7/13/17നീയെനിക്കാരായിരുന്നു...

                                                       (അനിത പ്രേംകുമാര്‍)

നീയെനിക്കാരായിരുന്നു... സഖേ,
നീയെനിക്കാരായിരുന്നു?

പാതിരാ മുല്ലകള്‍
പാതി വിരിഞ്ഞപ്പോള്‍
ചുറ്റും പരന്നൊരാ തെന്നല്‍.... തന്നു,
ഹൃദ്യമാം മാദക ഗന്ധം.. ഏതോ
ഹൃദയം നിറയ്ക്കുന്ന രാഗം.

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

കാമുകി രാധയായ്
കാതരയായി ഞാന്‍
കാട്ടിലലഞ്ഞു നടക്കേ,
ചാരെ ഞാന്‍ കേട്ടു നിന്‍ ഗാനം..
ചാരുതയേറുന്ന രാഗം....

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

പാല്‍ മണം മാറാത്ത
പൈതലിന്‍ ചുണ്ടുപോല്‍
നിസ്വാര്‍ത്ഥ സ്നേഹമായ് നിന്നില്‍
നൈവേദ്യമായ് ഞാനുമുണ്ടേ, എന്നും
കണ്ണാനിന്‍, പുല്ലാങ്കുഴലായ്‌!

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

******************************

6/14/17

അവന്‍ കള്ളനോ?
അവന്‍ കള്ളനോ?
-----------------------

(കവിത : അനിത പ്രേംകുമാര്‍ )

പാതിരാത്രിയില്‍
വാതിലില്‍ മുട്ടാതെ
ആരാരും കാണാതെ,
അകത്തു കയറി.

വീട് നിറയെ
ആളുകളെ കണ്ടവന്‍
ഒതുങ്ങിയൊരു മൂലയില്‍
ഒന്നും മിണ്ടാതെ
തരിച്ചു നിന്നു .

എന്തിന് വന്നെന്ന
ചോദ്യത്തില്‍,
കക്കാനായിരുന്നു
എന്ന് മറുപടി.

എങ്കില്‍ കട്ടോളൂ
എന്ന ഉത്തരത്തിനു
എനിക്കതിനു കഴിയില്ല
എന്ന് മറു വാക്ക് !

കക്കാനവന്
സ്വകാര്യത വേണം
ആരുമില്ലാത്തൊരു
വീട് വേണം
കൈയ്യിലായ്
ചെറിയൊരു
ടോര്‍ച്ചു വേണം
ടോര്‍ച്ചിന്റെ
വെട്ടത്തിന്‍
കാഴ്ച വേണം!

എന്നിട്ടും വിളിച്ചു
ഞാന്‍ പോലീസിനെ
കൈയാമം വച്ച്
പറഞ്ഞയച്ചു.

പിന്നെ തിരിഞ്ഞൊന്നു
നോക്കും നേരം
കണ്ടവന്‍ കണ്‍കളില്‍
നീര്‍ത്തുള്ളികള്‍!

എന്തിന് കരയുന്നു ?
കള്ളനല്ലേ നീ?
കക്കാനായ് വന്നെന്ന്
നീ പറഞ്ഞില്ലേ?

അത് കേട്ടു മെല്ലെ
തിരഞ്ഞവന്‍ കീശയില്‍
രത്നം തിളങ്ങുന്ന
മോതിരം കൈയ്യില്‍!
ഇത് ഞാന്‍ നിനക്ക്
തരാനായ്‌ വന്നു .

നീമാത്രം കാണുവാന്‍
നിന്‍ കൈയ്യിലണിയുവാന്‍
മറ്റാരും കാണാതെ
അണിയിക്കുവാനായും!

ആളുകള്‍ ചുറ്റും
നിരന്നത് കണ്ടപ്പോള്‍
നിന്‍ മാനം വലുതെന്നു
തോന്നിയെനിക്കും
സ്വയമൊരു കള്ളനായ്
മാറി ഞാനപ്പോള്‍
നീയോ വിളിച്ചത്
പോലീസിനെയും!

കള്ളനേയല്ല , ഞാന്‍
കാമുകനാണ് ഞാന്‍.
നീപോലുമറിയാതെ
നിന്നെ പ്രണയിച്ച
നിന്‍ കണ്ണിലീരേഴു
ലോകവും ദര്‍ശിച്ച
വെറുമൊരു പാവം
കാമുകനാണ് ഞാന്‍!
 
കാഴ്ചകള്‍ മങ്ങിയ
ലോകത്തിന്‍ മുന്നില്‍
കള്ളനെക്കാള്‍ താഴെ,
പാവം, കാമുകന്മാര്‍!

അതുകൊണ്ട് ചൊന്നു,
ഞാന്‍ കള്ളനെന്ന്!

