1/29/18

കൂട്ടികെട്ടിയ ജാതകം

ഏട്ടാ, ഒന്ന് അമ്മയോട് ചോദിച്ചു നോക്കൂ, തന്നെങ്കില്‍ ഒന്ന് വിശദമായി നോക്കിക്കാമായിരുന്നു.

അയാള്‍ക്ക്‌ ജോലി ഒന്ന് മാറണം എന്നുണ്ട്.  ആ കമ്പനി യും അവിടുത്തെ ആളുകളും ഒക്കെ സ്വന്തം പോലെയായി. പത്തിരുപതു വര്‍ഷമായി ഇതേ കമ്പനിയില്‍ ആണ്. എന്നാലും ശമ്പളം മാത്രം ഉയരുന്നില്ല.മൂന്നു പെണ്മക്കളില്‍ രണ്ടാളുടെ വിവാഹം നടത്തി. മൂന്നാമത്തെയാള്‍ ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു.

 വിവാഹങ്ങള്‍ നടത്തിയ കടങ്ങള്‍  ഇനിയും തീര്‍ന്നിട്ടില്ല. മാത്രമല്ല അവരുടെ പ്രസവ ചിലവുകളും മറ്റുമായി മാസാ മാസം പണത്തിനുള്ള ഞെരുക്കം
കൂടിക്കൊണ്ടിരിക്കുന്നു. ഇനി മൂന്നാമത്തെ ആളുടെ കല്ല്യാണം എങ്ങനെ നടത്തും?


അതുകൊണ്ടാണ് അയാള്‍ക്ക്‌ നല്ല ശമ്പളമുള്ള മറ്റൊരു  ജോലി ഒരു സുഹൃത്ത്‌ വഴി ശരിയായപ്പോള്‍ പോകാം എന്ന് തോന്നിയത്. പക്ഷെ, അത് മാറുന്നതിനു മുമ്പേ ജാതകം ഒന്ന് നോക്കിക്കണം എന്നൊരാഗ്രഹം. ഇനി ജോലി മാറിയിട്ട് ഉള്ള മനസ്സമാധാനവും പോയാലോ?  കല്യാണത്തിന് ശേഷം ജാതകം  കണ്ടിട്ടില്ല. അത് അമ്മയുടെ കൈയ്യില്‍ ആണ്. ഒന്ന് രണ്ടു പ്രാവശ്യം ഒന്ന് കണ്ടോട്ടെ, എന്ന് ചോദിച്ചിട്ടും കാണിച്ചില്ല.

ഇപ്രാവശ്യം എന്തായാലും അത് വാങ്ങിയിട്ടേ വരാവൂ, എന്നാണു ഭാര്യ പറഞ്ഞത്. അമ്മയോട് ചോദിച്ചപ്പോള്‍
" അത് എവിടെയോ ഉണ്ട്, നോക്കട്ടെ-- എന്ന് പറഞ്ഞു.
 തിരിച്ചു വരുന്നതിന്റെ അന്ന് രാവിലെ ഒന്ന് കൂടി ചോദിച്ചു. അമ്മെ, ആ ജാതകം?
ഏതു ജാതകം?
ആ കൂട്ടികെട്ടിയ ജാതകം, ഞങ്ങളുടേത്?
എന്തിനാ?
ഒന്ന് നോക്കിക്കാനാ? അവള്‍ക്കു ഒരാഗ്രഹം, ജോലി മാറുന്നെനു മുമ്പ് ഒന്ന് നോക്കിക്കണം എന്ന്.
ആ, എനിക്ക് തോന്നി, ഇത് അവളുടെ കളിയാണ് എന്ന്. വേണമെങ്കില്‍ ഞാന്‍ പോയി ഇവിടെ അടുത്തുള്ള രാമദാസ പണിക്കരെ കാണാം.   എന്‍റെ മോന്‍റെ ജാതകം ഉള്ളതല്ലേ? അതങ്ങനെ തരാന്‍ പറ്റില്ല.

