1/31/14

കവിതകള്‍ പിറന്ന വഴികള്‍

വിവാഹ വാര്‍ഷികം

ജന്മ ജന്മാന്തരങ്ങളായി നാം ഒരുമിച്ചാണ് എന്നും, ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തില്‍ എന്നോടു ചേര്‍ന്നതല്ല നീ എന്നും പറയാതെ പറയുന്ന ആളോട് വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളും ഉണ്ടാവാറില്ല.
എന്നാലും ഇപ്രാവശ്യം അവള്‍ക്കു നിങ്ങള്‍ ഉണ്ടല്ലോ.

വിവാഹത്തിനു മുന്‍പ് അമ്മയോട് മനസ്സില്‍ വരുന്നതൊക്കെ പറഞ്ഞു പിറകെ നടന്നിരുന്ന പെണ്‍കുട്ടി, വിവാഹം കഴിഞ്ഞു എത്തിയത്, അത്യാവശ്യത്തിനു മാത്രം മിണ്ടിയിരുന്ന ആളുടെ അടുത്ത്. അങ്ങോട്ട്‌ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ എന്തെങ്കിലും പറയാന്‍ പേടിയായി. അങ്ങനെ കവിതകള്‍ എഴുതി തുടങ്ങി. പറയാനുള്ള കാര്യങ്ങള്‍ കവിതകളായി അവന്‍റെ മേശ പുറത്തു വന്നു കൊണ്ടിരുന്നപ്പോള്‍ ഒരുനാള്‍ അവന്‍ പറഞ്ഞു." എനിക്ക് മനസ്സിലാവുന്നുണ്ട്, കേട്ടോ"

"സമാധാനം, മനസ്സിലാവുന്നുണ്ടല്ലോ." എന്ന് മനസ്സില്‍ കരുതി.

സുഹൃത്തുക്കളോടു വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി, സംസാരിക്കാന്‍ പൊതുവായ സബ്ജക്റ്റ് ഇല്ലാത്തതാണ് കാരണം,എന്ന്. അവന്‍റെ ഇഷ്ട വിഷയം രാഷ്ട്രീയവും ക്രിക്കറ്റും.അങ്ങനെ അവളും ആന്റണി, കരുണാകരന്‍, നായനാര്‍, നരസിംഹ റാവു, ഒക്കെ ആരെന്ന് അന്വേഷിച്ചറിഞ്ഞു, പഠിച്ചു. അവരെപറ്റിയൊക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ പതുക്കെ അവന്‍ അവളുടെ സുഹൃത്തായി. പിന്നെ മറ്റു സുഹൃത്തുക്കള്‍ ഇല്ലെങ്കിലും പ്രശ്നമില്ലെന്നായി. പറയാനുള്ള വ്യക്തിപരമായ കാര്യങ്ങള്‍ ഇതിനിടയില്‍ തിരുകി വച്ച് വേണം പറയാന്‍! ഇതില്‍ ക്രിക്കറ്റ് മാത്രം ഇനിയും എന്താണെന്ന് അവള്‍ക്കറിയില്ല. അത് മകന്‍റെ കളി എന്നെങ്കിലും ടി. വി. യില്‍ വരുന്നുണ്ടെങ്കില്‍ അന്ന് പഠിക്കും എന്നവള്‍ പറയുന്നു.

അങ്ങനെ ഇന്നും നരേന്ദ്ര മോഡിയെ വിമര്‍ശിച്ചും,പിണറായി വിജയനെ, രാഹുല്‍ ഗാന്ധിയെ ഒക്കെ പുകഴ്ത്തിയും അവനോടു തര്‍ക്കിക്കാനും ഒരുമിക്കാനും വിഷയങ്ങള്‍ കണ്ടെത്തുന്നു. കൂടെ മറ്റു ലോക കാര്യങ്ങളും പറയണം. അങ്ങനെ അവന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌ ആയപ്പോള്‍ അവനു വീട്ടില്‍ മാത്രമല്ല, ഓഫീസിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവള്‍ കൂടെ വേണം. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്കൂള്‍ മറ്റൊരാളെ ഏല്പിച്ചു, ഇപ്പോള്‍ അവന്‍റെ കൂടെ ഓഫീസിലും വീട്ടിലും ഓഫീസ് കാര്യങ്ങളും രാഷ്ട്രീയവും ലോക കാര്യങ്ങളും ചര്‍ച്ച ചെയ്തു, ഇടയ്ക്ക് വീട്ടുകാര്യങ്ങള്‍ പറയാതെ പറഞ്ഞും , വല്ലപ്പോഴും അവന്‍ ഫ്രീ ആക്കി വിടുന്ന നിമിഷങ്ങളില്‍ വല്ലതും എഴുതിയും ഒരുമിച്ചുള്ള ജീവിതം ഇരുപതു വര്ഷം പൂര്‍ത്തിയാക്കുന്നു.

