1/29/18

അച്ഛന്‍ തിരഞ്ഞത്അഴയില്‍ തൂങ്ങുമീ ഭാണ്ടങ്ങളൊക്കവേ
എന്തിനാണീയച്ഛന്‍ തിരയുന്നു വീണ്ടും!

അമ്മയെ ഓര്‍ത്തോ,അല്ലയെന്നനിയനെ,
കുസൃതിക്കുരുന്നാമെന്‍, കുഞ്ഞനുജത്തിയെ!

ആരോര്‍ക്കുവാന്‍, ഇതത്രയും ഞാനല്ലാതെ,
അച്ഛനെങ്ങതിനായ് നേരം, ഞാനേ വിഡ്ഢി!


ഒട്ടിയ വയറും താങ്ങി, പള്ളിക്കൂടവും വിട്ടു
ഞാന്‍ തിരിച്ചെത്തീ,യൊരു വെള്ളിയാഴ്ച

ദൂരത്തുനിന്നേകണ്ടു,ഞാനാളുകള്‍
കൂടിനില്‍ക്കുന്നതെന്‍ വീട്ടിലും, തൊടിയിലും!

അമ്മച്ചി കരയാറുണ്ടന്തിയിലെന്നാല്‍
ഒരിക്കല്‍പോലും തിരിഞ്ഞു നോക്കാത്തവര്‍!

ഇന്നെന്തേ യെന്‍ മുറ്റത്ത്, പേടിച്ചു പോയിഞ്ഞാന്‍,
കുഞ്ഞുമോള്‍ക്കെന്തെങ്കിലും സൂക്കേടോ, മറ്റോ!


 ആരോ ഒരാള്‍ വന്നു കോരിയെടുത്തെന്നെ
 മാറോടടുപ്പിച്ചലറിപ്പറയുന്നു...

"അമ്മച്ചിപോയെടാ... കുഞ്ഞുമോനും.....
കുഞ്ഞിമോളും .....പോയി.."


അഴയില്‍ തൂങ്ങുമീ ഭാണ്ടങ്ങളൊക്കവേ,
എന്തിനാണീയച്ഛന്‍ തിരയുന്നു വീണ്ടും!

പെട്ടെന്ന് ചിതറിത്തെറിച്ചു, ചില്ലറ തുട്ടുകള്‍
നാലുപാടും, പിന്നെന്റെ മടിയിലും!

കുഞ്ഞുമോള്‍ക്കുവ്വാവ്മാറുവാനായമ്മ
സന്ധ്യക്കുഴിഞ്ഞിട്ട സ്നേഹത്തിന്‍ തുട്ടുകള്‍!

ഒക്കെ പെറുക്കിയെടുത്തു നടക്കവേ
പിന്തിരിഞ്ഞച്ഛന്‍ പറയുന്നകേട്ടു ഞാന്‍,

ചാരായക്കടക്കാരന്‍ കടം തരില്ലെടാ!
ചാരായക്കടക്കാരന്‍.... കടം തരില്ലെടാ....


*************************************


പണ്ടാരിയേട്ടൻ
  വീടിന്റെ പിറകിൽ കുന്നും മലകളും ഒക്കെയായി അങ്ങനെ ഒരു പാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു.. പിറകിലെ കശുമാവിൻ തോട്ടവും , പിന്നെ പഴുത്തു നിൽക്കുന്ന കൈതച്ചക്കകളും ഇരൂൾ മരങ്ങളും നിറഞ്ഞ കാട്ടിലൂടെ മുകളിലേക്ക് നടന്നു കയറിയാൽ നിങ്ങള്ക്ക് കാണാം, മൈലാടൻ പാറ എന്ന സ്ഥലം.. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ടു കടന്നു പോകുന്ന ഏതാനും ബസ്സുകളെയും മണിക്കൂറുകൾ അവിടെ കാത്തിരുന്നാൽ കാണാം.
പക്ഷെ മൈലാടുന്നത് കാണാൻ ആയിരുന്നു കഷ്ടപ്പെട്ടു അനിയന്റെ കയ്യും പിടിച്ചു ഞാൻ കുന്നും കയറി അവിടെ എത്താറുള്ളത്.. മൈലാടാൻ പാറ പക്ഷെ ആളുകൾ കുഴിച്ചെടുത്തു കുഴിച്ചെടുത്തു പാറ പൊട്ടിച്ചു വലിയ കുളമാക്കി മാറ്റിയത് മയിലിനു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു..
അവിടെ ആടാൻ ഒരിക്കലും മയിലുകൾ വന്നില്ല.. എന്നിട്ടും ആ പേരിൽ ആകൃഷ്ടരായി ഞങ്ങൾ മിക്ക ദിവസങ്ങളിലും വീട്ടിൽ പറഞ്ഞും പറയാതെയും അവിടെ പോയിക്കൊണ്ടിരുന്നു.. വഴിയിൽ കാണുന്ന പാമ്പുകൾ ഒക്കെ ഞങ്ങൾക്ക് ചേരകൾ ആയി മാറി..
അന്നൊരു ദിവസം അച്ഛമ്മ വിൽക്കാൻഎടുത്തു വച്ച കശുവണ്ടികളിൽ വലിയ രണ്ടെണ്ണവും കട്ടെടുത്താണ് ഞങ്ങൾ മൈലാടാൻ പാറയിൽ പോയത്.
ഉമ്മർക്കാന്റെ കടയിൽ അത് കൊടുത്തു അഞ്ചു പൈസയുടെ രണ്ടു മിഠായിയും വാങ്ങി തിരിച്ചു കുന്നിറങ്ങാൻ തുടങ്ങുമ്പോൾ ആണ് പണ്ടാരി എന്ന് നാട്ടുകാരും പണ്ടാരിഏട്ടൻ എന്ന് ഞങ്ങളും വിളിക്കുന്ന മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു നാട്ടുകാരൻ ഞങ്ങളുടെ കൂടെ കുന്നിറങ്ങാൻ വന്നത്. വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കുന്നിറങ്ങി നടന്നു വീട്ടിലെത്തി. പിന്നെ കണ്ടത് വീടിന്റെ പിറകിലെ ഉയരമുള്ള മതിലിനുള്ളിൽ കൂട് കൂട്ടി താമസിക്കുന്ന ഞങ്ങളുടെ മുയലിന് കൂട്ടിൽ കൈ ഇട്ടു പരതുന്ന പണ്ടാരി ഏട്ടനെയാണ്.
മൈലാടൻ പാറയിൽ പോകുന്നതിനു തൊട്ടു മുൻപാണ് ഞങ്ങൾ അവർക്കു മുരിക്കിൻ ഇലകൾ തിന്നാൻ കൊണ്ട് കൊടുത്തതു.
കുത്തനെയുള്ള പറമ്പു താഴെഭാഗം മണ്ണ് നീക്കി വീടെടുക്കുമ്പോൾ പിറകു വശത്തു രൂപപ്പെട്ട ആ മണ് മതിലിന്റെ ഉള്ളിൽ ചെറിയ ഒരു ഗുഹ പോലത്തെ മാളം കൈക്കോട്ട് കൊണ്ട് ഉണ്ടാക്കി, അച്ഛനാണ് ആണും പെണ്ണും ആയ രണ്ടു മുയൽ കുഞ്ഞുങ്ങളെ അതിൽ ഇട്ടതു. അതിനു ശേഷം അവരതിൽ നിറയെ കൊച്ചു കൊച്ചു ഗുഹകളും പിന്നെ ഉപ ഗുഹകളും ഉണ്ടാക്കി കുറെ കുഞ്ഞുങ്ങളെയും പ്രസവിച്ചു വലിയൊരു കുടുംബ മാക്കി മാറ്റിയിരുന്നു. മുന്നിൽ അച്ഛൻ ഉറപ്പിച്ച ഒരു വാതിൽ ഉണ്ട്. അത് തുറന്നു കൊടുത്താൽ അവർ ഓരോ ആളായി പുറത്തു വരും. പിന്നൊരു കളിയാണ്. ഈ വെളുത്തു തുടുത്ത പഞ്ഞിക്കെട്ടുകളും ഞങ്ങളും കൂടി.
ഇതിപ്പോ ഈ പണ്ടാരി ഏട്ടൻ എന്തിനാണ് പകുതി തുറന്ന വാതിലിലൂടെ കൂട്ടിൽ കൈ ഇടുന്നത് എന്ന് നോക്കാനായി ഞങ്ങളും ചെന്നു..
ഇരു ചെവിയും ചേർത്ത് പിടിച്ച ഒരു വലിയ പഞ്ഞിക്കെട്ടു അദ്ദേഹത്തിന്റെ കൈയ്യിൽ കിടന്നു പിടയുകയും ശബ്ദമില്ലാതെ കരയുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടു.
കുഞ്ഞുങ്ങളായ ഞങ്ങളുടെ കണ്ണീരു ഞങ്ങൾ പഞ്ഞിക്കെട്ടിന്റെ കണ്ണീരിനോട് ചേർത്തിട്ടും ഫലമുണ്ടായില്ല..
ഉച്ചയ്‌ക്കത്തെ ഊണിനു വിളമ്പിയ ഇറച്ചി ഞങ്ങൾ കഴിക്കാത്തതിന് അച്ഛൻ അമ്മയേ വഴക്കു പറയുന്നത് കേട്ടു.
ഞങ്ങൾ രണ്ടുപേരും വെള്ളരിയും ചക്കക്കുരുവും ചേർത്ത് വച്ച ഓലൻ മാത്രം കൂട്ടി ഊണ് കഴിച്ചു മുയലിന്കൂട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു അപ്പോൾ..
ഏതു മുയൽ ആവും ചത്തത്? അമ്മ മുയലോ, അതോ അച്ഛൻ മുയലോ?
അതറിയാൻ കൂടും തുറന്നു കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് അന്ന് മുയലുകൾ ഒന്ന് പോലും വന്നില്ല.. ഞങ്ങൾ മുരിക്കിലകൾ പറിച്ചുകൊണ്ടു വന്നു കൊടുത്തു കൊണ്ടിരുന്നു. അന്ന് പക്ഷെ അവരാരും ഭക്ഷണം കഴിച്ചേയില്ല..
അച്ഛൻ മുയലോ അതോ അമ്മ മുയലോ മരിച്ചുപോയത്? അതിനുള്ള ഉത്തരം അവരന്ന് ഞങ്ങൾക്ക് തന്നില്ല.
മയിലാടൻ പാറയിൽ മയിലുകൾ എന്നെങ്കിലും വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ദിവസവും കുന്നു കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു..
ഒപ്പം പണ്ടാരിയേട്ടനും വീട്ടിൽ ഇടയ്ക്കിടെ വന്നും പോയും ഇരുന്നു..
വീട്ടിൽ ഉണ്ടാക്കുന്ന ഇറച്ചിക്കറികളെ ഞങ്ങൾ വെറുത്തു. അത് കോഴിയായാലും, മുയൽ ആയാലും ആടായാലും......
എന്നിട്ടും പണ്ടാരിയേട്ടനെ വെറുത്തില്ല. അദ്ദേഹവും ഒരു പാവം മനുഷ്യൻ ആയിരുന്നല്ലോ!
*****************************************

അനിത പ്രേംകുമാർ...

