10/9/13

യാത്രയയപ്പ്
നിനക്കായ് കാത്തിരിക്കുന്നവന്‍
പ്രിയനൊരാളെന്നാത്മ മിത്രം--‍‍
അക്ഷമനായ്, നിരാഹാരനായ്
നിശ്ശബ്ദനായ്, നിദ്രാ വിഹീനനായ്

കോപം വരുന്നുണ്ട് ,ക്ഷമയ്ക്കുമതിരുണ്ട്,
കാത്തിരിപ്പെന്തിനി ,  നീളാതെ നോക്കണം
പണ്ടേയവനില്ല ക്ഷമയെന്നറിക നീ
ഇനിയും മുഷിഞ്ഞാല്‍ വഴക്ക് ഞാന്‍ കേള്‍ക്കണം---

മുപ്പതാം നാളിലായ്നീ വന്നു ചേരുമ്പോ
ളുള്ളിലെരിയുന്ന കനലില്‍ ജലം തളിച്ച
ന്പോടു പുഞ്ചിരി മായാതെ നിന്നു ഞാന്
കരയുന്നതിഷ്ട മല്ലവനെന്നറിക നീ

വിരഹം സഹിക്കാവതല്ലെന്നറികിലും
അവന്‍ കാത്തിരുന്നത് നിന്നെയെന്നറിയുന്നു
മടിയാതെ കൊണ്ടുപോകെവിടെയാണെങ്കിലു
മീ വേദന കാണുവാന്‍ കെല്‍പ്പില്ല ഞങ്ങള്‍ക്ക്--

ആമോദമോടന്നു വിട പറഞ്ഞൂ ഞാനും
അവനെയും കൊണ്ടങ്ങു പോയ്മറഞ്ഞന്നു  നീ
നിര്‍ത്താതെ പെയ്യാന്‍ തുടങ്ങിയ മഴ നന
ഞ്ഞല്‍പ്പ നേരം ഞാനറിഞ്ഞതില്ലൊന്നുമേ-- 

യാത്രയാക്കി തിരിച്ചെത്തിയ ഞാനന്ന
താദ്യമായലറിക്കരഞ്ഞു പോയി--
കാണുവാന്‍ പറ്റുകില്ലീജന്മ മിനിയവനെ ,
പ്രിയരില്‍ പ്രിയനൊരാള്‍ പോയ്‌ മറഞ്ഞു--

വന്നു ചേര്‍ന്നാളുകള്‍വീട്ടുകാര്‍, നാട്ടുകാര്‍
ചേതനയറ്റോരെന്നച്ഛനെ കാണുവാന്‍
താരമായന്നവന്‍ സാന്നിധ്യ മില്ലാതെ ,
മൌനമായ് ഞാനപ്പോള്‍  മാറി നിന്നു---

മരണത്തിനപ്പുറം ജീവിതമുണ്ടെങ്കി
ലത് വന്നു കാട്ടുമെന്നോതിയവന്‍--‍
സംസ്കാര സമയത്ത് പൊഴിയുന്നിതാലി
പ്പഴങ്ങളുമവനന്നു ചൊന്ന പോലെ   ‍

ആളുകള്‍ പോകവേ, ആരവം ഒഴിയവേ
അറിയുന്നു ഞാനിന്നു തേങ്ങുന്നു ഞാനിന്ന്
അവന്‍ കാത്തിരുന്നത് നിന്നെയാണെങ്കിലും--
വിട്ടു കൊടുത്തത്----- തെറ്റായപോല്‍ --

*  *  *