അവള്‍ പലരോടും അവന്‍റെ കുറ്റം പറഞ്ഞേക്കാം. പക്ഷെ അവള്‍ക്കുറപ്പുണ്ട്, അവന്‍ ഒരിക്കലും അവളെപറ്റി ഒരു വാക്ക് പോലും മോശമായി ആരോടും പറയില്ല എന്ന്. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അവന്‍ പറഞ്ഞ പോലെ വിശ്വാസം രണ്ടുതരം.പൂര്‍ണ്ണ വിശ്വാസവും, പരിപൂര്‍ണ്ണ വിശ്വാസവും. അതേ അവന് അവളെ പരിപൂര്‍ണ്ണ വിശ്വാസം ആണ്. അവള്‍ക്കോ? പെണ്ണല്ലേ-- ഒരു കണ്ണ് എപ്പോഴും പിറകെ!


കവിതകളിലൂടെ അവള്‍ ഇപ്പോഴും അവനുമായി സംവദിക്കുന്നു.പക്ഷെ അവ വയ്ക്കുന്നത് അവന്‍റെ മേശപ്പുറത്തല്ല, പകരം എഫ്.ബി.യിലും ബ്ലോഗിലും ആണ് എന്ന് മാത്രം.

                                                                      *  *  *
 

1/21/14

പ്രവാസം


പ്രവാസം    കവിത: അനിതപ്രേംകുമാര്‍ഒറ്റയാനായിരുന്നൂ, അവന്‍.
കൂട്ടത്തില്‍ നടക്കുമ്പോഴും
കൂട്ടരെ പരിരക്ഷിക്കുമ്പോഴും
പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്തുമ്പോഴും
ഒറ്റയാനായിരുന്നു, അവന്‍.

വലിയൊരു ശരീരവും പേറി,
കാട്ടു ചോലകളില്‍ മദിച്ചു നടക്കുമ്പോഴും
കാട്ടാറുകളില്‍ മുങ്ങി നിവരുമ്പോഴും
കാടിളക്കി നടക്കുമ്പോഴും
ഒറ്റയാനായിരുന്നു, അവന്‍.

അവന്‍റെ ലോകം  ചെറുതായിരുന്നു.
സ്വപ്‌നങ്ങള്‍ എന്നും ചെറുതായിരുന്നു
ആഗ്രഹങ്ങള്‍ അതിലും ചെറുതായിരുന്നു,
കാഴ്ചപ്പാടുകള്‍ പക്ഷെ, വലുതായിരുന്നു.

എന്നിട്ടുംവീണവന്‍ വലിയൊരുകുഴിയില്‍
കയറാനാവാതെ പിടഞ്ഞു കരഞ്ഞു
കയറ്റാന്‍ വന്നവര്‍ പൊക്കിയെടുത്തു
അവരുടെ നാട്ടിലെ താപ്പാനയാക്കി,
ഭാരിച്ച ജോലികള്‍ ശീലമാക്കി.

കോണ്ക്രീറ്റ് സൌധങ്ങളവന് വേണ്ട
പൊന്നും പണവുമവന് വേണ്ട
സ്വന്തം നാടായ കാടിന്‍റെ ഭംഗിയില്‍
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മോഹം
അവനു, കാട്ടിലെയ്ക്കൊന്നുകൂടെത്താന്‍ മോഹം.

                        *  *  *


1/10/14

മൌനംകവിത :അനിത പ്രേംകുമാര്‍
മൌനം

മൌനത്താല്‍ പറയേണ്ടകാര്യമവള്‍
വാക്കാല്‍ പരത്തി ചൊന്നപ്പോള്‍
മൌനം വിട്ടവനെഴുന്നേറ്റു
പിന്നെ, വാക്കുകള്‍ തമ്മില്‍
പോര്‍വിളികള്‍ മാത്രമായ്!

ഒടുവില്‍ തളര്‍ന്നു
നിലത്ത് കുത്തിയിരുന്നവര്‍
പരസ്പരം മനസ്സില്‍ ചോദിച്ചു
എന്തായിരുന്നു കാര്യം?
എന്തിനായിരുന്നു നമ്മള്‍!