***************************

5/15/17

പുസ്തക പ്രകാശനം


  "പ്രണയ മഷി"


ഒരു കുഞ്ഞു മിന്നാമിനുങ്ങിനെ പരിണയിക്കുക, അവന്റെ ഇത്തിരി വെട്ടത്തിൽ അവന്റെ ചിറകോടു ചേർന്ന് പറന്നു കളിക്കുക...
അത്ര മാത്രമേ കരിവണ്ട് ആഗ്രഹിച്ചുള്ളൂ.. പക്ഷേ ദൈവം അവൾക്കു കൊടുത്തത് ഒരു നക്ഷത്രത്തെ ആയിരുന്നു..
പക്ഷേ നക്ഷത്രത്തിനെങ്ങനെ ഭൂമിയിൽ ഇറങ്ങാൻ പറ്റും? കരിവണ്ടിന് ആകാശത്തോട്ടും പോകാൻ കഴിയില്ല...
അവസാനം അവർക്ക് എന്ത് സംഭവിച്ചു? വായിക്കുക....
"പ്രണയ മഷി"
മെയ് 21നു കണ്ണൂർ പബ്ലിക് ലൈബ്രറിയിൽ വച്ച് വൈകിട്ട് 3.30നു ആരംഭിക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ ശ്രീ.എൻ. പ്രഭാകരൻ മറ്റു മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനകർമ്മം നിർവ്വഹിക്കുന്നു..
നിങ്ങളും ഉണ്ടാവണം....  
അനിത പ്രേംകുമാർ4/17/17

ഇന്നലെകള്‍.. ഇന്നുകള്‍...


ഇന്നലെകള്‍.. ഇന്നുകള്‍... 

പുരയിടത്തിന്‍റെ മുന്‍വശത്ത് വലത്തേ കോണിലായി മൂന്നും കൂടിയ ഇടവഴിയുടെ മുക്കില്‍ അടിച്ചു വാരിക്കൂട്ടിയ കരിയിലകള്‍ക്ക് തീ പിടിപ്പിക്കുകയായിരുന്നു അച്ഛമ്മ.

മഞ്ഞു പെയ്തു നനഞ്ഞ കരിയിലകള്‍ പുകഞ്ഞു കൊണ്ടിരുന്നു, നേരാം വണ്ണം കത്താതെ.

"അച്ഛമ്മേ, ഇന്നലെയും പാമ്പ് വന്നോ?" എന്ന എന്‍റെ ചോദ്യത്തിന് കരിയിലകള്‍ പിന്നെയും പിന്നെയും അടിച്ചുവാരി തീയിലേക്കിട്ടുകൊണ്ടിരിക്കുകയല്ലാതെ അച്ഛമ്മ ഒന്നും പറഞ്ഞില്ല.

സന്ധ്യയാവുന്നതിനു മുന്നേ എല്ലാ ചിമ്മിനി വിളക്കിലും മണ്ണെണ്ണ ഒഴിച്ച് തിരി നീട്ടി വച്ച്, കുപ്പി വിളക്കിന്റെ കുപ്പിയുടെ ഉള്ളിലെ കരിതുടച്ചു വൃത്തിയാക്കി കത്തിക്കാന്‍ തയ്യാറാക്കി വയ്ക്കുക അച്ഛമ്മ സ്വയം ഏറ്റെടുത്ത ജോലിയാണ്.കൂടെ നിലവിളക്കും തുടച്ചു വൃത്തിയാക്കി തിരിയിട്ടു വെളിച്ചെണ്ണ ഒഴിച്ച് വയ്ക്കണം. ആദ്യം നിലവിളക്ക് കത്തിച്ചു രാമനാമം ജപിച്ചു കഴിഞ്ഞ ശേഷമാണ് ചിമ്മിനി വിളക്കുകള്‍ കത്തിക്കുക. ഇന്നലെ അതിനു അച്ഛമ്മയെ സഹായിക്കാന്‍ കൂടിയതായിരുന്നു ഞാന്‍.

ആ സമയത്ത്, അച്ഛന്‍ വലിയൊരു ചൂരലും പിടിച്ചു വീടിനു ചുറ്റും പാമ്പിനെ അന്വേഷിച്ചു നടക്കുന്നത് കണ്ടത് ഓര്‍മ്മ വന്നു.
ഒരു കുന്നിന്‍ ചെരിവിലുള്ള വലിയ വിശാലമായ കശുമാവിന്‍ തോട്ടത്തിന്‍റെ താഴെ ഭാഗത്ത്‌ ഒറ്റമുറിയും ഇരു വശത്തും ചായ്പ്പും ഉള്ള കുഞ്ഞു വീട്.

നടുവിലത്തെ ആ പ്രധാന മുറിയെ ഞങ്ങള്‍ പടിഞ്ഞിറ്റകം എന്നും ഇടതു ഭാഗത്തുള്ള ചായ്പ്പിനെ അച്ഛന്‍റകം എന്നും ( ചിലപ്പോള്‍ ഓഫീസ് റൂം എന്നും!)വലതു ഭാഗതുള്ളതിനെ അടുക്കള എന്നും വിളിച്ചു. ഇതിന്റെ മൂന്നിന്‍റെയും നടുക്കുള്ള ഒഴിഞ്ഞ ഭാഗം ഇറയവും.

ചെത്തി തേയ്ക്കാത്ത വീട്ടില്‍ ഒരുദിവസം രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ പായ നിവര്‍ത്തുന്ന സമയത്ത് താഴെവീണ വസ്തു എന്താണെന്ന്അച്ഛമ്മ ചിമ്മിനി വിളക്കുയര്‍ത്തിനോക്കിയപ്പോള്‍ ആണ് അത് ഇഴഞ്ഞിഴഞ്ഞു പോകുന്നത് കണ്ടത്.

