11/25/16

തുല്യത - ചില ആൺ ചിന്തകൾ



* പറയാൻ തോന്നിയ കാര്യങ്ങൾ
സത്യസന്ധമായി പറഞ്ഞപ്പോഴാണ്
നീ എന്നോട് പിണങ്ങിയത്.
പറയാനുള്ളത് മറച്ചുവച്ചു
മധുരം പൊതിഞ്ഞ നുണകളാണ്
ഞാൻ നിനക്ക് സമർപ്പിച്ചതെങ്കിൽ
നീ ഒരിക്കലും എന്നെ
വെറുക്കില്ലായിരുന്നു... 


* 14 സെക്കന്റ് നിന്നെ നോക്കിയത്
നിന്നോടുള്ള പ്രണയം പറയാൻ
അറിയാഞ്ഞിട്ടായിരുന്നു..
എന്റെ നോട്ടത്തിൽ നീയത്
വായിച്ചെടുക്കും എന്ന് ഞാൻ
വൃഥാ കരുതി... എന്നാൽ
15ആം സെക്കന്റിൽ നീ ചെയ്തതോ!

* പ്രണയം തോന്നി തന്നെയാണ്
പെണ്ണെ ഞാൻ നിന്റെ
പിറകെ നടന്നത്.
അത് പറയേണ്ട സമയത്ത്
പറയാൻ അറിയാത്തതുകൊണ്ട്
മാത്രമാണ് നീയിന്നു
മറ്റൊരാളുടെതായതും
ഞാനിന്നു സ്വസ്ഥമായിരിക്കുന്നതും!

* ഇഷ്ടം ചോദിക്കുന്നതിന്മുന്നേ
കഷ്ടകാലത്തിനു ഞാൻ
നിന്നെയൊന്നു തൊട്ടുപോയി!
കൂകി വിളിച്ചു നീ ആളെക്കൂട്ടി
എന്നെ വെറുമൊരു
കശ്‌മലനാക്കി
നാണംകെട്ടയെന്റെ പ്രണയം
നാടുവിട്ടു പറന്നും പോയി
അത് നീയാണ് തൊട്ടതെങ്കിലോ?

* നിന്നെക്കാൾ പഠിപ്പുവേണം
നിന്നെക്കാൾ ഉയരം വേണം
നിന്നെക്കാൾ വിവരം വേണം
നിന്നെക്കാൾ ശമ്പളം വേണം
ഇതെല്ലാമുള്ളയാളെ കെട്ടിയപ്പോ
നീ പറയുന്നു,
തുല്യതവേണം.. തുല്യത!


**************************

അനിത പ്രേംകുമാര്‍

ഡിവോര്‍സ്



ടി വി യില്‍ കാര്യമായി എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടെന്ന് തിരിഞ്ഞു അടുക്കളയിലുള്ള അവളോടു ചോദിച്ചു.

"അല്ല, നീ എപ്പോഴാ എന്നെ ഡിവോര്‍സ് ചെയ്യുന്നത്?"

"ങേ"

"ങാ. അതെന്നെ. നമുക്കും പിരിഞ്ഞാലോ?"

"ഓ.. അങ്ങിനെ.

പിരിയാലോ.. ഇപ്പോള്‍ ട്രെന്‍ഡ് 25 ആം വാര്‍ഷികം ഒക്കെ ആഘോഷിച്ച ശേഷം പിരിയുന്നതല്ലേ? എന്നിട്ട് നമുക്കൊരു ജോയിന്‍ പെറ്റീഷന്‍ കൊടുക്കാം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പം നടക്കുമത്രെ! "

"ങേ... അതെന്തിനാ? ഞാന്‍ ഒരു തമാശയ്ക്ക് ചോദിച്ചതല്ലേ? "

"ആണോ? പക്ഷേ ഞാന്‍ കാര്യായി തന്നെ പറഞ്ഞതാ. ഇങ്ങള് കണ്ടില്ലേ, ലിസിയും പ്രിയനും, അതുപോലെ പലരും ചെയ്തത്? നല്ല പ്രായത്തില്‍ അയാളുടെ ചിലവില്‍ അടിപൊളിയായി ജീവിച്ചു, ഇനീ വയസ്സാവുമ്പോള്‍ നൂറുകൂട്ടം അസുഖങ്ങള്‍ ഒക്കെ വരാറാവുമ്പോള്‍ വിട്ടുപോയാല്‍ പിന്നെ കുത്തിയിരുന്ന് ശുശ്രുഷിക്കേണ്ടല്ലോ"

"ഓ... അങ്ങിനെ! അപ്പോള്‍ ഇതൊക്കെയാണ് പെണ്ണുങ്ങളുടെ മനസ്സില്‍ അല്ലെ?'

" ങാ.. അതും ഉണ്ടാവും. തുടക്കത്തില്‍ നിങ്ങളൊക്കെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തുന്നതല്ലേ!

നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ തയ്യാറാവാം. പക്ഷേ കാരണം അതല്ല.."

"പിന്നെ?"

"ഞാന്‍ കുറച്ചു ദിവസമായി ആലോചിക്കുന്നു. നിങ്ങള്‍ എപ്പോഴും പറയാറില്ലേ, ഈ കുടുംബവും കുട്ടികളും ഒക്കെയുള്ളത്‌ കൊണ്ടാണ്, ഇല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന്."

"അതെ."

" ഒരുപാട് ഐഡിയ ഒക്കെയുള്ള ആളല്ലേ? ഞാന്‍ നിങ്ങളെ ഫ്രീയാക്കി വിടാം. പൊയ്ക്കോളൂ.. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു വേണ്ടി, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി പറ്റാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യുക. പത്തു മണിക്കുള്ളില്‍ വീട്ടില്‍ വരണമെന്നോ, അരി വാങ്ങാന്‍ പണം വേണമെന്നോ ഒന്നും ആവശ്യപ്പെടില്ല."

ടി. വി. യില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"ടി.വി.യില്‍ എന്നെക്കണ്ട് നീ ബോധം കെട്ടു വീഴരുത്."

" എന്തിന്, എനിക്കഭിമാനമല്ലേ? നിങ്ങള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നത് കാണാന്‍!"

" അതല്ല.. നീ അവിടെ എഴുതിയ ഫ്ലാഷ് ന്യൂസ്‌ വായിക്കൂ.. അതുപോലെ എന്‍റെ പേരും വരും, ഒരു ദിവസം "

ഞാന്‍ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറികള്‍ മാറ്റി വച്ച് ടി വി യുടെ മുന്നിലേക്ക്‌ ചെന്ന് വായിച്ചു.

" ദിലീപും കാവ്യയും മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹിതരായി"

"ങേ! അപ്പോള്‍ അതാണ്‌ കാര്യം! ഞാന്‍ ഈ പറഞ്ഞതൊക്കെ പൊട്ടത്തരം!"

ചുമ്മാതല്ല, ഈ ആണുങ്ങള്‍ നന്നാവാത്തത്! ഒരിക്കല്‍ പറ്റിയാലും വീണ്ടും ചിന്ത അത് തന്നെ.

അടുക്കളയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഞാനെന്നോടു തന്നെ പറഞ്ഞു.
" കൊന്നാലും നിങ്ങള്‍ക്ക് ഡിവോര്‍സ് തരുന്ന പ്രശ്നമില്ല. ആഹാ.. "

**************************************************************
(കഥ: അനിത പ്രേംകുമാര്‍)

11/23/16

പിണക്കം അഥവാ പരിഭവം


ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?
എന്തായാലുമത്
വഴിയെ പോണവരോടല്ല.

