4/17/17

ഇന്നലെകള്‍.. ഇന്നുകള്‍...






ഇന്നലെകള്‍.. ഇന്നുകള്‍... 

പുരയിടത്തിന്‍റെ മുന്‍വശത്ത് വലത്തേ കോണിലായി മൂന്നും കൂടിയ ഇടവഴിയുടെ മുക്കില്‍ അടിച്ചു വാരിക്കൂട്ടിയ കരിയിലകള്‍ക്ക് തീ പിടിപ്പിക്കുകയായിരുന്നു അച്ഛമ്മ.

മഞ്ഞു പെയ്തു നനഞ്ഞ കരിയിലകള്‍ പുകഞ്ഞു കൊണ്ടിരുന്നു, നേരാം വണ്ണം കത്താതെ.

"അച്ഛമ്മേ, ഇന്നലെയും പാമ്പ് വന്നോ?" എന്ന എന്‍റെ ചോദ്യത്തിന് കരിയിലകള്‍ പിന്നെയും പിന്നെയും അടിച്ചുവാരി തീയിലേക്കിട്ടുകൊണ്ടിരിക്കുകയല്ലാതെ അച്ഛമ്മ ഒന്നും പറഞ്ഞില്ല.

സന്ധ്യയാവുന്നതിനു മുന്നേ എല്ലാ ചിമ്മിനി വിളക്കിലും മണ്ണെണ്ണ ഒഴിച്ച് തിരി നീട്ടി വച്ച്, കുപ്പി വിളക്കിന്റെ കുപ്പിയുടെ ഉള്ളിലെ കരിതുടച്ചു വൃത്തിയാക്കി കത്തിക്കാന്‍ തയ്യാറാക്കി വയ്ക്കുക അച്ഛമ്മ സ്വയം ഏറ്റെടുത്ത ജോലിയാണ്.കൂടെ നിലവിളക്കും തുടച്ചു വൃത്തിയാക്കി തിരിയിട്ടു വെളിച്ചെണ്ണ ഒഴിച്ച് വയ്ക്കണം. ആദ്യം നിലവിളക്ക് കത്തിച്ചു രാമനാമം ജപിച്ചു കഴിഞ്ഞ ശേഷമാണ് ചിമ്മിനി വിളക്കുകള്‍ കത്തിക്കുക. ഇന്നലെ അതിനു അച്ഛമ്മയെ സഹായിക്കാന്‍ കൂടിയതായിരുന്നു ഞാന്‍.

ആ സമയത്ത്, അച്ഛന്‍ വലിയൊരു ചൂരലും പിടിച്ചു വീടിനു ചുറ്റും പാമ്പിനെ അന്വേഷിച്ചു നടക്കുന്നത് കണ്ടത് ഓര്‍മ്മ വന്നു.
ഒരു കുന്നിന്‍ ചെരിവിലുള്ള വലിയ വിശാലമായ കശുമാവിന്‍ തോട്ടത്തിന്‍റെ താഴെ ഭാഗത്ത്‌ ഒറ്റമുറിയും ഇരു വശത്തും ചായ്പ്പും ഉള്ള കുഞ്ഞു വീട്.

നടുവിലത്തെ ആ പ്രധാന മുറിയെ ഞങ്ങള്‍ പടിഞ്ഞിറ്റകം എന്നും ഇടതു ഭാഗത്തുള്ള ചായ്പ്പിനെ അച്ഛന്‍റകം എന്നും ( ചിലപ്പോള്‍ ഓഫീസ് റൂം എന്നും!)വലതു ഭാഗതുള്ളതിനെ അടുക്കള എന്നും വിളിച്ചു. ഇതിന്റെ മൂന്നിന്‍റെയും നടുക്കുള്ള ഒഴിഞ്ഞ ഭാഗം ഇറയവും.

ചെത്തി തേയ്ക്കാത്ത വീട്ടില്‍ ഒരുദിവസം രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ പായ നിവര്‍ത്തുന്ന സമയത്ത് താഴെവീണ വസ്തു എന്താണെന്ന്അച്ഛമ്മ ചിമ്മിനി വിളക്കുയര്‍ത്തിനോക്കിയപ്പോള്‍ ആണ് അത് ഇഴഞ്ഞിഴഞ്ഞു പോകുന്നത് കണ്ടത്.

