1/31/14

കവിതകള്‍ പിറന്ന വഴികള്‍

വിവാഹ വാര്‍ഷികം

ജന്മ ജന്മാന്തരങ്ങളായി നാം ഒരുമിച്ചാണ് എന്നും, ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തില്‍ എന്നോടു ചേര്‍ന്നതല്ല നീ എന്നും പറയാതെ പറയുന്ന ആളോട് വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളും ഉണ്ടാവാറില്ല.
എന്നാലും ഇപ്രാവശ്യം അവള്‍ക്കു നിങ്ങള്‍ ഉണ്ടല്ലോ.

വിവാഹത്തിനു മുന്‍പ് അമ്മയോട് മനസ്സില്‍ വരുന്നതൊക്കെ പറഞ്ഞു പിറകെ നടന്നിരുന്ന പെണ്‍കുട്ടി, വിവാഹം കഴിഞ്ഞു എത്തിയത്, അത്യാവശ്യത്തിനു മാത്രം മിണ്ടിയിരുന്ന ആളുടെ അടുത്ത്. അങ്ങോട്ട്‌ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ എന്തെങ്കിലും പറയാന്‍ പേടിയായി. അങ്ങനെ കവിതകള്‍ എഴുതി തുടങ്ങി. പറയാനുള്ള കാര്യങ്ങള്‍ കവിതകളായി അവന്‍റെ മേശ പുറത്തു വന്നു കൊണ്ടിരുന്നപ്പോള്‍ ഒരുനാള്‍ അവന്‍ പറഞ്ഞു." എനിക്ക് മനസ്സിലാവുന്നുണ്ട്, കേട്ടോ"

"സമാധാനം, മനസ്സിലാവുന്നുണ്ടല്ലോ." എന്ന് മനസ്സില്‍ കരുതി.

സുഹൃത്തുക്കളോടു വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി, സംസാരിക്കാന്‍ പൊതുവായ സബ്ജക്റ്റ് ഇല്ലാത്തതാണ് കാരണം,എന്ന്. അവന്‍റെ ഇഷ്ട വിഷയം രാഷ്ട്രീയവും ക്രിക്കറ്റും.അങ്ങനെ അവളും ആന്റണി, കരുണാകരന്‍, നായനാര്‍, നരസിംഹ റാവു, ഒക്കെ ആരെന്ന് അന്വേഷിച്ചറിഞ്ഞു, പഠിച്ചു. അവരെപറ്റിയൊക്കെ സംസാരിച്ചു തുടങ്ങിയപ്പോള്‍ പതുക്കെ അവന്‍ അവളുടെ സുഹൃത്തായി. പിന്നെ മറ്റു സുഹൃത്തുക്കള്‍ ഇല്ലെങ്കിലും പ്രശ്നമില്ലെന്നായി. പറയാനുള്ള വ്യക്തിപരമായ കാര്യങ്ങള്‍ ഇതിനിടയില്‍ തിരുകി വച്ച് വേണം പറയാന്‍! ഇതില്‍ ക്രിക്കറ്റ് മാത്രം ഇനിയും എന്താണെന്ന് അവള്‍ക്കറിയില്ല. അത് മകന്‍റെ കളി എന്നെങ്കിലും ടി. വി. യില്‍ വരുന്നുണ്ടെങ്കില്‍ അന്ന് പഠിക്കും എന്നവള്‍ പറയുന്നു.

അങ്ങനെ ഇന്നും നരേന്ദ്ര മോഡിയെ വിമര്‍ശിച്ചും,പിണറായി വിജയനെ, രാഹുല്‍ ഗാന്ധിയെ ഒക്കെ പുകഴ്ത്തിയും അവനോടു തര്‍ക്കിക്കാനും ഒരുമിക്കാനും വിഷയങ്ങള്‍ കണ്ടെത്തുന്നു. കൂടെ മറ്റു ലോക കാര്യങ്ങളും പറയണം. അങ്ങനെ അവന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌ ആയപ്പോള്‍ അവനു വീട്ടില്‍ മാത്രമല്ല, ഓഫീസിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവള്‍ കൂടെ വേണം. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്കൂള്‍ മറ്റൊരാളെ ഏല്പിച്ചു, ഇപ്പോള്‍ അവന്‍റെ കൂടെ ഓഫീസിലും വീട്ടിലും ഓഫീസ് കാര്യങ്ങളും രാഷ്ട്രീയവും ലോക കാര്യങ്ങളും ചര്‍ച്ച ചെയ്തു, ഇടയ്ക്ക് വീട്ടുകാര്യങ്ങള്‍ പറയാതെ പറഞ്ഞും , വല്ലപ്പോഴും അവന്‍ ഫ്രീ ആക്കി വിടുന്ന നിമിഷങ്ങളില്‍ വല്ലതും എഴുതിയും ഒരുമിച്ചുള്ള ജീവിതം ഇരുപതു വര്ഷം പൂര്‍ത്തിയാക്കുന്നു.

അവള്‍ പലരോടും അവന്‍റെ കുറ്റം പറഞ്ഞേക്കാം. പക്ഷെ അവള്‍ക്കുറപ്പുണ്ട്, അവന്‍ ഒരിക്കലും അവളെപറ്റി ഒരു വാക്ക് പോലും മോശമായി ആരോടും പറയില്ല എന്ന്. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അവന്‍ പറഞ്ഞ പോലെ വിശ്വാസം രണ്ടുതരം.പൂര്‍ണ്ണ വിശ്വാസവും, പരിപൂര്‍ണ്ണ വിശ്വാസവും. അതേ അവന് അവളെ പരിപൂര്‍ണ്ണ വിശ്വാസം ആണ്. അവള്‍ക്കോ? പെണ്ണല്ലേ-- ഒരു കണ്ണ് എപ്പോഴും പിറകെ!


കവിതകളിലൂടെ അവള്‍ ഇപ്പോഴും അവനുമായി സംവദിക്കുന്നു.പക്ഷെ അവ വയ്ക്കുന്നത് അവന്‍റെ മേശപ്പുറത്തല്ല, പകരം എഫ്.ബി.യിലും ബ്ലോഗിലും ആണ് എന്ന് മാത്രം.

                                                                      *  *  *