കുഞ്ഞു കണ്ണുകള്‍
നിറഞ്ഞു തുളുമ്പിയപ്പോള്‍,
കുഞ്ഞു ചുണ്ടുകള്‍
വിതുമ്പിയപ്പോള്‍

ഓടിവന്നെടുത്തു
മാറോടു ചേര്‍ത്ത്
കരയല്ലേ വാവേ,
നിന്റമ്മ ദാ വരുന്നു

എന്നോതി നമ്മളെ
ഇക്കിളിയാക്കി
ചിരിപ്പിച്ചും
പിന്നെ ചിന്തിപ്പിച്ചും

ബാല്യത്തിനു കൂട്ടായി
കൌമാരത്തിന് തണലായി
യൌവനത്തിന് കാവലാളായി
കൂടെനിന്ന ബന്ധുവിനോട്!

അല്ലെങ്കില്‍

മനസ്സിലെ മാരിവില്ലുകള്‍
പരസ്പരം പങ്കുവച്ചു
ഹൃദയത്തിനൊരു കോണില്‍
പ്രതിഷ്ഠിച്ചു പൂജിച്ച

പ്രണയ ബിംബത്തോടോ,
പ്രിയ സൌഹൃദത്തോടോ,
ഏറെ പ്രിയപ്പെട്ട
സഹപാഠികളോടോ!

അതുമല്ലെങ്കില്‍
ഒന്നിച്ചു പകുത്തുണ്ടും
അതിലേറെ പതംപറഞ്ഞും
കാണാതിരുന്നപ്പോള്‍
ഇടനെഞ്ച് കലങ്ങിയും

ഒന്നായ് വളര്‍ന്നൊരു
കൂടപ്പിറപ്പോടോ,
ദൈവത്തിന്‍ പ്രതിരൂപമായ്
നമ്മിലലിഞ്ഞൊരു

മാതാപിതാക്കള്‍ തന്‍
നിസ്വാര്‍ത്ഥ സ്നേഹത്തോടോ,
ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?

അതെ....

നമ്മള്‍ പിണങ്ങുന്നത്,
കഠിനമായി സ്നേഹിച്ചവരോട്.
കഠിനമായി വെറുക്കാന്‍,
വെറുത്തുകൊണ്ട് സ്നേഹിക്കാന്‍
പ്രാപ്തിയുള്ളവരോട്.

എന്തായാലുമത്
വഴിയെ പോണവരോടല്ല.
നമ്മളോടവര്‍ക്ക് സ്നേഹമില്ല
അവരോടു നമുക്കും!

പിണക്കത്തിന്‍ പിന്‍ബലം
സ്നേഹമത്രേ!

************************
-അനിത പ്രേംകുമാര്‍-

10/18/16

വടിയല്ല, വടിവാൾ



ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പ്രതീക്ഷിക്കാതെ തില്ലെങ്കേരിയിലും ചെന്നു. അച്ഛനും അമ്മയും ബാംഗ്ലൂര്‍ക്ക് വന്നേപിന്നെ, സാധാരണ തലശ്ശേരിയിലുള്ള വീട്ടില്‍ മാത്രം പോയി തിരിച്ചു വരികയാണ് ചെയ്യാറ്.
പോകുന്ന വഴിക്ക് തന്നെ ഒരുപാടു നാട്ടുകാരെ കണ്ടു. കാണുന്നിടത്തെല്ലാം വണ്ടി നിര്‍ത്താന്‍ ഏട്ടനോട് എങ്ങനെ പറയും? അതുകൊണ്ട് തന്നെ എല്ലാവരോടും മിണ്ടാന്‍ ഒന്നും പറ്റിയില്ല. എങ്കിലും ഒരുപാട് പ്രിയപ്പെട്ട കുറച്ചുപേരോടു മിണ്ടാന്‍ പറ്റി.. ബന്ധുക്കളെക്കാര്‍ ഞങ്ങള്‍ സ്നേഹിച്ചതും ഞങ്ങളെ സ്നേഹിച്ചതും നാട്ടുകാര്‍ ആയിരുന്നു. ആ നാട്ടില്‍ തന്നെ അധ്യാപകര്‍ ആയിരുന്ന അച്ഛനോടും അമ്മയോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനം ഞങ്ങള്‍ക്കും കിട്ടുന്നു എന്ന് മാത്രം.

അങ്ങനെ മിണ്ടിയു പറഞ്ഞും സമയം പോയപ്പോള്‍ ഒന്ന് വയലില്‍ പോയി വരാന്‍ തീരുമാനിച്ചു. തോട്ടിന്‍ കരയിലുള്ള ഞങ്ങളുടെ വയലിന്‍റെ അടുത്തെത്തിയപ്പോള്‍ മൂന്നാല് കുട്ടികള്‍ വെള്ളത്തിൽ നിന്നും വിളിച്ചു പറഞ്ഞു പറഞ്ഞു.

"അവിടെ കൂട്ടിയിട്ടിരിക്കുന്ന പൂഴി ഞങ്ങളുടെതാണ്"

ഞങ്ങള്‍ നോക്കിയപ്പോ പൂഴിയൊന്നും കാണാനില്ല. എങ്കിലും വെറുതെ പറഞ്ഞു." ഞങ്ങളുടെ സ്ഥലത്ത് നിങ്ങള്‍ എന്ത് കൂട്ടിയിട്ടാലും അതൊക്കെ ഞങ്ങള്‍ തിരിച്ചുപോകുമ്പോള്‍ കാറില്‍ കയറ്റി കൊണ്ട് പോകും. ദാ , ആ കാണുന്ന പശുവിനെ ഉള്‍പ്പെടെ." തൊട്ടു മുന്നിലായി ഒരു പശുവിനെ ആരോ കെട്ടിയിട്ടത് അവിടെ നടന്നു മേയുന്നുണ്ടായിരുന്നു.

ഉടനെ ഓരോ കൊച്ചു തോര്‍ത്ത് മാത്രം ചുറ്റി വെള്ളത്തില്‍ മലക്കം മറിഞ്ഞിരുന്ന കുട്ടികള്‍ ഓടി വന്നു ഞങ്ങളെ കടന്നു മുന്നോട്ടു പോയി. വയലിന്‍റെ അങ്ങേയറ്റത്തായി അവര്‍ വെള്ളത്തിലിറങ്ങി കോരിയിട്ട കുറെ പൂഴി കൂമ്പാരമായി കിടക്കുന്നത് അപ്പോഴാണ്‌ ഞങ്ങളും കണ്ടത്. അതിനടുത്തുള്ള ഒരാള്‍ക്ക്‌ വേണ്ടി എടുത്തു വച്ചതാണ് എന്നും ഒരു കൊട്ടയ്ക്കു 40 രൂപ വച്ച്, 60 കൊട്ടയുണ്ട് എന്നും പറഞ്ഞു.

" ആഹാ... മണല്‍ മാഫിയ ആണ് ഇല്ലേ? ഞങ്ങള്‍ ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ ഇടും " എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, "മണല്‍ മാഫിയ അല്ല, മണല്‍ കൊള്ളക്കാര്‍ എന്ന് തന്നെ പറഞ്ഞോളൂ" എന്ന്! എന്നിട്ട് പല പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി.

അവര്‍ മരത്തില്‍ കയറി കുടംപുളി യൊക്കെ പറിച്ചു തന്നു. നല്ല "കുരുത്തം കെട്ട കുട്ടികള്‍"... ഇന്നത്തെ കാലത്ത് കാണാന്‍ കിട്ടില്ല... വംശനാശം വന്നുകൊണ്ടിരുന്ന ഒരു വര്‍ഗ്ഗത്തെ കണ്ടപോലെ ഞങ്ങളും സന്തോഷിച്ചു. അവരുടെ കൂടെ അവിടെയൊക്കെ ഓടി നടന്നു.

