7/16/13

ഐ സീ യു ------
 കഥ 
 അനിത പ്രേംകുമാര്‍ഐ സീ യുഇത് എത്ര ദിവസമായി തുടങ്ങിയിട്ട്? ഒരു പിടുത്തവുമില്ല. കുറച്ചു ദിവസം, വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി ചെയ്തതായി ഓര്‍മ്മയുണ്ട്. പിന്നീട് എപ്പോഴാണ് ഇങ്ങനെ? ഒന്നും ശരിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ. തനിക്ക് ഒരു ആണ്‍ കുട്ടിയല്ലേ? അതെ. പക്ഷെ അവന്‍ ഏതു ക്ലാസ്സില്‍? ഒന്നാം ക്ലാസ്സിലല്ലേ? ആണോ? 

ആയിരിക്കും. അവന്‍ ഇന്നലെയല്ലേ, സിംഹം സ്വന്തം നിഴല് കണ്ടു ദേഷ്യം വന്ന്, കിണറ്റില്‍ ചാടിയ കഥ ഒന്ന് കൂടി കേള്‍ക്കണമെന്ന് വാശി പിടിച്ച് കരഞ്ഞതും, വീണ്ടും ഞാനത് പറഞ്ഞു കൊടുത്തതും ! അവന്‍റെ പേര് ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ!

ഒരു പനി വന്നാല്‍ ഇങ്ങനെയാകുമോ? മുമ്പും പനി വന്നിട്ടുള്ളതാ. എന്നാലും അപ്പോഴൊക്കെ ഗുളിക കഴിച്ചുകൊണ്ട് വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും ഒക്കെ ചെയ്തിരുന്നല്ലോ. ഇപ്രാവശ്യം എന്താണ് പറ്റിയത്? ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമാവുന്നില്ലല്ലോ.

കണ്ണ് വലിച്ചു തുറക്കാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. ഒന്ന് തുറന്നു കിട്ടിയിരുന്നെങ്കില്‍ രാത്രിയോ, പകലോ എന്നെങ്കിലും അറിയാമായിരുന്നു. ഇല്ല, പറ്റുന്നില്ല. ശരി, വിട്ടേയ്ക്കാം.

 ഇന്ന് എത്രാമത്തെ ദിവസമായിരിക്കും ഈ കിടപ്പ്? അറിയില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ പ്രസവിക്കാനല്ലാതെ അദ്ദേഹം തന്നെ സ്വന്തം വീട്ടിലേയ്ക്കയച്ചിട്ടില്ല. വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്ക് പോയി അച്ഛന്‍റെയും അമ്മയുടെയും പഴയ കുട്ടിയായി മാറി അവിടെ അങ്ങനെ സ്വസ്ഥമായി രണ്ടു ദിവസം നിന്നിട്ട് തിരിച്ചു വരാന്‍.

ഇന്നാളു മോനും പറഞ്ഞു, "അമ്മ പൊയ്ക്കോ—ഞങ്ങള്‍ നിന്നോളാം" എന്ന്. 
അദ്ദേഹത്തിനായിരുന്നു, പ്രശ്നം. "നീ ഇല്ലാതെ എങ്ങനാ? നീ എപ്പോഴും അടുത്ത് വേണം. അതുകൊണ്ടല്ലേ, നിന്നോട്  ജോലി കളഞ്ഞ്, വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞത്? ഓഫീസില്‍ നിന്നും എപ്പോള്‍ വന്നാലും,  നീ വീട്ടിലുണ്ടാവണം. എന്നിട്ടിപ്പോ, എന്നെ തനിച്ചാക്കി-- ഒരു രാത്രിപോലും—വേണ്ട. ഞാന്‍ എവിടെ വേണമെങ്കിലും പോകും. പക്ഷെ , അത് നീ ഇവിടെ കാത്തിരിക്കുന്ന ഓര്‍മ്മയിലാ".

ഇത്രേം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും പൂതി പോകൂല്ലേ? മതി,പിന്നൊരിക്കലാവാം എന്ന് കരുതും..

പക്ഷെ, ഇപ്രാവശ്യം, വയ്യാത്ത കാലും വച്ച്, അമ്മ വന്നു വിളിച്ചപ്പോള്‍ വിട്ടല്ലോ. നടന്നാണോ, അതോ,ആരെങ്കിലും എടുത്താണോ കാറില്‍ കയറ്റിയത്? ഓര്‍മ്മയില്ല. കാറില്‍ അച്ഛന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍റെ അടുത്തു പിടിച്ചിരുത്തി. വീട്ടിലെത്തുന്നത് വരെ എന്തൊക്കെയോ പറഞ്ഞു. പനി കുറഞ്ഞു കുറഞ്ഞു വരുന്നപോലെ തോന്നി.

