7/19/16

ഋതുഭേദങ്ങൾ


                                                                                       കഥ: അനിത പ്രേംകുമാർ

ഒരിക്കൽ ചില കൊച്ചു വർത്തമാനങ്ങൾക്കിടയിൽ
ഭൂമി സൂര്യനോട് ചോദിച്ചു.


"എനിക്കെന്നാണ്
സ്വാതന്ത്ര്യം കിട്ടുക?
കുറെ നാളായില്ലേ ഞാനിങ്ങനെ നിന്നെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയിട്ട്! "

കേട്ടപ്പോ സൂര്യന് ദേഷ്യം വന്നു.. പൊതുവെ ചുമന്നു തുടുത്ത അദ്ദേഹത്തിന്റെ മുഖം കോപത്താൽ കറുത്തിരുളാൻ തുടങ്ങി..

ഭൂമിയിലെ ജനങ്ങളായ ജനങ്ങളൊക്കെ പിറുപിറുത്തു.
" എന്തൊരു കുമർച്ചയാണ്! ഈ സൂര്യനിതെന്തു പറ്റി? അദ്ദേഹത്തിന് പതിവുപോലെ ഒന്നു നിറഞ്ഞു പ്രകാശിച്ചാലെന്താ? അതല്ലെങ്കിൽ മഴ പെയ്യണം. അതും ഇല്ല.. നാശം!"

ഭൂമി വിടാൻ തയ്യാറായില്ല.
അവൾ പിന്നെയും പറഞ്ഞു.

" എന്റെ ചോദ്യത്തിന് ഉത്തരമൊന്നും പറഞ്ഞില്ല!"

സൂര്യന്റെ കണ്ണുകൾ കത്തി ജ്വലിച്ചു. ആകാശത്തു മിന്നൽ പിണറുകളായി അവ മാറി...എന്നിട്ടവൻ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു. (അത് നമുക്ക് ഇടിമുഴക്കങ്ങളും ആയി ...)

" ഞാൻ ചത്ത ശേഷം"

വൈധവ്യം സ്വാതന്ത്ര്യമോ?
ഭൂമി ഭയന്നു വിറയ്ക്കാൻ തുടങ്ങി.

കോപം അല്പമൊന്ന് തണുത്തപ്പോൾ സൂര്യൻ ഭൂമിയോട് ചോദിച്ചു.

" നിന്നോട് ഞാൻ പറഞ്ഞിരുന്നോ എന്നെ ഇങ്ങനെ നിർത്താതെ പ്രദക്ഷിണം വയ്ക്കാൻ?

"ഇല്ല "

"പിന്നെ?"

"അത്.. അത്, ഞാൻ പോലുമറിയാതെ എന്നോ തുടങ്ങിയാണ്"

"എന്തിന് ? സ്വയം ഒന്ന് ആലോചിച്ചു നോക്കൂ"

അല്പമൊന്നു ആലോചിച്ച ശേഷം ഭൂമി പറഞ്ഞു.

"എന്നിൽ ഋതുക്കൾ ഉണ്ടാവാൻ"

"പിന്നെ?"

"പിന്നെ, എന്നിൽ ജീവൻ നില നിർത്താൻ"

"പിന്നെ?"

" പിന്നെ, എന്റെ പ്രണയം നിന്നോട് മാത്രമായിരുന്നു"

" ശരി...ഇതിൽ എനിക്കെന്താണ് ചെയ്യാൻ കഴിയുക?"

അതു കേട്ടപ്പോൾ ഭൂമി സ്തബ്ധയായിപ്പോയി..

ശരിയാണല്ലോ! താൻ ഇത്രനാളും അവനുവേണ്ടിയാണ് ചെയ്യുന്നത് എന്നുകരുതിയതൊക്കെ തനിക്കു വേണ്ടി തന്നെയാണ് ചെയ്തിരുന്നത് എന്നോർത്തപ്പോൾ, അതിനു അവനെ കുറ്റപ്പെടുത്തിയതോർത്തപ്പോൾ, അവൾക്കു സങ്കടം തോന്നി..

അവൾ സൂര്യനോട് ക്ഷമ ചോദിച്ചു.

അവളുടെ സങ്കടം കണ്ടപ്പോൾ, അവൾക്കു തന്നോടുള്ള പ്രണയമോർത്തപ്പോൾ സൂര്യന്റെ കണ്ണു നിറഞ്ഞു..കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി..
അതു മുഴുവനും മഴയായി ഭൂമിയിൽ വന്നു പതിച്ചു..

ഭൂമി ഹർഷ പുളകിതയായി, നമ്ര ശിരസ്കയായി.

അപ്പോൾ സൂര്യൻ കളിയായി അവളുടെ കാതുകളിൽ മന്ദ്രിച്ചു..

" നിന്നെ ആ ചന്ദ്രൻ പ്രണയ പരവശനായി പ്രദക്ഷിണം വയ്ക്കുന്നത് ഞാൻ കാണാറുണ്ട്ട്ടോ.നിനക്ക് അവനോട് പ്രണയം തോന്നിയിട്ടില്ലേ?"

നാണത്താൽ കുതിർന്ന മുഖത്തോടെ അവൾ മൊഴിഞ്ഞു.

"എന്റെ പ്രണയം അന്നും ഇന്നും നിന്നോട് മാത്രം.. എന്നെ അറിഞ്ഞത് നീ ഒരാൾ മാത്രം"

പിന്നെ അവർ വീണ്ടും ഒന്നായി...
ജീവന്റെ പുതിയനാമ്പുകൾ അവളുടെ ഉദരത്തിൽ അങ്കുരിച്ചു..
നിങ്ങളും അറിഞ്ഞില്ലേ, ഭൂമീദേവി വീണ്ടും പുഷ്പിണിയാവാൻ തയ്യാറെടുക്കുന്നതു?

***********************