4/6/13

അവസരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്

                         

                                          

                                        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍ 

 പായം മുക്ക് എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ആ സമയത്ത്  ഞങ്ങള്‍ താമസിച്ചിരുന്നത്. അവടെ അടുത്താണ് പയഞ്ചേരി എല്‍. പി . സ്കൂള്‍.

നാലാം ക്ലാസ്സുവരെ യാണ് അവിടെയുള്ളത്. അവിടത്തെ  ഹെഡ്‌ മാസ്റ്റര്‍ ശങ്കരന്‍ മാഷ്‌.

 "കോന്നന്‍ മാശെ" എന്നായിരുന്നു ശങ്കരന്‍മാഷ്‌ എന്നെ വിളിച്ചിരുന്നത്. ഗോവിന്ദന്‍ മാഷിന്‍റെ മകള്‍ എന്നതിന്‍റെ ചുരുക്കം ആയിരിക്കണം.

എന്തായാലും ആ വിളിയില്‍ ഈ ലോകത്തെ മുഴുവന്‍ സ്നേഹവും ചാലിച്ച് ചേര്‍ത്തപോലായിരുന്നു.

എന്നോടു മാത്രമല്ല. എല്ലാവരോടും സ്നേഹത്തിന്‍റെ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
വെളുത്ത്, തടിച്ച്, നല്ല ഉയരവും തലയെടുപ്പും ഉള്ള മാഷിന്‍റെ കൈയ്യില്‍  ഒരു വടി എപ്പോഴും കാണും.
എങ്കിലും അത് കൊണ്ട് ആരെയും തല്ലുന്നതായി കണ്ടിട്ടില്ല.
വഴക്ക് പറയുന്നതുപോലും അപൂര്‍വ്വം.
മാഷ്‌ ദൂരേന്ന് നടന്നു വരുന്നത് കണ്ടാല്‍ തന്നെ, കുട്ടികള്‍ അടങ്ങിയിരിക്കുമായിരുന്നു.

അദ്ദേഹം ഹെഡ് മാസ്റ്റര്‍ ആയത് കൊണ്ട് , ഏതെങ്കിലും ടീച്ചര്‍ ലീവ് ആണെങ്കില്‍ ക്ലാസ്സില്‍ വരും. അല്ലാതെ വരില്ല.
മാഷ്‌ വന്നാല്‍ മനോഹരമായ കഥകള്‍പറഞ്ഞു തരും. ഒരു പീരീഡ്‌ തീരുന്നത് അറിയില്ല. അതുകൊണ്ട് തന്നെ മറ്റു ടീച്ചര്‍മാര്‍ ലീവ് എടുത്താല്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിച്ചിരുന്നു.ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നിരുന്നു.

അങ്ങനെയൊരു  ദിവസം.രാഗിണി ടീച്ചര്‍ അന്ന് ലീവ് ആണ്.
 പൊതുവേ കുട്ടികളെ അടിയ്ക്കാനായ്‌ തന്നെ വടി കൊണ്ട് വരുന്ന, ചെറിയ തെറ്റ്കള്‍ക്ക് വല്ലാതെ വഴക്ക് പറയുന്ന ടീച്ചര്‍ അന്ന് ലീവ് ആയപ്പോള്‍ സന്തോഷം ഇരട്ടിയായി. ഞങ്ങള്‍ ശങ്കരന്‍മാഷ്‌ വരുന്നതും കാത്തു നിന്നു.

പതിവുപോലെ  നിറഞ്ഞ ചിരിയുമായി, കയ്യിലൊരു വടിയുമായി മാഷ്‌ ക്ലാസ്സിലെയ്ക്ക് വന്നു.
അതുവരെ കലപില സംസാരിച്ചു കൊണ്ടിരുന്ന കുട്ടികള്‍ അതൊക്കെ നിര്‍ത്തി ഇന്ന് പറയാന്‍ പോകുന്ന കഥ കേള്‍ക്കാന്‍ തയ്യാറായി.

കഥ കേള്‍ക്കാന്‍ കുട്ടികളെ ഒരുക്കുന്നതിന്‍റെ ഭാഗമായി മാഷ്‌ ചില ചോദ്യങ്ങള്‍ ചോദിക്കും. അതിലും ഞങ്ങള്‍ മനസ്സിലാക്കേണ്ട ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
ചോദ്യം തുടങ്ങി.

"ഇവരില്‍ ആരെ കാണാനാ ഏറ്റവും ഭംഗി?"

ഞങ്ങളുടെ  മൂന്നാം ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജയെയും  ആണ്‍കുട്ടികളില്‍ ഒരാളായ അശോകനെയും എഴുന്നേല്പിച്ചു നിര്‍ത്തിയാണ് ചോദ്യം.

ഉത്തരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.
പക്ഷെ  ഒരു കാര്യവും ഇല്ലാതെ ഇങ്ങനെയൊരു ചോദ്യം അദ്ദേഹം ചോദിക്കില്ലല്ലോ.
എങ്കിലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ മടികൂടാതെ  പറഞ്ഞു.