കാര്യം മറന്നുപോയ്‌.
കാരണം മാറിപ്പോയ്‌.
പുറത്തത് ഉരിയാടാനാവാതെ 
ശബ്ദം പിണങ്ങിപ്പോയ്.

പിന്നവര്‍ മൌനത്താല്‍പറയാന്‍ ശ്രമിച്ചു.
കണ്ണികള്‍ വിട്ടുപോയ  മനസ്സുകള്‍ക്ക്
ഒന്നുമേ കേള്‍ക്കുവാന്‍ ത്രാണിയില്ല.
ഒന്നുമേ മിണ്ടുവാന്‍ വാക്കുമില്ല.
                        *  *  *1/7/14

അവളും കഥ എഴുതും                                                            കഥ: അനിത പ്രേംകുമാര്‍അവളും കഥ എഴുതും
                              

അന്നും പതിവുപോലെ രാജീവിന് ഓഫീസില്നല്ല ജോലിയുണ്ടായിരുന്നു. ഐ. ടി ഫീല്‍ഡ് ആയതു കൊണ്ട് ശമ്പളം മോശമില്ലെങ്കിലും മുടിഞ്ഞ ടെന്‍ഷനാ. ഇതിനൊക്കെ എന്നാണാവോ ഒരു അവസാനം! രേണൂന്റെതും ഐ.ടി. തന്നെയാ. പക്ഷെ ഇത്രയൊന്നും  ടെന്‍ഷന്‍ ഇല്ലാത്ത ജോലിയാണ് എന്ന് അയാള്‍ക്ക്‌ തോന്നി.

"പൂമുഖ വാതില്‍ക്കല്‍ സ്നേഹം ........ " പതുക്കെ ഒരു മൂളിപ്പാട്ട് പാടി അയാള്‍. 
ഇന്ന് ട്രാഫിക് അല്പം കുറവാണ്. സാധാരണ യുള്ള ബ്ലോക്ക് എവിടെയും കണ്ടില്ല.  

വീട്ടിലേക്കുവരുമ്പോള്‍ ഭാര്യയെ മുറ്റത്ത് കാണണം, തനിക്കായി അവള്‍ കാത്തു നില്‍ക്കണം എന്നൊക്കെ അയാള്‍ക്കും  ആഗ്രഹമുണ്ട്. ഒക്കെ ഒരു സ്വപ്നം മാത്രം. രണ്ടുപേരും ജോലി ചെയ്യാതെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക? ആ മടിച്ചി കുറെ പ്രാവശ്യം ചോദിച്ചതാ, “ജോലി കളഞ്ഞ്‌ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കോട്ടേ?” എന്ന്. അത് കേള്‍ക്കാത്തപോലെ അഭിനയിച്ചു. അവള്‍ക്കതൊക്കെ പറയാം.

കാര്‍ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ശേഷം അയാള്‍ പതിയെ ഇറങ്ങി ഗേറ്റ് തുറന്നു   പോര്‍ച്ചില്‍ കയറ്റി ഇട്ടു. മക്കള്‍ രണ്ടു പേരും എത്തിയോ ആവോ?

ഒച്ചയുണ്ടാക്കാതെ ചെന്ന് നോക്കി.

രണ്ടു പേരും മുറിയില്‍ ഇരുന്നു ഹോം വര്‍ക്ക് ചെയ്യുകയാണ്. വിളിക്കണോ? വേണ്ട. വിളിച്ചാല്‍ ഇപ്പൊ ചെയ്യുന്ന കാര്യത്തില്‍ നിന്നും ശ്രദ്ധ പോകും. എന്തെങ്കിലും കഴിച്ചു കാണുമോ? 

 ഉം. അവളിപ്പോള്‍ എത്തുമല്ലോ. അതൊക്കെ അവള്‍ നോക്കട്ടെ. 

  
നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാത്രെ. രാവിലെ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു. അയാള്‍ക്ക് തന്‍റെ നാടും വീടും മഴക്കാലവും ഒക്കെ വല്ലാതെ  ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു. എന്തെങ്കിലും എഴുതിയാലേ ഇനി ഒരു സമാധാനമുള്ളൂ. ഒരു കവിതയുടെ ഏകദേശ രൂപം വരുന്നുണ്ട്. ഇനി താമസിപ്പിക്കാന്‍ വയ്യ. രേണു ഒന്ന് വേഗം വന്നെങ്കില്‍, പെട്ടെന്ന് ഭക്ഷണവും കഴിച്ച് എഴുതാനിരിക്കാമായിരുന്നു. ആറു മണി മുതല്‍ കാത്തിരിക്കുന്നതാ. ഇപ്പോള്‍  മണി ഏഴു കഴിഞ്ഞിരിക്കുന്നു. സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപോലെ തോന്നി.