ഇതിനിടയിൽ കെട്ടിയിട്ട പശു എവിടെപ്പോയി എന്നാലോചിക്കുമ്പോൾ, കുട്ടികളിൽ ഒരാള്‍ എന്നോടു പറഞ്ഞു.

"ഞങ്ങള്‍ ഒരു സിനിമ എടുത്തിട്ടുണ്ട്, മൊബൈലില്‍. കാണിച്ചു തരട്ടെ?"
ദൈവമേ, എന്ത് സിനിമയാണോ! എന്നാലും പറഞ്ഞു, "കാണിക്കൂ..."

കൂട്ടത്തില്‍ തടിമിടുക്കുള്ള ഒരു കുട്ടി അവന്റെ കൊച്ചു മൊബൈല്‍ ഓണ്‍ ചെയ്തു, അതില്‍ അവന്റെ കൂട്ടുകാരന്‍ ചിത്രീകരിച്ച ഒരു "സിനിമ" പ്ലേ ചെയ്യാന്‍ തുടങ്ങി.

ആകെ ബഹളമയം ആണല്ലോ! കുറെ അലര്‍ച്ചകളും കരച്ചിലുകളും ഒക്കെയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. വ്യക്തതയും കുറവ്.
കുറച്ചു ദൂരെ മാറി നിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഏട്ടന്‍ ചോദിച്ചു."

എന്താ അവിടെ?"

" ആ.. ഇവര്‍ സിനിമ എന്ന് പറഞ്ഞു ഏന്തൊക്കെയോ കാണിക്കുന്നു.. എനിക്കൊന്നും മനസ്സിലായില്ല."

അപ്പോള്‍ ആ കുട്ടി തന്നെ വിശദീകരണവുമായി വന്നു.

" ഇങ്ങോട്ട് നോക്കൂ... ഇത് ഞാന്‍. ഞാന്‍ ----- എന്ന പാര്‍ട്ടിയാണ്. ഇതാ, ഇത്, ഇവന്‍. ഇവന്‍ ----- എന്ന പാര്‍ട്ടിയും. ഞാന്‍ ഇവനെ കൊല്ലാന്‍ ശ്രമിക്കുന്നതും, ഇവന്‍ അലറിക്കരയുന്നതും ആണ് നിങ്ങള്‍ സിനിമയില്‍ കണ്ടത്... അവസാനം ഇവന്‍ മരിക്കുന്നതും... എന്‍റെ കൈയ്യില്‍ കാണുന്നത് വടിയല്ല... വടി വാള്‍ ആണ്.... വടി വാള്‍. ( അത് വടി തന്നെയാണ്, വടിവാൾ അവരുടെ സങ്കൽപം )

ഒരു മിനിട്ട് പകച്ചുപോയി ഞങ്ങള്‍. പിന്നെ ഓര്‍ത്തു. ഇവരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥം! പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നപ്പോഴും മുതിര്‍ന്നവരെ അനുകരിച്ചു കളിച്ചിരുന്നല്ലോ.. കഥയും തിരക്കഥയും വേറെ ആയിരുന്നു. ചിത്രീകരിക്കാന്‍ മൊബൈലും ഉണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രം..

അവര്‍ കാണുന്നത് അവര്‍ അനുകരിക്കട്ടെ.. തിരിച്ചു പോരാന്‍ നേരം ഞാന്‍ വെറുതെ അവരോടു ചോദിച്ചു.

" നിങ്ങള്‍ക്ക്--- എന്ന ടീച്ചറെ അറിയോ? നിങ്ങളുടെ അച്ഛനെയും അമ്മയെയും ഒക്കെ പഠിപ്പിച്ച ടീച്ചര്‍ ആണ്.

അവര്‍ പറഞ്ഞ ഉത്തരം. " ഇല്ല, അറിയില്ല. പക്ഷെ കൈയ്യില്‍ കിട്ടിയാല്‍ അവരേം കൊല്ലും ഞങ്ങള്‍!"

കൂടെ ഉണ്ടായിരുന്ന ചേച്ചി അവനോടു പറഞ്ഞു,
" അവര്‍ ഇവരുടെ അമ്മയാണ്. നീ എന്താ പറഞ്ഞത്?"

അതിനു പ്രത്യേകിച്ച് ഭാവഭേദമൊന്നും കാട്ടാതെ, അവര്‍ ഓടിപ്പോയി തോട്ടിലേക്ക് എടുത്തു ചാടി കുത്തി മറിഞ്ഞു കളിച്ചു. എന്നിട്ട് പൊങ്ങി വന്നു സ്നേഹത്തോടെ ചിരിച്ചുകൊണ്ട്, ഞങ്ങള്‍ക്ക് ബൈ പറഞ്ഞു, കൈ വീശി.

നിഷ്കളങ്കരായി!

കളങ്കം നമ്മളില്‍ അല്ലെ? അവര്‍ കുട്ടികള്‍ തന്നെയാണ്. സൂക്ഷിക്കേണ്ടത് നമ്മളാണ്....

******************************
അനിത പ്രേംകുമാര്‍

9/27/16

കണ്ണൂർ ജില്ലയിലെ കെട്ടാ ചെറുക്കൻമാർ



(അനിത പ്രേംകുമാർ)

1980-90 കാലഘട്ടം.

നൂറ്റി ഇരുപത്തഞ്ചാമത്തെ പെണ്ണ്കാണൽ കഴിഞ്ഞപ്പോൾ രാജേഷ് വീട്ടുകാരോട് പറഞ്ഞു.

" ഇനി എനിക്ക് വയ്യ , ഞാൻ ഇനി കല്ല്യാണം കഴിക്കുന്നേയില്ല". എന്ന്.
കാര്യം എന്താണെന്നല്ലേ?

പുത്തൻ പണക്കാരനും ദുബായ്ക്കാരനുമായ രാജേഷിന് പെണ്ണ് കൊടുക്കാൻ അന്ന് നാട്ടിൽ പലരും തയ്യാറായിരുന്നു. പക്ഷേ അവനും വീട്ടുകാരും അന്വേഷിച്ചത്, സൗന്ദര്യത്തിൽ, സ്വത്തിൽ, കുടുംബ മഹിമയിൽ ഒക്കെ അവരെക്കാൾ ഒരുപടി മുന്നിൽ ഉള്ള പെണ്ണിനെ ആയിരുന്നു.

പറഞ്ഞിട്ടെന്തുകാര്യം!
സൗന്ദര്യം ഉള്ള പെണ്ണിന് ചിലപ്പോൾ സ്വത്തുണ്ടാവില്ല. സ്വത്തുള്ളതിന് ചിലപ്പോൾ സൗന്ദര്യവും. ഇത് രണ്ടും ഉള്ളയാൾക്കും കുടുംബ മഹിമ എന്നൊന്ന് ഉണ്ടായില്ലെങ്കിലോ?

ഇനി ഇതൊക്കെ തികഞ്ഞ ഒരു പെണ്ണിനെ കണ്ടെത്തുമ്പോഴേക്കും അവളുടെ ജാതകം ചേരില്ല!

അഥവാ ജാതകം കൂടി ചേർന്നാലോ, അമ്മയോ, ഉപദ്രവമല്ലാതെ യാതൊരുവിധ ഉപകാരവും ജനിച്ചിട്ട് ഇന്നേവരെ ആങ്ങളയ്ക്കുവേണ്ടി ചെയ്തിട്ടില്ലാത്ത അഞ്ചോ ആറോ പെങ്ങന്മാരിൽ ഒരാളോ പറയും, " അവളുടെ നോട്ടം അത്ര ശരിയല്ല.. അല്പം അഹങ്കാരം കൂടുതലാ.. നമുക്ക് ചേരൂല!" എന്ന്.