"അച്ഛാ, പാമ്പ് " എന്ന് പറഞ്ഞു ഒച്ചയെടുത്തതും അച്ഛന്‍ അതിനായി സൂക്ഷിച്ച വടിയും കൊണ്ട് ഓടി വന്നതും അതിനെ തല്ലിക്കൊന്നതും എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു.

മറ്റൊരു ദിവസം രാത്രി ആരോ ടോര്‍ച്ചടിക്കുന്നതറിഞ്ഞു അച്ഛമ്മ എഴുന്നേറ്റു തുടങ്ങിയതും അച്ഛന്‍ പറഞ്ഞു. " ഞാനാ അമ്മെ. ഇവിടെ എവിടെയോ അവന്‍ ഒളിച്ചിരിപ്പുണ്ട്. നിങ്ങള്‍ ഉറങ്ങിക്കോളൂ. ഞാന്‍ നോക്കാം.

പിറ്റേന്നും രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത് തല ചതഞ്ഞ, മരിച്ചു കിടക്കുന്ന, ഒരു വലിയ പാമ്പിനേയാണ്. അത് മൂര്‍ഖന്‍ ആണ് എന്നും അടുക്കള ഭാഗത്തെ ചുമരിനും അതിന്‍റെ മുകളില്‍ ഉള്ള ഓടിനും ഇടയില്‍ ഒളിച്ചു കിടക്കുകയായിരുന്നു എന്നും പിറ്റേ ദിവസമാണ് അറിഞ്ഞത്.

ഇതിനൊക്കെ മുന്നേ, അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ഇടയ്ക്ക് ഒരിക്കല്‍ അവര്‍ ന്യൂ ഇന്ത്യ ടാക്കീസില്‍ സെക്കണ്ട് ഷോ കണ്ടു മടങ്ങി വരുമ്പോള്‍ അമ്മയുടെ കാലില്‍ എന്തോ കടിച്ചു. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത നാട്ടില്‍ എന്ത് കടിച്ചു എന്ന് ആ സമയത്ത് എങ്ങനെ അറിയാന്‍! അച്ഛന്‍ ഉടനെ അമ്മയുടെ കാലിലെ കടിയേറ്റ ഭാഗം സ്വന്തം വായിലാക്കി കഴിയുന്നത്ര രക്തം വലിചൂറ്റി തുപ്പിക്കൊണ്ടിരുന്നു വത്രേ.. കുറെ നേരം അങ്ങനെ ചെയ്ത ശേഷം വീട്ടില്‍ പോയി കിടന്നുറങ്ങി. രാവിലെ കാലിനൊരു കെട്ടു കണ്ടു അന്വേഷിച്ചപ്പോള്‍ ആണ് അച്ഛമ്മ പോലും വിവരം അറിഞ്ഞത്!

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കിടക്കപ്പായയില്‍ തലേ ദിവസം തന്‍റെ കൂടെ കിടന്നുറങ്ങിയ വളയര്‍പ്പാന്‍ പാമ്പിനെയാണ് ഇന്ന് അച്ഛന്‍ തല്ലിക്കൊന്ന രൂപത്തില്‍ മുറ്റത്ത്‌ കണ്ടത് എന്ന് അച്ഛമ്മ പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. ഞങ്ങളെ ഒരിക്കലും പാമ്പ് കടിച്ചതേയില്ല. അഥവാ, കടിക്കാതിരിക്കാന്‍ ഒരു ആറാം ഇന്ദ്രിയവും വച്ച് അച്ഛന്‍ കാവലിരുന്നു.

ഓരോ പാമ്പിന്റെയും ശവമടക്ക് കഴിയുമ്പോള്‍ ഇനിയൊന്നു വരരുതേ എന്ന് അച്ഛമ്മ പ്രാര്‍ഥിക്കുന്നതു കാണാം. വിഫലമായ പ്രാര്‍ഥനകള്‍....

അതിനു ശേഷം ഒരിക്കല്‍ അച്ഛനോട് ചോദിച്ചു.
" എന്നു മുതലാണ്‌ അച്ഛന്‍ പാമ്പുകളെ കൊല്ലാന്‍ തുടങ്ങിയത്?"

ആച്ഛന്‍ പറഞ്ഞത് അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഭാര്യ പാമ്പ് കടിയേറ്റു മരിച്ചതും അതിനു ശേഷം അറിഞ്ഞോ അറിയാതെയോ പാമ്പുകളെ കൊന്നുകൊണ്ടിരുന്നതിന്റെയും കഥകള്‍.

