5/13/18

അപ്രിയ സത്യം

അപ്രിയ സത്യം
----------------------
മകന് പെണ്ണ് നോക്കുന്നു
നോക്കട്ടെ, അതിനെന്താ!
അല്ലാ, അഥവാ കല്യാണം
ശരിയായായാലോ?
ആവട്ടെ, അതിനെന്താ?
അവനൊരു ചുക്കും
അറിയില്ല!
അതൊക്കെ അവൻ
പഠിച്ചോളും.
എന്നാലും എനിക്കൊരു
ബേജാറ്.
നീ പോയി ചോറെടുത്തു വച്ചേ,
അവളുടെ ഒരു ബേജാറ്!
ഊണയാൾ ഒന്നു
രുചിച്ചുനോക്കി.
ഉം..
നീയും വയ്ക്കും
മീനിട്ടൊരു കറി!
കണ്ണുതുടച്ചവൾ
വീണ്ടും മൊഴിഞ്ഞു
ഇതുപോലും വയ്ക്കാൻ
അറിയില്ലവന്.
കെട്ടുന്ന പെണ്ണവനെ
വിട്ടിട്ടുപോകും!
പെണ്ണിനും പഠിപ്പും
ജോലിയുമുണ്ടാം!
കാലം മാറി..
നമ്മളും മാറണ്ടേ?
ചോറ് കുഴച്ചയാൾ
മുഴുവനും ഉണ്ടു.
അവൾക്കിന്നുമോഫീസിൽ
OT ആയിരുന്നു !
****
- അനിത പ്രേംകുമാർ -

5/7/18

ആത്മഹത്യയ്ക്ക് മുന്നേ...

ആദ്യം അവനവനെ സ്നേഹിക്കാന്‍, അംഗീകരിക്കാന്‍ പഠിക്കുക. അത് സ്വാര്‍ത്ഥതയല്ല..
-------------------------------------------------------------------
ആത്മഹത്യയെ പറ്റി ഇപ്പോള്‍ പോസ്റ്റ്‌ ഇടുന്നു, അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല, തുടങ്ങിയ രീതിയിലുള്ള കുറെ എഴുത്തുകള്‍ കണ്ടു.
ശരിയാണ്.. ജിനേഷ് മടപ്പള്ളിയെ നിങ്ങളില്‍ പലരെയും പോലെ ഞാനും ഇപ്പോള്‍ ആണ് അറിഞ്ഞത്. അറിഞ്ഞാലും നമ്മള്‍ എന്തെങ്കിലും ചെയ്തിരിക്കുമോ? സാധ്യതയില്ല താനും...
എങ്കിലും അതിനൊക്കെ മുന്പ് 2016 ജനുവരി 20 നു എനിക്ക് വന്ന ഒരു fb സുഹൃത്തിന്റെ msg ഇൽ അദ്ദേഹം എന്നോടു ചോദിച്ചു, അനിതേച്ചിക്ക് ഇന്ന ആളെ അറിയുമോ എന്ന്. ആ ആള്‍ അനിതേച്ചിയുടെ വലിയ ഫാന്‍ ആണെന്ന്. കൂടെ ആ ആള്‍ ഞാന്‍ കാരണം ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് കാണിക്കുന്ന msg കളുടെ സ്ക്രീന്‍ ഷോട്ട് കളും..
നോക്കിയപ്പോള്‍ എനിക്ക് ആളെ അറിയില്ല. എന്നോടു സംസാരിച്ചു ഒരാള്‍ പോസിറ്റീവ് ആയി തിങ്ക്‌ ചെയ്യാനും ജീവിക്കാനും തുടങ്ങി എന്ന് കേട്ടപ്പോള്‍ ഇന്‍ബോക്സില്‍ ആ ആളുടെ പേര് അടിച്ചു നോക്കി .‍
ഞാന്‍ എന്താവാം, അയാളോട് പറഞ്ഞിട്ടുണ്ടാവുക?
നോക്കിയപ്പോള്‍ എടുത്തു പറയാന്‍ മാത്രം ഒന്നും പറഞ്ഞിട്ടില്ല. സുഹൃത്തല്ലാത്ത ഒരാള്‍ വന്നു അയാളുടെ ചില വലിയ ( ചെറിയ) പ്രശ്നങ്ങള്‍ ഇന്‍ബോക്സില്‍ പറഞ്ഞു..
ഞാന്‍ എന്‍റെ പോസ്റ്കളില്‍ കാണുന്ന സ്ഥിരം ശൈലിയില്‍ കുറഞ്ഞ വാക്കുകളില്‍ മറുപടിയും കൊടുത്തു. ആള്‍ ആരെന്നോ പേരെന്ത് എന്നോ ഒന്നും നോക്കിയിരുന്നില്ല. എന്തിന്, ഫ്രണ്ട് ലിസ്റ്റില്‍ പോലുമുള്ള ആള്‍ ആയിരുന്നില്ല.
ഏറെ അടുപ്പമുള്ള FB സുഹൃത്തില്‍ നിന്നും ഈ വിവരം കേട്ടപ്പോള്‍ സന്തോഷം കൊണ്ടു ഞാന്‍ വല്ലാതായി.. മനസ്സ് നിറഞ്ഞ ഒരു അവസ്ഥ. കുറെ നാള്‍ അതിന്‍റെ ഹാങ്ങ്‌ ഓവറില്‍ FB യില്‍ എഴുതാന്‍ പോലും തോന്നിയില്ല.
( ആ ആൾ വളരെ നന്നായി ജീവിക്കുന്നുവത്രേ ഇപ്പോഴും ..)
ഒരാളെ--- ഒരാളെ എങ്കിലും നമുക്ക് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പറ്റി എന്ന് പറഞ്ഞാല്‍ അതൊരു ജന്മ പുണ്യമായി തന്നെ കാണുന്നു ഞാന്‍..
മറ്റൊരാളുടെ പ്രശ്നത്തിന് ഒരു അഞ്ചു മിനിറ്റ് ചെവിയോര്‍ക്കാന്‍ നിങ്ങള്‍ക്കുമായാല്‍ ഒരു പക്ഷെ... നിങ്ങള്‍ക്കും...
( ഈ പോസ്റ്റില്‍ കാണുന്ന സ്ക്രീന്‍ ഷോട്ട് ഇവിടെ ഇട്ടതു ഒരു msg പകര്‍ന്നു കൊടുക്കാന്‍ വേണ്ടി മാത്രമാണ്. ആ FBസുഹൃത്ത്‌ എന്നോടു ക്ഷമിക്കും എന്ന വിശ്വാസത്തോടെ... )