"വനജ"

ആണ്‍കുട്ടികള്‍ക്കും ഉത്തരം അത് തന്നെ. പക്ഷെ  തുറന്നു പറയാന്‍ മടി.
ഉടനെ മാഷ്‌ ചോദിച്ചു.

" അപ്പോള്‍ അശോകനോ?"

ആരും ഒന്നും മിണ്ടിയില്ല.
" നോക്കൂ, പൂവന്‍ കോഴിയാണോ, പിടക്കോഴിയാണോ കാണാന്‍ ഭംഗി?

" പൂവന്‍ കോഴി"

എല്ലാവരും ഒരുമിച്ചു പറഞ്ഞു.
 "അതെ, അതിന് തലയില്‍ നല്ല  ഭംഗിയുള്ള പൂവും നീളമേറിയ അങ്കവാലും ഉണ്ട്, അല്ലേ?"

"അതേ"

"ശരീ, ആണ്‍ മയിലോ, പെണ്‍ മയിലോ ഭംഗി?"

 കഴിഞ്ഞയാഴ്ചയാണ് സ്കൂളില്‍ നിന്നും മൃഗശാല കാണാന്‍ പോയത്.
അതുകൊണ്ട് ധൈര്യമായി പറഞ്ഞു.

"ആണ്‍ മയില്‍"

"കൊമ്പനാനയോ, പിടിയാനയോ ഭംഗി?"

"കൊമ്പനാന" ആര്‍ക്കും സംശയമില്ല.

"ഇനി പറയൂ, വനജയോ, അശോകനോ ഭംഗി?"
ഏതാനും നിമിഷങ്ങള്‍ ക്ലാസ്സ്‌ നിശ്ശബ്ദമായി.
പിന്നെ ഓരോരുത്തരായി പറയാന്‍ തുടങ്ങി

"വ---ന----ജ--"

മാഷ്‌ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതേ കുട്ടികളെ, മൃഗങ്ങളിലൊക്കെ പെണ്ണിനെ ആകര്‍ഷിക്കാന്‍ ആണിനു ഭംഗി കൊടുത്തിരിക്കുന്നു.
മനുഷ്യരില്‍ മാത്രം ആണിനെ ആകര്‍ഷിക്കാന്‍ നീണ്ട മുടിയും ഭംഗിയുള്ള വടിവൊത്ത ശരീരവും, വിടര്‍ന്ന കണ്ണുകളും ഒക്കെയായി പെണ്ണിനും.
പ്രകൃതിയുടെ ഒരു വികൃതി. "

"എന്നാല്‍ ഇനി കഥയിലെയ്ക്ക് കടക്കട്ടെ?"
എല്ലാവരും തയ്യാറായി. മാഷ്‌ തുടര്‍ന്നു.

രാമുവും ദാമുവും സഹപാഠികളായിരുന്നു. രാമു നന്നായി പഠിക്കും.നല്ല പെരുമാറ്റവും. എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. അവനെക്കൊണ്ട് പറ്റുന്ന സഹായങ്ങളും ചെയ്യും.
അത് കൊണ്ട് ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും രാമുവിനെ വലിയ ഇഷ്ടമാണ്.

പക്ഷെ ദാമു, അവന്‍ അവന്‍റെ അച്ഛന് പണമുണ്ടെന്നു കാണിക്കാന്‍ വിലകൂടിയ കുപ്പായങ്ങളൊക്കെ ഇട്ടു വരും. അവന്‍ പറയുന്നത് അനുസരിക്കുന്ന കുട്ടികള്‍ക്ക് മിട്ടായികള്‍ വാങ്ങിക്കൊടുക്കും. ടീച്ചര്‍ മാര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കില്ല.  തരം കിട്ടിയാല്‍ മറ്റു കുട്ടികളെ ഉപദ്രവിക്കും.

ഒരു ദിവസം ദാമു അനാവശ്യമായി രാമുവിനെ അടിക്കുന്നത് ടീച്ചര്‍ കണ്ടു.അവര്‍ ദാമുവിനെ അടുത്തു വിളിച്ച് കാര്യം തിരക്കി.
അവന്‍ പറഞ്ഞു.

" ടീച്ചര്‍, എന്‍റെ അച്ഛന് ഇഷ്ടം പോലെ പണമുണ്ട്. ഞാന്‍ ഇടയ്ക്കൊക്കെ ഇവര്‍ക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നിട്ടും ആര്‍ക്കും എന്നെ ഇഷ്ടമല്ല. ടീച്ചര്‍ മാര്‍ക്കും കുട്ടികള്‍ക്കും ഒക്കെ എന്തിനും ഏതിനും രാമു മതി. അതെന്താ അങ്ങനെ?"

ടീച്ചര്‍  പറഞ്ഞു." നിങ്ങള്‍ രണ്ടു പേരും എന്‍റെ കൂടെ വരൂ."
സ്കൂളിന് പിറകിലെ പൂട്ടിയിട്ട കെട്ടിടത്തിലെ  രണ്ടറ്റത്തുമുള്ള ഓരോ മുറി വീതം രണ്ടുപേര്‍ക്കും തുറന്നുകൊടുത്തു. എന്നിട്ട്
 രണ്ടു പേര്‍ക്കും അമ്പത് രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.

