6/15/18

മഴയോർമ്മകൾ (ഭാഗം 2)

മഴയോർമ്മകൾ (ഭാഗം 2)
--------------------------------------
പത്തു വയസ്സുള്ള ഒരു പെൺകുട്ടിക്ക് പേടി കാണില്ലേ?
തീർച്ചയായും കാണും.
അതും ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാൽ വിങ്ങിപ്പൊട്ടുന്ന, ആരെങ്കിലും രണ്ടുപേർ ഉച്ചത്തിൽ ഒന്ന് സംസാരിക്കുന്നതു കണ്ടാൽ ദൂരെ മാറി ഒളിച്ചു ആരും കാണാതെ കരയുന്നഒരു പാവം പിടിച്ച പെണ്ണിന് വയറു നിറയെ പേടി കാണും.
എന്നിട്ടും കൂനാകൂനിരുട്ടിൽ അവൾ ചുറ്റും തവളകളുടെയും കീരാങ്കീരി യുടെയും കുളക്കോഴികളുടെയും പിന്നെ പേരറിയാത്ത ഏതൊക്കെയോ ജീവികളുടെയും ശബ്ദത്തിൽ ലയിച്ചു വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത നാട്ടിലെ പുഴക്കരയിൽ ഒറ്റയ്ക്ക് രാത്രി 10-11 മണിക്ക് പോലും നിൽക്കുന്നത് എന്തുകൊണ്ടാണ്?
"അനീ, മോൾക്ക് പേടിയുണ്ടോ? " എന്ന അച്ഛന്റെ ചോദ്യം ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു.
"ഇല്ലച്ചാ"
എന്തിനു പേടിക്കണം?
അച്ഛനെ പാമ്പുകൾക്ക് പോലും പേടിയാണല്ലോ!
രാത്രിയിൽ ഒരു ഇലയനക്കം കേട്ടാൽ പോലും ടോർച്ചുമെടുത്തു ആ ഇത്തിരി വെളിച്ചത്തിൽകള്ളനെ പരതാൻ ഇറങ്ങുന്ന അച്ഛൻ!
എന്തൊരു ധൈര്യമാണ് അച്ഛന്!
കള്ളൻ എന്നാൽ കൊമ്പൻ മീശയുണ്ടാകും.ചുമന്ന വലിയ കണ്ണുകൾ ഉണ്ടാകും. തലയിൽ വട്ടക്കെട്ടുണ്ടാകും.. ഇരുട്ടിനേക്കാൾ കറുത്ത നിറമായിരിക്കും, ഒപ്പം നല്ല തടിയും ഉണ്ടാകും. എന്നൊക്കെ രാധ പറഞ്ഞിട്ടുണ്ട്.
അപ്പൊ അങ്ങിനെയുള്ള കള്ളനെ ടോർച്ചിന്റെ ഇത്തിരിവെട്ടത്തിൽ കണ്ടാൽ നമ്മൾ ബോധം കെട പോകില്ലേ?
അപ്പൊ അച്ഛൻ ആരാ മോൻ !
ഇപ്പൊ ഇവിടെ പുഴക്കരയിൽ എന്തിനു വന്നു എന്ന് പറഞ്ഞില്ലല്ലോ.
പല തരത്തിലുള്ള വലകൾ ഉണ്ട് ഞങ്ങൾക്ക് മീൻ പിടിക്കാൻ. അച്ഛന് പുഴമീനുകൾ നല്ലഇഷ്ടമാണ്.
വീശുവല വീശി എറിയാൻ നല്ല ആരോഗ്യം വേണം.അത് വീശാൻ പറ്റിയ ഇടം നോക്കിയാണ് അച്ഛൻ എന്നെ അവിടെ നിർത്തി ദൂരേക്കു പോയത്. വഴി ശരിയല്ലാത്തകൊണ്ട്.
മഴപെയ്തു വെള്ളം പൊങ്ങാത്ത സമയങ്ങളിൽഞങ്ങൾ നീണ്ട ഒരു വടിവാളുമായി ആണ് വരുന്നത്.. തീരത്തോട് ചേർന്ന് കരയിൽ വലിയ വരാൽ മീനുകൾ ഉറങ്ങുന്നുണ്ടാകും.. ഒറ്റ വെട്ട്.. അവൻ ചട്ടിയിൽ എത്തും !
ചൂണ്ടയിൽ കോർക്കാൻ മണ്ണിൽ നിന്നുംമണ്ണിരകളെയും തോട്ടിൽ നിന്നും തോർത്ത് ഉപയോഗിച്ച് കുഞ്ഞുകൊഞ്ച്കളെയും പിടിച്ചു കൊടുക്കുക എന്റെയും അനിയൻറെയും ജോലിയാണ്.
പക്ഷെ ചൂണ്ടയിൽ അവയെ കൊരുത്തു വെള്ളത്തിലിട്ടു മീൻ കൊത്താൻ ആയി അച്ഛൻ തപസ്സിരിക്കുമ്പോൾ കൂട്ടിനു ഞാനും.
ആ സമയങ്ങളിൽ ആണ് മണിക്കൂറുകൾഒറ്റയ്ക്കിരുന്നു സ്വപ്‌നങ്ങൾ കാണാൻ പരിശീലിച്ചതു.
മഴ പെയ്തു വെള്ളം കയറി കുത്തി ഒലിച്ചു ഒഴുകുന്ന തോട്ടിലെ ഇടുക്കുകളിൽ നിന്നും ജൂൺ ജൂലൈ മാസത്തിൽ മീൻ ചാകര പോലെ വാരിയെടുത്തിട്ടുണ്ടോ?
അതിനാണ് കോരുവലഉണ്ടാക്കുന്നത്.മുറിഞ്ഞുപോയ വീശുവലയുടെ ഭാഗങ്ങൾ വളച്ചു കെട്ടിയ വലിയ കമ്പുകളോട് ചേർത്ത് പിടിപ്പിച്ചാൽ കോര് വലയായി..
"അനീ, ബാ, പോകാം.." എന്ന അച്ഛന്റെ ശബ്ദം കേട്ടില്ലേ? ഇനി ഈ ഇരുട്ടിൽ ടോർച്ചിന്റെ ഇത്തിരി വെട്ടത്തിൽ പുഴക്കരയിലെ ചതുപ്പും പിന്നൊരു ചെറിയ തോടും കടന്നു കവുങ്ങിൻ തോട്ടത്തിലൂടെ മുകളിലേക്ക് കയറിയാൽ ഞങ്ങളുടെ കുഞ്ഞു വീടായി..
അവിടെ അമ്മയും അനിയനും കാത്തിരിക്കുന്നു..
പാതിരാത്രിയിൽ പിടിച്ചു കൊണ്ടുവന്ന മീൻ ഇപ്പൊ തന്നെ വച്ചുണ്ടാക്കി കൊടുക്കാത്തതിന് അമ്മയും അച്ഛനും തമ്മിൽ ഒരു സൗന്ദര്യപിണക്കം ഇപ്പോൾനിങ്ങൾക്കും കാണാം..
മഴയോർമ്മകൾ അവസാനിക്കുന്നില്ല.. തുടരും..