"ഓ--വന്നല്ലോ"

"രാജീവന്‍ ഇന്ന് വേഗം എത്തിയോ?"

"ആ, എത്തി. രേണൂ,എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ഒന്ന് പെട്ടെന്നുണ്ടാക്കിത്താ. അത്യാവശ്യമായി കുറച്ചെഴുതാനുണ്ട്. 
പിന്നെ, എന്‍റെ ടേബിളും പെന്നും  ഒക്കെ ഒന്ന് ശരിയാക്കി വച്ചേക്ക്. വൈകിയാല്‍ ഒക്കെ മറന്നു പോകും. വരികള്‍ക്കൊന്നും ഒരു തുടര്‍ച്ച കിട്ടില്ല." നമ്മുടെ വിഷുക്കണി മാഗസിന്‍ അവരുടെ ഓണപ്പതിപ്പിലേയ്ക്ക് ഒരു കവിത ചോദിച്ചിരുന്നു”


“രാജീവ്, കുട്ടികള്‍ എവിടെ? അവര്‍ വല്ലതും കഴിച്ചോ?”


“അവര്‍ മുറിയിലുണ്ട്. ഹോം വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ശല്ല്യപ്പെടുത്തിയില്ല. നീ എന്താ ഈ നില്‍ക്കുന്നേ? ഒന്ന് പെട്ടെന്ന് വേണം”


ഡ്രസ്സ്‌ മാറാന്‍ നിന്നാല്‍ ആള് ആകെ ചൂടാകും. മക്കളുടെ റൂമില്‍ പോയി നോക്കി. രണ്ടുപേരും പഠിത്തമൊക്കെ കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഗൈമിലാണ്.

"മീനൂട്ടീ..... ഉണ്ണിക്കുട്ടാ....."

അമ്മയെ കണ്ടപ്പോള്‍ രണ്ടുപേരും ഗെയിം മതിയാക്കി ഓടി വന്നു.

“രണ്ടു പേരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു, " ഹോം വര്‍ക്കൊക്കെ കഴിഞ്ഞോ? "

"എന്‍റെതു കഴിഞ്ഞമ്മേ". ഉണ്ണിക്കുട്ടന്‍.

"അമ്മേ, എനിക്ക് ഇനിയും കുറെ ഉണ്ട്. വരച്ചു വരച്ചു കൈ വേദനിക്കുന്നു. ബാക്കി ഞാന്‍ രാത്രി തീര്‍ത്തോളാം അമ്മേ.."

"ഉം.. ശരി..മക്കള്‍ക്കെന്താ കഴിക്കാന്‍ വേണ്ടേ?”

“ചപ്പാത്തിയും ചിക്കനും” മോന്‍റെ വകയാണ്.

മോള്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവള്‍ ഈയ്യിടെയായി മൌനത്തിലൂടെ തന്നോടു പലതും പറയുന്നത് രേണു അറിയുന്നുണ്ട്. എന്നിട്ടും അറിയാത്ത പോലെ നടിച്ചു.
എല്ലാത്തിന്റെയും ഉത്തരം ഒരര്‍ഥത്തില്‍  ഒന്ന് തന്നെ ആകുമ്പോള്‍ അവളോടു ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

അവള്‍ക്കു വേണ്ടത്, അവര്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ അമ്മ വേണം. അന്നത്തെ ദിവസം സ്കൂളില്‍ നടന്ന ഓരോ വിശേഷങ്ങളും അമ്മയോട് പറയണം. എന്നിട്ട് കുറെ ചോദ്യങ്ങള്‍ ഉണ്ടാവും ചോദിക്കാന്‍. "അമ്മേ, ശാന്തി മിസ്‌ ഗോകുല്‍ നെ അടിച്ചത് ശരിയായോ? ഇന്നലെ രാത്രി മുഴുവന്‍ അവന്‍റെ അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നുവത്രേ. അതല്ലേ അവന്‍ ഹോം വര്‍ക്ക് ചെയ്യാഞ്ഞേ? അതിനു അടിക്കാമോ?"