പായം പുഴ
  - മഴയോര്‍മ്മകള്‍-എന്നെ പോലെ തന്നെയായായിരുന്നു , പായം പുഴയും.
ചിലപ്പോ ചിരിച്ചു കളിച്ച്... ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്! മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്..
മുമ്പ്, വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കിക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ നല്ല ഭംഗിയായിരുന്നു.
മെലിഞ്ഞുനീണ്ട എന്‍റെ അമ്മ, വെള്ളയില്‍കറുത്ത പൂക്കളുള്ള ആ, ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
ആ സമയത്ത്മാത്രം അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍കല്ലുകളില്‍ തട്ടിവീഴാതെ , മുട്ടിനുമുകളില്‍ വെള്ളത്തില്‍, പാവാടയൊക്കെ പൊക്കിപ്പിടിച്ച്... ഓ, എന്ത് രസമായിരുന്നു! അക്കരെയെത്തുംമ്പോഴേയ്ക്കും അരവരെ നനഞ്ഞിട്ടുണ്ടാവും.
പിന്നെ അണക്കെട്ട് വന്നു. പുഴയുടെ രണ്ടുഭാഗത്തും വെള്ളംകയറി ഒരു പുഴയ്ക്ക്പകരം മൂന്ന് പുഴയുടെ വീതി! തെളിഞ്ഞ വെള്ളമാണ്.. പക്ഷെ ആരോടും ഒന്നും മിണ്ടാത്തപോലെ തോന്നും. ദേഷ്യോം സങ്കടോം സന്തോഷോം ഒന്നൂമില്ല.
അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നിട്ടും
എല്ലാവര്‍ക്കും ഉപകാരമാവുല്ലോ, എന്ന് കരുതി മിണ്ടാതിരിക്കുന്നപോലെ.
മഴക്കാലം തുടങ്ങിയാല്‍ പിന്നെ പറയണ്ട. ആകെ ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
ചുവന്നു കലങ്ങിമറിഞ്ഞ്, രണ്ട്കരയിലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം ഒക്കെ തട്ടിയെടുത്ത്, ആരോടൊക്കെയോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!
ഒരു മഴക്കാലത്ത്‌ സ്കൂള്‍വിട്ടുവന്നപ്പോ അച്ചമ്മയോട് വെള്ളംകാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പേടിയുണ്ട്. പക്ഷെ വെള്ളംകാണാന്‍ പോയെ തീരൂ.
'മോള് പോയിട്ടു വേഗംവര്വോ" അച്ചമ്മ ചോദിച്ചു. "അച്ഛന്‍ വരുന്നേനുമുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് കുന്നിറങ്ങി ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി, കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ....
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്. പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുട്ടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളയുടെ ദയനീയമായ കരച്ചില്‍ കേട്ടു.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു. കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്... അതിന്‍റെ തുറന്നുവച്ച വലിയവായില്‍ ഒരു തവളയും!
അമ്മേ... ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടുതട്ടായി തിരിച്ച കമുകിന്‍തോട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയുംപിടിച്ച് ഓടുന്നതിനിടയില്‍ തട്ടിത്തടഞ്ഞുവീണത്‌ മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"മോള്‍ ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി! " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ, കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മയുടെ ചോദ്യം ഞാന്‍ കേട്ടില്ല. നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് കണ്ടു.
.................................................
- അനിത പ്രേംകുമാര്‍

അഭിമന്യുചക്രവ്യൂഹം
ഭേദിക്കാൻ
പഠിച്ച
അഭിമന്യു


അതിൽനിന്നും
പുറത്തു കടക്കാൻ
കൂടി പഠിച്ചിരുന്നെങ്കിൽ
ചരിത്രം മാറിയേനെ...

എങ്കിലും പ്രിയനേ,
നീയാണ് യഥാർത്ഥ
നായകൻ !

ഉത്തരയ്ക്കും പിന്നെ
ഞങ്ങൾക്കും!

ചക്ര വ്യൂഹങ്ങൾ
ഭേദിക്കപ്പെടും..
ഇന്നല്ലെങ്കിൽ
നാളെ!

*******************

ആത്മാക്കൾക്ക് പ്രണയിക്കാമോ?ഞാനൊരു ആത്മാവ്
ശരീരം നഷ്ടപ്പെട്ടു
വര്ഷങ്ങളായി!

എന്നിട്ടുമെന്തോ
എനിക്കെന്റെ മനസ്സ്
എപ്പോഴും കൂടെ!

കാണുന്നിടത്തെല്ലാം
മനസ്സ് കോറിയിട്ട
പ്രണയാക്ഷരങ്ങൾ
കണ്ടൊരാൾ വന്നു,

ഐ ലവ് യു എന്നോതി
തിരിച്ചുപോയി!

മരണസമയത്തെ
ദേഹത്തിന്‍ പ്രായം
എന്നെന്നും ആത്മാവ്
ഏറ്റി നടക്കുമ്പോൾ
പ്രണയമാണെന്നൊരാൾ
ചൊന്നതു കേൾക്കുമ്പോൾ
കോരിത്തരിക്കാ-
തിരിക്കുന്നതെങ്ങനെ!

പാട്ടുകൾ കേൾക്കാൻ
തുടങ്ങിഞാനങ്ങിനെ
ആനന്ദ നൃത്തവും
ആടിത്തുടങ്ങി ഞാൻ!

ഈ ഭൂമിയിൽ ഞാൻ കണ്ട
കാഴ്ചകളിലൊക്കെയും,
പ്രണയത്തെക്കാളും
മനോജ്ഞമായെന്തുണ്ട്?

എന്നിട്ടുമിന്നത്
മാറിമറഞ്ഞിതോ!
പ്രണയിക്കുവാനായ്
ശരീരമൊന്നില്ലെങ്കിൽ
പ്രണയം തിരിച്ചു
പിടിക്കുമെന്നോതുന്നു
ആത്മാവിന് ഭാഗമായ്
മാറിയ പ്രണയിനി!

എന്താണ് പ്രണയം?
ദേഹമില്ലാത്തോർക്ക്
പ്രണയമില്ലേ?
ദേഹിക്ക് പ്രണയിക്കാൻ
സാധ്യമല്ലേ?

ദേഹവും ദേഹിയും
ചേരുന്ന മർത്യനു
ദേഹമില്ലാത്തവർ
ആത്മാക്കൾ മാത്രമോ?

ആത്മാവിൻ പ്രായം
ആത്മാവിന് മോഹം
ആത്മാവിൻ ദാഹം
ആത്മാവിൻ സ്വപ്നം
ഒന്നിനും വിലയില്ലേ,
മർത്യ ജന്മങ്ങൾക്കു?

കാക്കയ്ക്ക് ശ്രാദ്ധം
ഊട്ടുന്ന നമ്മള്‍
ആത്മാവിന്‍ പ്രണയം
നിഷേധിപ്പതെന്തേ?

********************

അനിത പ്രേംകുമാർ

വിഗ്രഹങ്ങൾ വളരുന്നേയില്ല


വിഗ്രഹങ്ങൾ
വളരുന്നേയില്ല
മാത്രമല്ല,
അവ തളരുകയും
ചെയ്യുന്നു..


കണ്ണടച്ചു ധ്യാനിച്ച്
മനസ്സിൽ
പ്രതിഷ്ഠിച്ചു
പൂജകൾ
തുടങ്ങുമ്പോൾ
നമ്മളൊരു
പ്രതീക്ഷയിൽ ആണ്

ഇരുൾ നിറഞ്ഞ
കാട്ടു വഴികളിൽ
ഒരു കുഞ്ഞു
മൺചിരാതായി
വിഗ്രഹങ്ങൾ
ഒപ്പമൂണ്ടാകും
എന്ന പ്രതീക്ഷ!

തിരക്കുകളിൽ
ഊളിയിടുമ്പോഴും
ഇഷ്ടദൈവത്തിനു
നിവേദ്യമർപ്പിക്കാൻ
ദേവാലയങ്ങൾ
തേടുന്നു നാം!

എന്തൊക്കെ
അർപ്പിച്ചിട്ടും
വളരാത്ത
വിഗ്രഹങ്ങൾ
നമ്മെനോക്കി
ദയനീയമായി
പറയുന്നുണ്ടാകും

ദൈവ ചൈതന്യം
നിന്നിൽ ആണല്ലോ
എന്ന്!
നീ തന്ന ചൈതന്യമേ
എന്നിലുള്ളൂ എന്ന്!

വളരാൻ
നിനക്ക് മാത്രമേ
കഴിയു എന്ന്!

അതെ, ഞങ്ങൾ
വിഗ്രഹങ്ങൾ
വളരുന്നേയില്ല!
നിങ്ങളിൽ നിന്നും
കൈക്കൊണ്ട
ചൈതന്യത്താൽ
നിങ്ങളാലെ
ആരാധിക്കപെടുകമാത്രം!

നാളെ ഒരുപിടി
മണ്ണാകാൻ
കാത്തു നിൽക്കുകയാണ്!
കൂടിയാൽ
വെറും പഞ്ചലോഹ
ക്കഷ്ണങ്ങളാകാൻ!

വിഗ്രഹങ്ങൾ
വളരുന്നേയില്ല
കലയിലും
സാഹിത്യത്തിലും
പിന്നെ ജീവിതത്തിലും!

നമ്മൾ കൊടുത്ത
ചൈതന്യത്തിൽ
അവയങ്ങിനെ
ആരാധിക്കപ്പെടുകയാണ്!