നൂറ്റി എട്ടാമത്തെ വീട്ടിൽ നിന്നും ചായ കുടിച്ചു ലഡുവിന്റെ മധുരം നുണഞ്ഞു, കൂടെ വന്ന അളിയനും അതെ, അതു ശരിയാണ് എന്ന് തലയാട്ടും..
അങ്ങനെ മടുത്തിട്ടാണ് രാജേഷ് 125 ആമത്തെ തവണ ഇനി കല്യാണമേ വേണ്ട എന്ന് പറഞ്ഞത്. അവസാനം അവർ തിരിച്ചുപോയി ആ നൂറ്റിഎട്ടിനെ തന്നെ കെട്ടി എന്നത് ചരിത്രം.

ഇതൊരു രാജേഷിന്റെ കഥ മാത്രമല്ല. ജീപ്പ് ഡ്രൈവർ രാജീവൻ ആയാലും, ചിട്ടി നടത്തുന്ന വേലായുധൻ ആയാലും പോലീസ് കോൺസ്റ്റബിൾ പപ്പൻ ആയാലും, പട്ടാളം പുരുഷു ആയാലും സ്ഥിതി ഇത് തന്നെ.

ഓരോ പെൺകുട്ടികളും അവരുടെ വീട്ടുകാരും ശ്വാസം അടക്കിപിടിച്ചു കാത്തിരിക്കും. എന്തെങ്കിലും അരുതാത്തതു മിണ്ടിപ്പോയാൽ ഈ പെണ്ണിനെ വിട്ട്, ചെക്കൻ അടുത്ത വീട്ടിൽ പെണ്ണുണ്ടോ എന്നന്വേഷിച്ചു, അവിടെ ചായ കുടിക്കാൻ കയറുന്നതു കാണേണ്ടിവരും എന്നത് തന്നെ കാരണം.
ഇനി വിവാഹം കഴിഞ്ഞാലും പെൺ വീട്ടുകാർ പെണ്ണിന്റേയോ ചെറുക്കന്റെയോ മേൽ യാതൊരു അവകാശവും ഇല്ലാത്തവർ.. ഒരു രണ്ടാം തരം പൗരൻമാർ! ചെറുക്കന്റെ അമ്മയോ, പെങ്ങന്മാരോ, മരുമക്കളോ ഒക്കെ കഴിഞ്ഞുള്ള ചെറിയ അവകാശമേ പിന്നീട് പെണ്ണിന്റെ വീട്ടുകാർക്ക് ഇവരുടെ മേൽ ഉണ്ടാവൂ.. പെൺ വീട്ടുകാർ എപ്പോഴും ഓച്ഛാനിച്ചു നിൽക്കണം. ഇല്ലെങ്കിൽ പെണ്ണ് വിവരമറിയും.

പിന്നെ എത്ര പഠിച്ച, ജോലിയുള്ള പെണ്ണാണെങ്കിലും അവളെ കാണുന്നത് വീട്ടുജോലികൾ ചെയ്യാൻ പണം കൊടുക്കേണ്ടാത്തയാൾ എന്ന രീതിയിൽ കൂടിയായിരുന്നു.

ഇതൊക്കെ ഇങ്ങനെയൊക്കെ ആകുന്നതിനു പ്രധാന കാരണം ഞങ്ങളുടെ നാട്ടിൽ അഞ്ചുപൈസ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നില്ല എന്നതും ആവാം.

എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. നാട്ടിൽ പെൺകുട്ടികളെ കിട്ടാനില്ല. സ്ത്രീധനം എന്നപേരിൽ കൊടുക്കുന്നും വാങ്ങുന്നും ഇല്ലെങ്കിലും അച്ഛൻ, അമ്മാവൻമാർ തുടങ്ങി ആരെങ്കിലും ഒരു ജന്മം മുഴുവൻ പ്രവാസിയായി പെണ്ണിന്റെ കുടുംബത്തിൽ ഉണ്ടെങ്കിൽ പെണ്ണിന് കുറഞ്ഞത് അഞ്ഞൂറ് പവൻ ഒക്കെ കൊടുക്കും. പെൺ വീട്ടുകാർ പലപ്പോഴും ചെക്കനേയും പെണ്ണിനേയും നിയന്ത്രിക്കുന്ന ശക്തികൾ ആയി മാറാനും തുടങ്ങി.

ആദ്യത്തെ കുട്ടി ആൺ കുട്ടിയാണെങ്കിൽ ഒരു കുട്ടിയിൽ നിർത്തിയ രക്ഷിതാക്കളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോൾ, നാട്ടിൽ പെണ്കുട്ടികൾക്ക് വല്ലാത്ത ക്ഷാമം! ഉള്ളവർ ആകട്ടെ, ഒക്കെ B- tech, അല്ലെങ്കിൽ MCA കഴിഞ്ഞവർ!
പത്താം ക്‌ളാസും ഗുസ്തിയും കഴിഞ്ഞു ഗൾഫിൽ പോയി അഞ്ചോ പത്തോ വർഷം കഴിഞ്ഞു പ്രാരബ്ധങ്ങൾ ഒഴിഞ്ഞു മുപ്പത്തൊന്നാം വയസ്സിൽ ഇനിയൊരു പെണ്ണ്കെട്ടിക്കളയാം എന്ന് കരുതി പെണ്ണുകാണാൻ ഇറങ്ങിയവരെ ബ്രോക്കർ കാണിച്ചത് 28 കഴിഞ്ഞ, ആരും കെട്ടാതെ ഒഴിഞ്ഞുപോയ ചിലരെയും!

31ലും 18 വയസ്സുകാരിയെകെട്ടിയ അമ്മാവന്റെ അനന്തിരവൻ സ്വപ്നം കണ്ടതും 18 വയസ്സുകാരിയെയായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം! കാലം മാറിയിരുന്നു. B - tech കാരിക്ക് കൂടെ പഠിച്ച പയ്യൻ മതി വരനായിട്ട്. അതല്ലെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ വയസ്സിനു മാത്രം മൂപ്പുള്ളവരെ.

പ്ലംബർ, ഡ്രൈവർ, കച്ചവടക്കാർ, തുടങ്ങിയവരൊക്കെ ചായകുടിച്ചു പുറത്തിറങ്ങി പെൺവീട്ടുകാർ പറയുന്ന "ഇപ്പൊ പെണ്ണിനെ അയക്കുന്നില്ല " എന്ന സ്ഥിരം പല്ലവിയും കേട്ട് വന്നപോലെ തിരിച്ചുപോയി.. പകരം പല പെൺവീട്ടുകാരും കാത്തിരുന്നത് ഗവെർമെന്റ് ജീവനക്കാരെ.. അഥവാ ചെക്കന് എന്തെങ്കിലും സംഭവിച്ചാലും ആ ജോലി, അല്ലെങ്കിൽ പെൻഷൻ, തന്റെ മകൾക്കു കിട്ടും എന്ന ഉറപ്പ് ആദ്യമേ ചോദിച്ചറിഞ്ഞവരും ഏറെ!

ഇപ്പോൾ കണ്ണൂർജില്ലയിൽ 30 കഴിഞ്ഞ, നാൽപ്പതു കഴിഞ്ഞ ചെറുപ്പക്കാർ പെണ്ണ് കിട്ടാതെ നട്ടംതിരിയുകയാണ്.. ഇതിനിടയിൽ ലോട്ടറി അടിച്ചപോലെയാണ് സർക്കാർ ജീവനക്കാരും ബാംഗ്ലൂർ അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലെ, അല്ലെങ്കിൽ സിംഗപ്പൂർ, അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലെ ടെക്കികളും. ആഗ്രഹിച്ച പെണ്ണിനെ അവർക്കു കിട്ടുന്നു. മറ്റുള്ളവർ നോക്കി നിൽക്കുന്നു. കൃഷിപ്പണി ചെയ്യുന്നവരുടെ കാര്യം ഇതിലേറെ കഷ്ടം.

