലേ ? "
"അത് ....എന്റെ വീട്ടിലെ ചെമ്പരത്തിമൊട്ടുകൾ മുഴുവനും രാധ പറിച്ചുകൊണ്ടുപോയി. അവൾ പറിക്കുന്നത് മുത്തശ്ശി കണ്ടിരുന്നു. എന്നിട്ടും ഒന്നും പറഞ്ഞില്ല.. നാളെ അത്തം അല്ലെ? ഞാനെങ്ങനാ പൂവിടുന്നത്? ചെമ്പരത്തിയില്ലെങ്കിൽ പൂക്കളം ഭംഗിയാവൂല" എങ്ങനെയോ കിട്ടിയ ധൈര്യത്തിൽ ആണ് അത്രയും പറഞ്ഞത്.
"ശരി. ഞാൻ സഹായിക്കാം. അവൻ ഓരോ കമ്പുകളായി പൂ പറിക്കാൻ പാകത്തിന് താഴ്ത്തി തന്നു. കൈയിലുണ്ടായിരുന്ന ചേമ്പിലകുമ്പിളിൽ നിറയെ മൊട്ടുകളുമായി പോകാൻ തുനിയവെ അവൻ ചോദിച്ചു.
" രേണു ഇപ്പോൾ ഏതു ക്‌ളാസ്സിലാ പഠിക്കുന്നത്? "
" ഞാൻ .... ഏഴാം ക്‌ളാസിൽ"
"എന്നിട്ട് കണ്ടാൽ പത്തിലെത്തിയ പോലുണ്ടല്ലോ! അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു"
എന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല... പിന്നീടുള്ള പത്തു ദിവസങ്ങളിലും ചെമ്പരത്തിമൊട്ടുകൾ പറിച്ചു തന്നത് അവനായിരുന്നു. പത്താം ദിവസം പറഞ്ഞു.
" ഇനി ഞാൻ വരൂല്ലാട്ടോ. നാളെ ഓണല്ലേ".
പ്രതീക്ഷിക്കാതെ കവിളിൽ അവൻ നൽകിയ സ്നേഹ സമ്മാനം ! ദേഹത്ത് വട്ടം ചുറ്റിയ കൈ തട്ടി മാറ്റി തിരിഞ്ഞോടുമ്പോൾ വല്ലാതെ വിറച്ചു.. ഇല്ല.. ഇനി ഈ ജന്മത്തിൽ അവനോട് മിണ്ടില്ല. രാധ പറഞ്ഞത് ശരിയാണ്. ഈ ആൺകുട്ടികൾ ശരിയല്ല..
ഓടുമ്പോൾ വീഴാതിരിക്കാൻ വല്ലാതെ ഇറുക്കിപിടിച്ചത് കാരണം മൊട്ടുകൾ ഉടഞ്ഞുപോയിരുന്നു. തിരുവോണത്തിന് പൂക്കളം നന്നായില്ല.
ഓണം കഴിഞ്ഞു.. പിന്നീട് കുറേനാൾഅവനെ മറക്കാനുള്ള വിഫലമായ ശ്രമങ്ങൾ!
എന്നിട്ടും ഏഴാം ക്‌ളാസ്സിലെ വാർഷികോത്സവത്തിനു സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോൾ അവനെ ഒന്ന് കാണാനായി, ആ വിശേഷം ഒന്ന് പറയാനായി വീണ്ടും നാണുഏട്ടന്റെ പറമ്പിലേക്ക് മടിച്ചു മടിച്ചു ചെന്നു.
പക്ഷെ അവിടെ ഇടിഞ്ഞു പൊളിഞ്ഞ വീടോ ചെമ്പരത്തിമരമോ കണ്ടില്ല.
" മോൾ എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്?"
അതുവഴി ആടുകളെയും കൊണ്ട്കടന്നുപോയ സുമിത്രചേച്ചിയാണ്.
" ഒന്നൂല്ല ചേച്ചീ.. ഇവിടുത്തെ ചെമ്പരത്തിചെടി എവിടെ? ഞാൻ ഓണത്തിന് പൂക്കൾ ഇവിടെ വന്നു പറിച്ചിരുന്നു."
സുമിത്രചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
" മോൾ എന്താ ഈ പറയുന്നത്? ഞാൻ ദിവസവും ആടുകളെയും കൊണ്ട് ഇതുവഴി പോകുന്നു. എത്രയോ വര്ഷങ്ങളായി.. ഇതുവരെ ഇവിടെ ചെമ്പരത്തി പോയിട്ട് അരിപ്പൂവോ, വെള്ളിയിലയോ പോലും ആരും കണ്ടിട്ടില്ല. പിന്നെങ്ങനാ നീ ഇവിടുന്നു പൂ പറിക്കുന്നതു ?"