"അച്ഛാ, പാമ്പ് " എന്ന് പറഞ്ഞു ഒച്ചയെടുത്തതും അച്ഛന്‍ അതിനായി സൂക്ഷിച്ച വടിയും കൊണ്ട് ഓടി വന്നതും അതിനെ തല്ലിക്കൊന്നതും എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു.

മറ്റൊരു ദിവസം രാത്രി ആരോ ടോര്‍ച്ചടിക്കുന്നതറിഞ്ഞു അച്ഛമ്മ എഴുന്നേറ്റു തുടങ്ങിയതും അച്ഛന്‍ പറഞ്ഞു. " ഞാനാ അമ്മെ. ഇവിടെ എവിടെയോ അവന്‍ ഒളിച്ചിരിപ്പുണ്ട്. നിങ്ങള്‍ ഉറങ്ങിക്കോളൂ. ഞാന്‍ നോക്കാം.

പിറ്റേന്നും രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത് തല ചതഞ്ഞ, മരിച്ചു കിടക്കുന്ന, ഒരു വലിയ പാമ്പിനേയാണ്. അത് മൂര്‍ഖന്‍ ആണ് എന്നും അടുക്കള ഭാഗത്തെ ചുമരിനും അതിന്‍റെ മുകളില്‍ ഉള്ള ഓടിനും ഇടയില്‍ ഒളിച്ചു കിടക്കുകയായിരുന്നു എന്നും പിറ്റേ ദിവസമാണ് അറിഞ്ഞത്.

ഇതിനൊക്കെ മുന്നേ, അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ഇടയ്ക്ക് ഒരിക്കല്‍ അവര്‍ ന്യൂ ഇന്ത്യ ടാക്കീസില്‍ സെക്കണ്ട് ഷോ കണ്ടു മടങ്ങി വരുമ്പോള്‍ അമ്മയുടെ കാലില്‍ എന്തോ കടിച്ചു. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത നാട്ടില്‍ എന്ത് കടിച്ചു എന്ന് ആ സമയത്ത് എങ്ങനെ അറിയാന്‍! അച്ഛന്‍ ഉടനെ അമ്മയുടെ കാലിലെ കടിയേറ്റ ഭാഗം സ്വന്തം വായിലാക്കി കഴിയുന്നത്ര രക്തം വലിചൂറ്റി തുപ്പിക്കൊണ്ടിരുന്നു വത്രേ.. കുറെ നേരം അങ്ങനെ ചെയ്ത ശേഷം വീട്ടില്‍ പോയി കിടന്നുറങ്ങി. രാവിലെ കാലിനൊരു കെട്ടു കണ്ടു അന്വേഷിച്ചപ്പോള്‍ ആണ് അച്ഛമ്മ പോലും വിവരം അറിഞ്ഞത്!

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കിടക്കപ്പായയില്‍ തലേ ദിവസം തന്‍റെ കൂടെ കിടന്നുറങ്ങിയ വളയര്‍പ്പാന്‍ പാമ്പിനെയാണ് ഇന്ന് അച്ഛന്‍ തല്ലിക്കൊന്ന രൂപത്തില്‍ മുറ്റത്ത്‌ കണ്ടത് എന്ന് അച്ഛമ്മ പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. ഞങ്ങളെ ഒരിക്കലും പാമ്പ് കടിച്ചതേയില്ല. അഥവാ, കടിക്കാതിരിക്കാന്‍ ഒരു ആറാം ഇന്ദ്രിയവും വച്ച് അച്ഛന്‍ കാവലിരുന്നു.

ഓരോ പാമ്പിന്റെയും ശവമടക്ക് കഴിയുമ്പോള്‍ ഇനിയൊന്നു വരരുതേ എന്ന് അച്ഛമ്മ പ്രാര്‍ഥിക്കുന്നതു കാണാം. വിഫലമായ പ്രാര്‍ഥനകള്‍....

അതിനു ശേഷം ഒരിക്കല്‍ അച്ഛനോട് ചോദിച്ചു.
" എന്നു മുതലാണ്‌ അച്ഛന്‍ പാമ്പുകളെ കൊല്ലാന്‍ തുടങ്ങിയത്?"

ആച്ഛന്‍ പറഞ്ഞത് അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഭാര്യ പാമ്പ് കടിയേറ്റു മരിച്ചതും അതിനു ശേഷം അറിഞ്ഞോ അറിയാതെയോ പാമ്പുകളെ കൊന്നുകൊണ്ടിരുന്നതിന്റെയും കഥകള്‍.

പിന്നീട് മറ്റൊരു സ്ഥലത്തെയ്ക്ക് വീട് മാറി. ആ വീട് ചെത്തി തേച്ചു. പിന്നെ പൊളിച്ചു വാര്‍പ്പിന്റെ വീട് പണിതു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ വൈദ്യുതി വന്നു. രാത്രിയും പകലും നല്ല വെളിച്ചമായിപാമ്പിന്റെ ശല്ല്യം കുറഞ്ഞു വന്നു. പശുവിനും ആടിനും വേണ്ടി പുല്ലു പറിക്കാന്‍ അടുത്തുള്ള പറമ്പില്‍ പോകുമ്പോള്‍ മാത്രം പാമ്പുകളെ കണ്ടു. പതുക്കെ പശുവും ആടും വീടിന് അന്യമായി.