"നിങ്ങള്‍ ഓരോരുത്തരും ഈ പണത്തിന് നിങ്ങള്‍ക്കിഷ്ടമുള്ളത് വാങ്ങി അവരവരുടെ മുറി നിറയ്ക്കണം. ഒരു മണിക്കൂര്‍ സമയം തരുന്നു. അതുവരെ ക്ലാസ്സില്‍ പോകണ്ട. അത് കഴിഞ്ഞ് ഞാന്‍ വരാം."

കൃത്യം  ഒരു മണിക്കൂര്‍ കഴിഞ്ഞ് ടീച്ചര്‍ വന്നു. ദാമു ഓടി വന്നു പറഞ്ഞു.
"ടീച്ചര്‍, ഞാന്‍ മുറി നിറച്ചിരിക്കുന്നു. വന്നു നോക്കൂ."

ടീച്ചര്‍ ചെന്ന് നോക്കി. ശരിയാണ്. കച്ചറ കൊണ്ട് പോകുന്ന വണ്ടിക്കാരന് അമ്പത് രൂപ കൊടുത്തപ്പോള്‍ അയാള്‍ അത് അവിടെ തള്ളി, എളുപ്പത്തില്‍ പണിയും തീര്‍ത്ത് പോയിരിക്കുന്നു.
ദാമു വിജയ ഭാവത്തില്‍ ചിരിക്കുന്നു.
നാറ്റം സഹിക്കവയ്യാതെ  മൂക്കും പൊത്തിപ്പിടിച്ച് ടീച്ചര്‍ അവിടുന്നു പുറത്തു കടന്നു. ദാമുവിനെയും കൂട്ടി നേരെ  രാമു വിന്‍റെ മുറി ലക്ഷ്യമാക്കി നടന്നു.

അടുത്തെത്തിയപ്പോള്‍തന്നെ നല്ല മണം. ഏറെ നാള്‍  പൂട്ടിയിട്ട ആ മുറി, അവന്‍ അടിച്ചുവാരി വൃത്തിയാക്കിയിരിക്കുന്നു.
ടീച്ചര്‍ കൊടുത്ത അമ്പതു രൂപയ്ക്ക് ഒരു ചെറിയ മണ്‍ ചിരാത്, തീപ്പെട്ടി, ചന്ദനത്തിരി എന്നിവയാണ് അവന്‍ വാങ്ങിയത്.
അതില്‍ കത്തിച്ച വെളിച്ചവും ചന്ദനത്തിരിയുടെ ഗന്ധവും മുറി മുഴുവന്‍ നിറഞ്ഞ് പുറത്തേയ്ക്കും പരക്കുന്നു.

ടീച്ചര്‍  ദാമുവിനെ നോക്കി.
ഒന്നും പറയാതെ തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു, അവന്‍റെ അവസ്ഥ.
അവന്‍ കരയാന്‍ തുടങ്ങി.
ടീച്ചര്‍ പറഞ്ഞു. "സാരമില്ല കുട്ടീ, ഇനിയെങ്കിലും കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക."

"കുട്ടികളെ", ശങ്കരന്‍മാഷിന്‍റെ  വിളി കേട്ട് ഞങ്ങള്‍ ഞെട്ടിയുണര്‍ന്നു.
ഇനി പറയൂ,

" നിങ്ങള്‍ ഓരോരുത്തരും പഠിച്ചു വല്ല്യ വല്ല്യ ആളുകളാകുമ്പോള്‍ കാണാന്‍ ഈ ശങ്കരന്‍മാഷ്‌ ഉണ്ടായീന്നു വരില്ല. ഒരുകാര്യം മാത്രം അറിഞ്ഞാല്‍ മതി. നിങ്ങള്‍ രാമുവിനെ പ്പോലെ യാകുമോ? അതോ ദാമുവിനെപ്പോലെയോ?"

" രാമുവിനെപ്പോലെ---------" ആര്‍ക്കും ഒരു സംശയവും ഇല്ലായിരുന്നു.

                                                              *        *         *

 ( എന്‍റെ ദീര്‍ഘ കാല ആഗ്രഹമായിരുന്ന ഡേകെയര്‍ / പ്രീ സ്കൂള്‍ "അമ്മാസ്‌ സ്മാര്‍ട്ട്‌ കിഡ്സ്‌ " എന്ന പേരില്‍ ബാംഗ്ലൂരില്‍ ഗോകുല എന്ന സ്ഥലത്ത്2005 ല്‍ തുടങ്ങി. അവിടത്തെ കുട്ടികള്‍ക്ക് ഈ കഥയും ഇത് പോലുള്ള മറ്റു കഥകളും ഇംഗ്ലിഷിലാക്കി പറഞ്ഞു കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് എന്‍റെ പ്രിയപ്പെട്ട മാഷിന് പ്രണാമമര്‍പ്പിക്കുകയായിരുന്നു. ഗുരു ദക്ഷിണ നല്‍കുകയായിരുന്നു.)

                                                            * * *