- അനിത പ്രേംകുമാര്‍-



5/6/18

എന്തിനാണ് കവികൾ ആത്മഹത്യ ചെയ്യുന്നത് ? 🤔

എന്തിനാണ് കവികൾ ആത്മഹത്യ ചെയ്യുന്നത് ? 🤔


ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിൽ ഞാനും ആത്മഹത്യയെപ്പറ്റി മാസങ്ങളോളം (അതോ വർഷമോ !) ചിന്തിച്ചിരുന്നു.
എടുത്തു പറയാൻ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല.. അഥവാ തോന്നിയ കാരണങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പറ്റുന്നതായിരുന്നില്ല.
സ്വയം അപമാനിക്കപ്പെട്ടവൾ ആയി നിരന്തരം തോന്നി...
സ്നേഹം, പരിഗണന, അംഗീകാരം, ആദരവ് ഒക്കെ നഷ്ടപ്പെട്ടു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലിയെടുക്കാൻ വിധിക്കപ്പെട്ട വെറുമൊരു ശരീരം മാത്രമായി തോന്നി..
(ഒക്കെ എന്റെ തോന്നലുകൾ മാത്രം.. ആരും കാരണക്കാർ അല്ല )
ഒരു തിരിച്ചുപോക്ക് അസാധ്യമായതിനാൽ കണ്ടെത്തിയ പോംവഴി ആത്മഹത്യ ആയിരുന്നു..
തൂങ്ങി മരണമാണ് തിരഞ്ഞെടുത്തത്.. ഉള്ളതിൽ മനോഹരമായ മരണം അതാവും എന്ന് തോന്നി.
ഏറെ ഇഷ്ടപ്പെട്ട ആ പച്ച കോട്ടൺ സാരിയും തിരഞ്ഞെടുത്തു..
അപ്പോഴാണ് ദൈവം കവിതകൾ തന്നത്..
ആത്മഹത്യാ മുനമ്പിൽ നിന്നും കവിതകളുടെ കൈപിടിച്ചു തിരികെ ജീവിതത്തിലേക്ക് വന്നു.
സ്വന്തം സന്തോഷം സ്വയം സൃഷ്ടിക്കാൻ പഠിച്ചു.
ചുറ്റുമുള്ള ഒരാളെയും ആശ്രയിക്കാതെ... ഇന്നും അത് തുടരുന്നു...
ആത്മഹത്യയിൽ നിന്നും ഒരാളെ രക്ഷിക്കാൻ കവിതകൾക്കാവുമെങ്കിൽ എന്തിനാണ് കവികൾ ആത്മഹത്യചെയ്യുന്നത് ! 🤔
എല്ലാവരും ഒരുപോലെയല്ലല്ലോ , അല്ലെ !
- അനിത പ്രേംകുമാർ -