ബാംഗ്ലൂരില്‍ പാമ്പുകള്‍ വളരെ കുറവാണ്. കാണാറെയില്ല എന്നും പറയാം. അഥവാ കണ്ടാല്‍ അതിനു കുടിക്കാന്‍ വെള്ളവും കൊടുത്തു വിടും ഇവിടത്തുകാര്‍. ഒപ്പം ഞങ്ങളും!

അവരും ഭൂമിയുടെ അവകാശികള്‍.. പക്ഷെ മനുഷ്യ ജീവന് ഭീഷണി വരുമ്പോള്‍ നമ്മള്‍ അതൊക്കെ മറക്കുന്നു എന്ന് മാത്രം.

വിഷുവിനു കണി വയ്ക്കാന്‍ വെള്ളരിക്കയോ ചക്കയോ മാങ്ങയോ കോവയ്ക്കയോ, എന്തിന്, കൊന്നപ്പൂ പറിക്കാന്‍ പോലും നമുക്കിന്നു മുറ്റത്തെയ്ക്കോ പറമ്പിലെയ്ക്കോ ഇറങ്ങേണ്ട. എല്ലാം മൊബൈലില്‍ അമര്‍ത്തിയാല്‍ വീട്ടിലെത്തും.

കളിത്തോക്കില്‍ കാപ്സ് പൊട്ടിച്ച, വിഷുവിനു പറിക്കാന്‍ വെള്ളരി നാട്ടു നനച്ചുണ്ടാക്കിയ, കോവ വള്ളികളിലെ കായകള്‍ സൂക്ഷിച്ചു വച്ച, ചക്കയും മാങ്ങയും മരത്തില്‍ നിന്നും പറിച്ചെടുത്ത് കണി വച്ച ആ പഴയ നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും മാറി വിഷു ആശംസകളോടെ, ഞാനുമെന്റെ മൊബൈല്‍ എടുക്കട്ടെ..

*****************************************************************************
അനിത പ്രേംകുമാര്‍
(ബാംഗ്ലൂര്‍ ജാലകത്തിന്റെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

4/12/17

വിഷു ആശംസകള്‍
കണിക്കൊന്നകള്‍ പൂത്തുലയാനും വിഷുപ്പക്ഷികള്‍ പാട്ട് പാടാനും തുടങ്ങിയിരിക്കുന്നു.
മൂവാണ്ടന്‍ മാവുകളില്‍ കണ്ണിമാങ്ങകള്‍ നിന്ന് ചിണുങ്ങുന്നു.
പറയി പെറ്റ പന്തീരു കുലത്തിലെ മൂത്തയാളായ നമ്പൂതിരിക്ക് പറയന്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് കറിവച്ചു കൊടുത്ത പശുവിന്‍ അകിട്, കോവയ്ക്കകളായി  പുനര്‍ജനിച്ചു പന്തലില്‍ തൂങ്ങി യാടുന്നു.
വെള്ളരിക്കകള്‍ മൂത്ത് പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ മാടി വിളിക്കുന്നു.  മുഴുത്ത ഒരു ചക്ക,തേന്‍ വരിക്ക പ്ലാവില്‍,വേരിന്മേല്‍ കായ്ച്ചിരിക്കുന്നു. 
എങ്ങും വിഷുക്കാഴച്ചകള്‍. വീണ്ടും വിഷു വന്നെത്തിയല്ലോ!
 സ്വര്‍ണ്ണവും വെള്ളിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും നവധാന്യങ്ങളും
ഒക്കെ ഒരുക്കേണ്ടേ നമുക്ക് കണിവയ്ക്കാന്‍?

കണിക്കൊന്ന പോലെ, കത്തിച്ചു വച്ച നിലവിളക്ക് പോലെ  വിശുദ്ധമാകട്ടെ  നമ്മുടെ ഓരോ പ്രവര്‍ത്തിയും. ഓരോ പ്രഭാതവും നിറഞ്ഞ മനസ്സോടെ  കണികണ്ടുണരാന്‍ ഓരോ ദിവസം കൂടി  ആയുസ്സ് നീട്ടി കിട്ടിയതില്‍ സന്തോഷിക്കുകയാണല്ലോ നാമോരോരുത്തരും!

നമുക്ക് പ്രാര്‍ഥിക്കാം, നമ്മുടെ ഓരോ ദിനവും വിഷു ദിന മാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണി ആകാന്‍.
 വിഷു ആശംസകളോടെ --------

അനിത പ്രേംകുമാര്‍

വിഷുപ്പുലരിയില്‍


കൊന്നപ്പൂവില്‍
തുളുമ്പും വിശുദ്ധിയും
വാല്‍ക്കണ്ണാടിയില്‍
കാണുന്ന മുഖവും
നവധാന്യ വെള്ളരി
കണ്ണിമാങ്ങാക്കുല
പൊന്നും പുടവയും
വെള്ളി നാണ്യങ്ങളും
ചുറ്റും പ്രകാശം
ചൊരിയും വിളക്കും

വിഷുക്കാല പുലരിയില്‍
കണികണ്ടുണരുവാന്‍
ഉപ്പും മധുരവും
വായില്‍ നുണയുവാന്‍
കണ്ണാ നീ എന്‍ കൂടെയില്ലേ
നിന്നോടക്കുഴലായി ഞാനും...


******************************

Anitha Premkumar

4/4/17

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ..