*******************
അനിതപ്രേംകുമാർ

പൂ പറിക്കാൻ പോരുന്നോ ?(Anitha Premkumar)


അത്തത്തിനു തലേനാൾ ചെമ്പരത്തിമൊട്ടുകൾ അന്വേഷിച്ചു നടന്നപ്പോൾ ആണ് അവനെ ആദ്യമായി കണ്ടത്.
ടൗണിൽ താമസിക്കുന്നവരൊക്കെ ജമന്തിപ്പൂക്കളും കനകാമ്പരവും മറ്റും പൈസ കൊടുത്തുവാങ്ങിയാണത്രേ പൂവിടുക. അവരുടെയൊക്കെ ഒരു ഭാഗ്യം!
എനിക്കും ഇഷ്ടമാണ്, ജമന്തിയുടെ, മുല്ലയുടെ, റോസാ പൂക്കളുടെ ഒക്കെ അഭൗമമായ പരിമളങ്ങൾ. പക്ഷേ കരണ്ടും വെളിച്ചവുമൊന്നും തിരിഞ്ഞുനോക്കാത്ത ഗ്രാമത്തിൽ നിന്നും രണ്ടു കിലോമീറ്റർ നടന്നു ബസ് സ്റ്റോപ്പിൽ പോയി, ബസ്സിൽ 5 കി.മി അകലെയുള്ള പട്ടണത്തിൽ നിന്നും പൂ വാങ്ങികൊണ്ടുതരാൻ എങ്ങനെ അച്ഛനോട് പറയും!
ചെമ്പരത്തിമൊട്ടുകൾ വൈകിട്ട് പറിച്ചു പറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ വച്ച് പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയിട്ടുണ്ടോ?
നീർമുത്തുകളാൽ അലങ്കരിക്കപ്പെട്ടു അവയൊക്കെ ചുമപ്പും വെള്ളയും ഒക്കെ നിറങ്ങളിൽ അങ്ങനെ വിടർന്നു നിന്നിട്ടുണ്ടാവും.
പക്ഷേ മൊട്ടുകളൊക്കെ സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ ആദ്യമെത്തുന്നവർ പറിച്ചുകൊണ്ട്പോയിട്ടുണ്ടാവും! എല്ലാ വീടുകളും അവിടെ ഉണ്ടാകുന്ന പൂവുകളും എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണല്ലോ!
അങ്ങനെ പൂ മൊട്ടുകൾ അന്വേഷിച്ചു ആൾ താമസമില്ലാത്ത നാണുഏട്ടന്റെ പറമ്പിൽ എത്തിയതായിരുന്നു .
നാണുഏട്ടനും കാർത്തിചേച്ചിയും പണ്ടെന്നോ ഇവിടെ താമസിച്ചിരുന്നു. എന്തുകൊണ്ടാണ് അവർ ഇവിടം വിട്ടുപോയത് എന്ന ചോദ്യത്തിന് 'അമ്മ വ്യക്തമായ മറുപടി തന്നില്ല.
ചില്ലകൾ താഴ്ത്തി മൊട്ടുകൾ പറിക്കുന്നതിനിടയിൽ കണ്ടത്, നിറഞ്ഞ ചിരിയോടെ തന്നെനോക്കി നിൽക്കുന്ന, കോളജിൽ പഠിക്കുന്ന പ്രായത്തിലുള്ള ഒരാൾ!
സൗമ്യമായ മുഖഭാവം കണ്ടെങ്കിലും ഭയം കാലുമുതൽ തലവരെ അരിച്ചെത്താൻ തുടങ്ങിയത് അറിയുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് അവൻ ചോദിച്ചത്.
" നീ ഗോപാലേട്ടന്റെ മകൾ രേണുവല്ലേ?"
"അതെ"
"എന്നെ അറിയോ?"
"ഇല്ല"
"എന്തിനാ ഇപ്പോൾ ഇവിടെ വന്നത്? അതും ഈ കാട്ടിൽ, ഒറ്റയ്ക്ക്? പേടിയില്ലേ ? "
"അത് ....എന്റെ വീട്ടിലെ ചെമ്പരത്തിമൊട്ടുകൾ മുഴുവനും രാധ പറിച്ചുകൊണ്ടുപോയി. അവൾ പറിക്കുന്നത് മുത്തശ്ശി കണ്ടിരുന്നു. എന്നിട്ടും ഒന്നും പറഞ്ഞില്ല.. നാളെ അത്തം അല്ലെ? ഞാനെങ്ങനാ പൂവിടുന്നത്? ചെമ്പരത്തിയില്ലെങ്കിൽ പൂക്കളം ഭംഗിയാവൂല" എങ്ങനെയോ കിട്ടിയ ധൈര്യത്തിൽ ആണ് അത്രയും പറഞ്ഞത്.
"ശരി. ഞാൻ സഹായിക്കാം. അവൻ ഓരോ കമ്പുകളായി പൂ പറിക്കാൻ പാകത്തിന് താഴ്ത്തി തന്നു. കൈയിലുണ്ടായിരുന്ന ചേമ്പിലകുമ്പിളിൽ നിറയെ മൊട്ടുകളുമായി പോകാൻ തുനിയവെ അവൻ ചോദിച്ചു.
" രേണു ഇപ്പോൾ ഏതു ക്‌ളാസ്സിലാ പഠിക്കുന്നത്? "
" ഞാൻ .... ഏഴാം ക്‌ളാസിൽ"
"എന്നിട്ട് കണ്ടാൽ പത്തിലെത്തിയ പോലുണ്ടല്ലോ! അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു"
എന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല... പിന്നീടുള്ള പത്തു ദിവസങ്ങളിലും ചെമ്പരത്തിമൊട്ടുകൾ പറിച്ചു തന്നത് അവനായിരുന്നു. പത്താം ദിവസം പറഞ്ഞു.
" ഇനി ഞാൻ വരൂല്ലാട്ടോ. നാളെ ഓണല്ലേ".
പ്രതീക്ഷിക്കാതെ കവിളിൽ അവൻ നൽകിയ സ്നേഹ സമ്മാനം ! ദേഹത്ത് വട്ടം ചുറ്റിയ കൈ തട്ടി മാറ്റി തിരിഞ്ഞോടുമ്പോൾ വല്ലാതെ വിറച്ചു.. ഇല്ല.. ഇനി ഈ ജന്മത്തിൽ അവനോട് മിണ്ടില്ല. രാധ പറഞ്ഞത് ശരിയാണ്. ഈ ആൺകുട്ടികൾ ശരിയല്ല..
ഓടുമ്പോൾ വീഴാതിരിക്കാൻ വല്ലാതെ ഇറുക്കിപിടിച്ചത് കാരണം മൊട്ടുകൾ ഉടഞ്ഞുപോയിരുന്നു. തിരുവോണത്തിന് പൂക്കളം നന്നായില്ല.
ഓണം കഴിഞ്ഞു.. പിന്നീട് കുറേനാൾഅവനെ മറക്കാനുള്ള വിഫലമായ ശ്രമങ്ങൾ!
എന്നിട്ടും ഏഴാം ക്‌ളാസ്സിലെ വാർഷികോത്സവത്തിനു സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോൾ അവനെ ഒന്ന് കാണാനായി, ആ വിശേഷം ഒന്ന് പറയാനായി വീണ്ടും നാണുഏട്ടന്റെ പറമ്പിലേക്ക് മടിച്ചു മടിച്ചു ചെന്നു.
പക്ഷെ അവിടെ ഇടിഞ്ഞു പൊളിഞ്ഞ വീടോ ചെമ്പരത്തിമരമോ കണ്ടില്ല.
" മോൾ എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്?"
അതുവഴി ആടുകളെയും കൊണ്ട്കടന്നുപോയ സുമിത്രചേച്ചിയാണ്.
" ഒന്നൂല്ല ചേച്ചീ.. ഇവിടുത്തെ ചെമ്പരത്തിചെടി എവിടെ? ഞാൻ ഓണത്തിന് പൂക്കൾ ഇവിടെ വന്നു പറിച്ചിരുന്നു."
സുമിത്രചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
" മോൾ എന്താ ഈ പറയുന്നത്? ഞാൻ ദിവസവും ആടുകളെയും കൊണ്ട് ഇതുവഴി പോകുന്നു. എത്രയോ വര്ഷങ്ങളായി.. ഇതുവരെ ഇവിടെ ചെമ്പരത്തി പോയിട്ട് അരിപ്പൂവോ, വെള്ളിയിലയോ പോലും ആരും കണ്ടിട്ടില്ല. പിന്നെങ്ങനാ നീ ഇവിടുന്നു പൂ പറിക്കുന്നതു ?"
തല ചുറ്റുന്നത്പോലെ തോന്നി.. ഇടത്തെ കവിളിൽ അറിയാതെ ഒന്ന് തടവി..
"കുട്ടി വീട്ടിൽ പോ.. ഈ പ്രായം അത്ര നന്നല്ല.. ഇല്ലാത്തതു പലതും ഉണ്ടെന്നു തോന്നും. ഇനി ഇങ്ങനെ ഇറങ്ങി നടക്കരുത്. ഞാൻ നിന്റെ മുത്തശ്ശിയോട് പറയുന്നുണ്ട്... "
അപ്പോൾ ഒക്കെ ഇല്ലാത്തതായിരുന്നോ? പത്തു ദിവസവും താനിട്ട പൂക്കളത്തിലെ ചെമ്പരത്തിപ്പൂക്കൾ കണ്ടു രാധ അസൂയ പൂണ്ടത്? ഏറ്റവും നല്ല പൂക്കളം തന്റെതാണു രേണു എന്ന് വിശ്വേട്ടൻ പറഞ്ഞത്?
വലിയ ചെമ്പുകലത്തിൽ അടുത്ത വീട്ടിലെ കിണറിൽ നിന്നും വെള്ളം കോരി തലയിലേക്ക് എടുത്തു വച്ചു തരുമ്പോൾ പേടിയോടെ അമ്മയോട് ചോദിച്ചു
" അമ്മെ, നാണുവേട്ടന്റെ പറമ്പിൽ 'അമ്മ ഇപ്പോഴെങ്ങാനും പോയിട്ടുണ്ടോ ?"
" ഇല്ല. എന്തെ?"
"ഒന്നൂല്ല"
"രേണു,, നീയവിടെ പോയോ? സത്യം പറ."
സത്യം പറയാന്‍ സത്യം ഏത് നുണയേത് എന്നറിയണ്ടേ! വീടെത്തും വരെ അമ്മ വഴക്ക് പറഞ്ഞത് എന്തിനെന്നും മനസ്സിലായില്ല.
പക്ഷെ പിന്നീടൊരിക്കലും അവിടെ പോയില്ല.അതോ പോയോ? മുന്പ് പോയത് ശരിക്കും പോയതാണോ?
"എടോ.... നാളെ ഓണമല്ലേ? നീ ഒന്നും ഉണ്ടാക്കുന്നില്ലേ? വാ, നമുക്ക് പോയി സാധനങ്ങള്‍ വാങ്ങി വരാം. "
ഉച്ചത്തിലുളള എട്ടന്റെ സംസാരം കേട്ടപ്പോഴാണ് പരിസരബോധം വന്നത്.
ഓഫീസ് വിട്ടു രാത്രി വീട്ടില്‍ എത്തിയതെയുള്ളൂ എന്ന തിരിച്ചറിവിന്റെ സങ്കടം കണ്ണുകൾ ഏറ്റെടുക്കും മുന്നേ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു,
" അതിനു നാളെ നിങ്ങള്‍ ലീവ് എടുക്കുന്നുണ്ടോ?"
അയ്യോ.. ഇല്ല. ഞാന്‍ ഉച്ചയ്ക്ക് ഉണ്ണാന്‍ വരാം. നീയോ?
" എനിക്കും പോണം. ഞാന്‍ രാവിലെ തന്നെ ഒക്കെ റെഡി ആക്കി വച്ചിട്ട് പോകും. കുട്ടികള്‍ വൈകിട്ടല്ലേ വരൂ.. അവര്‍ക്ക് ക്ലാസ് ഉണ്ടല്ലോ! "
എന്നാല്‍ വാ. വേഗം പോയി സാധനങ്ങള്‍ വാങ്ങി വരാം. അല്പം പൂക്കളും വാങ്ങണ്ടെ?
വേണം.. വേണം ...
പോകുമ്പോൾ നിരോധിച്ച പ്ലാസ്റ്റിക് കവറുകളിൽ ഒന്നെടുത്തു കൈയ്യിൽ ചുരുട്ടിവച്ചു. തിരിച്ചു വരുമ്പോൾ പൂ പറിക്കണം..
അടുത്ത വീട്ടിലെ മതിലിനു മുകളിൽ കൂടി റോഡിലേയ്ക്ക് വീണു പരന്നു കിടക്കുന്ന ചെമ്പരത്തിയിലെ മൊട്ടുകൾ ഞാൻ മാത്രം കാണാറുണ്ടായിരുന്നു.....
***********************************************************
അനിത പ്രേംകുമാർ

വിരഹംഒരു കവി ഗ്രൂപ്പിന്റെ
അഡ്മിൻ പറഞ്ഞു
വിരഹത്തെപറ്റി
ഒരു കവിത എഴുതാൻ


ഞാനെൻ പ്രിയനോട്
ചോദിച്ചു
എന്താണ് വിരഹം ?