പണ്ട് എല്ലാ പെൺകുട്ടികളും BA പാസ്സായവർ ആയിരുന്നു എങ്കിൽ ഇന്ന് എല്ലാവരും B tech കഴിഞ്ഞവർ. അപ്പോൾ പറക്കമുറ്റിയമുതൽ ഗള്ഫിലോ നാട്ടിലോ കഷ്ടപ്പെട്ടു വേണ്ടപ്പെട്ടവർക്കൊക്കെ ജീവിതമുണ്ടാക്കികൊടുത്ത ശേഷം തന്റെ ഭാവിയെപറ്റി ചിന്തിക്കാൻ തുടങ്ങിയവർ ഇനി എന്ത് ചെയ്യും? സ്വന്തം നാടിനെ സ്നേഹിച്ചു, മണ്ണിന്റെ മണമറിഞ്ഞു നാട്ടിൽ ജീവിച്ചവരോ ?
പലർക്കും അതിന് ഉത്തരമില്ല..

പെണ്ണിന് 18 ആവുന്നതു മുതൽ കല്ല്യാണആലോചനകൾ തുടങ്ങുന്ന അമ്മമാർ പലരും പെണ്മക്കളുടെ മക്കൾക്കു കല്ല്യാണാലോചന തുടങ്ങിയാലും സ്വന്തം മകനെ കല്ല്യാണം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്.. മറ്റൊരു വീട്ടിലെ പെണ്ണിനെ ഉൾക്കൊള്ളാനുള്ള വിശാലമനസ്കത പലർക്കും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

പിന്നെ, ചിലർ കാലങ്ങളോളം കറവപ്പശുക്കൾ ആയിരിക്കുമല്ലോ!

ഇപ്പോൾ ആൺമക്കളുടെ രക്ഷിതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടാവാം.

പക്ഷേ പെണ്മക്കളുടെ അച്ഛനമ്മമാർ മാറിപ്പോയി! പെൺകുട്ടികളും ഏറെ മാറി.

* ഈ എഴുതിയതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. മറ്റു സമുദായങ്ങളുടെ കാര്യം അറിയില്ല എങ്കിലും ഹിന്ദു സമുദായത്തിൽ ഏറെകുറെ ഇങ്ങനെയൊക്കെ ആണ് ഇപ്പോഴത്തെ അവസ്ഥകൾ. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

********************

  (ബാംഗ്ലൂർ ജാലകത്തിൽ ഓണപ്പതിപ്പിൽവന്ന ലേഖനം.)

7/19/16

ഋതുഭേദങ്ങൾ


                                                                                       കഥ: അനിത പ്രേംകുമാർ

ഒരിക്കൽ ചില കൊച്ചു വർത്തമാനങ്ങൾക്കിടയിൽ
ഭൂമി സൂര്യനോട് ചോദിച്ചു.


"എനിക്കെന്നാണ്
സ്വാതന്ത്ര്യം കിട്ടുക?
കുറെ നാളായില്ലേ ഞാനിങ്ങനെ നിന്നെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയിട്ട്! "

കേട്ടപ്പോ സൂര്യന് ദേഷ്യം വന്നു.. പൊതുവെ ചുമന്നു തുടുത്ത അദ്ദേഹത്തിന്റെ മുഖം കോപത്താൽ കറുത്തിരുളാൻ തുടങ്ങി..

ഭൂമിയിലെ ജനങ്ങളായ ജനങ്ങളൊക്കെ പിറുപിറുത്തു.
" എന്തൊരു കുമർച്ചയാണ്! ഈ സൂര്യനിതെന്തു പറ്റി? അദ്ദേഹത്തിന് പതിവുപോലെ ഒന്നു നിറഞ്ഞു പ്രകാശിച്ചാലെന്താ? അതല്ലെങ്കിൽ മഴ പെയ്യണം. അതും ഇല്ല.. നാശം!"

ഭൂമി വിടാൻ തയ്യാറായില്ല.
അവൾ പിന്നെയും പറഞ്ഞു.

" എന്റെ ചോദ്യത്തിന് ഉത്തരമൊന്നും പറഞ്ഞില്ല!"

സൂര്യന്റെ കണ്ണുകൾ കത്തി ജ്വലിച്ചു. ആകാശത്തു മിന്നൽ പിണറുകളായി അവ മാറി...എന്നിട്ടവൻ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു. (അത് നമുക്ക് ഇടിമുഴക്കങ്ങളും ആയി ...)

" ഞാൻ ചത്ത ശേഷം"

വൈധവ്യം സ്വാതന്ത്ര്യമോ?
ഭൂമി ഭയന്നു വിറയ്ക്കാൻ തുടങ്ങി.

കോപം അല്പമൊന്ന് തണുത്തപ്പോൾ സൂര്യൻ ഭൂമിയോട് ചോദിച്ചു.

" നിന്നോട് ഞാൻ പറഞ്ഞിരുന്നോ എന്നെ ഇങ്ങനെ നിർത്താതെ പ്രദക്ഷിണം വയ്ക്കാൻ?

"ഇല്ല "

"പിന്നെ?"

"അത്.. അത്, ഞാൻ പോലുമറിയാതെ എന്നോ തുടങ്ങിയാണ്"

"എന്തിന് ? സ്വയം ഒന്ന് ആലോചിച്ചു നോക്കൂ"

അല്പമൊന്നു ആലോചിച്ച ശേഷം ഭൂമി പറഞ്ഞു.

"എന്നിൽ ഋതുക്കൾ ഉണ്ടാവാൻ"

"പിന്നെ?"

"പിന്നെ, എന്നിൽ ജീവൻ നില നിർത്താൻ"

"പിന്നെ?"

" പിന്നെ, എന്റെ പ്രണയം നിന്നോട് മാത്രമായിരുന്നു"

" ശരി...ഇതിൽ എനിക്കെന്താണ് ചെയ്യാൻ കഴിയുക?"

അതു കേട്ടപ്പോൾ ഭൂമി സ്തബ്ധയായിപ്പോയി..

ശരിയാണല്ലോ! താൻ ഇത്രനാളും അവനുവേണ്ടിയാണ് ചെയ്യുന്നത് എന്നുകരുതിയതൊക്കെ തനിക്കു വേണ്ടി തന്നെയാണ് ചെയ്തിരുന്നത് എന്നോർത്തപ്പോൾ, അതിനു അവനെ കുറ്റപ്പെടുത്തിയതോർത്തപ്പോൾ, അവൾക്കു സങ്കടം തോന്നി..

അവൾ സൂര്യനോട് ക്ഷമ ചോദിച്ചു.

അവളുടെ സങ്കടം കണ്ടപ്പോൾ, അവൾക്കു തന്നോടുള്ള പ്രണയമോർത്തപ്പോൾ സൂര്യന്റെ കണ്ണു നിറഞ്ഞു..കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി..
അതു മുഴുവനും മഴയായി ഭൂമിയിൽ വന്നു പതിച്ചു..

ഭൂമി ഹർഷ പുളകിതയായി, നമ്ര ശിരസ്കയായി.

അപ്പോൾ സൂര്യൻ കളിയായി അവളുടെ കാതുകളിൽ മന്ദ്രിച്ചു..

" നിന്നെ ആ ചന്ദ്രൻ പ്രണയ പരവശനായി പ്രദക്ഷിണം വയ്ക്കുന്നത് ഞാൻ കാണാറുണ്ട്ട്ടോ.നിനക്ക് അവനോട് പ്രണയം തോന്നിയിട്ടില്ലേ?"