6/12/18

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍
----------------
പരസ്പരം കൈകള്‍ കോര്‍ത്ത്‌ മാര്‍ക്കറ്റ് റോഡില്‍ കൂടി അലഞ്ഞു തിരിയുമ്പോള്‍ കൂട്ടുകാരി ചോദിച്ചു. " പെണ്ണെ, നിനക്ക് ഏതു കളര്‍ ആണ് ഏറ്റവും ഇഷ്ടം?
ഗുരുവായൂരില്‍ ഒരു കല്യാണത്തിന് പോകാന്‍ സെറ്റ് മുണ്ട് വാങ്ങാന്‍ എന്നെയും കൂട്ട് വേണം എന്ന് പറഞ്ഞു വന്നതാണ് അവള്‍.
അവള്‍ വന്നാല്‍ പിന്നെ ഒരു മുങ്ങലാണ്.. മറ്റു കാര്യങ്ങള്‍ ഒക്കെ മാറ്റിവച്ച്.
ഓഫീസിനു അടുത്തുള്ള ഒരു മലയാളിക്കടയില്‍ എടുത്തിട്ട ഒന്നുപോലും ഇഷ്ടമാവാഞ്ഞപ്പോള്‍,
തല്‍ക്കാലം കൈയ്യില്‍ ഉള്ള പഴയ സെറ്റ് മുണ്ടിനു പറ്റിയ ഒരു നല്ല റെഡി മെയിഡ് ബ്ലൌസ് വാങ്ങാമെന്ന തീരുമാനവുമായി ഒരു കുര്‍ത്തിയും വാങ്ങി ഞങ്ങള്‍ അവിടുന്നിറങ്ങി...
അപ്പോഴാണ്‌ അവളുടെ ചോദ്യം.
"ഏതു കളര്‍ എന്ന ചോദ്യത്തിന് മറുപടി കൊടുത്തു.
" പച്ച, പിന്നെ മഞ്ഞ, പിന്നെ നീലയും ഇഷ്ടാണ്".
"അപ്പൊ നീ കറുപ്പ് ന്നു പറഞ്ഞതോ?"
"അതെ.. കറുപ്പും ഇഷ്ടാണ്."
"അപ്പോള്‍ മുന്പ് നീ ചുമപ്പ് ഇഷ്ടാന്ന് പറഞ്ഞല്ലോ?"
ഉം .. ചുമപ്പ് നല്ല ഇഷ്ടാ.."
"വെളുപ്പോ?"
"വെളുപ്പ്‌ ഇഷ്ടാണല്ലോ.."
"ഡീ... "
"ഉം .."
"അപ്പൊ എല്ലാ കളറും ഇഷ്ടമാണ് എന്നങ്ങു പറഞ്ഞൂടെ കൊരങ്ങെ നിനക്ക് ?"
ശരിയാണ്.. എനിക്കിഷ്ടമില്ലാത്ത കളര്‍ ഇല്ലല്ലോ..
പക്ഷെ പച്ചയോട് ഒരു വല്ലാത്ത ഇഷ്ടമാണ്. ഉള്ളസാരികളും ചൂരിദാറുകളും ഒക്കെ എടുത്തു നോക്കിയാല്‍ പാതിയിലേറെ പച്ച കാണും...
വര്‍ണ്ണങ്ങള്‍ ..... പല വര്‍ണ്ണങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന ഉടയാടകള്‍..
സില്‍ക്കോ, വിലകൂടിയതോ ഒന്നും വേണ്ട.
കോട്ടന്‍ മതി. പക്ഷെ കടും വര്‍ണ്ണങ്ങള്‍... അതുണ്ടാവണം.... ഒരു പുതുമ തോന്നാന്‍.
ഇന്നലെ മോള്‍ അവളുടെ കൂടെ പുറത്തുപോകാന്‍ വിളിച്ചു.അവളുടെ സ്കൂട്ടറിന്റെ പിറകില്‍ ഇരുന്നു യാത്ര. ന്യൂ ബെല്‍ റോഡില്‍ മാക്സിന്റെ ഷോറൂമില്‍ കയറി.
അവള്‍ നോക്കുന്ന ഡ്രസ്സ്‌ ഒക്കെ കറുപ്പോ വെളുപ്പോ അല്ലെങ്കില്‍ ഇളം നിറത്തില്‍ ഉള്ളതോ..
പതിവുപോലെ എനിക്കുറക്കം വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
" അമ്മയ്ക്ക് ടി ഷര്‍ട്ട്‌ വേണ്ടേ? ഏറോബിക്സ് ക്ലാസ്സിലേക്ക് ? ഇതാ ഇവിടെ നല്ല ടി ഷര്‍ട്ട് ഉണ്ട്. നോക്കൂ.. "