എന്നെ വിരഹം
അറിയിക്കാനായി
അവനൊന്ന് ദൂരേക്ക്
പോയി.

ഉടനെ വന്നു
ഇമോയും
വാട്സ് ആപ്പും
മെസ്സെഞ്ചറും
ഞങ്ങൾക്കിടയിൽ

ഞങ്ങൾ വിരഹത്തെപറ്റി
വാട്സ് ആപ്പിൽ
ചർച്ച ചെയ്തും
ഗൂഗിളിൽ പരതിയും
വീഡിയോ ചാറ്റിയും
നടന്നപ്പോൾ
വിരഹം പറഞ്ഞു,

"ഞാനിന്നു
കാലഹരണപ്പെട്ട
ഒരു
വാക്കു മാത്രമാണ്" !

**********************
-അനിത പ്രേംകുമാർ-

പ്രണയത്തിനെ നിര്‍വ്വചിക്കുമ്പോള്‍പ്രണയത്തിനെ
നിര്‍വ്വചിക്കുമ്പോള്‍
ആണിന്പറയാനുള്ളത്
മാത്രമാണോ
നിങ്ങള്‍ കേട്ടത്?


പെണ്ണ് പറയുന്നതും
കേള്‍ക്കണ്ടേ?


അവന്‍ പറയും
പ്രണയം ഒരു
അഗ്നിയാണെന്ന്!

കാല്പാദങ്ങളില്‍ തുടങ്ങി
തലയുടെ ഉച്ചിവരെ
വെന്തെരിക്കുന്ന
ആളിപ്പടര്‍ന്നു
തെളിഞ്ഞു കത്തുന്ന
കത്തിപ്പടര്‍ന്നു
ചാരമായി മാറുന്ന
അതോടെ എല്ലാം
ശുദ്ധമായി തീരുന്ന
അഗ്നിയാണവന് പ്രണയം!

പക്ഷേ,
ഉടലുകള്‍ ഉരസുമ്പോള്‍
അഗ്നി തെളിയുമ്പോള്‍
അതില്‍ വെന്തുരുകി
ചാരമായി മാറുമ്പോള്‍
പ്രണയം ചിറകടിച്ചു
പറന്നു പോകുമെന്നു
അവള്‍ക്കറിയാലോ!

അതുകൊണ്ട് തന്നെ
അവള്‍ പറഞ്ഞ പ്രണയം
മറ്റൊന്നായിരുന്നു !

പ്രണയമൊരു പൂവിന്‍റെ
നറുമണം പോലെന്ന്!
തളിർതെന്നൽ മൂളുന്ന
പാട്ടുപോലെന്ന്!

കുരുവി ചിലയ്ക്കുന്ന
പൂങ്കുയിൽ പാടുന്ന
ആൽമരക്കൊമ്പിന്റെ
അറ്റത്തെ ചില്ലയിൽ
അണ്ണാരക്കണ്ണന്മാർ
ചിൽ ചില് മൊഴിയുമ്പോൾ
പതിയിരുന്നിണയുടെ
കൊക്കോടുരുമ്മുന്ന
പച്ചപ്പനന്തത്ത
ചുണ്ടുപോലെന്നു!

പ്രണയമൊരു
ചാറ്റല്‍ മഴപോലെയെന്നു
മഴപെയ്തു തോര്‍ന്നാലും
പിന്നെയും പെയ്യുന്ന
മരംപോലെയെന്നു!

വെയിലും മഴയും
ഇടകലര്‍ന്നണയുന്ന
കുറുനരിക്കല്യാണ
ദിനം പോലെയെന്ന്!

മഴയൊന്നു നിന്നപ്പോള്‍
മാനത്ത് വന്നെത്തി
മാഞ്ഞുപോകുന്നൊരു
മാരിവില്ലെന്നു!

പ്രണയത്തിനെ
നിര്വ്വചിക്കുമ്പോള്‍
ഇനി നിങ്ങള്‍
അവളോടും
ചോദിക്കുക .
എന്നിട്ട്,
എന്നിട്ട് മാത്രം
പ്രണയിക്കുക .

******************

അനിത പ്രേംകുമാര്‍

തുമ്പപ്പൂപറഞ്ഞത്തുമ്പപ്പൂവന്നൊരുനാൾ
എന്നോടോതി
തുമ്പിപ്പെണ്ണേ പോരൂ
താളം തുള്ളാൻ..


തുമ്പികൾ
പാറിപ്പറക്കുമിടം
അവിടെ തൂമ്പകൾ
താളം ചവിട്ടുമിടം

തുമ്പിയും തൂമ്പയും
പിന്നെയീ ഞാനും
താലോലം തെയ്യന്നം
തുള്ളാൻ തുടങ്ങവേ

തോട്ടിന്റെ വക്കത്തെ
തെങ്ങോലയോതി
തെങ്ങിനും തുമ്പയ്ക്കും
തുള്ളാനേ വയ്യ!

തുമ്പപ്പൂവതുകേട്ട്
കുണുങ്ങിച്ചിരിച്ചു
തൂവെള്ള പൂക്കളാൽ
തൻ കണ്ണീരു മറച്ചു.

ജനിച്ചു വളർന്നിടം
വിട്ടൊന്നു നീങ്ങാനും
പാടാനും ആടാനും
തുള്ളിക്കളിക്കാനും
നമ്മളെ പ്പോലവർ
ക്കാവതുണ്ടോ, പാവം!
**********************
-അനിത പ്രേംകുമാർ-

കതിരിട്ട പാടംകതിരിട്ട പാട
വരമ്പത്തന്നൊരുനാൾ
ഒറ്റയടിപ്പാത
മുറിച്ചു കടക്കെ
അറിയാത്ത പോൽ നീ
തഴുകിയ മേനിയിൽ
കതിരിട്ട മോഹങ്ങൾ
കൊയ്യാൻ വരില്ലേ? 


മോഹങ്ങൾ പൂത്തു
തളിർത്ത സ്വപ്‌നങ്ങളിൽ
രാജ കുമാരനായ്
നിയണഞ്ഞപ്പോൾ
സ്വയം വരപന്തലിൽ
വരണ മാല്യവുമായി
കാത്തിരിക്കുന്നു ഞാൻ
നാളേറെയായി..

പാടവും കൊയ്തു
കറ്റ മെതിച്ചു
പുന്നെല്ലു പുഴുങ്ങി
പുത്തരിയുമുണ്ടു
വേനലും വർഷവും
ഏറെ മറിഞ്ഞു
നീമാത്ര മെന്തേ
വന്നണഞ്ഞില്ല?

കിനാവു വിതയ്ക്കുന്ന
കര്ഷകൻ നീയെന്നെ
സ്വപ്‌നങ്ങൾ നെയ്യാൻ
പഠിപ്പിച്ചതെന്തേ?
മോഹങ്ങളെല്ലാം
ഒഴുക്കി കളയുന്ന
പെരുമഴയായ്മാറി
ഇന്നെന്റെ കണ്ണീർ!

കതിരിട്ട പാട
വരമ്പത്തന്നൊരുനാൾ
ഒറ്റയടിപ്പാത
മുറിച്ചു കടക്കെ
അറിയാത്ത പോൽ നീ
തഴുകിയ മേനിയിൽ
കതിരിട്ട മോഹങ്ങൾ
കൊയ്യാൻ വരില്ലേ?

*****************

അനിത പ്രേംകുമാർ

ദയാവധംഇന്നലെയും ഉറങ്ങിയില്ല.
എന്തിനു ഇന്നലെ?
ഉറക്കംഎന്നെ വിട്ടുപോയിട്ടു
നാളുകൾ ഏറെയായല്ലോ!

സഹിക്കാൻ പറ്റാത്ത
വേദനകൊണ്ട്
പുളഞ്ഞിട്ടുണ്ടോ നീ?
ഉറക്കം വരാതെ തിരിഞ്ഞും
മറിഞ്ഞും കിടക്കുമ്പോൾ
ഒരൊറ്റ രാത്രി തീരാൻ
ഒരു യുഗം വേണ്ടിവന്നത്
അറിഞ്ഞിട്ടുണ്ടോ നീ?
വേദന സംഹാരികൾ
വായിലേക്ക് വച്ചുതരുമ്പോൾ
നീ ആഗ്രഹിച്ചിരുന്നു
ഒരു മണിക്കൂറെങ്കിലും
ഞാനൊന്ന് അനങ്ങാതെ
കിടന്നിരുന്നെങ്കിൽ...
എങ്കിൽ നിനക്കൊന്നു
തലചായ്ക്കാമായിരുന്നു!
അവസാനം നീയത് കണ്ടെത്തി
എന്നെയും കൊന്നു
നീയും ചാവുക!
എല്ലാവേദനകളും
അതോടെ തീരുമല്ലോ!
എന്നിട്ടു രണ്ടുപേർക്കും
ആത്മാക്കളുടെ ലോകത്തു
ഇഷ്ടം പോലെ ഇണചേർന്ന്
കുഞ്ഞുങ്ങളെ പെറ്റുകൂട്ടാം
എന്നും നീ പറഞ്ഞു.
എങ്കിലും എനിക്കിപ്പോൾ
ചാകാൻ തോന്നുന്നില്ല.
എനിക്ക് ദയാവധം വേണ്ട
ഒരു ദിവസമെങ്കിൽ ഒരു ദിവസം
എനിക്കീ ഭൂമിയിലെ ജീവിതം
നീട്ടികിട്ടണം..
ദയാവധത്തിന് അപ്പുറം
നമ്മൾ എന്താകും
എന്നത് നിനക്കെന്നപോലെ
എനിക്കും അറിയില്ലല്ലോ!
പകരം എന്റെയീ വേദനയെ
അനുഭൂതിയാക്കി മാറ്റാൻ
നീയൊരു മരുന്നുമായി വരൂ.
നാളത്തെ പുലരി
നമ്മുടേത് കൂടിയാവട്ടെ!
***************************
അനിത പ്രേംകുമാർ