വെറും കയ്യോടെ തിരിച്ചു വന്നപ്പോള്‍ ഭാര്യ പറഞ്ഞു
"എനിക്കറിയാമായിരുന്നു, തരില്ലാന്നു"
ഒന്നും പറഞ്ഞില്ല.
രണ്ടും കല്‍പ്പിച്ചു ജോലി മാറി. വല്ല്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒമ്പത് വര്ഷം കഴിഞ്ഞിരിക്കുന്നു, പുതിയ കമ്പനിയില്‍.
ഇപ്പോള്‍, ചില ചില്ലറ അസുഖങ്ങള്‍ ഒക്കെ തല പോക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കു വീണ്ടും ഒരാഗ്രഹം.
"ഏട്ടാ, ഒന്ന് ജാതകം നോക്കിക്കണമായിരുന്നു". എന്തെങ്കിലും ദശാ സന്ധിയോ മറ്റോ?
"നീ ഒന്ന് മിണ്ടാണ്ടിരുന്നെ. നമ്മുടെ ജാതകം നമ്മള്‍ വിചാരിച്ചാല്‍ മാറ്റി എഴുതാവുന്നതേയുള്ളൂ, നല്ല നല്ല കര്മ്മങ്ങളിലൂടെ. ഇപ്പോള്‍ അതിനു മാത്രം പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ? വെറുതെ എന്തിനാണ്, നീയായിട്ടു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്? കണിയാന്മാരെ  വിശേഷിപ്പിക്കുന്നത്  തന്നെ പ്രശ്നക്കാരന്‍ എന്നല്ലേ? നിനക്ക് ശാന്തിയാണ് ആവശ്യമെങ്കില്‍ വല്ല അമ്പലത്തിലും പോയി ശാന്തിക്കാരനെ കാണൂ--"

അന്ന് പതുക്കെ ഒന്നടങ്ങി. എന്നാലും വല്ലാത്ത ഒരാഗ്രഹം മനസ്സില്‍ നിറഞ്ഞു.
ആ കൂട്ടി കെട്ടിയ ജാതകം ഒരേയൊരു പ്രാവശ്യം ഒന്ന് കാണുകയെങ്കിലും വേണം. ആരോടും പിന്നെ അതേ പറ്റി പറഞ്ഞില്ല.

കഴിഞ്ഞ തവണ അവധിക്കു മക്കളെയും കൊണ്ട് നാട്ടില്‍ പോയപ്പോള്‍ അമ്മയോട് ചോദിച്ചു.
"അമ്മേ, ഞങ്ങളുടെ ജാതകം എവിടെയാണ്?"
"ഏതു ജാതകം?"
പേടിച്ചു കൊണ്ട് പറഞ്ഞു .
" ആ നിശ്ചയത്തിനു കൂട്ടികെട്ടിയ ജാതകം?"
"ആ എനിക്കറിയില്ല."
"അമ്മയ്ക്കറിയില്ലേ?'
"ഇല്ല."
"പിന്നെ?"
"ആ! എവിടെയെങ്കിലും ഉണ്ടാവും."

അപ്പോള്‍ ടി. വി. യുടെ പൊടി തട്ടിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു.
"എന്‍റെ ജാതകം എവിടെയാണെന്ന് പോലും എനിക്കറിയില്ല. എന്തിനാ ഇപ്പൊ ഇതൊക്കെ?"

ഒന്നും പറഞ്ഞില്ല. അവരുടെ ജാതകവുമായി അമ്മ മുമ്പ് കണിയാന്റെ അടുത്തു പോകുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നല്ലോ.

ധൈര്യം സംഭരിച്ചു ഒരിക്കല്‍ കൂടി ചോദിച്ചു
"അമ്മയുടെ അലമാരയില്‍ ഉണ്ടാവില്ലേ? "

"ആ , അവിടെ യുണ്ട്"

"അത് ഒന്ന് കാണിച്ചുകൂടെ?"

"..........."

ഉത്തരം ഉണ്ടായില്ല.

ഇനി എന്തെങ്കിലും പറഞ്ഞാല്‍ വെറുതെ പ്രശ്ന മാകും. അതുകൊണ്ട് മിണ്ടാതിരുന്നു.അല്ലെങ്കിലും താന്‍എപ്പോഴും അങ്ങനെയായിരുന്നല്ലോ!
ചിലപ്പോള്‍ അമ്മ അങ്ങനെ കാണിക്കണ്ട എന്നൊന്നും ഉദ്ദേശിച്ചു കാണില്ല. താന്‍ വെറുതെ ചിന്തിച്ചു പ്രശ്നമുണ്ടാക്കുന്നു!