ഒരു ചുമപ്പും ഒരു പച്ചയും ഒരു നീലയും ഒരു മഞ്ഞയും ഒക്കെ എടുത്തപ്പോള്‍ അവള്‍ കളിയാക്കി ചിരിക്കുന്നു.. " എന്‍റെ അമ്മെ, അല്പം ലൈറ്റ് കളര്‍ എടുക്കൂ.. എല്ലാം ഡാര്‍ക്ക് കളര്‍.."
പൌഡര്‍ ഇട്ടു കണ്ണെഴുതി പൊട്ടും കുത്തി കാതില്‍ ജിമിക്കി കമ്മലും കൈയ്യില്‍ കുപ്പി വളകളും കാലില്‍ പാദസരവും അണിഞ്ഞു മാത്രം അവളുടെ പ്രായത്തില്‍ എന്നെ കണ്ടിട്ടുള്ള ഞാന്‍ അവളെ എന്നും കാണുന്നത് കമ്മല്‍ ഇടാതെ, പൌഡര്‍ ഇടാതെ പൊട്ട് എന്ന സാധനം കണ്ടിട്ടേ ഇല്ലാതെ, കണ്ണെഴുതാതെ...
സ്ട്രൈറ്റന്‍ ചെയ്ത മുടിയും നിറമില്ലാത്ത എന്നാല്‍ ക്ലാസ് ലുക്ക്‌ എന്നൊക്കെ അവള്‍ വിശേഷിപ്പിക്കുന്ന വസ്ത്രങ്ങളും ആണ് അവള്‍ക്ക്. .. വല്ലപ്പോഴും ഇടുന്ന ഐ ലൈനര്‍, ഒപ്പം നേരിയ കളറില്‍ ലിപ്സ്റിക്.. തീര്‍ന്നു അവളുടെ ഒരുക്കങ്ങള്‍..
പണ്ട് പത്തു പ്രാവശ്യം കണ്ണാടിയില്‍ നോക്കി ഒരുങ്ങിക്കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ മുറ്റത്ത്‌ കാത്തു നില്‍ക്കുന്നുണ്ടാകും. മുടിയില്‍ ചൂടാന്‍ ഒരു തുളസിക്കതിര്‍.. അല്ലെങ്കില്‍ ഒരു കുഞ്ഞു റോസാപൂവുമായി.. പിന്നെ അതും മുടിയില്‍ ചൂടിയാണ് ഒന്നര കിലോമീറ്റര്‍ നടന്നു ബസ് സ്റ്റോപ്പില്‍ എത്തി ബസ് കയറുക.
ഇങ്ങോട്ട് പറിച്ചു നടപ്പെട്ട ഫെബ്രുവരി മാസത്തില്‍ ബാംഗ്ലൂര്‍ നഗരത്തിനു മുല്ലപ്പൂക്കളുടെ മനം മയക്കുന്ന ഗന്ധമായിരുന്നു. ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റും.
ഒരു മുളം മുല്ലപ്പൂവുമായി ഒരു സന്ധ്യയില്‍ ഭര്‍ത്താവ് കയറി വന്നപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി.. പ്രണയപൂര്‍വ്വം കണ്ണില്‍ നോക്കിയപ്പോള്‍ ആള് പുഞ്ചിരിയോടെ അത് വിളക്കിനു പിറകില്‍ ഉള്ള ദേവിയുടെ ചിത്രത്തിന് ചാര്‍ത്തി പ്രാര്‍ഥിക്കുന്നതാണ് കണ്ടത്. അതോടെ പൂക്കള്‍ മുടിയില്‍ ചൂടാന്‍ ഉള്ളതല്ല എന്ന തിരിച്ചറിവ് വന്നു. നടക്കുമ്പോള്‍ കിലുങ്ങുന്ന പാദസരം കല്യാണം കഴിഞ്ഞ രാത്രിയിലും കുപ്പി വളകള്‍ കല്യാണ തലേന്നും വിടപറഞ്ഞു പോയിരുന്നല്ലോ!
ഉദ്യാന നഗരിയുടെ പൂക്കള്‍ പോലും നമുക്കല്ല..
ഈ വര്‍ണ്ണങ്ങള്‍ എങ്കിലും ?
കടും പച്ചയും ചുമപ്പും മഞ്ഞയും വസ്ത്രങ്ങള്‍ അണിഞ്ഞു തമിഴത്തികളും കന്നടക്കാരികളും തെലുങ്കത്തികളും ഇപ്പോഴും മുന്നില്‍ കൂടി മുല്ലപ്പൂവും ചൂടി നടന്നുപോകുന്നതു കാണാഞ്ഞല്ല..
ഇവിടിങ്ങനെ ജീവിക്കുമ്പോൾ ഒരു ക്ലാസ് ലുക്ക് ഒക്കെ വേണല്ലോ !
- അനിത പ്രേംകുമാര്‍-