സ്ത്രീകൂട്ടുകാരി അന്നമ്മയുടെ കൂടെ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു ഏതൊക്കെയോ ഇടവഴികളും ആളില്ലാ പറമ്പുകളും കടന്നു നടന്നുപോകുന്നതിനിടയ്ക്കു ഒരു വീട്ടുമുറ്റത്തെത്തിയപ്പോൾ അവൾ പറഞ്ഞു.
"അങ്ങോട്ട് നോക്കണ്ട.. വേഗം നടന്നോ.."
"അതെന്താ അന്നമ്മേ? "
"അത്, അവർ ചീത്ത സ്ത്രീയാ.."
"എന്ന് വച്ചാൽ? "
"വേശ്യ."
ആദ്യമായാണ് നാലാം ക്ലാസ്‌കാരി അങ്ങിനെ ഒരു വാക്കു കേൾക്കുന്നത്.
"എന്ന് വച്ചാൽ എന്താ?"
"കുറെ ഭര്‍ത്താക്കന്മാര്‍ ഉള്ള സ്ത്രീ"
"ങേ! അങ്ങിനെയും ഉണ്ടോ!
അതെന്താ അങ്ങിനെ?
അവര്‍ എങ്ങിനെയാ ചീത്തയാവുക? "
പാഞ്ചാലിഅഞ്ചു പേരുടെ ഭാര്യയാണ് എന്ന് ഇന്നലെ വായിച്ച അമര്‍ ചിത്രകഥയില്‍ ഉണ്ടല്ലോ! കൃഷ്ണന് എന്തൊരു ഇഷ്ടാ പാഞ്ചാലിയെ!
അത് പോകട്ടെ. കൃഷ്ണന്‍റെ രാധ?
ചിന്തകള്‍ കാടുകയറുമ്പോള്‍ മിണ്ടാതിരുന്നാ ശീലം. അതാവാം, പിന്നെ അവളുടെ വല്യച്ഛന്റെ വീടെത്തും വരെയോ അവിടുന്നു അച്ഛന്‍ ആവശ്യപ്പെട്ട സാധനങ്ങളുമായി തിരിച്ചു വരുന്ന വഴിയിലോ ഒന്നും സംസാരിക്കാൻ തോന്നിയില്ല..
"വേശ്യ" എന്ന വാക്കു മനസ്സിൽ കിടന്നു പൊള്ളിച്ചുകൊണ്ടിരുന്നു.
മൂന്നാലു ദിവസം കഴിഞ്ഞു ഞങ്ങളുടെ വീടിനടുത്തുള്ള തെങ്ങിന്‍ തോപ്പില്‍ അന്നാമ്മ അടക്കമുള്ള മറ്റു കൂട്ടുകാരുടെ കൂടെ ഒളിച്ചു കളിക്കുന്നതിനിടയിൽ ഒരുമിച്ചു ഒരു മരത്തിന്റെ പിറകെ ഒളിച്ചപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു..
അന്നമ്മേ, അപ്പൊ ഒന്നിലധികം ഭാര്യയുള്ള ആണും ചീത്തയല്ലേ? അവരെ "വേശ്യൻ" എന്ന് വിളിക്കുമോ?
സ്വതവേ വിടർന്ന അവളുടെ കണ്ണുകൾ എന്റെ നേരെ രൗദ്രഭാവത്തോടെ ഒന്ന് ഉരുട്ടികാണിച്ച ശേഷം അവൾ അവിടുന്നു മാറി മറ്റൊരു മരത്തിന്റെ പിന്നിൽ ഒളിച്ചു.
എനിക്കുള്ള ഉത്തരം തരാൻ നിന്നാൽ അവളും ഞാനും ഒളിച്ച സ്ഥലം കണ്ടുപിടിക്കപ്പെട്ടേനെ.. ഞാനെന്തൊരു മണ്ടിയാ!
............................................................................................
അന്ന് പായം മുക്കിൽ നിന്നും ഇരിട്ടിയിലേക്കു ബസ് കുറവായതുകൊണ്ട് ബസിന്‍റെ സമയമല്ലെങ്കില്‍ നടന്നു പോകണം. അങ്ങിനെ ഒരു ദിവസം അമ്മയുടെ കൂടെ നടന്നു പോകുന്നതിനിടയിൽ വഴിയ്ക്ക് വച്ച് ഒരു ഒരു ചേച്ചി ഞങ്ങള്‍ക്കൊപ്പം നടക്കാന്‍ ഉണ്ടായിരുന്നു.
എന്നെ അവര്‍ സ്നേഹത്തോടെ തലോടുകയും അമ്മയോട് വിശേഷങ്ങൾ തിരക്കുകയും ചെയ്തു. നല്ല ചന്തമുള്ള മുഖം. എന്‍റെ ഭംഗിയില്ലാത്ത ഇരുണ്ടമുഖം ആലോചിച്ചപ്പോള്‍ എനിക്കവരോട് അസൂയ തോന്നി. അവരുടെ പെരുമാറ്റം അതിലേറെ മനോഹരമായിരുന്നു.
പിന്നീടൊരിക്കൽ സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയിൽ വച്ച് വീണ്ടും അവരെ കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി പറഞ്ഞു, അവരോട് മിണ്ടണ്ടട്ടോ.. അവർ ചീത്തയാണ്..
ങേ! ആരാ പറഞ്ഞത്?
"താത്തി വല്യമ്മ അമ്മയോട് പറയുന്നത് കേട്ടു".
ഓ! വീടുകളില്‍ ഒക്കെ കയറി വിവരങ്ങള്‍ പറയുന്ന ആ വല്യമ്മ ഇടയ്ക്ക് എന്‍റെ വീട്ടിലും വരാറുണ്ട്.
ഈ "ചീത്ത" ആളുകളെ പറ്റി അമ്മയോട് ചോദിച്ചാലോ?
വല്യച്ഛന്റെ വീട്ടില്‍ നിന്നും വായിച്ച പത്രത്തില്‍ കണ്ട കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്കിന്‍റെ അര്‍ഥം ചോദിച്ചു മുന്പൊരിക്കല്‍ അമ്മയുടെ അടുത്തു ചെന്നു.
" എന്താ അമ്മേ, "ബലാല്‍സംഗം" എന്ന് പറഞ്ഞാല്‍?
നൂറു കൂട്ടം പണിത്തിരക്കില്‍ ആയിരിക്കും എപ്പോഴും അമ്മ. ദേഷ്യപ്പെട്ടു ഒന്ന് നോക്കിയ ശേഷം ചോദിച്ചു.
"നിനക്ക് എവിടുന്നു കിട്ടി ഈ വാക്ക്"?
"അത്, അത് പത്രത്തില്‍ നിന്നും."
" വലുതാവുമ്പോള്‍ മനസ്സിലാവും. ഇപ്പോള്‍ ഇതൊന്നും അറിയണ്ട." (അന്നെന്തു പീഡനം! ലൈംഗിക വിദ്യാഭ്യാസം! ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌..... അതൊക്കെ ഇപ്പോള്‍ വന്നതല്ലേ!)
ഉത്തരം കിട്ടാന്‍ സാധ്യത ഇല്ല എന്നറിഞ്ഞിട്ടും, മടിച്ചു മടിച്ചു ആണെങ്കിലും അമ്മയോട് ഇതിനെ പറ്റിയും ചോദിച്ചു.
"അവർ ആര് എന്നത് നോക്കണ്ട.. ഒരാളെ പറ്റിയും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കണ്ട. നമ്മളോട് സ്നേഹം ഉണ്ടെങ്കിൽ തിരിച്ചും സ്നേഹത്തോടെ പെരുമാറുക.. " എന്നതായിരുന്നു ഉത്തരം.
............................................................................
എങ്കിലും അപ്പോഴും ഇപ്പോഴും ഒരു കാര്യം ശ്രദ്ധേയമാണ്... അവൻ ചീത്ത ആണാണ്.. അവനോട് മിണ്ടണ്ട എന്ന് ആരും ഒരിക്കലും പറഞ്ഞുകേട്ടില്ല..
അത് ആണുങ്ങൾ ഒക്കെ നല്ലവർ ആയതുകൊണ്ടാണോ?
എന്തുകൊണ്ടാണ് സ്ത്രീകള്‍ മാത്രം ചീത്തയാകുന്നത്?
അവർമാത്രം ഈ മുഖ പുസ്തകത്തിലും വെടികളും വേശ്യകളും ആകുന്നതു?
അവരുടെ കൂടെ കിടന്ന ആണുങ്ങള്‍ ഓട്ടോഗ്രാഫ് ഒപ്പിട്ടു കൊടുക്കുന്നതില്‍ ഇപ്പോഴും നമുക്ക് വിരോധമില്ലാത്തത്?
നാലാം ക്ലാസ്സുകാരി നാല്‍പതുകളില്‍ എത്തിയിട്ടും ഉത്തരം കിട്ടിയിട്ടില്ല.
സ്ത്രീ അമ്മയാണ്.. ദേവിയാണ്, എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ, അവിടെ ദൈവം കുടിയിരിക്കുന്നു എന്നൊക്കെ നമ്മള്‍ പറയും.
എന്നാൽപുരുഷൻ അച്ഛനാണ്, ദേവനാണ്.. പൂജിക്കപ്പെടേണ്ടവനാണ് എന്ന് എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ ?
ഇല്ല.
അപ്പൊ നല്ലതിനേ ചീത്തയും ഉള്ളൂ എന്നാണോ?
ആവാം അല്ലെ? അല്ലെങ്കില്‍ അങ്ങിനെ ആശ്വസിക്കാം!