അമ്മ പുറത്തുപോയ സമയത്ത് നോക്കി, താക്കോല്‍ അവിടെയുണ്ടോ? കണ്ടില്ല. പെങ്ങളോടു ചോദിച്ചിട്ടും കാര്യമില്ല. അവര്‍ക്കറിയാമെങ്കിലും പറയില്ല. അതൊക്കെ അമ്മയ്ക്കും പെണ്മക്കള്‍ക്കും മാത്രം അവകാശ മുള്ളയിടം ആണല്ലോ.

അപ്രാവശ്യവും അത് കാണാതെ തിരിച്ചു പോന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നെയും ഒരുപാടു കഴിഞ്ഞിരിക്കുന്നു. അമ്മയുടെ തൊണ്ണൂറാം പിറന്നാള്‍ കഴിഞ്ഞ മാസം ആഘോഷിച്ചു. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വയസ്സായി. ഒരു മാസമായി തന്‍റെ അവസ്ഥ വളരെ കഷ്ടമായി തുടരുന്നു. മരുന്നൊഴിഞ്ഞ നേരമില്ല. 

വീണ്ടും ആ ആവശ്യം എടുത്തിട്ടു.

"ഏട്ടാ, ആ ജാതകം ഒന്ന് നോക്കിയാല്‍?
 എനിക്കെന്തോ ഒരു പേടിപോലെ. പണ്ടെന്നോ ചെറുപ്പത്തില്‍ജാതകം എഴുതുന്ന സമയത്ത് ദാമോദരപ്പണിക്കര്‍ അച്ഛനോട് പറഞ്ഞതോര്‍ക്കുന്നു.
" അമ്പത്തഞ്ചു വയസ്സില്‍ ഒരു ചെറിയ പ്രശ്നമുണ്ട്. അത് കഴിഞ്ഞ് കിട്ടിയാല്‍ ഭാഗ്യം", എന്ന്.
അന്ന് അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അമ്പത്തഞ്ചോക്കെ ആകാന്‍ ഇനിയും കാലം എത്രയോ കിടക്കുന്നു. അപ്പോള്‍ നോക്കാം", എന്ന്.

ഇപ്പോള്‍ അമ്പത്തഞ്ചു നടക്കുന്നു. ഇളയ മോളുടെ കല്ല്യാണം ഇനിയും നടന്നില്ല.

"അതൊന്നു കിട്ടാന്‍ വഴിയുണ്ടോ?"

ഒന്നും ഉത്തരം പറയാതെ അയാള്‍ തറപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്തു.

വെറുതെ നാട്ടിലേയ്ക്ക് വിളിച്ചു.

അമ്മേ ആ ജാതകം ഒന്ന് കൊടുത്തയക്കാമൊ? നാട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍? പേടികൊണ്ടു ശബ്ദം വല്ലാതെ വിറയ്ക്കുന്നു. എന്താകും ഉത്തരം എന്നറിയില്ല.

ഞാന്‍ അമ്പലത്തിലാ. ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. പൂജ നടക്കുന്നു. പിന്നെ വിളിക്കൂ.

ഉച്ചയ്ക്ക് ശേഷം പിന്നെയും വിളിച്ചു.

"അമ്മ ഊണ് കഴിഞ്ഞ് ഉറങ്ങുന്നു. ഇപ്പോള്‍ വിളിച്ചാല്‍ ഇഷ്ടപ്പെടില്ല."

പെങ്ങള്‍ ആണ്.

പിറ്റേ ദിവസം ഒന്ന് കൂടി വിളിച്ചു.

" നീയിത് കുറെ ആയല്ലോ തുടങ്ങിയിട്ട്? അവന്‍ എന്‍റെ മോനാ. അവന്‍റെ ജാതകത്തിന്റെ കൂടെയല്ലേ നിന്റെതും  ഉള്ളത്. അത് തരാന്‍ പറ്റില്ല". ലൈന്‍ കട്ടായി. അമ്മയ്ക്ക് വല്ലാതെ ദേഷ്യം  വന്നാല്‍ ആകെ പ്രശ്നമാകും..

അവള്‍ക്ക് ഉടലാകെ വിറക്കാന്‍ തുടങ്ങി.