" മോളെ.. അങ്ങനെ നമുക്ക് ഒഴിഞ്ഞു മാറാന്‍ ഇഷ്ടം പോലെ കാരണങ്ങള്‍ ഉണ്ടാവും. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടായാലും നമ്മളെ ഏല്‍പ്പിച്ച ജോലി, നിങ്ങളുടെ കാര്യത്തില്‍ പഠിത്തം , ഹോം വര്‍ക്ക് ഒക്കെ, കൃത്യ സമയത്ത് തീര്‍ക്കുക എന്നതാണ് ശരിയായ രീതി. "

"ഉം.. " അവള്‍ക്കു ഉത്തരം തൃപ്തിയായിട്ടുണ്ടാവില്ല. ഉടനെ അടുത്ത ചോദ്യം വരും. അതങ്ങനെ തുടരും. താന്‍ ജോലിക്ക് പോകുന്നതിനു മുന്പ് അങ്ങനെ ആയിരുന്നു.

ഇപ്പോള്‍ അവള്‍ക്കറിയാം. അമ്മയ്ക്ക് ചോദ്യങ്ങള്‍ കേള്‍ക്കാനും ഉത്തരങ്ങള്‍ നല്‍കാനും ഒന്നും സമയമില്ലെന്ന്. എന്തിന്, ഒന്ന് മിണ്ടാന്‍ പോലും സമയം തികയുന്നില്ല എന്ന്.“ശരി, അമ്മ നോക്കട്ടെ, കറി ഉണ്ടാക്കാന്‍ എന്താ ഉള്ളത് എന്ന.ചിക്കന്‍ കാലി ആയീന്നാ തോന്നുന്നേ".
വേഗം അടുക്കളയിലേക്ക് നടന്നു.എന്താ ഉണ്ടാക്കുക? ആദ്യം രാജീവിന് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാം.

ഉം അല്പം ദോശക്കൂട്ടുണ്ട്.അതാവുമ്പോള്‍ പെട്ടെന്ന് കഴിയും.
വേഗം ഒരു ചമ്മന്തി തയ്യാറാക്കി, കുറച്ചു ദോശയും  ഉണ്ടാക്കി.

“രാജീവ്, വാ ദോശ കഴിക്കാം”

“ഇന്നും ദോശ തന്നെ? ഹോ! ഈ ദോശയും ഇടലിയും കണ്ടു പിടിച്ചവനെ വെടി വച്ചു കൊല്ലണം” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അയാള്‍ അത് മുഴുവനും കഴിച്ചു.

"ഉം... ദോശ കൊള്ളാട്ടോ.. പക്ഷെ അത് നിന്‍റെ കഴിവൊന്നും അല്ല. ദോശക്കൂട്ട് ഞാന്‍ കടയില്‍ നിന്നും കൊണ്ടുത്തന്നതല്ലേ?"

"ഉം"

അത് കഴിഞ്ഞുമേശ അടുക്കി പ്പെറുക്കി വച്ചപ്പോഴേയ്ക്കും മണി എട്ടാകാറായി. ഒന്ന് മേല് കഴുകിയിട്ട് വേണം, കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കാന്‍. അവര്‍ ദോശ കഴിക്കില്ല.

"രേണൂ, ഈ പെന്‍  തെളിയുന്നില്ല. വേറൊന്നിങ്ങെടുത്തെ."

അഴിക്കാന്‍ തുടങ്ങിയ സാരി വീണ്ടും ചുറ്റി, തിരിച്ചു ചെന്ന് പെന്നെടുത്ത് കൊടുത്തു. പെട്ടെന്ന് മേല്‍ കഴുകട്ടെ. ഇല്ലെങ്കില്‍ അടുത്ത വിളി വരും.

"നീ എന്തെടുക്കുവാ അവിടെ? എനിക്ക് വെള്ളം കിട്ടിയില്ല. ഒരു ഗ്ലാസ് ചൂട് വെള്ളം ഒന്നെടുത്തെ"

എന്‍റെ  ദൈവമേ--- കഴിഞ്ഞില്ലേ? ദോശയുടെ കൂടെ ഞാന്‍ വെള്ളം കൊടുത്തതാണല്ലോ!

പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു കുളിമുറിയില്‍ നിന്നിറങ്ങി, ചൂട് വെള്ളവുമായി ചെന്നപ്പോള്‍, ദേ വെള്ളം മേശപ്പുറത്തിരിക്കുന്നു!

"ചൂട് വെള്ളം, ഇവിടെ ഉണ്ടല്ലോ"

"ഓ ഉണ്ടോ! സോറി. ഞാന്‍ കണ്ടില്ല മോളെ."