തല ചുറ്റുന്നത്പോലെ തോന്നി.. ഇടത്തെ കവിളിൽ അറിയാതെ ഒന്ന് തടവി..
"കുട്ടി വീട്ടിൽ പോ.. ഈ പ്രായം അത്ര നന്നല്ല.. ഇല്ലാത്തതു പലതും ഉണ്ടെന്നു തോന്നും. ഇനി ഇങ്ങനെ ഇറങ്ങി നടക്കരുത്. ഞാൻ നിന്റെ മുത്തശ്ശിയോട് പറയുന്നുണ്ട്... "
അപ്പോൾ ഒക്കെ ഇല്ലാത്തതായിരുന്നോ? പത്തു ദിവസവും താനിട്ട പൂക്കളത്തിലെ ചെമ്പരത്തിപ്പൂക്കൾ കണ്ടു രാധ അസൂയ പൂണ്ടത്? ഏറ്റവും നല്ല പൂക്കളം തന്റെതാണു രേണു എന്ന് വിശ്വേട്ടൻ പറഞ്ഞത്?
വലിയ ചെമ്പുകലത്തിൽ അടുത്ത വീട്ടിലെ കിണറിൽ നിന്നും വെള്ളം കോരി തലയിലേക്ക് എടുത്തു വച്ചു തരുമ്പോൾ പേടിയോടെ അമ്മയോട് ചോദിച്ചു
" അമ്മെ, നാണുവേട്ടന്റെ പറമ്പിൽ 'അമ്മ ഇപ്പോഴെങ്ങാനും പോയിട്ടുണ്ടോ ?"
" ഇല്ല. എന്തെ?"
"ഒന്നൂല്ല"
"രേണു,, നീയവിടെ പോയോ? സത്യം പറ."
സത്യം പറയാന്‍ സത്യം ഏത് നുണയേത് എന്നറിയണ്ടേ! വീടെത്തും വരെ അമ്മ വഴക്ക് പറഞ്ഞത് എന്തിനെന്നും മനസ്സിലായില്ല.
പക്ഷെ പിന്നീടൊരിക്കലും അവിടെ പോയില്ല.അതോ പോയോ? മുന്പ് പോയത് ശരിക്കും പോയതാണോ?
"എടോ.... നാളെ ഓണമല്ലേ? നീ ഒന്നും ഉണ്ടാക്കുന്നില്ലേ? വാ, നമുക്ക് പോയി സാധനങ്ങള്‍ വാങ്ങി വരാം. "
ഉച്ചത്തിലുളള എട്ടന്റെ സംസാരം കേട്ടപ്പോഴാണ് പരിസരബോധം വന്നത്.
ഓഫീസ് വിട്ടു രാത്രി വീട്ടില്‍ എത്തിയതെയുള്ളൂ എന്ന തിരിച്ചറിവിന്റെ സങ്കടം കണ്ണുകൾ ഏറ്റെടുക്കും മുന്നേ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു,
" അതിനു നാളെ നിങ്ങള്‍ ലീവ് എടുക്കുന്നുണ്ടോ?"
അയ്യോ.. ഇല്ല. ഞാന്‍ ഉച്ചയ്ക്ക് ഉണ്ണാന്‍ വരാം. നീയോ?
" എനിക്കും പോണം. ഞാന്‍ രാവിലെ തന്നെ ഒക്കെ റെഡി ആക്കി വച്ചിട്ട് പോകും. കുട്ടികള്‍ വൈകിട്ടല്ലേ വരൂ.. അവര്‍ക്ക് ക്ലാസ് ഉണ്ടല്ലോ! "
എന്നാല്‍ വാ. വേഗം പോയി സാധനങ്ങള്‍ വാങ്ങി വരാം. അല്പം പൂക്കളും വാങ്ങണ്ടെ?
വേണം.. വേണം ...
പോകുമ്പോൾ നിരോധിച്ച പ്ലാസ്റ്റിക് കവറുകളിൽ ഒന്നെടുത്തു കൈയ്യിൽ ചുരുട്ടിവച്ചു. തിരിച്ചു വരുമ്പോൾ പൂ പറിക്കണം..
അടുത്ത വീട്ടിലെ മതിലിനു മുകളിൽ കൂടി റോഡിലേയ്ക്ക് വീണു പരന്നു കിടക്കുന്ന ചെമ്പരത്തിയിലെ മൊട്ടുകൾ ഞാൻ മാത്രം കാണാറുണ്ടായിരുന്നു.....
***********************************************************
അനിത പ്രേംകുമാർ

No comments:

Post a Comment