നാണത്താൽ കുതിർന്ന മുഖത്തോടെ അവൾ മൊഴിഞ്ഞു.

"എന്റെ പ്രണയം അന്നും ഇന്നും നിന്നോട് മാത്രം.. എന്നെ അറിഞ്ഞത് നീ ഒരാൾ മാത്രം"

പിന്നെ അവർ വീണ്ടും ഒന്നായി...
ജീവന്റെ പുതിയനാമ്പുകൾ അവളുടെ ഉദരത്തിൽ അങ്കുരിച്ചു..
നിങ്ങളും അറിഞ്ഞില്ലേ, ഭൂമീദേവി വീണ്ടും പുഷ്പിണിയാവാൻ തയ്യാറെടുക്കുന്നതു?

***********************

1/8/16

ഭൂമിയുടെ അവകാശികൾ


പാമ്പ് നമ്മെ കടിക്കാതിരിക്കാൻ
തിരിഞ്ഞു നിന്ന് കടിക്കുമോ നമ്മൾ ?

ഓന്നുകിലൊഴിവാക്കി തിരിഞ്ഞു നടക്കും
അല്ലെങ്കിൽ വടിയാലടിച്ചു കൊല്ലും

പാമ്പിനെ പാമ്പിന്റെ വഴിക്ക് വിടുക
വിഷദന്തം നമുക്കില്ലവയ്ക്കുണ്ട്

തിരിഞ്ഞു കടിച്ചിട്ട് കാര്യമില്ല
തിരിച്ചു കിട്ടാത്ത ജീവനല്ലേ ?

ജീവിതയാത്രയിലുടനീളം കാണാം
വിഷമുള്ള കരിമൂർഖനണലികളെ

അടിച്ചുകൊല്ലാനെളുപ്പമാണ്
വേണ്ട, അവരുമീ ഭൂമിക്കവകാശികൾ

---------------------------------
അനിത പ്രേംകുമാർ

നീയേത്, ഞാനേത്


ഫ്രിഡ്ജിൽ നിന്നും
പുറത്തു ചാടിയ
രണ്ടയിസ്‌
കഷണങ്ങൾ

പൊട്ടിച്ചിരിച്ചു
കെട്ടി മറഞ്ഞു
തുള്ളിക്കളിച്ചു
ചിരിച്ചു രസിച്ചു

പിന്നവർ പരസ്പര
മലിഞ്ഞു ചേര്ന്നു
ഒരിത്തിരി വെള്ളം
ബാക്കിയുമായി

വെള്ളമായ് മാറിയോർ
പരസ്പരം ചോദിച്ചു
ഇതിൽ നീയേത്?
ഞാനേത്?

കണ്ടെത്തിയ ഉത്തരം

ഇനി നീയില്ല,
ഞാനില്ല,
നമ്മൾ മാത്രം!

*******************
അനിത പ്രേംകുമാർ

സമൂഹം



സമൂഹം 


ഒരല്പം
ബുദ്ധിയില്ലായ്മ
പെണ്ണിനൊരു
അലങ്കാരമാണ്

ഒരല്പം
ബുദ്ധി കൂടുതല്‍
ആണിനും
അലങ്കാരം

എങ്ങാനുമിതൊന്നു
തിരിഞ്ഞു പോയാല്‍
രണ്ടാളും നന്നായി
അഭിനയിക്കണം

പെണ്ണോ, ബുദ്ധി
കുറവെന്നും,

ആണോ, അത്
കൂടുതലെന്നും

*****************

കവിത: അനിത പ്രേംകുമാര്‍

കണ്ണാടി


എന്നും പരസ്പരം
കാണുന്നു ഞങ്ങൾ
കാണുമ്പോഴൊക്കെ
ചിരിക്കുന്നു ഞാനും

വശ്യമായ്, സ്നേഹമായ്
പുഞ്ചിരിക്കും പിന്നെ
കോപ്രായമോരോന്നു
കാട്ടുമവളെ

നീയെത്ര സുന്ദരി
എന്നൊരു വാക്കിനാൽ
ഉള്ളം കുളിർപ്പിക്കു
മെന്നാശ വച്ചു ഞാൻ

അന്നും പറഞ്ഞില്ല
ഇന്നും പറഞ്ഞില്ല
എന്മുഖം ചന്തമെ
ന്നോതിയില്ല!

എന്നിട്ടുമിന്നും ഞാൻ
നിത്യവും ചെല്ലുന്നു
ഏങ്ങാനുമവളത്
ചൊന്നെങ്കിലൊ!

മാനസാന്തരം വന്നു
മാറിയാലോ, അവൾ!
മനസ്താപമെങ്ങാനും
മാറ്റിയാലോ !

******************

സ്ത്രീ




സ്ത്രീ
---------
അവൾക്ക്
അണിയറ 
മതിയായിരുന്നു

അരങ്ങത്തേയ്‌ക്കവളെ
പിടിച്ചിട്ടപ്പോഴും
സ്വയമേവ
വന്നണഞ്ഞപ്പോഴും
പാടുപെടുകയായിരുന്നവൾ
അന്നും, ഇന്നും.

അണിയറയിൽ
നിങ്ങളെയൊരുക്കി
സംഭാഷണങ്ങൾ
പഠിപ്പിച്ചു
അരങ്ങിൽനിങ്ങൾക്ക്
തെറ്റുമ്പോൾ
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത്
എന്ന് പറഞ്ഞു നിങ്ങളെ
വിജയത്തിലേറ്റുക

അതായിരുന്നെവളുടെ
ജീവിത ലക്ഷ്യം.

ഇന്ന് ,
അരങ്ങിൽ
നിറഞ്ഞാടുന്നു
എന്ന് മറ്റുള്ളോർക്ക്
തോന്നുമ്പോഴും

നഷ്ടപ്പെട്ട
അണിയറയുടെ
സ്വകാര്യത തേടുന്നു,
അവളും,
അവളുടെ ചിന്തകളും
പിന്നക്ഷരങ്ങളും

നിയോഗം
അവിടെയായിരുന്നു
അരങ്ങത്തായിരുന്നില്ല

തളരുന്നവൾ
എന്നിട്ടും
തുടരുന്നവൾ

അണിയറ ജോലിക്ക്
കൂലിയില്ല!
അത് ചെയ്യുന്ന പെണ്ണിന്
പേരുമില്ല!
-----------------------------
അനിത പ്രേംകുമാർ