6/3/18

സര്‍ഗധാര- ബാംഗ്ലൂര്‍ ഭാരവാഹികള്‍

ബാംഗ്ലൂരിലെ അറിയപ്പെടുന്ന സാംസ്കാരിക സംഘടനയായ സർഗധാരയുടെ വാർഷിക പൊതുയോഗം 03/06/2018 നു ജലഹള്ളിയിലെ ആലാപ് ഹാളിൽ വച്ച് നടന്നു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് ശാന്താമേനോൻ
വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ
സെക്രട്ടറി അനിതാ പ്രേംകുമാർ
ജോയിന്റ് സെക്രട്ടറി സഹദേവൻ
ട്രഷറർ വി കെ വിജയൻ

വിഷ്ണുമംഗലം കുമാർ,ഇന്ദിര ബാലൻ, കെ.ആർ കിഷോർ, രാധാകൃഷ്ണ മേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,കെ.ആര്‍ ജയലക്ഷ്‌മി, ശശീന്ദ്രവർമ, കൃഷ്ണപ്രസാദ്‌, തങ്കച്ചൻ പന്തളം, അൻവർ മുത്തില്ലത്ത്, ജോണ്സണ് ആലാപ്,സുധാകരുണാകരൻ,പ്രദീപ്ദാസ്, രഞ്ജിത് എന്നിവർ ഭരണസമിതി അംഗംങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
കന്നട വിവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്ക്‌ കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്ന കുവെമ്പു ഭാഷ ഭാരതി പുരസ്കാരം നേടിയ ശ്രീ. കെ.കെ. ഗംഗാധരനെ ചടങ്ങില്‍ മുന്‍ സെക്രട്ടറി.ശ്രീ. ഡി.രഘു പൊന്നാട അണിയിച്ചു ആദരിച്ചു. എഴുത്തുകാരന്‍ ശ്രീ. സുധാകരന്‍ രാമന്തളി ഉപഹാരം നല്‍കി. ശ്രീ.കെ.ആർ കിഷോർ, ശ്രീ.വിഷ്ണുമംഗലം കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.