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ

ഉള്ളിലെരിയുന്ന കനലുകളൊക്കെയും
വെള്ളമൊഴിച്ചു കെടുത്തിയെന്നാകിലും
ഒരു തളിർ തെന്നലിൻകുഞ്ഞു തലോടലിൽ

ഒന്നായ് തെളിയുന്നു കത്തുന്നു കനലുകൾ!

ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുന്നു നാം വൃഥാ
ഓർമ്മകളാകുന്ന കനലുകളൊക്കെയും
ഓമനത്തത്തോടെ കൂടെ കരുതുവോർ!

വേദനിപ്പിക്കായ്ക, നീയിന്നബലയായ്
നിന്മുന്നിൽ നിൽക്കുന്ന പാവം പെൺകുട്ടിയെ
വേദനിപ്പിക്കായ്ക നീയിന്നവളെ, നിൻ
ഭാവിയിൽ താങ്ങായി മാറേണ്ടവളവൾ

കനലുകൾ സൃഷ്ടിക്കയെന്നതെളുപ്പമാ-
-ണൂതിക്കെടുത്തുക എന്നത് കഷ്ടവും
ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുക വേണ്ട നീ!

ഒരുനാളവൾ വരും ഒരു ഭദ്ര കാളിയായ്
ഒരുനാളവൾ വരും സംഹാര രുദ്രയായ്
മാനാപമാനങ്ങൾ പെണ്ണിന് മാത്രമോ?
മാനമില്ലാത്തോരോ, ആണ്‍ജന്മമൊക്കെയും?

തേന്മൊഴി,കിളിമൊഴി,കളമൊഴിയായവൾ
തേൻകൂടുമായിട്ടു നിന്മുന്നിൽ വന്നെന്നാൽ
തേനൂറും വാക്കിൽ മയങ്ങുന്നു നീയെന്നും
തേൻകൂട്ടിനുള്ളിലെ തത്തയായ് തീരുന്നു!

കനലുകൾ തീർത്തത് നീയല്ലേ കോവാലാ
കനലിലെരിഞ്ഞതും ഇന്ന് നീ അല്ലയോ?
കണ്മുന്നിൽ കാണുന്ന പെൺശരീരങ്ങളെ
കത്തുന്ന കാമത്താൽ നോക്കുവതെന്തുനീ?

*****************************************
അനിത പ്രേംകുമാർ

3/10/17

അക്ഷയ പാത്രം


അക്ഷയ പാത്രം അക്ഷയ പാത്രമൊരെണ്ണം തന്നു
കണ്ണനെനിക്കൊരു സമ്മാനമായി 
ഞാനതിലുണ്ണാതിരിക്കുവോളം
സദ്യവിളമ്പാന്‍ വരവുമോതി.

ഉണ്ണാതെ ഞാനെന്നും കാത്തിരുന്നു
വീട്ടുകാരൊക്കെകഴിക്കുംവരെ
എന്നിട്ടുംവീണ്ടുംഞാന്‍കാത്തിരുന്നു
നാട്ടുകാരാരാനും വന്നെങ്കിലോ!

എന്നുമെനിക്കൂണ് വൈകിമാത്രം
വയറുകരിഞ്ഞൊരുപാകമാവും
നാട്ടുകാരപ്പോഴും പാടിനടന്നു
ദ്രൌപദിക്കെപ്പോഴും സദ്യതന്നെ!

എങ്കിലുംകണ്ണാ ഞാനഹങ്കരിച്ചു
എത്രയോപേര്‍ക്ക് ഞാന്‍ സദ്യനല്‍കി
അതിനെനിക്കാകെ പണിയുള്ളതോ,
പാത്രങ്ങള്‍വൃത്തിയായ് കഴുകുകയും.

അതുപോലും ചെയ്തില്ല മുഴുവനായ്ഞാന്‍
എന്ന്നീചൊല്ലാതെചൊല്ലിയില്ലേ?
ഒരുചീരത്തുണ്ടാല്‍ നിന്‍പശിയകന്നു*
എന്നഹങ്കാരത്തിനാത്മബലിയും!

******************************************
കവിത: അനിത പ്രേംകുമാര്‍


(* ദ്രൌപദിയുടെ ഊണ്കഴിഞ്ഞശേഷം വിശന്നുവലഞ്ഞു കയറിവന്ന കണ്ണന് ഭക്ഷണംകൊടുക്കാന്‍കഴിയാതെ വിഷമിച്ച ദ്രൌപദിയെ സമാധാനിപ്പിക്കാന്‍ കണ്ണന്‍ അക്ഷയപാത്രത്തില്‍ ബാക്കിയായിപ്പോയ ഒരു തുണ്ട്ചീര ഭക്ഷിക്കുകയും അദ്ദേഹത്തിന്‍റെ വിശപ്പ്‌മാറുകയുംചെയ്യുന്നു.)

3/6/17

എനിക്കുമിന്നൊരു കവിത മൂളണം


പാരീസ് മിഠായി

പാരീസ് മിഠായി
------------------------
ബസ് സ്റ്റോപ്പിൽ വച്ച് എപ്പോള്‍ കണ്ടാലും പാവാടയുടെ പോക്കറ്റില്‍ നിന്നും കൈ നിറയെ പാരീസ് മിഠായി വാരിയെടുത്ത് അവള്‍ എനിക്ക് തരും. വീട് മാറിയപ്പോൾ പുതുതായി ചേർന്ന സ്‌കൂളിൽ, ഏഴാം ക്ലാസ്സില്‍, ഓണപ്പരീക്ഷ മുതല്‍ കൊല്ലപ്പരീക്ഷവരെ മാത്രം ഒരുമിച്ചുണ്ടായിരുന്ന ഒരു കൂട്ടുകാരി...