പിന്നീട് മറ്റൊരു സ്ഥലത്തെയ്ക്ക് വീട് മാറി. ആ വീട് ചെത്തി തേച്ചു. പിന്നെ പൊളിച്ചു വാര്‍പ്പിന്റെ വീട് പണിതു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ വൈദ്യുതി വന്നു. രാത്രിയും പകലും നല്ല വെളിച്ചമായിപാമ്പിന്റെ ശല്ല്യം കുറഞ്ഞു വന്നു. പശുവിനും ആടിനും വേണ്ടി പുല്ലു പറിക്കാന്‍ അടുത്തുള്ള പറമ്പില്‍ പോകുമ്പോള്‍ മാത്രം പാമ്പുകളെ കണ്ടു. പതുക്കെ പശുവും ആടും വീടിന് അന്യമായി.

ബാംഗ്ലൂരില്‍ പാമ്പുകള്‍ വളരെ കുറവാണ്. കാണാറെയില്ല എന്നും പറയാം. അഥവാ കണ്ടാല്‍ അതിനു കുടിക്കാന്‍ വെള്ളവും കൊടുത്തു വിടും ഇവിടത്തുകാര്‍. ഒപ്പം ഞങ്ങളും!

അവരും ഭൂമിയുടെ അവകാശികള്‍.. പക്ഷെ മനുഷ്യ ജീവന് ഭീഷണി വരുമ്പോള്‍ നമ്മള്‍ അതൊക്കെ മറക്കുന്നു എന്ന് മാത്രം.

വിഷുവിനു കണി വയ്ക്കാന്‍ വെള്ളരിക്കയോ ചക്കയോ മാങ്ങയോ കോവയ്ക്കയോ, എന്തിന്, കൊന്നപ്പൂ പറിക്കാന്‍ പോലും നമുക്കിന്നു മുറ്റത്തെയ്ക്കോ പറമ്പിലെയ്ക്കോ ഇറങ്ങേണ്ട. എല്ലാം മൊബൈലില്‍ അമര്‍ത്തിയാല്‍ വീട്ടിലെത്തും.

കളിത്തോക്കില്‍ കാപ്സ് പൊട്ടിച്ച, വിഷുവിനു പറിക്കാന്‍ വെള്ളരി നാട്ടു നനച്ചുണ്ടാക്കിയ, കോവ വള്ളികളിലെ കായകള്‍ സൂക്ഷിച്ചു വച്ച, ചക്കയും മാങ്ങയും മരത്തില്‍ നിന്നും പറിച്ചെടുത്ത് കണി വച്ച ആ പഴയ നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും മാറി വിഷു ആശംസകളോടെ, ഞാനുമെന്റെ മൊബൈല്‍ എടുക്കട്ടെ..

*****************************************************************************
അനിത പ്രേംകുമാര്‍
(ബാംഗ്ലൂര്‍ ജാലകത്തിന്റെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

4/12/17

വിഷു ആശംസകള്‍




കണിക്കൊന്നകള്‍ പൂത്തുലയാനും വിഷുപ്പക്ഷികള്‍ പാട്ട് പാടാനും തുടങ്ങിയിരിക്കുന്നു.
മൂവാണ്ടന്‍ മാവുകളില്‍ കണ്ണിമാങ്ങകള്‍ നിന്ന് ചിണുങ്ങുന്നു.
പറയി പെറ്റ പന്തീരു കുലത്തിലെ മൂത്തയാളായ നമ്പൂതിരിക്ക് പറയന്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് കറിവച്ചു കൊടുത്ത പശുവിന്‍ അകിട്, കോവയ്ക്കകളായി  പുനര്‍ജനിച്ചു പന്തലില്‍ തൂങ്ങി യാടുന്നു.
വെള്ളരിക്കകള്‍ മൂത്ത് പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ മാടി വിളിക്കുന്നു.  മുഴുത്ത ഒരു ചക്ക,തേന്‍ വരിക്ക പ്ലാവില്‍,വേരിന്മേല്‍ കായ്ച്ചിരിക്കുന്നു. 
എങ്ങും വിഷുക്കാഴച്ചകള്‍. വീണ്ടും വിഷു വന്നെത്തിയല്ലോ!
 സ്വര്‍ണ്ണവും വെള്ളിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും നവധാന്യങ്ങളും
ഒക്കെ ഒരുക്കേണ്ടേ നമുക്ക് കണിവയ്ക്കാന്‍?