 വീട്ടിലെത്തിയപ്പോള്‍, അമ്മ അടുത്ത വീട്ടിലെ വല്ല്യമ്മയോടു പറയുന്നത് കേട്ടു.
"എത്ര ദിവസാന്നു വച്ചാ, അവന്‍! കുറെ ദിവസായില്ലേ, ഈ കിടപ്പ് തുടങ്ങീട്ട്!
അവിടെ ഉച്ചയ്ക്ക്  ഭക്ഷണമുണ്ടാക്കാന്‍ വരുന്ന കല്യാണി അമ്മയെ അവര്‍ ഫുള്‍ ടൈം ആക്കി. ഇവള്‍ കുറച്ചു ദിവസം ഒക്കെ എഴുന്നേറ്റു എല്ലാം ഉണ്ടാക്കുകയും അവരുടെ കാര്യങ്ങള്‍  നോക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ അതും ഇല്ലാതായി. അപ്പോഴാ അവന്‍ ഫോണ്‍ വിളിച്ചു, കൂട്ടിക്കോളാന്‍ പറഞ്ഞത്".

"ആണോ? ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലോ"

അച്ഛന്‍ വന്നു വിളിക്കുന്നു. 

"വാ, നമുക്ക് അച്ഛന്‍റെ സൈക്കിളില്‍ കറങ്ങാന്‍ പോകാം.  സാന്ഡ് പേപ്പര്‍ കൊണ്ട്, അച്ഛന്‍ സൈക്കിളിന്‍റെ കമ്പികളും റിമ്മും ഒക്കെ ഉരച്ചു വൃത്തിയാക്കുന്നു. അടുത്ത് ചെന്നപ്പോള്‍ പറഞ്ഞു, "വാ, പിറകില്‍ കയറിക്കോ". അച്ചന്‍റെ പിറകില്‍ ഇരുന്നു, അച്ഛനെ ചുറ്റിപ്പിടിച്ചു. ഇറങ്ങാന്‍ നേരം അമ്മ ചോദിച്ചു, "വേണ്ടേ?"

"ഉം, വേണം". വേഗം കൈ നീട്ടി. 

നീട്ടിയ കൈയ്യില്‍ പഞ്ചസാര ഇട്ടു തന്നു. ഇനി അതും നക്കി കൊണ്ടാണ്, ഈ യാത്ര. നല്ല രസമുണ്ട്. നിറയെ കല്ലുകളുള്ള ഒറ്റയടിപ്പാതയാണ്. എന്നാലും അച്ഛനല്ലേ ഓടിക്കുന്നത്. പേടിയെ തോന്നിയില്ല.

ആരോ അടുത്ത് വന്ന്, ശരീരത്തില്‍ ശക്തിയായി അടിക്കുന്നു. 
കൂടെയുള്ളവര്‍ പറയുന്ന കേട്ടു.
"നന്നായി അടിക്കൂ—അപ്പോള്‍ കണ്ണ് തുറന്നു നോക്കും".

വേദനിക്കുന്നു. 

"അമ്മേ—അമ്മേ" എന്ന് ആരോ വിളിക്കുന്നു. മോനല്ലേ? 

"വേദനിക്കുന്നെടാ" എന്ന് പറയണമെന്നുണ്ട്. കഴിയുന്നില്ല. അടിച്ചു മതിയാക്കി അവന്‍ പോയി എന്ന് തോന്നുന്നു.

 വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍, പിന്നെയും ആരോ വന്നു. 
തന്‍റെ ഇട്ടിരിക്കുന്ന കുപ്പായം അഴിക്കാന്‍ ശ്രമിക്കുന്നല്ലോ. പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റില്ല. കൈകള്‍ രണ്ടും കട്ടിലോട് ചേര്‍ത്താണെന്ന് തോന്നുന്നു, കെട്ടിയിട്ടിരിക്കുന്നു.

കാലും അനക്കാന്‍ പറ്റുന്നില്ലല്ലോ. അതും കെട്ടിയിട്ടിരിക്കുന്നല്ലോ. എന്നാലും ശക്തിയായി കുതറി നോക്കി.

”അനങ്ങാതെ കിടക്കൂ—തള്ളെ.
വയസ്സ് എഴുപതു കഴിഞ്ഞു. അവരുടെ ഒരു നാണം!”
അപ്പോള്‍ ഇത്ര നേരവും കണ്ടത് സ്വപ്നമാണോ? തനിക്ക് എഴുപത് വയസ്സ് എന്നാണ് ആയത്?

അവര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ തുണി മുക്കി, ദേഹം തുടയ്ക്കുകയാണോ? അങ്ങനെ തോന്നി. പിന്നെയും സൂചി കുത്തികേറ്റുന്നല്ലോ! വയ്യാ-- വല്ലാത്ത വേദന.

ഇപ്പോള്‍ നല്ല സുഖം. ഉറക്കം വരുന്നു.. 
അച്ഛനും അമ്മയും രണ്ടു വശവും നില്‍ക്കുന്നുണ്ടല്ലോ. 
അദ്ദേഹം എവിടെ?
അതാ ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു!  

ഇനി ഞാന്‍ ഉറങ്ങട്ടെ. ബാക്കി, നേരില്‍ കാണുമ്പോള്‍ അവിടുന്നു പറയാം.

                     *  *  *