എപ്പോഴും പോക്കറ്റില്‍ എനിക്കായി മിഠായി കരുതാന്‍ മാത്രം ഞാന്‍ എന്ത് സ്നേഹമാണ് അവള്‍ക്കു തിരിച്ചു കൊടുത്തത്? അറിയില്ല. പക്ഷെ ഓരോ പ്രാവശ്യം മിഠായി തരുമ്പോഴും അവള്‍ എന്നെ വല്ലാതെ നോവിക്കും വിധം കൈത്തണ്ടയില്‍ ആഞ്ഞു നുള്ളുകയും ചെയ്യുമായിരുന്നു.

എന്തിനു ഇങ്ങനെ വേദനിപ്പിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അടുത്തപ്രാവശ്യം കാണുന്നതുവരെ ഈ വേദനയില്‍ നീ എന്നെ ഓര്‍ക്കണം എന്ന്! കണ്ണുകളിൽ നോക്കി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ച ഒരു കൂട്ടുകാരി..

പിന്നീട് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം കണ്ടപ്പോള്‍ പാരീസ് മിഠായികൾക്കൊപ്പം അവള്‍ ഇതുകൂടി പറഞ്ഞു "ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്, പക്ഷെ എനിക്ക് പഠിക്കണം, ഫാറൂഖ് അറബിക് കോളജിൽ ചേർന്നു ഡിഗ്രി എടുക്കണം.. എന്നിട്ട് നിന്റെ അമ്മയെപ്പോലൊരു ടീച്ചർ ആകണം, കൊന്നാലും കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല " എന്ന്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ച സ്കൂളിന്‍റെ വാര്‍ഷികത്തിന് ചെന്നപ്പോള്‍ കൈയ്യില്‍ നുള്ളാനും പാരീസ് മിഠായി തരാനും അവള്‍ എന്നെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.

" എന്തായി കല്യാണക്കാര്യം? " എന്ന് ചോദിച്ചപ്പോള്‍ അവള്‍ അല്പം ദൂരേയ്ക്ക് ചൂണ്ടി. എനിക്കൊന്നും മനസ്സിലായില്ല.

അപ്പോഴവൾ പറഞ്ഞു. " അതാ, ആ കാണുന്ന എന്‍റെ അനിയത്തിയെ ഓര്‍മ്മയില്ലേ നിനക്ക്?"

നോക്കിയപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്ന അവളുടെ അനിയത്തിക്കുട്ടി സാരിയുടുത്തു പത്തിരുപത്തെട്ടു വയസ്സുള്ള ഒരാളോടൊപ്പം അവിടെ നില്‍ക്കുന്നു..

ആകെ അന്ധാളിച്ചു നോക്കി നിന്ന എന്നോടു ഒരു സാധാരണക്കാര്യം പോലെ എന്നാൽ വല്ലാതെ വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു, " ഞാന്‍ സമ്മതിച്ചില്ല. അവള്‍ക്ക് എതിര്‍ക്കാന്‍ അറിയുകയും ഇല്ല"

അവൾ തന്ന മിഠായികൾക്ക് എന്തുകൊണ്ടോ അന്ന് രുചികുറവായി തോന്നി.

പിന്നീട് എന്‍റെ കല്ല്യാണം വിളിക്കാന്‍ ബസ്‌ സ്റൊപ്പിനു അടുത്തുള്ള, എന്നാൽ അല്പം ഉള്ളിലായുള്ള അവളുടെ വീട് തപ്പിപ്പിടിച്ചു ചെന്നെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ല.

ആകെ കാടുപിടിച്ചുകിടന്ന ഇടിഞ്ഞുപൊളിയാറായ ആ വീട്ടിൽ ആരെയും കാണാഞ്ഞത്കൊണ്ട് കല്യാണക്കത്ത് ഇറയത്ത് വച്ച് അന്ന് ഞാൻ തിരിഞ്ഞു നടന്നു.

മനസ്സിന്റെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരങ്ങൾ കിട്ടിയില്ല... എന്റെ പാരീസ് മിഠായി ഇന്ന് എവിടെയായിരിക്കും?

വേണ്ട, നേരിട്ട് ചോദിക്കാം.

അറബിക് ടീച്ചറെ, നീ ഇപ്പോൾ എവിടെയാണ്?
******************************************
അനിത പ്രേംകുമാർ

1/3/17

സ്വാമിയേ ശരണമയ്യപ്പാ

കഥ: അനിത പ്രേംകുമാര്‍


" നീ ഇങ്ങു വന്നേ.. നമ്മുടെ വക്കീല് വിജയ ശങ്കർ കത്തിക്കേറുന്നു.. ഹ.. ഹ.. ഹ.. അയാൾക്ക് പിന്നെ ഒന്നും നോക്കണ്ടല്ലോ! മേലെ നോക്കിയാൽ ആകാശം, താഴെ നോക്കിയാൽ ഭൂമി..