കണിക്കൊന്ന പോലെ, കത്തിച്ചു വച്ച നിലവിളക്ക് പോലെ  വിശുദ്ധമാകട്ടെ  നമ്മുടെ ഓരോ പ്രവര്‍ത്തിയും. ഓരോ പ്രഭാതവും നിറഞ്ഞ മനസ്സോടെ  കണികണ്ടുണരാന്‍ ഓരോ ദിവസം കൂടി  ആയുസ്സ് നീട്ടി കിട്ടിയതില്‍ സന്തോഷിക്കുകയാണല്ലോ നാമോരോരുത്തരും!

നമുക്ക് പ്രാര്‍ഥിക്കാം, നമ്മുടെ ഓരോ ദിനവും വിഷു ദിന മാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണി ആകാന്‍.
 വിഷു ആശംസകളോടെ --------

അനിത പ്രേംകുമാര്‍

വിഷുപ്പുലരിയില്‍






കൊന്നപ്പൂവില്‍
തുളുമ്പും വിശുദ്ധിയും
വാല്‍ക്കണ്ണാടിയില്‍
കാണുന്ന മുഖവും
നവധാന്യ വെള്ളരി
കണ്ണിമാങ്ങാക്കുല
പൊന്നും പുടവയും
വെള്ളി നാണ്യങ്ങളും
ചുറ്റും പ്രകാശം
ചൊരിയും വിളക്കും

വിഷുക്കാല പുലരിയില്‍
കണികണ്ടുണരുവാന്‍
ഉപ്പും മധുരവും
വായില്‍ നുണയുവാന്‍
കണ്ണാ നീ എന്‍ കൂടെയില്ലേ
നിന്നോടക്കുഴലായി ഞാനും...


******************************

Anitha Premkumar

4/4/17

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ..

















പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ

ഉള്ളിലെരിയുന്ന കനലുകളൊക്കെയും
വെള്ളമൊഴിച്ചു കെടുത്തിയെന്നാകിലും
ഒരു തളിർ തെന്നലിൻകുഞ്ഞു തലോടലിൽ

ഒന്നായ് തെളിയുന്നു കത്തുന്നു കനലുകൾ!

ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുന്നു നാം വൃഥാ
ഓർമ്മകളാകുന്ന കനലുകളൊക്കെയും
ഓമനത്തത്തോടെ കൂടെ കരുതുവോർ!

വേദനിപ്പിക്കായ്ക, നീയിന്നബലയായ്
നിന്മുന്നിൽ നിൽക്കുന്ന പാവം പെൺകുട്ടിയെ
വേദനിപ്പിക്കായ്ക നീയിന്നവളെ, നിൻ
ഭാവിയിൽ താങ്ങായി മാറേണ്ടവളവൾ

കനലുകൾ സൃഷ്ടിക്കയെന്നതെളുപ്പമാ-
-ണൂതിക്കെടുത്തുക എന്നത് കഷ്ടവും
ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുക വേണ്ട നീ!

ഒരുനാളവൾ വരും ഒരു ഭദ്ര കാളിയായ്
ഒരുനാളവൾ വരും സംഹാര രുദ്രയായ്
മാനാപമാനങ്ങൾ പെണ്ണിന് മാത്രമോ?
മാനമില്ലാത്തോരോ, ആണ്‍ജന്മമൊക്കെയും?

തേന്മൊഴി,കിളിമൊഴി,കളമൊഴിയായവൾ
തേൻകൂടുമായിട്ടു നിന്മുന്നിൽ വന്നെന്നാൽ
തേനൂറും വാക്കിൽ മയങ്ങുന്നു നീയെന്നും
തേൻകൂട്ടിനുള്ളിലെ തത്തയായ് തീരുന്നു!

കനലുകൾ തീർത്തത് നീയല്ലേ കോവാലാ
കനലിലെരിഞ്ഞതും ഇന്ന് നീ അല്ലയോ?
കണ്മുന്നിൽ കാണുന്ന പെൺശരീരങ്ങളെ
കത്തുന്ന കാമത്താൽ നോക്കുവതെന്തുനീ?

*****************************************
അനിത പ്രേംകുമാർ