"മോള്! ഹും-- "എന്ന് മനസ്സില്‍ പറഞ്ഞു.

വേഗം  അടുക്കളയില്‍ കയറി കുട്ടികള്‍ക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി കൊടുത്തു.താനും കഴിച്ചു കഴിഞ്ഞപ്പോള്‍ മണി പത്ത്.

ഇനി അല്‍പ സമയം ടി. വി. കാണാം. കൂടെ മക്കളുടെ യൂണിഫോം ഇസ്തിരി ഇടുകയും ആവാം.

ചാനല്‍ മാറ്റുന്നതിനിടയ്ക്ക് “ക...ഥ....യ...ല്ലിതു..... ജീ...വിതം.....” എന്ന ടൈറ്റില്‍ നല്ല താളത്തില്‍ കേട്ടു. ഉം, അത് പറയുന്നതില്‍ ഒരു താളം എങ്കിലും ഉണ്ട്. തനിക്കോ?

രാവിലെ 5.30 ന് അലാറം സെറ്റ് ചെയ്ത്, ശരിയല്ലേ എന്ന് ഉറപ്പാക്കി, കുട്ടികളോട് കിടക്കാന്‍ പറഞ്ഞപ്പോള്‍ മോന്‌ കഥ കേള്‍ക്കണം. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച്, കഥ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി. കുട്ടികള്‍ ഉറങ്ങുന്നത് വരെ അടുത്തിരുന്നു.മോന്‍ കുറച്ചുനാള്‍ മുന്‍പ് വരെ അമ്മ കൂടെ കിടക്കണം എന്ന് വാശി പിടിക്കുമായിരുന്നു. ഇപ്പോള്‍ അവന്‍ ഉറങ്ങുന്നതുവരെ അടുത്തിരുന്നു കാലില്‍ പതുക്കെ തൊട്ടിരുന്നാല്‍ മതി.


മക്കള്‍ ഉറങ്ങി എന്ന് തോന്നിയപ്പോള്‍ പതുക്കെ എഴുന്നേറ്റു പോയി,കിടക്കയിലേക്ക് ചാഞ്ഞു.


ഒന്ന് ഉറങ്ങി തുടങ്ങിയതാ, ആള്‍ വന്നു.

“നീ ഉറങ്ങിയോ? എന്താ ഇത്ര പെട്ടെന്ന്? ഒന്നെണീറ്റെ. പിന്നെ, നമ്മുടെ സൈമണിന്റെ കല്ല്യാണം ഉറപ്പിച്ചൂട്ടോ. അവന്‍റെ മറ്റേ ചുറ്റിക്കളി ഒന്നും നീ അറിയാണ്ട് അവന്‍റെ പുതിയ ആളോട് പറഞ്ഞു പോകണ്ട. ഭാഗ്യവാന്‍. കല്യാണത്തിനു മുന്‍പ് തന്നെ അവന്‍ നന്നായി എന്ജോയ്‌ ചെയ്തു. ഇപ്പോള്‍ പുതിയൊരാളെ കല്യാണവും കഴിക്കുന്നു".

രേണൂ—നീ ഉറങ്ങിയോ?”

 ഉം. കള്ളന്‍! ഇതൊക്കെ എന്തിന്‍റെ തുടക്കാന്നു അവള്‍ക്കറിയാം. അയാള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കേള്‍ക്കാത്ത പോലെ കിടന്നു. ഉണര്‍ന്നാല്‍ ഇനി ഒരുമണിക്കൂര്‍ ഉറക്കം പോയത് തന്നെ.  വീണ്ടും ഉറങ്ങാന്‍ ലേറ്റ് ആകും. പിന്നെ രാവിലെ എഴുന്നേല്‍ക്കലുണ്ടാവില്ല. വേണ്ട. ഉറങ്ങിയപോലെ കിടക്കാം.