"ബാക്കിയുള്ളവർക്ക്‌ നേരെ തിരിച്ചാണോ",  എന്ന് ചോദിച്ചാലോന്ന് തോന്നിയതാ.. അടുക്കളേന്ന് എത്ര ഒച്ചയെടുത്താലാ അത് ടി.വി. യുടെ മുന്നിലുള്ള ആൾ കേൾക്കുക! അതുകൊണ്ട് വേണ്ടാന്നു വച്ചു.

ചപ്പാത്തിക്ക് കുഴച്ചുകൊണ്ടിരുന്ന മാവ് അടച്ചു വച്ചു. കറിക്കു മുറിച്ചുവച്ച കഷ്ണങ്ങൾ കുക്കറിൽ അടുപ്പത്ത് വച്ച് വേഗം അവളും ടി. വി. യുടെ മുന്നിൽ എത്തി.

ചാനൽ ചർച്ച (അതോ ബഹളമോ!) തകർക്കുകയാണ്.. ആകെ വിറളി പിടിച്ച അവതാരകൻ ഒരു ഭ്രാന്തനെപ്പോലെ ഒച്ചയെടുക്കുകയും അയാളുടെ തീരുമാനങ്ങൾ ചർച്ചയ്ക്കു വന്നവരിൽ അടിച്ചേൽപ്പിക്കാൻ കഠിനപ്രയത്നം ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നത്. അറിയാതെ ചിരിച്ചും പോയി...

" അല്ലാ, ഈ ചർച്ചയിൽ ചിരിക്കാൻ എന്താ ഉള്ളത്? നീ ചർച്ച ഒന്ന് ശ്രദ്ധിക്കൂ.. അവിടെ ഇപ്പോൾ ആര് ആരുടെ മേൽ കൈ വയ്ക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാ.. എന്നിട്ടും നീ ചിരിക്കുകയാണോ? "

അവൾ അപ്പോൾ മറ്റൊരു കാര്യമാണ് ഓർത്തത്.. ആ അവതാരകനെ ചർച്ചയ്ക്കു വന്ന എല്ലാവരും കൂടി വലിച്ചിട്ട് അടിച്ചാൽ നല്ല രസമായിരിക്കും.. പക്ഷേ അതവർ ലൈവ് ആയി കാണിക്കുമോ!

ഏയ്.. അപ്പൊ പരസ്യം വരാനാ സാധ്യത..

കുക്കറിന്റെ വിസിലുകളുടെ എണ്ണം കൂടുന്നു..

" ഞാൻ അടുക്കളയിലേക്ക് പോകുന്നു. ഈചർച്ചയൊക്കെ വീട്ടില്‍ ഒരു ജോലിയും ചെയ്യാത്ത, നിങ്ങൾ ആണുങ്ങൾക്കുള്ളതാ. എനിക്ക് ഇഷ്ടം പോലെ ജോലി ബാക്കിയുണ്ട്."

" അതെ. അത് ശരിയാ.. ഈ പെണ്ണുങ്ങൾക്കൊക്കെ ഇതൊക്കെ എവിടെ മനസ്സിലാവാൻ! നിന്നെ വിളിച്ച എന്നെ പറഞ്ഞാ മതിയല്ലോ!"

"ചപ്പാത്തിക്ക് എന്താ കറി?"

"ചെറുപയർ ഉരുളകിഴങ്ങും ചേർത്ത് വേവിക്കാൻ വച്ചിട്ടുണ്ട്."

"അയ്യോ, അത് വേണ്ട. കുറച്ചു പരിപ്പു വേവിച്ചു വയ്ക്കൂ.. ഒറ്റ വിസിൽ മതി. വെള്ളം കുറച്ചേ വയ്ക്കാവൂ.. ഞാൻ വന്നു നല്ല അടിപൊളി ഒരു കറിയുണ്ടാക്കിതരാം.. നീ എന്തുണ്ടാക്കിയാലും വായിൽ വയ്ക്കാൻ കൊള്ളില്ല.."

" അപ്പൊ വേവിക്കാൻ വച്ചത് ? "

"അത് നാളെ എടുക്കാലോ! "

ഇനി വീണ്ടും കുക്കർ ഒഴിച്ചു കഴുകണം. എന്നാലും സാരമില്ല. അവനുണ്ടാക്കിയ കറികള്‍ക്കെന്നും നല്ല രുചിയാണല്ലോ!

ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ കഴുകി ഒരല്പ സമയം ടി. വി.ക്കു മുന്നിൽ ഇരിക്കാം എന്ന് കരുതിയതാ.  പരസ്പരവും  കറുത്ത മുത്തും ചിന്താവിഷ്ടയായ സീതയും ഒക്കെ കണ്ടിട്ട് നാളുകള്‍ കുറെയായി. കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ കൂടെ ഇരുന്നു കണ്ടതാ. അതൊക്കെ എവിടം വരെ ആയോ എന്തോ! ആ ദീപ്തി ഐ.പി.എസ് ഓഫീസര്‍ ആണെന്ന് പറഞ്ഞിട്ടെന്താ! അവളുടെ കാര്യവും കഷ്ടം തന്നെയാണ്.

അതെങ്ങനാ, ഈ റിമോട്ട് ഒന്ന് കൈയ്യില്‍ കിട്ടിയിട്ട്മാസങ്ങളായി. അച്ഛന്‍ പിടി വിട്ടതും  മക്കള്‍ കൈക്കലാക്കി!