- അനിത പ്രേംകുമാര്‍ -

കണ്ണുകള്‍
ഇന്നലെ അവന്‍പറഞ്ഞു.
നിന്റെ കണ്ണുകള്‍ക്ക്‌ എന്തോ പ്രത്യേകതയുണ്ട്.
എന്ത് പ്രത്യേകത?
അതറിയില്ല. നീയവയില്‍ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അവ പ്രകാശം ചൊരിയുന്നു. നക്ഷത്രങ്ങളെപ്പോലെ!
കണ്ണാടിയില്‍ നോക്കി. ഇടുങ്ങിയ ചെറിയ കണ്ണുകള്‍. പാര്‍വതിയുടെയും കാവ്യയുടെയും നവ്യയുടെയും മറ്റും വിടര്‍ന്ന മലയാളിക്കണ്ണ്‍കള്‍ക്ക് എന്തൊരു ഭംഗിയാണ്.
ഇത് വലിയ ആനയ്ക്ക് ചെറിയ കണ്ണു കൊടുത്തപോലെ.. ആകപ്പാടെയൊരു ചേര്‍ച്ചയില്ലായ്മ!
നക്ഷത്രങ്ങള്‍ പോയിട്ട് മിന്നാമിനുങ്ങിനു പോലും ഇരിക്കാന്‍ ഇടമില്ല.
മിന്നാമിനുങ്ങിനെ ഓര്‍ത്തപ്പോഴാണ്,
മരംകുലുക്കികളെ കണ്ടിട്ടുണ്ടോ?
രാത്രികാലങ്ങളില്‍ വല്ലപ്പോഴുമേ കാണൂ.
ഒറ്റപ്പെട്ടു നില്‍ക്കുന്ന ഏതെങ്കിലും ഒരു മരം അവ തിരഞ്ഞെടുക്കും.
രാത്രിയില്‍ എല്ലാ വെട്ടവും അവസാനിക്കുമ്പോള്‍ ആ ഒരു മരം മരം മാത്രം നിറയെ മിന്നാമിനുങ്ങുകള്‍ വന്നു മൂടും.
പിന്നെ കാണുന്നവരുടെ കണ്ണുകളില്‍ പൂത്തിരികള്‍ നിറച്ചുകൊണ്ട് അവ തെളിഞ്ഞും അണഞ്ഞും അങ്ങിനെ പ്രകാശിച്ചുകൊണ്ടിരിക്കും.
അങ്ങിനെയൊരു രാത്രിയില്‍ ഉറങ്ങാന്‍ സമയായി, കിടക്കൂ എന്ന് പറഞ്ഞ അച്ഛമ്മയോട് പറഞ്ഞു.
എനിക്കിന്നുറങ്ങണ്ട .
പിന്നെ?
രാത്രി മുഴുവന്‍ എനിക്കിത് കാണണം.
ഈ പെണ്ണിന് പിരാന്താ.മോള് വാ രാവിലെ കാണാം. ഇപ്പോള്‍ ഉറങ്ങൂ. സമയം കുറെ ആയി.
രാവിലെ കാണുമോ ?
പിന്നെന്താ!
രാവിലെ നേരം വെളുത്തതും അച്ഛമ്മയില്‍ നിന്നും അടര്‍ന്നുമാറി എഴുന്നേറ്റു ഓടി ചെന്ന് നോക്കി.
എല്ലാ മരങ്ങളെയും പോലെ ആ മരവും !
ഇന്നലെ രാത്രി ആടി തിമര്‍ത്ത യാതൊരു ലക്ഷണവും കാണാനില്ല.
ആ മിന്നാമിനുങ്ങുകള്‍ എവിടെ?
അച്ഛമ്മയെ വിളിച്ചു ചോദിച്ചു.
അച്ഛമ്മ സ്നേഹപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തിയിട്ടു പറഞ്ഞു.
മോള് കണ്ണാടിയില്‍ നോക്കൂ.. അവ മോളുടെ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നുവല്ലോ.
അത് നുണയാണ് എന്നറിയുന്നതുകൊണ്ട് അന്ന് നോക്കിയില്ല. പകരം അവിടെയിരുന്നു കുറെ കരഞ്ഞു. തളര്‍ന്നപ്പോള്‍ എഴുന്നേറ്റു പോയി കുഴിയാനകളെ പിടിച്ചു ചിരട്ടയില്‍ ആക്കി.
എന്നാല്‍ എന്‍റെ കണ്ണുകളില്‍ നീ കണ്ടത്?
അത്, അത് തന്നെയല്ലേ? ആ മിന്നാമിനുങ്ങുകളെ?
കണ്ണാടികള്‍ക്ക് അത് കാണാന്‍ കഴിയുന്നില്ലല്ലോ. നിന്റെ കണ്ണുകള്‍ക്കല്ലാതെ!
*****************************************************
-അനിത പ്രേംകുമാര്‍ -

പായം നാട്ടിലെ പൂമ്പാറ്റകള്‍പായം നാട്ടില്
പാറിപ്പറന്നൊരു
പൂമ്പാറ്റ ക്കുഞ്ഞുങ്ങള്‍
ഞങ്ങളെല്ലാം


(പായം നാട്ടില്......)

പണ്ടേക്കു പണ്ടേ
പ്രസിദ്ധമാം പായം
സംസ്കാര സമ്പന്ന
മാണീ നാട് .

(പായം നാട്ടില്......)

മാമലയ്ക്കറ്റത്തും
മാവിന്‍റെ ചോട്ടിലും
മുറ്റത്തും തോട്ടിലും
പോയി ഞങ്ങള്‍

(പായം നാട്ടില്......)

ചക്കര മാമ്പഴ
ചാറു പിരണ്ടിട്ടും
ചക്കയും മാങ്ങയും
ചുറ്റും കൂടി

(പായം നാട്ടില്......)

പായത്തുസ്കൂളില്‍
അക്ഷരം ചൊല്ലിയ
അധ്യാപകരെല്ലാം
ദൈവത്തെപോല്‍

(പായം നാട്ടില്......)

നൂഞ്ഞിക്കണ്ടത്തില്‍
നൊയിച്ചിയെ കിട്ടുമ്പോള്‍
പുഞ്ചവയല്‍ തന്നു
പുത്തരി ചോര്‍!

(പായം നാട്ടില്......)

വായന ശാലയില്‍
പുസ്തകമുണ്ടല്ലോ
വായിച്ചും കണ്ടും
വളര്‍ന്നു ഞങ്ങള്‍.

(പായം നാട്ടില്......)

പായക്കാര്‍ക്കുള്ളിലെ
സ്നേഹം നിലയ്ക്കില്ല
പായം പുഴയിലെ
ഓളം പോലെ ......

പായം പുഴയിലെ
ഓളം പോലെ...
പായം പുഴയിലെ
ഓളം പോലെ....

(പായം നാട്ടില്......)

*****************************

അനിത പ്രേംകുമാര്‍

രുക്മിണി
കൃഷ്ണാ നീയിതു കേട്ടില്ലേ
നിന്‍റെ രാധയെ ആണവര്‍ക്കിഷ്ടം
കൃഷ്ണാ നീയിതു കണ്ടില്ലേ
നിന്‍റെ രാധയെ ചേര്‍ത്തവര്‍ നിന്നില്‍..

ആരാധനാലയ ശ്രീകോവിലിനുള്ളിലും
ആരും കൊതിക്കുന്ന രൂപത്തിലും
അവിടെയു മിവിടെയു മെവിടെയും
അലയടിച്ചുയരുന്നു നിങ്ങള്‍തന്‍ നാമം !

കൃഷ്ണ നീയിതു കേട്ടില്ലേ
നിന്‍റെ രാധയെ ആണവര്‍ക്കിഷ്ടം
കൃഷ്ണാ നീയിതു കണ്ടില്ലേ
നിന്‍റെ രാധയെ ചേര്‍ത്തവര്‍ നിന്നില്‍..

കാണാതെ ഞാന്‍ നിന്നെ പ്രണയിച്ച വര്‍ഷങ്ങള്‍
കാണാമറയത്തും നീയറിഞ്ഞു
കണ്ണിമ തെറ്റാതെ സോദരന്‍ കാത്തിട്ടും
കട്ടെടുത്തന്നു പറന്നുവല്ലോ നീ .. എന്നിട്ടും

കൃഷ്ണ നീയിതു കേട്ടില്ലേ
നിന്‍റെ രാധയെ ആണവര്‍ക്കിഷ്ടം
കൃഷ്ണാ നീയിതു കണ്ടില്ലേ
നിന്‍റെ രാധയെ ചേര്‍ത്തവര്‍ നിന്നില്‍..

പരിണയ രാത്രിയില്‍ പാതി വിരിഞ്ഞൊരു
പനിനീരുപോലെ ഞാന്‍ നിന്നില്‍
പനിമതി ചന്ദ്രനെ സാക്ഷിയായ് കന്യക
പതിയുടെ കാല്‍ക്കലര്‍പ്പിച്ചു.. എന്നിട്ടും

കൃഷ്ണ നീ യിതു കേട്ടില്ലേ
നിന്‍റെ രാധയെ ആണവര്‍ക്കിഷ്ടം
കൃഷ്ണാ നീയിതു കണ്ടില്ലേ
നിന്‍റെ രാധയെ ചേര്‍ത്തവര്‍ നിന്നില്‍..

**************************************


 (അനിത പ്രേംകുമാര്‍)

കൂട്ടികെട്ടിയ ജാതകം

ഏട്ടാ, ഒന്ന് അമ്മയോട് ചോദിച്ചു നോക്കൂ, തന്നെങ്കില്‍ ഒന്ന് വിശദമായി നോക്കിക്കാമായിരുന്നു.

അയാള്‍ക്ക്‌ ജോലി ഒന്ന് മാറണം എന്നുണ്ട്.  ആ കമ്പനി യും അവിടുത്തെ ആളുകളും ഒക്കെ സ്വന്തം പോലെയായി. പത്തിരുപതു വര്‍ഷമായി ഇതേ കമ്പനിയില്‍ ആണ്. എന്നാലും ശമ്പളം മാത്രം ഉയരുന്നില്ല.മൂന്നു പെണ്മക്കളില്‍ രണ്ടാളുടെ വിവാഹം നടത്തി. മൂന്നാമത്തെയാള്‍ ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു.

 വിവാഹങ്ങള്‍ നടത്തിയ കടങ്ങള്‍  ഇനിയും തീര്‍ന്നിട്ടില്ല. മാത്രമല്ല അവരുടെ പ്രസവ ചിലവുകളും മറ്റുമായി മാസാ മാസം പണത്തിനുള്ള ഞെരുക്കം
കൂടിക്കൊണ്ടിരിക്കുന്നു. ഇനി മൂന്നാമത്തെ ആളുടെ കല്ല്യാണം എങ്ങനെ നടത്തും?


അതുകൊണ്ടാണ് അയാള്‍ക്ക്‌ നല്ല ശമ്പളമുള്ള മറ്റൊരു  ജോലി ഒരു സുഹൃത്ത്‌ വഴി ശരിയായപ്പോള്‍ പോകാം എന്ന് തോന്നിയത്. പക്ഷെ, അത് മാറുന്നതിനു മുമ്പേ ജാതകം ഒന്ന് നോക്കിക്കണം എന്നൊരാഗ്രഹം. ഇനി ജോലി മാറിയിട്ട് ഉള്ള മനസ്സമാധാനവും പോയാലോ?  കല്യാണത്തിന് ശേഷം ജാതകം  കണ്ടിട്ടില്ല. അത് അമ്മയുടെ കൈയ്യില്‍ ആണ്. ഒന്ന് രണ്ടു പ്രാവശ്യം ഒന്ന് കണ്ടോട്ടെ, എന്ന് ചോദിച്ചിട്ടും കാണിച്ചില്ല.