ഒന്നും നടക്കില്ലെന്നു കണ്ടപ്പോള്‍ അയാളും  ഉറങ്ങി കൂര്‍ക്കം വലി തുടങ്ങി.പക്ഷെ അവളുടെ ഉറക്കമെല്ലാം പോയി. പതിവുപോലെ ചിന്തകള്‍ ജാഥയായി  വരാന്‍ തുടങ്ങി. മഞ്ചാടി മണികളും കുന്നിക്കുരുക്കളും പെറുക്കി നടന്ന കാലം , പൂമ്പാറ്റയെ പിടിക്കാന്‍ ഓടി വീണു മുട്ട് പൊട്ടിയത്. വാര്യരുടെ വീടിന്‍റെ പറമ്പില്‍ നിന്നും  കണ്ണിമാങ്ങ മോഷ്ടിക്കുമ്പോള്‍ അവിടത്തെ വല്യമ്മ കൈയ്യോടെ പിടിച്ചത്. അമ്മമ്മ അറിയാതെ രണ്ടു കശുവണ്ടി കടയില്‍ കൊടുത്ത് പത്ത് പൈസക്ക്  നാരങ്ങ മിഠായി വാങ്ങിയത്-------അതങ്ങനെ തുടര്‍ന്നു.
ഒരു മഴക്കാല  സന്ധ്യക്ക്‌ പുഴക്കരയില്‍ ഒറ്റയ്ക്ക് വെള്ളം കാണാന്‍ പോയതായിരുന്നു. തവളയുടെ കരച്ചില്‍ കേട്ട്   അന്വേഷിച്ചുനടന്നു. അവസാനം കണ്ടെത്തി. പക്ഷെ ആ തവള ഒരു വലിയ പാമ്പിന്‍റെ വായില്‍ ആയിരുന്നൂന്നു മാത്രം. അന്ന് പേടിച്ചോടിയത്‌ ഓര്‍ത്തപ്പോള്‍ ചിരി വന്നു. വേണ്ടായിരുന്നു, വലുതാവണ്ടായിരുന്നു. ഇനി ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം!

 
ഒച്ചയുണ്ടാക്കാതെ  പതുക്കെ എഴുന്നേറ്റു. എല്ലാവരും ഉറങ്ങിയാല്‍ തനിക്കു മാത്രമായി ഒരു ലോകം ഉണരുന്നത് അവള്‍ അറിഞ്ഞു. അത് തന്നെ മാടി വിളിക്കുന്നതും. ഉറക്കം പോവും, രാവിലെ എഴുന്നെല്‍ക്കണ്ടതാണ് എന്നൊക്കെ ഉള്ളില്‍ നിന്നും ആരോ പറയുന്നുണ്ട്. അത് കേള്‍ക്കാത്ത പോലെ നടിച്ചു. എന്തെങ്കിലും കുറച്ചു വായിക്കാം.

ഒരാഴ്ചയായി ഒരു കഥ മനസ്സിലിട്ടു നടക്കുന്നു,ഇരുന്നെഴുതിയാലോ?

വേണ്ട, രാവിലെ ലേറ്റ് ആകും.

പിന്നെ എപ്പോള്‍ എഴുതും?
എന്നെങ്കിലും ഒന്ന് സ്വസ്ഥമായി വായിക്കാനെങ്കിലും ഇനി പകല്‍ സമയം കിട്ടുമോ?


അവള്‍ ഒരു ഒരു പഴയ നോട്ട്ബുക്കും പെന്നും കയ്യിലെടുത്തു. ലൈറ്റ് ഇട്ടാല്‍ അറിയും. പിന്നെ തനിക്കു പണി കൂടും. വേണ്ട. ബെഡ്രൂം ലാമ്പിന്‍റെ ഈ മങ്ങിയ വെളിച്ചം മതി.
രേണു പതുക്കെ മറ്റൊരു ലോകത്തേയ്ക്ക് പുറപ്പെട്ടു. അവിടെ അവള്‍ കഥാപാത്രങ്ങളായി സ്വയം മാറാന്‍ തുടങ്ങി. ഓരോരുത്തരും പറയുന്നത്, അനുഭവിക്കുന്നത് ഒക്കെ സ്വയം അനുഭവിച്ച ശേഷം കടലാസ്സിലേക്ക് പകര്‍ത്തി. എഴുതി, എഴുതി, തീര്‍ന്നു, സമയം നോക്കിയപ്പോള്‍ ഒരു മണി.

ഈശ്വരാ!

പെട്ടെന്ന് ഒന്ന് കൂടി വായിച്ചു നോക്കിയശേഷം കിടന്നു.ഉറങ്ങി വന്നതും അലാറം അടിച്ചു. ഇതെന്താ, സമയം മാറിപ്പോയോ?


എടുത്തു നോക്കി. ഏയ്‌, ഇല്ല.
 മൂടിപ്പുതച്ചു സുഖമായുറങ്ങുന്ന രാജീവിനെ ഒന്ന് നോക്കിയശേഷം, എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സിലായി.
സമയം മാറിയത് തന്‍റെയാണ്.


