6/22/13

നീ പറയുമ്പോലെ ഒഴുകിയ പുഴ



                                                                         

 കഥ 
അനിത പ്രേംകുമാര്‍

നീ പറയുമ്പോലെ ഒഴുകിയ പുഴ
----------------------------------------------------


കാട്ടിനുള്ളിലെവിടെയോ ഉറവയെടുത്ത അന്ന് മുതല്‍ നിന്നെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.
ഇടയ്ക്ക് വലിയ വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും മറ്റു തടസ്സങ്ങളും ഉണ്ടായിട്ടും വഴിമാറി ഒഴുകാതെ ലക്ഷ്യ ബോധത്തോടെ ഒഴുകി നിന്നിലേയ്ക്ക് എത്തിച്ചേര്‍ന്നു.
എനിക്ക് മുമ്പ് ആരെങ്കിലും ഒഴുകിയെത്തി നിന്നില്‍ ലയിച്ചുവോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു.ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച ശിവനെപ്പോലെ ചിരിച്ചത് ആണിന്റെ അഹങ്കാരമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു.‍ നീയും എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നുവെന്നും.

നീയാണെങ്കില്‍ എന്നോടങ്ങനെ ചോദിച്ചുപോലുമില്ല. എന്നെ ഞാനായി നീ അംഗീകരിച്ചു.
അഥവാ ചോദിച്ചാലും നിന്നോട് പറയാന്‍ പറ്റാത്തതായി എന്‍റെ ജീവിതത്തില്‍ എന്താണുള്ളത്?

പക്ഷെ കൂടിച്ചേര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍, തുടക്കത്തില്‍ എനിക്ക് എന്‍റെ സ്വന്തം ഉണ്മകളും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് എവിടെയോ ഒരു വേദന ബാക്കിയാക്കി. ഞാനറിയപ്പെടുന്നത് നിന്‍റെ പേരില്‍ മാത്രമായി.

കാട്ടു ചെടികള്‍ക്കിടയിലൂടെ കുയിലിന്‍റെയും മറ്റു കിളികളുടെയും കളകൂജനങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ഞാന്‍, നഗരത്തിന്‍റെ , പരിചയമില്ലാത്ത , ചുറ്റുപാടുകളിലൂടെ, ആരും പരിചയക്കാരില്ലാതെ !
സ്വയം തിരഞ്ഞെടുത്ത വഴിയായിട്ടും നിന്നോടു ഞാന്‍ തുടക്കത്തില്‍ വല്ലാതെ കലഹിക്കുകയും ചെയ്തു. മൌനംകൊണ്ട് അതൊക്കെ നീ സമര്‍ത്ഥമായി നേരിട്ടു.
കൂടി ചേര്‍ന്നിട്ടും ഏറെ ദൂരം ‍ സ്വന്തം തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് നാം ഒഴുകി. പിന്നീട് എപ്പോഴോ, നാം അറിയാതെ , നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നായി. ചിന്തകള്‍ ഒന്നായി. തീരുമാനങ്ങള്‍ ഒന്നായി. രണ്ടും ചേര്‍ന്ന് വലിയൊരു പുഴയായെന്ന തിരിച്ചറിവ് വന്നു.
തുടക്കത്തില്‍ പരസ്പരം സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതിരുന്ന നമുക്ക് വിഷയങ്ങളുടെ ധാരാളിത്തത്തില്‍ സമയം തികയാതായി.

ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിന്നെ ഇത്രമേല്‍ കരുത്തനാക്കിയതില്‍ , ഏതു തടസ്സങ്ങളെയും തട്ടി ,തെറുപ്പിച്ച് ഒഴുകാന്‍ പ്രപ്തനാക്കിയതില്‍ ഒരു പ്രധാന പങ്ക് എനിക്കുമുണ്ടല്ലോ എന്ന സന്തോഷം .


പണ്ട് ഞാന്‍ കലഹിച്ച സ്വാതന്ത്ര്യം വേണ്ടുവോളമെടുത്തോളാന്‍ നീ പറയുമ്പോള്‍ ഞാനറിയുന്നു, എനിക്കിനി അതൊന്നും വേണ്ട. ഉയരങ്ങളില്‍ നിന്നുള്ള പതനങ്ങളെയും പാറക്കെട്ടുകളെയും തട്ടി തകര്‍ത്ത് ചേര്‍ന്നൊഴുകി. ഇനി എനിക്കെന്തിനു സ്വന്തമായൊരു നിലനില്‍പ്പ്‌?

കടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട.

ഇനി എനിക്കതൊന്നും വയ്യ. എല്ലാം നിന്‍റെ ഇഷ്ടം പോലെ നീ തിരഞ്ഞെടുക്കുക.

സൂര്യന് കീഴെയുള്ള സകലമാന കാര്യങ്ങളും സംസാരിച്ചുകൊണ്ട്, ഭാവിയെ പറ്റി ഒരിക്കലും വ്യാകുലപ്പെടാതെ ഇങ്ങനെ ഒഴുകാന്‍ എന്ത് രസമാണ്! അങ്ങനെ ഒഴുകി, ഒഴുകി, ഇനി നമുക്ക് ഒരുമിച്ചു കടലിലേയ്ക്ക് . നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?

                                                                      * * *

6/9/13

അവള്‍ മഞ്ഞു പോലെ---




     കവിത

     അനിത പ്രേംകുമാര്‍









ആദ്യമായ് കണ്ടനാള്‍
അവളൊരു മഞ്ഞു കണം.
തട്ടാന്‍, മുട്ടാന്‍, അടുത്തപ്പോള്‍
അരികൊന്നുകൊണ്ടതും 
മുറിഞ്ഞു, പൊടിഞ്ഞു ,
കയ്യില്‍, ചോരത്തുള്ളികള്‍--

തണുത്തു വിറയ്ക്കിലും
തിരിഞ്ഞു നോക്കാതെ
തനിച്ചിരുന്നവള്‍,
തൂവെള്ള ഉടയാടയാല്‍
തന്നുള്ളം മറച്ചവള്‍,
തരുണിയാം സുന്ദരി,
മോഹനാംഗി .

പ്രണയം തുടങ്ങവേ
ഉരുകാന്‍ തുടങ്ങിയോള്‍,
വെള്ളമായ് മാറിയോള്‍.
കോരിക്കുടിച്ചിടാന്‍,
ദാഹം അകറ്റിടാന്‍,
മുങ്ങി ക്കുളിച്ചിടാന്‍,
പകരുന്ന  പാത്രത്തിന്‍
രൂപത്തില്‍ മാറിയോള്‍!

കലഹം തുടങ്ങവേ
നീരാവിയായവള്‍
തൊട്ടാലോ വെന്തു  പോം
ചൂടായി മാറിയോള്‍
കലഹം അടങ്ങവേ
വിരഹം സഹിക്കാതെ
വീണ്ടും ജലമായി
മാറുവോള്‍ സുന്ദരി--

എങ്ങാനുമൊരുനാള്‍ 
അവന്‍പോയി, എങ്കിലോ
വൈധവ്യ മേറ്റവള്‍-
വീണ്ടുംതണുക്കുന്നു,
മാറുന്നു, മഞ്ഞായി,
ഹിമവല്‍ സാന്നിധ്യ
മാശ്രയിക്കുന്നവള്‍

               * * * *