അപ്പോഴേക്കും അകത്തുനിന്നും വിളി വന്നു.

" കിടക്കാറായില്ലേ? കുറച്ചു വെള്ളം ഇവിടെ കൊണ്ടുവന്നു വച്ചേക്കണേ". 

"ഇപ്പൊ വരാട്ടോ.. "

അകത്തു ചെന്ന്  വളരെ സ്നേഹപൂർവ്വം അവൾ അയാളോട് ചോദിച്ചു.

"അതേയ്, നിങ്ങൾ എപ്പോഴാ വ്രതം തുടങ്ങുന്നേ? "

"എന്ത് വ്രതം?"

"ഇത് ശബരിമല സീസൺ അല്ലേ ? ഇപ്രാവശ്യം പോകുന്നില്ലേ?"

"ഹ.. ഹ... ഹ

നിനക്ക് റസ്റ്റ് വേണം ഇല്ലേ ?"

" ഉം... അങ്ങനെയും പറയാം... മാലയിട്ടാൽ പിന്നെ നിങ്ങളുടെ ഈ ചുറ്റിക്കളിയൊക്കെ കുറച്ചുനാൾ നിന്നുകിട്ടുമല്ലോ ! നേരെ മുന്നില്‍പ്പെട്ടാലും കാണാത്തപോലെ ഒരു പോക്കുണ്ട്... കള്ളന്‍!

അയാൾ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
" പെണ്ണെ, അതിനൊക്കെയാണ് പത്രം വായിക്കുകയും ചാനൽ ചർച്ചകാണുകയും ഒക്കെ ചെയ്യേണ്ടത്... "

" ങേ.. അതും ഇതും തമ്മിൽ എന്ത് ബന്ധം ? "

"ബന്ധങ്ങളെയുള്ളൂ.. ഇനി മുതൽ ശബരിമലയ്ക്കു നിനക്കും വരാം...

"ങേ!"

"അതെ..ഭക്ഷണമൊന്നും ഇനി വഴിവക്കിൽ കാണുന്ന ഹോട്ടലിൽ നിന്നല്ല.. നീ വച്ചുണ്ടാക്കിയ നല്ല ഹോം മെയ്ഡ് ഫുഡ്! പോകുമ്പോള്‍ നമുക്ക് അത്യാവശ്യം കുക്ക് ചെയ്യാനുള്ള സാധന സാമഗ്രികളും കരുതാം. "

"അപ്പൊ, അ.... അമ്പതു വ..യ..സ്സ്?"

തുറന്നു പിടിച്ച അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് അടച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"അതൊക്കെ പണ്ട്.. നീ വാ. കിടക്കാം.. "

എന്തിനെന്നറിയാതെ ദേഷ്യം വന്നു..

എട്ടാമത്തെ വയസ്സില്‍ അച്ഛന്റെ കൈയും പിടിച്ചു മലകയറിയത് ഇപ്പോഴും ഓര്‍ക്കുന്നു. കെട്ടുനിറയുടെ സമയത്ത് ശരണം വിളികളില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്, പേട്ട തുള്ളിയത്..കല്ലിടാം കുന്നില്‍ കല്ലിട്ടത്.. ശരം കുത്തിയില്‍ ശരമെറിഞ്ഞത്, സന്നിധാനത്തിലെ തിരക്കില്‍ ഏതോ ഒരു പോലീസുകാരന്‍ എടുത്തുയര്‍ത്തി അയ്യപ്പനെ കാട്ടിത്തന്നത്, പിന്നെ വെളുപ്പാന്‍ കാലത്തെ തണുപ്പില്‍ ഐസ് പോലെ തണുപ്പാര്‍ന്ന ഉരക്കുഴിതീര്‍ത്ഥത്തില്‍ കുളിച്ചത്...

ഇനി, മധ്യവയസ്സുകഴിഞ്ഞു  എല്ലാ തിരക്കുകളും കടമകളും ഒക്കെ കഴിഞ്ഞു, പെണ്ണ് എന്ന ദേഹബോധം ഒഴിഞ്ഞശേഷം   മാത്രമേ പോകാന്‍ പറ്റൂ എന്നാണു കരുതിയത്‌.
ഇപ്പോള്‍ അതും മാറിയിരിക്കുന്നു!
ഇനിയിപ്പോ കിടന്നിട്ടെന്തിനാ?ഉറങ്ങാൻ കുറെ കഴിയണ്ടേ!

പെട്ടെന്ന് അവൾ ചോദിച്ചു,

"ഈ പെണ്ണുങ്ങളുടെ ശബരിമല എന്ന് പറയുന്ന അമ്പലത്തിൽ നിങ്ങളെ കയറ്റാൻ പുതിയ നിയമം വല്ലതും വന്നോ ?"

" ഇല്ല"

" എങ്കിൽ ഞാൻ നാളെമുതൽ വ്രതം തുടങ്ങുന്നു.. "

"എന്തിന് ?"

 അതിനുത്തരം പറയാതെ അവള്‍ കയറിക്കിടന്നുറങ്ങി. ഉറക്കം വരാഞ്ഞതുകൊണ്ടോ എന്തോ, അവന്‍ വീണ്ടും ടി.വി യില്‍ ചാനല്‍ ചര്‍ച്ചകള്‍ കാണാനിരുന്നു.


**************************

അനിത പ്രേംകുമാർ