പ്രതീക്ഷിച്ചപോലെ പെങ്ങന്മാര്‍ അഞ്ച് പേരും  ഓരോരുത്തരായി വിളിച്ചു. മൂത്തവര്‍ ആയതുകൊണ്ട് എല്ലാവര്‍ക്കും അധികാര സ്വരം ആണ്.

"നീഎന്തിനാണ് ഈ പ്രായത്തില്‍ അമ്മയെ വിഷമിപ്പിക്കുന്നത്? ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്മയെ ക്കഴിഞ്ഞേ എന്തും ഉള്ളൂ. അതുകൊണ്ടല്ലേ ഞങ്ങള്‍ ഭര്‍ത്താക്കന്മാരെയും കൂട്ടി മാറി മാറി ഇവിടെ തന്നെ താമസിക്കുന്നത്? അമ്മയുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞങ്ങള്‍ അനുവദിക്കില്ല. ഇതായിരുന്നു, കരഞ്ഞും ദേഷ്യപ്പെട്ടും ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. കുറ്റവാളിയെ പോലെ എല്ലാം മിണ്ടാതെ നിന്ന് കേട്ടു.എല്ലാവരും മതിയാക്കിപ്പോയപ്പോള്‍ ഇരുന്നു കുറെ കരഞ്ഞു.

ഇന്ന് പക്ഷെ അയാളാണ് നാട്ടിലേക്ക്  വിളിച്ചത്.

"അമ്മേ അമ്മ ഉടന്‍ പുറപ്പെടണം. അവള്‍ പോയി".

" അവള്‍ ഒളിച്ചോടിപ്പോയോ? എനിക്കറിയാമായിരുന്നു, അവള്‍ ആള് ശരിയല്ല എന്ന്. നിനക്ക് ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കേണ്ടല്ലോ! അവള്‍ പറയുന്നതായിരുന്നില്ലേ, വേദവാക്യം ! "

അയാള്‍ കരച്ചിലടക്കിക്കൊണ്ടു പറഞ്ഞു.

" അതല്ല അമ്മെ.. അവള്‍ നമ്മളെ വിട്ടു എന്നെന്നേയ്ക്കുമായി പോയി... അവള്‍ മരിച്ചുപോയി..  ഹാര്‍ട്ട് അറ്റാക്ക് എന്നാണു ഡോക്ടര്‍ പറഞ്ഞത്. ഉറക്കത്തില്‍ ആയിരുന്നു. ഞാന്‍ ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്‌. ഇവിടെ കൊണ്ടുവന്നു എന്നേയുള്ളൂ... അതിനു മുന്നേ തന്നെ അവള്‍ പോയിരുന്നു.
വരുമ്പോള്‍ ആ ജാതകവും കൊണ്ട് വരണം. അസ്ഥിയുടെ കൂടെ ഒഴുക്കേണ്ടതല്ലേ?"

സൌമ്യ മായ ആ സ്വരത്തില്‍ അല്‍പ സമയം നിശബ്ദയായെങ്കിലും അമ്മ ഉടനെ അലമാര തുറന്നു കൂട്ടി കെട്ടിയ ജാതകത്തില്‍ നിന്നും അവളുടെ ജാതകം അഴിച്ചെടുത്തു പെണ് മക്കളെയും കൂട്ടി മകന്‍റെ അടുത്തേയ്ക്ക് പുറപ്പെട്ടു.
അപ്പോഴാണ്‌ അവര്‍താന്‍ ഇട്ടിരിക്കുന്ന ബ്ലൌസ് സാരിക്ക് മാച്ച് ആവുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചത്.

അതെ.. അവളുമായുള്ള മകന്‍റെ കല്ല്യാണം നിശ്ചയിച്ച അന്ന് തുടങ്ങിയതാ തന്റെ പ്രശ്നങ്ങള്‍. ഇന്ന് അവസാനമായി അവളെ കാണാന്‍ പോകുമ്പോഴും അത് തീര്‍ന്നിട്ടില്ല. ബ്ലൌസ് മാറ്റിയിടാന്‍ വീട്ടിലേക്കു തിരിച്ചു നടക്കവേ അവര്‍ പിറുപിറുക്കുന്നത്‌ മാറ്റാരും കേട്ടില്ലെങ്കിലും അവള്‍ക്കു കേള്‍ക്കാമായിരുന്നു.


                                               *************************





No comments:

Post a Comment