1/29/18

കണ്ണുകള്‍




ഇന്നലെ അവന്‍പറഞ്ഞു.
നിന്റെ കണ്ണുകള്‍ക്ക്‌ എന്തോ പ്രത്യേകതയുണ്ട്.
എന്ത് പ്രത്യേകത?
അതറിയില്ല. നീയവയില്‍ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അവ പ്രകാശം ചൊരിയുന്നു. നക്ഷത്രങ്ങളെപ്പോലെ!
കണ്ണാടിയില്‍ നോക്കി. ഇടുങ്ങിയ ചെറിയ കണ്ണുകള്‍. പാര്‍വതിയുടെയും കാവ്യയുടെയും നവ്യയുടെയും മറ്റും വിടര്‍ന്ന മലയാളിക്കണ്ണ്‍കള്‍ക്ക് എന്തൊരു ഭംഗിയാണ്.
ഇത് വലിയ ആനയ്ക്ക് ചെറിയ കണ്ണു കൊടുത്തപോലെ.. ആകപ്പാടെയൊരു ചേര്‍ച്ചയില്ലായ്മ!
നക്ഷത്രങ്ങള്‍ പോയിട്ട് മിന്നാമിനുങ്ങിനു പോലും ഇരിക്കാന്‍ ഇടമില്ല.
മിന്നാമിനുങ്ങിനെ ഓര്‍ത്തപ്പോഴാണ്,
മരംകുലുക്കികളെ കണ്ടിട്ടുണ്ടോ?
രാത്രികാലങ്ങളില്‍ വല്ലപ്പോഴുമേ കാണൂ.
ഒറ്റപ്പെട്ടു നില്‍ക്കുന്ന ഏതെങ്കിലും ഒരു മരം അവ തിരഞ്ഞെടുക്കും.
രാത്രിയില്‍ എല്ലാ വെട്ടവും അവസാനിക്കുമ്പോള്‍ ആ ഒരു മരം മരം മാത്രം നിറയെ മിന്നാമിനുങ്ങുകള്‍ വന്നു മൂടും.
പിന്നെ കാണുന്നവരുടെ കണ്ണുകളില്‍ പൂത്തിരികള്‍ നിറച്ചുകൊണ്ട് അവ തെളിഞ്ഞും അണഞ്ഞും അങ്ങിനെ പ്രകാശിച്ചുകൊണ്ടിരിക്കും.
അങ്ങിനെയൊരു രാത്രിയില്‍ ഉറങ്ങാന്‍ സമയായി, കിടക്കൂ എന്ന് പറഞ്ഞ അച്ഛമ്മയോട് പറഞ്ഞു.
എനിക്കിന്നുറങ്ങണ്ട .
പിന്നെ?
രാത്രി മുഴുവന്‍ എനിക്കിത് കാണണം.
ഈ പെണ്ണിന് പിരാന്താ.മോള് വാ രാവിലെ കാണാം. ഇപ്പോള്‍ ഉറങ്ങൂ. സമയം കുറെ ആയി.
രാവിലെ കാണുമോ ?
പിന്നെന്താ!
രാവിലെ നേരം വെളുത്തതും അച്ഛമ്മയില്‍ നിന്നും അടര്‍ന്നുമാറി എഴുന്നേറ്റു ഓടി ചെന്ന് നോക്കി.
എല്ലാ മരങ്ങളെയും പോലെ ആ മരവും !
ഇന്നലെ രാത്രി ആടി തിമര്‍ത്ത യാതൊരു ലക്ഷണവും കാണാനില്ല.
ആ മിന്നാമിനുങ്ങുകള്‍ എവിടെ?
അച്ഛമ്മയെ വിളിച്ചു ചോദിച്ചു.
അച്ഛമ്മ സ്നേഹപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തിയിട്ടു പറഞ്ഞു.
മോള് കണ്ണാടിയില്‍ നോക്കൂ.. അവ മോളുടെ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നുവല്ലോ.
അത് നുണയാണ് എന്നറിയുന്നതുകൊണ്ട് അന്ന് നോക്കിയില്ല. പകരം അവിടെയിരുന്നു കുറെ കരഞ്ഞു. തളര്‍ന്നപ്പോള്‍ എഴുന്നേറ്റു പോയി കുഴിയാനകളെ പിടിച്ചു ചിരട്ടയില്‍ ആക്കി.
എന്നാല്‍ എന്‍റെ കണ്ണുകളില്‍ നീ കണ്ടത്?
അത്, അത് തന്നെയല്ലേ? ആ മിന്നാമിനുങ്ങുകളെ?
കണ്ണാടികള്‍ക്ക് അത് കാണാന്‍ കഴിയുന്നില്ലല്ലോ. നിന്റെ കണ്ണുകള്‍ക്കല്ലാതെ!
*****************************************************
-അനിത പ്രേംകുമാര്‍ -

No comments:

Post a Comment