ഇപ്രാവശ്യം എന്തായാലും അത് വാങ്ങിയിട്ടേ വരാവൂ, എന്നാണു ഭാര്യ പറഞ്ഞത്. അമ്മയോട് ചോദിച്ചപ്പോള്‍
" അത് എവിടെയോ ഉണ്ട്, നോക്കട്ടെ-- എന്ന് പറഞ്ഞു.
 തിരിച്ചു വരുന്നതിന്റെ അന്ന് രാവിലെ ഒന്ന് കൂടി ചോദിച്ചു. അമ്മെ, ആ ജാതകം?
ഏതു ജാതകം?
ആ കൂട്ടികെട്ടിയ ജാതകം, ഞങ്ങളുടേത്?
എന്തിനാ?
ഒന്ന് നോക്കിക്കാനാ? അവള്‍ക്കു ഒരാഗ്രഹം, ജോലി മാറുന്നെനു മുമ്പ് ഒന്ന് നോക്കിക്കണം എന്ന്.
ആ, എനിക്ക് തോന്നി, ഇത് അവളുടെ കളിയാണ് എന്ന്. വേണമെങ്കില്‍ ഞാന്‍ പോയി ഇവിടെ അടുത്തുള്ള രാമദാസ പണിക്കരെ കാണാം.   എന്‍റെ മോന്‍റെ ജാതകം ഉള്ളതല്ലേ? അതങ്ങനെ തരാന്‍ പറ്റില്ല.

വെറും കയ്യോടെ തിരിച്ചു വന്നപ്പോള്‍ ഭാര്യ പറഞ്ഞു
"എനിക്കറിയാമായിരുന്നു, തരില്ലാന്നു"
ഒന്നും പറഞ്ഞില്ല.
രണ്ടും കല്‍പ്പിച്ചു ജോലി മാറി. വല്ല്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒമ്പത് വര്ഷം കഴിഞ്ഞിരിക്കുന്നു, പുതിയ കമ്പനിയില്‍.
ഇപ്പോള്‍, ചില ചില്ലറ അസുഖങ്ങള്‍ ഒക്കെ തല പോക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കു വീണ്ടും ഒരാഗ്രഹം.
"ഏട്ടാ, ഒന്ന് ജാതകം നോക്കിക്കണമായിരുന്നു". എന്തെങ്കിലും ദശാ സന്ധിയോ മറ്റോ?
"നീ ഒന്ന് മിണ്ടാണ്ടിരുന്നെ. നമ്മുടെ ജാതകം നമ്മള്‍ വിചാരിച്ചാല്‍ മാറ്റി എഴുതാവുന്നതേയുള്ളൂ, നല്ല നല്ല കര്മ്മങ്ങളിലൂടെ. ഇപ്പോള്‍ അതിനു മാത്രം പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ? വെറുതെ എന്തിനാണ്, നീയായിട്ടു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്? കണിയാന്മാരെ  വിശേഷിപ്പിക്കുന്നത്  തന്നെ പ്രശ്നക്കാരന്‍ എന്നല്ലേ? നിനക്ക് ശാന്തിയാണ് ആവശ്യമെങ്കില്‍ വല്ല അമ്പലത്തിലും പോയി ശാന്തിക്കാരനെ കാണൂ--"

അന്ന് പതുക്കെ ഒന്നടങ്ങി. എന്നാലും വല്ലാത്ത ഒരാഗ്രഹം മനസ്സില്‍ നിറഞ്ഞു.
ആ കൂട്ടി കെട്ടിയ ജാതകം ഒരേയൊരു പ്രാവശ്യം ഒന്ന് കാണുകയെങ്കിലും വേണം. ആരോടും പിന്നെ അതേ പറ്റി പറഞ്ഞില്ല.

കഴിഞ്ഞ തവണ അവധിക്കു മക്കളെയും കൊണ്ട് നാട്ടില്‍ പോയപ്പോള്‍ അമ്മയോട് ചോദിച്ചു.
"അമ്മേ, ഞങ്ങളുടെ ജാതകം എവിടെയാണ്?"
"ഏതു ജാതകം?"
പേടിച്ചു കൊണ്ട് പറഞ്ഞു .
" ആ നിശ്ചയത്തിനു കൂട്ടികെട്ടിയ ജാതകം?"
"ആ എനിക്കറിയില്ല."
"അമ്മയ്ക്കറിയില്ലേ?'
"ഇല്ല."
"പിന്നെ?"
"ആ! എവിടെയെങ്കിലും ഉണ്ടാവും."

അപ്പോള്‍ ടി. വി. യുടെ പൊടി തട്ടിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു.
"എന്‍റെ ജാതകം എവിടെയാണെന്ന് പോലും എനിക്കറിയില്ല. എന്തിനാ ഇപ്പൊ ഇതൊക്കെ?"

ഒന്നും പറഞ്ഞില്ല. അവരുടെ ജാതകവുമായി അമ്മ മുമ്പ് കണിയാന്റെ അടുത്തു പോകുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നല്ലോ.

ധൈര്യം സംഭരിച്ചു ഒരിക്കല്‍ കൂടി ചോദിച്ചു
"അമ്മയുടെ അലമാരയില്‍ ഉണ്ടാവില്ലേ? "

"ആ , അവിടെ യുണ്ട്"

"അത് ഒന്ന് കാണിച്ചുകൂടെ?"

"..........."

ഉത്തരം ഉണ്ടായില്ല.

ഇനി എന്തെങ്കിലും പറഞ്ഞാല്‍ വെറുതെ പ്രശ്ന മാകും. അതുകൊണ്ട് മിണ്ടാതിരുന്നു.അല്ലെങ്കിലും താന്‍എപ്പോഴും അങ്ങനെയായിരുന്നല്ലോ!
ചിലപ്പോള്‍ അമ്മ അങ്ങനെ കാണിക്കണ്ട എന്നൊന്നും ഉദ്ദേശിച്ചു കാണില്ല. താന്‍ വെറുതെ ചിന്തിച്ചു പ്രശ്നമുണ്ടാക്കുന്നു!

അമ്മ പുറത്തുപോയ സമയത്ത് നോക്കി, താക്കോല്‍ അവിടെയുണ്ടോ? കണ്ടില്ല. പെങ്ങളോടു ചോദിച്ചിട്ടും കാര്യമില്ല. അവര്‍ക്കറിയാമെങ്കിലും പറയില്ല. അതൊക്കെ അമ്മയ്ക്കും പെണ്മക്കള്‍ക്കും മാത്രം അവകാശ മുള്ളയിടം ആണല്ലോ.

അപ്രാവശ്യവും അത് കാണാതെ തിരിച്ചു പോന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നെയും ഒരുപാടു കഴിഞ്ഞിരിക്കുന്നു. അമ്മയുടെ തൊണ്ണൂറാം പിറന്നാള്‍ കഴിഞ്ഞ മാസം ആഘോഷിച്ചു. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വയസ്സായി. ഒരു മാസമായി തന്‍റെ അവസ്ഥ വളരെ കഷ്ടമായി തുടരുന്നു. മരുന്നൊഴിഞ്ഞ നേരമില്ല. 

വീണ്ടും ആ ആവശ്യം എടുത്തിട്ടു.

"ഏട്ടാ, ആ ജാതകം ഒന്ന് നോക്കിയാല്‍?
 എനിക്കെന്തോ ഒരു പേടിപോലെ. പണ്ടെന്നോ ചെറുപ്പത്തില്‍ജാതകം എഴുതുന്ന സമയത്ത് ദാമോദരപ്പണിക്കര്‍ അച്ഛനോട് പറഞ്ഞതോര്‍ക്കുന്നു.
" അമ്പത്തഞ്ചു വയസ്സില്‍ ഒരു ചെറിയ പ്രശ്നമുണ്ട്. അത് കഴിഞ്ഞ് കിട്ടിയാല്‍ ഭാഗ്യം", എന്ന്.
അന്ന് അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അമ്പത്തഞ്ചോക്കെ ആകാന്‍ ഇനിയും കാലം എത്രയോ കിടക്കുന്നു. അപ്പോള്‍ നോക്കാം", എന്ന്.

ഇപ്പോള്‍ അമ്പത്തഞ്ചു നടക്കുന്നു. ഇളയ മോളുടെ കല്ല്യാണം ഇനിയും നടന്നില്ല.

"അതൊന്നു കിട്ടാന്‍ വഴിയുണ്ടോ?"

ഒന്നും ഉത്തരം പറയാതെ അയാള്‍ തറപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്തു.

വെറുതെ നാട്ടിലേയ്ക്ക് വിളിച്ചു.

അമ്മേ ആ ജാതകം ഒന്ന് കൊടുത്തയക്കാമൊ? നാട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍? പേടികൊണ്ടു ശബ്ദം വല്ലാതെ വിറയ്ക്കുന്നു. എന്താകും ഉത്തരം എന്നറിയില്ല.

ഞാന്‍ അമ്പലത്തിലാ. ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. പൂജ നടക്കുന്നു. പിന്നെ വിളിക്കൂ.

ഉച്ചയ്ക്ക് ശേഷം പിന്നെയും വിളിച്ചു.

"അമ്മ ഊണ് കഴിഞ്ഞ് ഉറങ്ങുന്നു. ഇപ്പോള്‍ വിളിച്ചാല്‍ ഇഷ്ടപ്പെടില്ല."

പെങ്ങള്‍ ആണ്.

പിറ്റേ ദിവസം ഒന്ന് കൂടി വിളിച്ചു.

" നീയിത് കുറെ ആയല്ലോ തുടങ്ങിയിട്ട്? അവന്‍ എന്‍റെ മോനാ. അവന്‍റെ ജാതകത്തിന്റെ കൂടെയല്ലേ നിന്റെതും  ഉള്ളത്. അത് തരാന്‍ പറ്റില്ല". ലൈന്‍ കട്ടായി. അമ്മയ്ക്ക് വല്ലാതെ ദേഷ്യം  വന്നാല്‍ ആകെ പ്രശ്നമാകും..

അവള്‍ക്ക് ഉടലാകെ വിറക്കാന്‍ തുടങ്ങി.

പ്രതീക്ഷിച്ചപോലെ പെങ്ങന്മാര്‍ അഞ്ച് പേരും  ഓരോരുത്തരായി വിളിച്ചു. മൂത്തവര്‍ ആയതുകൊണ്ട് എല്ലാവര്‍ക്കും അധികാര സ്വരം ആണ്.

"നീഎന്തിനാണ് ഈ പ്രായത്തില്‍ അമ്മയെ വിഷമിപ്പിക്കുന്നത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്മയെ ക്കഴിഞ്ഞേ എന്തും ഉള്ളൂ. അതുകൊണ്ടല്ലേ ഞങ്ങള്‍ ഭര്‍ത്താക്കന്മാരെയും കൂട്ടി മാറി മാറി ഇവിടെ തന്നെ താമസിക്കുന്നത്? അമ്മയുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞങ്ങള്‍ അനുവദിക്കില്ല. ഇതായിരുന്നു, കരഞ്ഞും ദേഷ്യപ്പെട്ടും ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. കുറ്റവാളിയെ പോലെ എല്ലാം മിണ്ടാതെ നിന്ന് കേട്ടു.എല്ലാവരും മതിയാക്കിപ്പോയപ്പോള്‍ ഇരുന്നു കുറെ കരഞ്ഞു.