എന്നാണു തന്‍റെ സമയം ശരിയാകുക? എന്തായാലും ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കട്ടെ. ഇന്നലെ കുറച്ചധികം കുഴച്ചു ഫ്രിഡ്ജില്‍ വച്ചിരുന്നു. എല്ലാവര്‍ക്കും കഴിക്കാനും കൊണ്ടുപോകാനും ഒക്കെയായി കുറെ വേണം. ബാക്കിയൊക്കെ പിന്നീട് ആലോചിക്കാം.

കറി എന്തുണ്ടാക്കും? അത് നോക്കി വയ്ക്കാന്‍ മറന്നു.

"രേണൂ----- പേസ്റ്റ് എവിടെ?"

"ഓ-- എണീറ്റോ? അവിടെ തന്നെ ഉണ്ടല്ലോ! ദാ-- ഇപ്പൊ വരാം."

ചെയ്യുന്ന പണി അവിടെ നിര്‍ത്തി,പേസ്റ്റ്എടുത്തു കൊടുക്കാന്‍ വേണ്ടി ഓടിചെന്നു. ചെല്ലുമ്പോള്‍ ആള് ബ്രഷ്ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

"വിളിച്ചില്ലേ?"

"ഉം-- വിളിച്ചു. അത് വെറുതെ--നിന്നെ കാണാഞ്ഞിട്ടാ--"

"യ്യോ-- ചപ്പാത്തി കരിഞ്ഞു! " തിരിച്ച് അടുക്കളയിലേയ്ക്ക് ഓടി.
അടുപ്പത്തുള്ള ചപ്പാത്തി എടുത്തു വച്ച ശേഷം ആണ് ഓര്‍ത്തത്, കുട്ടികളെ വിളിച്ചില്ല. ഒരു മൂന്നാല് പ്രാവശ്യം വിളിച്ചാലേ സമയത്തിന് എഴുന്നേറ്റ് സ്കൂളില്‍ പോകൂ. വേഗം പോയി രണ്ടുപേരേയും വിളിച്ചു.


മീനൂട്ടി ഒന്ന് കണ്ണ് തുറന്നു നോക്കിയെങ്കിലും തിരിഞ്ഞു കിടന്നു. ഉണ്ണിക്കുട്ടന്‍ എന്തോ പിറുപിറുത്തു കൊണ്ട് പുതപ്പു വലിച്ചുമൂടി വീണ്ടും ഉറക്കിലെയ്ക്ക്.
 
“രേണൂ--- ചായ എവിടെ?”

“ഇപ്പൊ തരാം”.

ചായ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ ഉള്ളില്‍ നിന്നും പറയുന്നു,
"പെണ്ണേ, ഇനി ഇതൊക്കെയാണ് നിന്‍റെ സമയത്തിന്‍റെ ശരികള്‍. അതല്ലാതാവാന്‍, നിനക്ക് നന്നേ വയസ്സാവണം."

"വയസ്സായാല്‍?"

"വയസ്സായാല്‍ നിന്നെ ആര്‍ക്കും വേണ്ടാതാവും. അപ്പോള്‍ നിനക്ക് ഇഷ്ടം പോലെ സമയവും ഉണ്ടാവും".

ഓ! അത് ശരിയാണല്ലോ. വയസ്സാകുമ്പോള്‍ ഇഷ്ടം പോലെ സമയം കിട്ടുമല്ലോ. അപ്പോള്‍ കുറെ വായിക്കണം, പിന്നെ ഒരുപാടെഴുതണം, കൂട്ടുകാരികളോടോപ്പം യാത്രകള്‍ ചെയ്യണം. നല്ല രസമായിരിക്കും. കല്യാണത്തിനു മുന്‍പ് ഉണ്ടായിരുന്ന ഹോസ്റല്‍ ജീവിതം പോലെ!


അവള്‍ സന്തോഷത്തോടെ മൂളിപ്പാട്ട് പാടിക്കൊണ്ട് ചപ്പാത്തി പരത്താന്‍ തുടങ്ങി. പാലോഴിച്ച ചായ തിളച്ചു മറിഞ്ഞത് രേണു അറിഞ്ഞില്ല. ഇനി അതൊക്കെ വൃത്തിയാക്കി, വീണ്ടും ചായ വയ്ക്കുക എന്ന അടുത്തപണി കിട്ടിയതും!

                                             *  *   *
 
 പഴയ ഒരു കവിത-- ഈ കഥയുടെ കൂടെ ഇത് കൂടി വായിക്കാം--