ചില മുത്തശ്ശിക്കഥകൾ


രാവിലെ എഴുന്നേറ്റാൽ പെണ്‍കുട്ടികൾ വീടും മുറ്റവും ഒക്കെ അടിച്ചു വാരി വൃത്തിയാക്കണം എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"എന്താ മുത്തശ്ശീ ഏട്ടൻ അടിച്ചു വാരിയാൽ?"
അതൊക്കെ പെണ്‍കുട്ട്യോൾ ചെയ്യേണ്ട പണിയല്ലേ?
അതെന്താ ആണ്കുട്ട്യോൾ ചെയ്‌താൽ?
മോളെ, അടിച്ചു വാരി ക്കഴിഞ്ഞു മുറ്റത്തോട്ടൊന്നു നോക്ക്യേ. എന്നിട്ട് മനസ്സിലൊട്ടും.
മുറ്റം വൃത്തിയായ പോലെ മനസ്സും വൃത്തിയായതു കാണാം. ദുഷ്ചിന്തകളൊക്കെ ഒഴിഞ്ഞു പോകും.
അപ്പോ ഏട്ടന്റെ മനസ്സ് അങ്ങനെ വൃത്തിയാവണ്ടേ മുത്തശ്ശി?
ആങ്കുട്ട്യോള് എപ്പോം ഫ്രഷ്‌ ആയിരിക്കും. അവര് കേട്ട കാര്യോ, കണ്ട കാര്യോം ഒന്നും നമ്മളെ പ്പോലെ ഏതു നേരവും മനസ്സിലിട്ടു നടക്കൂല. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അപ്പപ്പോ മറക്കും.
എന്നാൽ, അല്പം വലുതാണ്‌ എങ്കിലോ , മരണം വരെ കൊണ്ട് നടക്കുകയും ചെയ്യും. അതിനു ഈ ചൂല് കൊണ്ടൊന്നും ഒന്നും ചെയ്യാനും പറ്റില്ല.
ആണോ?
എന്തായാലും ഇത് പണ്ടത്തെ കാര്യം.
ഇപ്പോഴത്തെ ആണ്‍കുട്ടികൾ പെണ്‍കുട്ടികളെപ്പോലെ തന്നെ യായിട്ടുണ്ടോ സ്വഭാവം എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കും ബാധകം.
പിന്നെ, പെണ്‍കുട്ടികൾ ഇന്ന് ആണ്‍കുട്ടികളെക്കാൾ നന്നായി പുറത്തു ജോലി ചെയ്തുകൂടി തുടങ്ങിയപ്പോ ഇതിനൊക്കെ അവര്ക്കും നേരമില്ലാതായി.
ഞാനെന്തായാലും ഇറയവും മുറ്റവും ഒക്കെ ഒന്ന് തൂത്തുവാരി വൃത്തിയാക്കട്ടെ...
ഇന്നലെ പെയ്ത മഴയ്ക്കും കാറ്റിലും പെട്ട് മുറ്റം നിറയെ കരിയിലകളാന്നെ..
**************************

കല്ല്യാണക്കടങ്ങള്‍





എനിക്ക് നേരിട്ടറിയുന്ന ഒരു പെണ്‍കുട്ടി.
അവളോടു അവളുടെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, അവള്‍‍ അച്ഛന്റെ രാജകുമാരി ആണ് എന്ന്. എന്നിട്ടും തിരിച്ചടക്കാന്‍ പറ്റും എന്ന രീതിയിലുള്ള കടങ്ങള്‍ എടുത്തു പൂര്‍ത്തിയാക്കി ക്കൊണ്ടിരുന്ന വീടിന്റെ പണി കഴിയുന്നതിനു മുന്നേ കല്ല്യാണം ഉറച്ചപ്പോള്‍ ആകെ അങ്കലാപ്പായി.
അന്ന് 22 വയസ്സുണ്ടായിരുന്ന അവള്‍‍ അച്ഛനോട് പറഞ്ഞത്, എനിക്ക് സ്വര്‍ണ്ണം ഒന്നും വേണ്ട, അച്ഛന്‍ അതിനു വേണ്ടി ഇനി കടമെടുക്കണ്ട എന്ന്. സത്യത്തില്‍ അന്നൊന്നും അവള്‍ ‍ അറിഞ്ഞിരുന്നില്ല, ശ്രദ്ധിച്ചിരുന്നില്ല, എല്ലാ പെണ്‍കുട്ടികളും പൊന്നില്‍ മുങ്ങിയാണ് കല്ല്യാണം കഴിക്കുക, ഇല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും അത് ബോറാകും എന്ന്. അവളുടെ അമ്മയൊട്ട് പറഞ്ഞുമില്ല.
ഇനി അറിഞ്ഞിരുന്നെങ്കിലോ, തല്‍ക്കാലം കല്ല്യാണം വേണ്ടെന്നു വയ്ക്കുമായിരുന്നു.
അതുകൊണ്ട് തന്നെ പേരിനു സ്വര്‍ണ്ണവും അണിഞ്ഞു മുഖം നിറയെ ചിരിയുമായി കല്ല്യാണം നടന്നു... പിന്നീട് അതില്‍ അവള്‍ക്കു ഇത്തിരി വിഷമം തോന്നിയത്രെ... (അവളുടെ ഭര്‍ത്താവിനു അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. പക്ഷെ ആര്‍ക്കെങ്കിലും ഒക്കെ വിഷമമായിട്ടുണ്ടാകും എന്നോര്‍ത്ത്..)
എന്തായാലും ഏതൊരാവശ്യത്തിനും അവർ ഇപ്പോഴും എപ്പോഴും കൂടെയുണ്ട്.
മാതാപിതാക്കള്‍ തങ്ങളുടെ കഴിവിനനുസരിച്ച് മാത്രം സ്വര്‍ണ്ണം കൊടുത്തിരുന്ന രീതിയൊക്കെ ഇപ്പോള്‍ മാറി
ഇന്നത്തെ നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് മിക്കവാറും എല്ലാ ആളുകളും മക്കളുടെ കല്യാണത്തിന് തന്നെ കൊണ്ട് കഴിയുന്നത് മുഴുവന്‍ ഉണ്ടാക്കിയാലും , അത് പകുതിയേ ആകുന്നുള്ളൂ....ബാക്കി പകുതി അവര്‍ ലോണ്‍ എടുത്തും ഉണ്ടാക്കുന്നു... എന്നിട്ട് ആ കടം വീട്ടാന്‍ ബാക്കിയുള്ള ജീവിതകാലം മുഴുവനും കഴുതയെക്കാള്‍ കഷ്ടപ്പെടുന്നു.
സ്ത്രീധനം പേരിനു പോലും ഇല്ലാത്ത, ചോദിക്കുകയോ, പറയുകയോ ചെയ്യാത്ത ഞങ്ങളുടെ കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പൊന്നില്‍ പൊതിഞ്ഞാണ് പെണ്‍കുട്ടികള്‍ കല്യാണ പന്തലില്‍ എത്തുന്നത്. അരക്കിലോ, ഒരുകിലോ , ഒന്നരക്കിലോഎന്ന രീതിയില്‍ ആണത്രേ കണക്ക്. ശരീരത്തില്‍ കൊള്ളാഞ്ഞത് പെട്ടിയില്‍ ആക്കിയാണ് കൊണ്ടുപോയത് എന്ന രീതിയിലും പറയുന്നത് കേട്ടു.
നാട്ടുകാരെ കാണിക്കുക, അല്ലെങ്കില്‍ കേള്‍പ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
ഇതിനു മുന്നില്‍ ഉണ്ടാവുക പൊങ്ങച്ചം മുഖ മുദ്രയാക്കിയ സ്ത്രീകളായിരിക്കും.
പിന്നില്‍, ഗള്‍ഫില്‍, അല്ലെങ്കില്‍ അന്യ നാട്ടില്‍ കിടന്നു കഷ്ടപ്പെടുന്ന അച്ഛന്‍, അമ്മാവന്‍ തുടങ്ങിയ പുരുഷന്മാരും . അവര്‍ക്ക് വോയിസ്‌ ഇല്ല, സ്നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി അവര്‍ നിശ്ശബ്ദരായി നില്‍ക്കുന്നു .അതിന്‍റെ ബാക്കി പത്രമായി പലരും തിരിച്ചുവരാന്‍ ഒരിക്കലും കഴിയാതെ ഗള്‍ഫില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ രവിപിള്ള തന്‍റെ മകള്‍ക്ക് കൊടുക്കുന്ന വജ്രാഭരണത്തില്‍ തൃപ്തി പോരാഞ്ഞിട്ട് ലോണിനു അപ്ലൈ ചെയ്തതായി ആരും പറഞ്ഞു കേട്ടില്ല. അതിന്‍റെ പേരില്‍ അദേഹത്തിന്റെ ഇനിയുള്ള ജീവിതം കഴുതയെ പ്പോലെ പണിയെടുക്കേണ്ടിയും വരുന്നില്ല. പിന്നെ എന്താണ് നമ്മുടെ പ്രശ്നം?
രാജാവിന്‍റെ മകള്‍ രാജകുമാരി തന്നെയാണല്ലോ!i