ഇന്ന് പക്ഷെ അയാളാണ് നാട്ടിലേക്ക്  വിളിച്ചത്.

"അമ്മേ അമ്മ ഉടന്‍ പുറപ്പെടണം. അവള്‍ പോയി".

" അവള്‍ ഒളിച്ചോടിപ്പോയോ? എനിക്കറിയാമായിരുന്നു, അവള്‍ ആള് ശരിയല്ല എന്ന്. നിനക്ക് ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കേണ്ടല്ലോ! അവള്‍ പറയുന്നതായിരുന്നില്ലേ, വേദവാക്യം ! "

അയാള്‍ കരച്ചിലടക്കിക്കൊണ്ടു പറഞ്ഞു.

" അതല്ല അമ്മെ.. അവള്‍ നമ്മളെ വിട്ടു എന്നെന്നേയ്ക്കുമായി പോയി... അവള്‍ മരിച്ചുപോയി..  ഹാര്‍ട്ട് അറ്റാക്ക് എന്നാണു ഡോക്ടര്‍ പറഞ്ഞത്. ഉറക്കത്തില്‍ ആയിരുന്നു. ഞാന്‍ ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌. ഇവിടെ കൊണ്ടുവന്നു എന്നേയുള്ളൂ... അതിനു മുന്നേ തന്നെ അവള്‍ പോയിരുന്നു.
വരുമ്പോള്‍ ആ ജാതകവും കൊണ്ട് വരണം. അസ്ഥിയുടെ കൂടെ ഒഴുക്കേണ്ടതല്ലേ?"

സൌമ്യ മായ ആ സ്വരത്തില്‍ അല്‍പ സമയം നിശബ്ദയായെങ്കിലും അമ്മ ഉടനെ അലമാര തുറന്നു കൂട്ടി കെട്ടിയ ജാതകത്തില്‍ നിന്നും അവളുടെ ജാതകം അഴിച്ചെടുത്തു പെണ് മക്കളെയും കൂട്ടി മകന്‍റെ അടുത്തേയ്ക്ക് പുറപ്പെട്ടു.
അപ്പോഴാണ്‌ അവര്‍താന്‍ ഇട്ടിരിക്കുന്ന ബ്ലൌസ് സാരിക്ക് മാച്ച് ആവുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചത്.

അതെ.. അവളുമായുള്ള മകന്‍റെ കല്ല്യാണം നിശ്ചയിച്ച അന്ന് തുടങ്ങിയതാ തന്റെ പ്രശ്നങ്ങള്‍. ഇന്ന് അവസാനമായി അവളെ കാണാന്‍ പോകുമ്പോഴും അത് തീര്‍ന്നിട്ടില്ല. ബ്ലൌസ് മാറ്റിയിടാന്‍ വീട്ടിലേക്കു തിരിച്ചു നടക്കവേ അവര്‍ പിറുപിറുക്കുന്നത്‌ മാറ്റാരും കേട്ടില്ലെങ്കിലും അവള്‍ക്കു കേള്‍ക്കാമായിരുന്നു.


                                               *************************

പിണക്കം അഥവാ പരിഭവം
ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?
എന്തായാലുമത്
വഴിയെ പോണവരോടല്ല.ബാല്യത്തിനു കൂട്ടായി
കൌമാരത്തിന് തണലായി
യൌവനത്തിന് കാവലാളായി
കൂടെനിന്ന ബന്ധുവിനോട്!

അല്ലെങ്കില്‍

മനസ്സിലെ മാരിവില്ലുകള്‍
പരസ്പരം പങ്കുവച്ചു
ഹൃദയത്തിനൊരു കോണില്‍
പ്രതിഷ്ഠിച്ചു പൂജിച്ച

പ്രണയ ബിംബത്തോടോ,
പ്രിയ സൌഹൃദത്തോടോ,
ഏറെ പ്രിയപ്പെട്ട
സഹപാഠികളോടോ!

അതുമല്ലെങ്കില്‍

ഒന്നിച്ചു പകുത്തുണ്ടും
അതിലേറെ പതംപറഞ്ഞും
കാണാതിരുന്നപ്പോള്‍
ഇടനെഞ്ച് കലങ്ങിയും

ഒന്നായ് വളര്‍ന്നൊരു
കൂടപ്പിറപ്പോടോ,
ദൈവത്തിന്‍ പ്രതിരൂപമായ്
നമ്മിലലിഞ്ഞൊരു

മാതാപിതാക്കള്‍ തന്‍
നിസ്വാര്‍ത്ഥ സ്നേഹത്തോടോ,
ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?

കഠിനമായി സ്നേഹിച്ചവരോട്.
കഠിനമായി വെറുക്കാന്‍,
വെറുത്തുകൊണ്ട് സ്നേഹിക്കാന്‍
പ്രാപ്തിയുള്ളവരോട്.

എന്തായാലുമത്
വഴിയെ പോണവരോടല്ല.
നമ്മളോടവര്‍ക്ക് സ്നേഹമില്ല
അവരോടു നമുക്കും!

പിണക്കത്തിന്‍ പിന്‍ബലം
സ്നേഹമത്രേ!

************************

-അനിത പ്രേംകുമാര്‍-

1/19/18

വൃദ്ധ സദനങ്ങളിലെയ്ക്ക്

മീന്‍ പൊരിച്ചതും വൃദ്ധ സദനവും..
ഇത് രണ്ടും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ ?
നമ്മുടെ വീട്ടില്‍ നോണ്‍ വെജിറെരിയന്‍ ഭക്ഷണം ആണോ ഉണ്ടാക്കുന്നത്‌?
അതെ എങ്കില്‍ ബന്ധം താനേ വരും.
വീട്ടില്‍ ആണും പെണ്ണും ആയി ഓരോ കുട്ടികള്‍ . അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ വിവേചനമൊന്നും അച്ഛനോ അമ്മയോ പല കാര്യത്തിലും കാണിച്ചില്ല.
പക്ഷെ എന്നെ സൈക്കിള്‍ പഠിക്കാന്‍ വിട്ടില്ല.
പെണ് കുട്ടി സൈക്കിള്‍ പഠിച്ചാല്‍ നാട്ടാര് അന്ന് കുറ്റം പറയുമത്രേ!
എന്നിട്ട്?
എന്നിട്ടെന്താ?
അതങ്ങനെ പൂതി മനസ്സില്‍ കിടന്നു.
കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളും ഒക്കെ ആയി അവരും എഴുന്നേറ്റു നടക്കാനും ഓടാനും ഒക്കെ തുടങ്ങിയപ്പോള്‍ മകളുടെ സൈക്കിളില്‍ കയറി ഉരുട്ടി ഉരുട്ടി അത് ഓടിക്കാന്‍ പഠിച്ചു.
പിന്നെ സ്കൂട്ടര്‍, പിന്നെ കാറ് ഒക്കെ ഓടിച്ചു തുടങ്ങി.
അച്ഛനോട് പരിഭവം തോന്നിയില്ല. അന്നത്തെ നാടല്ലേ? നാട്ടാരെയും കുറ്റം പറയില്ല.
അപ്പോള്‍ ഈ തല വാചകം ?
പറയാം.
ഇപ്പോള്‍ ആണും പെണ്ണും ഒക്കെ ഒരേ പോലെ പഠിച്ചു ഒരേ ജോലികള്‍ വീടിനു പുറത്തും പോയി ചെയ്യുന്നവര്‍ ആണ്.
അവര്‍ തിരിച്ചു വീട്ടിലെത്തിയാല്‍ മകന്‍ സുഖമായി കസേരയില്‍ ഇരുന്നു ടി. വി. കാണും, അല്ലെങ്കില്‍ മൊബൈലില്‍ കുത്തിക്കളിക്കും, അല്ലെങ്കില്‍ പുറത്തു കറങ്ങി പത്തുമണിയൊക്കെ കഴിഞ്ഞു വീട്ടില്‍ വരും.
മകള്‍ അല്ലെങ്കില്‍ മരുമകള്‍ വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തു തീര്‍ത്തു നമ്മുടെ കാര്യങ്ങളും നോക്കണം.
അപ്പോള്‍ അവളുടെ മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ മിന്നും.
അത് നമ്മുടെ സുവര്‍ണ്ണ കാലത്ത് അവളുടെ പ്ലേറ്റിനു മുകളില്‍ കൂടി അവന്റെ പ്ലേറ്റിലേക്ക് നമ്മുടെ കൈയ്യിലൂടെ പറന്നു പോയ വറുത്ത മീനിന്റെ മണം ആവാം..
എല്ലാവര്‍ക്കും വച്ച് വിളംബിക്കഴിഞ്ഞു അവള്‍ കഴിക്കാന്‍ എടുത്ത ഭക്ഷണത്തിലേക്ക് ചുഴിഞ്ഞു നോക്കി അളന്നു തിട്ടപ്പെടുത്തി അവളെ നമ്മള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന വിഭവങ്ങളുടെ എണ്ണമോ അളവോ ആവാം...
അല്ലെങ്കില്‍ അവള്‍ കാലത്ത് എഴുന്നേറ്റു കഷ്ടപ്പെട്ടു ഉണ്ടാക്കി വച്ച ചപ്പാത്തി അവനു മതിയായിട്ടും നിര്‍ബന്ധിച്ചു കഴിപ്പിച്ചു അലക്ക് കഴിഞ്ഞു വന്ന അവള്‍ കാലി പ്ലേറ്റിലേക്ക് മുഖം നോക്കി ഇരുന്നതാവാം..
എല്ലാ ജോലിയും കഴിഞ്ഞു ഓഫീസിലേക്ക് ഇറങ്ങുന്ന അവള്‍ കഴിച്ചോ എന്ന് തിരക്കാതെ അവന്‍ കഴിച്ചതിന്റെ അളവ് കുറഞ്ഞു പോയതില്‍ ഉള്ള നമ്മുടെ പരിദേവനങ്ങള്‍ ആവാം..
അങ്ങിനെ പലതും ആവാം..
നമ്മളെ പൊക്കിയെടുത്തു വൃദ്ധ സദനത്തിലേക്ക് കൊണ്ടുപോകാന്‍ അവളെ പ്രേരിപ്പിക്കുന്നത്...
നമുക്ക് വയസ്സാവുമ്പോള്‍ മകനല്ല, മകളോ, മരുമകളോ തന്നെ ആണ് നമ്മുടെ മനസ്സിനോപ്പം നടക്കാന്‍ നമുക്ക് തുണയാകുക.
അതിനു നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടത് മകളുടെ അല്ലെങ്കില്‍ മരുമകളുടെ ഇഷ്ടങ്ങള്‍ കൂടി അറിഞ്ഞു ഒപ്പം നില്‍ക്കുകയാണ്..