10/21/13

ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്

 ബാംഗ്ലൂര്‍ വിശേഷങ്ങള്‍
----------------------------------------
കഴിഞ്ഞ ശനിയാഴ്ച്ചത്തെ (19-10-2013) മെട്രോ മനോരമ (ബാംഗ്ലൂര്‍ ) യില്‍ രണ്ടാം പേജില്‍ ഒതുങ്ങിക്കൂടരുത്, ജീവിതം എപ്പോഴും സുന്ദരമാണ്  - കെ. കാര്‍ത്യായനി , ബാംഗ്ലൂര്‍ എന്ന പേരില്‍ ഈ ലേഖനത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ -എഡിറ്റ്‌ ചെയ്തത് - പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. "മുതിര്ന്നവര്‍ക്കായ് " (60 years+)എന്ന പംക്തിയില്‍.  കുറച്ചു പുസ്തകങ്ങള്‍ സമ്മാനമായി അയച്ചുകൊടുക്കുമെന്നും മനോരമ അറിയിച്ചു.




കെ. കാര്‍ത്യായനി ടീച്ചര്‍, ബാംഗ്ലൂര്‍.


2004 ജൂണ്‍ രണ്ടാം തീയ്യതിയാണ് ഞങ്ങള്‍ ബംഗ്ലൂരില്‍ സ്ഥിര താമസത്തിന് വന്നത്. നാട്ടില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരിയാണ്  സ്ഥലം . ഞാനും എന്‍റെ ഭര്‍ത്താവും അദ്ധ്യാപകരായിരുന്നു. 2000 ല്‍ മാഷും 2004 ല്‍ ഞാനും സര്‍വിസില്‍ നിന്നും വിരമിച്ചു. എന്‍റെ മാഷ്‌ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കേരി ഗവ: യു.പി. സ്കൂളില്‍ നിന്നും ഞാന്‍ തില്ലെങ്കേരി പള്ള്യം എല്‍. പി. സ്കൂളില്‍ നിന്നും ആണ് വിരമിമിച്ചത്.

മക്കള്‍ രണ്ടുപേരും ബംഗ്ലൂരില്‍  ആയിരുന്നു. മകള്‍ അനിതയും  ഭര്‍ത്താവ് പ്രേംകുമാറും ഗോകുല(മത്തിക്കെരെ)യില്‍ സ്വന്തം ഫ്ലാറ്റില്‍ താമസം. അവിടെ അടുത്തു തന്നെ സ്വന്തമായി ഒരു കമ്പനി നടത്തുന്നു. മകന്‍ സജിത് ഇവിടെ അടുത്ത് പീനിയ എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കമ്പനി യിലും മരുമകള്‍ സിന്ധു , തൊട്ടടുത്തുള്ള അയ്യപ്പ സ്കൂളില്‍ ടീച്ചര്‍ ആയും ജോലി ചെയ്യുന്നു.

പെന്‍ഷന്‍ ആയതിനു ശേഷം  നാട്ടില്‍ തനിയെ താമസിക്കേണ്ടിവരുന്നതിനാല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞങ്ങള്‍ ബംഗ്ലൂരിലെയ്ക്ക് വന്നത്. മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും ഇവിടെ ജോലി ആയതിനാല്‍ എപ്പോഴും നാട്ടിലേയ്ക്ക് വരാനും അന്വേഷിക്കാനും പറ്റില്ലല്ലോ. നാട്ടില്‍ തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും ഒക്കെ ഉണ്ട്. പെന്‍ഷന്‍ ആയ ശേഷം എന്‍റെ മാഷ്‌ ചില്ലറ കൃഷി ഒക്കെ ചെയ്തു വരികയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വരുമ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഒക്കെ പറഞ്ഞു," ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടാലും മാഷിനു ബംഗ്ലൂര്‍ ഒന്നും ശരിയാവില്ല" എന്ന്.

പക്ഷെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങള്‍ ആറേഴു വര്ഷം ബംഗ്ലൂരില്‍ സുഖമായി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍റെ മാഷ്‌ എന്നെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 9 ന് 2 വര്ഷം തികയുന്നു.  ആദ്യത്തെ അഞ്ചാറു മാസം ഞാന്‍ മാനസികമായി തകര്‍ന്നു പോയെങ്കിലും ആരും ഇവിടെ ശാശ്വ ത മല്ലെന്നും ഇന്ന് മാഷ്‌ പോയപോലെ നാളെ ഞാനും പോകേണ്ടതാണ് എന്നും ഉള്ള സത്യം ഉള്‍ക്കൊണ്ട് ഞാന്‍ ഇന്ന് ജീവിക്കുന്നു.

മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. തനിയെ നാട്ടിലാണെങ്കിലുള്ള കാര്യം ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ. നാട്ടില്‍ സദാ അക്രമ രാഷ്ട്രീയവും ബോംബേറും കൊലപാതകവും ഹര്‍ത്താലും ഒക്കെ അല്ലെ? എന്നാല്‍ ബംഗ്ലൂരില്‍ അനാവശ്യ ബന്ദില്ല,   ഹര്ത്താലില്ല, അന്ധമായ രാഷ്ട്രീയവും ഇല്ല. എല്ലാവരും ജോലി ചെയ്യുന്നു, കിട്ടുന്ന വരുമാനത്തിനനുസരിച്ച്  സുഖമായി ജീവിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെങ്കിലും ഇവിടെയാണ് നല്ലത്. എന്‍റെ മാഷ്‌ അസുഖമായി ഒരു മാസം ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ആളെ തിരിച്ചു കിട്ടിയില്ലെങ്കിലും ,ഏറ്റവും നല്ല ചികിത്സ കൊടുക്കാനും കഴിഞ്ഞു.

ഞാന്‍ മകന്‍റെ കൂടെ വാടക വീട്ടിലായിരുന്നു, ഇതുവരെ താമസിച്ചിരുന്നത്. ഇപ്പോള്‍ നാട്ടിലുള്ള വീട് വിറ്റ്, ഇവിടെ 30*40 സ്കൊയര്‍ഫീറ്റ്‌ സ്ഥലം വാങ്ങി, മകന്‍ ഒരു നല്ല വീട് വച്ചു. കഴിഞ്ഞ ഡിസംബറില്‍ താമസം തുടങ്ങി. വീട് വച്ച് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും നടാന്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. നോക്കിയപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ വലതു വശം, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു കാലി  സൈറ്റ് ആണ്. ഞാന്‍ അയാളുടെ അനുവാദത്തോടെ , അവിടെ ചെറിയ ഒരു അടുക്കളത്തോട്ടം  ഉണ്ടാക്കി.

വീട്ടിലേയ്ക്കാവശ്യമായ കറിവേപ്പില, പപ്പായ, പയര്‍, പച്ച മുളക്, ചീര, തക്കാളി, കോയക്ക, മത്തന്‍,  മുരിങ്ങ, കപ്പ, ചേമ്പ്, ചേന, വാഴ, തുടങ്ങി ഒരു വിധം എല്ലാ പച്ചക്കറികളും ഇവിടെ തഴച്ചു വളരുന്നു. വീട്ടിലെ അടുക്കള മാലിന്യവും അധികം ദൂരെ യല്ലാത്ത ഒരു വീട്ടില്‍ നിന്നും വാങ്ങുന്ന ചാണകപ്പൊടിയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. എല്ലാ പച്ചക്കറിയിലും വിഷം അടങ്ങിയ ഇക്കാലത്ത്, ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങും , ഉള്ളിയും മാത്രമേ പുറമേ നിന്നും വാങ്ങേണ്ടി വരുന്നുള്ളൂ.









എന്‍റെ മകന്‍റെ കുട്ടികളില്‍ മൂത്തയാള്‍ സ്കൂളില്‍ പോകുന്നു. ഇളയ ആള്‍ക്ക്  ഇപ്പോള്‍ രണ്ടര വയസ്സ്. എന്‍റെ സമയം അവനെ നോക്കാനും തോട്ടം പരിപാലിക്കാനും വിനിയോഗിക്കുന്നു.  ബാക്കി സമയം കിട്ടിയാല്‍, ടി വി കാണലും വായനയും അമ്പലത്തില്‍ പോക്കും . ചുരുക്കി പറഞ്ഞാല്‍  ജീവിതം ഇപ്പോള്‍ ഭാരമോ, മടുപ്പോ അല്ല.

എനിക്ക് പുതിയ തലമുറയോടും പ്രായമായവരോടും  ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ പ്രായമായിക്കഴിഞ്ഞാല്‍ എനിക്ക് വയസ്സായി എന്ന് വിചാരിച്ചു ഒതുങ്ങിക്കൂടാതെ  തന്നാല്‍ കഴിയുന്ന എന്തെങ്കിലും ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. കഴിയുന്നത്ര  സ്നേഹവും കരുതലും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. സംശയമില്ല, നിങ്ങള്‍ക്കത് തിരിച്ച് കിട്ടും.ഉറപ്പ്.




                                                          *   *   *
K Karthiayani Teacher , Bangalore.