പ്രസവിക്കാൻ പെണ്ണിനെ കഴിയൂ


ഒരിക്കൽ ഒരു രാജാവ് തന്റെ സ്നേഹിതനോടൊപ്പം ചതുരംഗം (ഇന്നത്തെ ചെസ്സ്‌ ) കളിക്കുകയായിരുന്നു.
അകത്ത് തന്റെ കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം പുറത്തെകളിയും വീക്ഷിച്ചിരുന്ന ഭാര്യ പെട്ടെന്നാണ് ആ സത്യം മനസ്സിലാക്കിയത്.
അതെ, കളിയിൽ തന്റെ പ്രിയപ്പെട്ടവൻ തോൽക്കാൻ തയ്യാറായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ചതുരംഗപ്പടയിലെ രാജാവിനെ മറുപക്ഷം ഇനി നീങ്ങാൻ പറ്റാത്ത വിധം കുടുക്കിയിരിക്കുന്നു. ഇനി തോൽവി സമ്മതിക്കുകയല്ലാതെ വേറെ മാർഗമില്ല. ആകെ തകർന്നിരിക്കുകയാണ് അദ്ദേഹം.
അപ്പോഴാണ്‌ മഹാറാണി മറ്റൊരു കാര്യം കണ്ടുപിടിച്ചത്. മഹാരാജാവ് ശ്രദ്ധിക്കാതിരുന്ന ഒരു ചെറിയ, എന്നാൽ വലിയ ഒരു കാര്യം. എന്താണ് എന്നല്ലേ?
വെറുമൊരു കാലാളിനെ നീക്കിയാൽ രാജാവിന് ഈ പ്രതിസന്ധിയിൽ നിന്നും കരകയാറാം. കളി വീണ്ടും തുടരാം. ഒരു പക്ഷേ കളിയിൽ പിന്നീട് വിജയം വരിക്കാം.
പക്ഷെ, കളിയിൽ പങ്കെടുക്കാത്ത താൻ എങ്ങനെ അത് പറയും? അതിനും അവർ ഒരു സൂത്രം കണ്ടുപിടിച്ചു.
കുഞ്ഞിനെ താരാട്ട് പാടിക്കൊണ്ടിരുന്ന അവർ അതിലെ വരികൾ ഒന്ന് മാറ്റിപ്പിടിച്ചു. എന്നിട്ട് ഈണത്തിൽ ഇങ്ങനെ പാടി.
" ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്തുന്ത്
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത് "
അവർ പാടിയത് സ്നേഹിതൻ ശ്രദ്ധിച്ചില്ലെങ്കിലും രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം കാലാളിനെ നീക്കുകയും കളിയിൽ അവസാനം വിജയം കൈ വരിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ ഇതാണ് പത്നീ ധർമ്മം. അവൾ എപ്പോഴും അരങ്ങത്ത് ഉണ്ടാവണം എന്നില്ല. എങ്കിലും അയാളുടെ വിജയങ്ങൾക്ക് പിന്നിൽ അവർ ഉണ്ടാവാം. ഒരുപക്ഷേ ലോകത്തോട് അതാരും വിളിച്ചു പറയാത്തതുകൊണ്ട് അവർ എവിടെയും അറിയപ്പെടുന്നുണ്ടാവില്ല എന്ന് മാത്രം.
എന്ന് മുതലായിരിക്കും സ്ത്രീകൾ വീട്ടുജോലികൾക്ക് പുറമേ പുറത്തും ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവുക? അവന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോഴാകാം.
അല്ലെങ്കിൽ അവനോളമോ, അതിലേറെയോ വിദ്യാഭ്യാസം നേടിയപ്പോൾ ആ വിദ്യ പാഴായിപ്പോകാതിരിക്കാൻ ആവാം.
കാരണം എന്ത് തന്നെ ആയാലും ആണിനോനോടൊപ്പം തന്നെ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ കുറച്ചുകൂടി ആത്മാഭിമാനം ഉള്ളവളായി എന്നത് സമ്മതിക്കാതെ വയ്യ. അതിനു കാരണം കൈയ്യിൽ പണം വരുന്നു, തന്റെ വാക്കുകൾക്കു മറ്റുള്ളവർ വില കല്പ്പിക്കുന്നു എന്നതും ആവാം.
അപ്പോഴും വീട്ടുജോലികൾ മുഴുവനും, കൂടെ കുഞ്ഞുങ്ങളെ പ്രസവിക്കൽ, നന്നായിവളർത്തൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അവൾ പരാതികൾ പറഞ്ഞും പറയാതെയും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!
അപ്പോഴും നമ്മൾ പറഞ്ഞുകൊണ്ടിരുന്നു. "അവൾ പെണ്ണല്ലേ അവളെ ഇതിനൊന്നും കൊള്ളില്ല. ഇതൊക്കെ പുരുഷന്മാര്ക്ക് മാത്രം പറഞ്ഞിട്ടുള്ള ജോലികൾ ആണ്. അവൾ വീടും കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി " എന്ന്.
അവൾ അതിനും തയ്യാറായിരുന്നു. വീട്ടു ജോലികൾ, കുഞ്ഞുങ്ങളെ പ്രസവിക്കലും വളർത്തലും, ഒക്കെ പുരുഷൻ ചെയ്യുന്ന, വരുമാനം ഉണ്ടാക്കുന്നജോലികൾ പോലെ തന്നെ മികച്ച ജോലികൾ ആയി സമൂഹം അംഗീകരിച്ചിരുന്നു എങ്കിൽ.
ചെയ്യുന്ന ജോലി വരുമാനം ഇല്ലാത്തതായത്കൊണ്ട്, അവൾ കൈനീട്ടാതെ തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അവൾക്കു പകുത്തു കൊടുത്തിരുന്നു എങ്കിൽ.
ഇതൊന്നും നടക്കാത്തതുകൊണ്ടുതന്നെ, അണിയറയിൽ മാത്രമല്ല, അരങ്ങത്തും അവൾ ഉണ്ടാവും.
*******************************
അനിത പ്രേംകുമാർ

പെരുമഴക്കാലം





പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

 
കാറ്റിലുലയുന്ന
വന്മരച്ചില്ലയില്‍
തുള്ളിക്കൊരുകുടം
പെയ്യുന്ന മഴയിലും
കൊക്കോടു കൊക്കുരുമ്മി
മെയ്യോടു മെയ്ചേര്‍ത്ത്
പ്രണയമഴ നനയുമ്പോള്‍,

അധികം നനയണ്ട
തണുപ്പ് പിടിച്ചിടും
എന്ന് നീ പറയുമ്പോഴും
നനയാതിരിക്കുന്നതെങ്ങനെ?

പുതുമഴനനയാന്‍
നീയെന്നെ വിട്ടില്ല

പ്രണയം തോരാതെ
പെയ്യുന്ന മഴയെന്ന്,
അതിലൊന്നു നനയുക
സുഖമെന്ന്
പുതുമഴ വന്നപ്പോ
ളറിഞ്ഞില്ല നീ,

വാക്കാലെ ചൊന്നതു
കേട്ടില്ലനീ.

ചുറ്റും തിമര്‍ത്തു
പെയ്യുന്ന മഴയില്‍
ആലിപ്പഴങ്ങള്‍
പൊഴിയുന്ന മഴയില്‍
നമുക്ക് നമ്മെ
മറന്നൊന്നു പാടാം
കയ്യോടു കൈ ചേര്‍ത്ത്
നൃത്തവുമാടാം

പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

അത് തോര്‍ന്നെന്നാല്‍
നമ്മളും തീര്‍ന്നിടൂലെ!

***********************


അനിത പ്രേംകുമാര്‍