12/23/13

വരവേല്‍പ്പ്

കഥ: അനിത പ്രേംകുമാര്‍
                            പണ്ടൊക്കെ അങ്ങനെയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍  കപ്പല്‍ കയറി, ദുരിതങ്ങള്‍ സഹിച്ചു യാത്ര ചെയ്ത് എങ്ങനെയെങ്കിലും പേര്‍ഷ്യയില്‍ പോകും. ദാരിദ്ര്യം അത്രയ്ക്ക് രൂക്ഷമായിരുന്നു. കുടുംബത്തില്‍ നിന്നും ഒരാള്‍ പോയാല്‍ മതി, മൊത്തം വീട്ടുകാരും  കരകയറാന്‍. 
എന്നാല്‍ ഇപ്പോള്‍ ? കേരളം ഇന്ന് ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഉയര്‍ന്ന നിലയിലാണ്. എല്ലാക്കാര്യത്തിലും. പക്ഷെ നന്നായി പഠിച്ചവര്‍ക്ക് അതിനു പറ്റിയ തൊഴില്‍ അവസരങ്ങള്‍ തീരെ കുറവ്. നാട്ടില്‍ തന്നെ ഇഷ്ടം പോലെ ഫാക്ടറി കളും മറ്റും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു ജന്മം മുഴുവന്‍, അല്ലെങ്കില്‍ "നല്ല കാലം " മുഴുവന്‍ ഇങ്ങനെ അന്യ നാട്ടില്‍ കഷ്ടപ്പെടണമായിരുന്നോ? എന്നാണു കേരളത്തിലെ രാഷ്ട്രീയക്കാരും കൊടി പിടിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ഇതൊന്നു മനസ്സിലാക്കുക?

ഞങ്ങളില്‍ ചിലര്‍ എങ്കിലും , ഇവിടെ വന്നത് ,
നാട്ടിലുള്ളവര്‍ സുഭിക്ഷമായി ആര്ഭാടമായ് വലിയ വീടുകളില്‍ കഴിയാന്‍ വേണ്ടി,
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണവും കൊടുത്തു പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ വേണ്ടി, ഒക്കെ തന്നെയാണ്.
ജോലി ചെയ്യാന്‍ മാത്രമായി ഒരു ജീവിതം! വല്ലപ്പോഴും ഉള്ള നാട്ടില്‍ പോക്ക് പോലും മടുത്തിരിക്കുന്നു. ജീവിതത്തില്‍ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായെങ്കില്‍!
എങ്കില്‍ എന്തോക്കെയാകും സംഭവിക്കുന്നത്‌?
ഭാര്യയുടെ കയ്യും പിടിച്ചു നടക്കാനിറങ്ങി, ഇതാടാ എന്‍റെ സുന്ദരി പെണ്ണ് എന്ന് പറയാതെ പറഞ്ഞു കൂട്ടുകാരുടെ ഇടയില്‍ താരമാകുന്നത്!
തിയറ്ററിന്‍റെ ഇരുട്ടില്‍ അവളെ ചേര്‍ത്ത് പിടിച്ചു ആരുമറിയാതെ, ഒന്ന് ---
ഗര്‍ഭിണിയായ ഭാര്യയുടെ കൂടെ തെല്ലൊരഭിമാനത്തോടെ നാട്ടുകാരുടെ മുന്നിലൂടെ നടന്നു ഡോക്ടറെ കാണാന്‍ പോകുന്നത്!
പ്രസവിച്ച ഉടനെ ആദ്യമായി സ്വന്തം കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങുന്നത്!
അവളെ മടിയിലിരുത്തി പേരിടുന്നത്! വിടര്‍ന്ന കൊച്ചു കണ്ണുകള്‍ കൊണ്ട് അവള്‍ അച്ഛനെ നോക്കുന്നത്, നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു ഉറങ്ങുന്നത്!
അങ്ങനെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
ഇല്ല, ഒന്നും തനിക്കു പറഞ്ഞിട്ടുള്ളതല്ല.

ആ പെണ്ണ് കാണല്‍ ചടങ്ങ് പെട്ടെന്ന് തീരുമാനിച്ചതായിരുന്നു. കുറെ കണ്ടു, ഒന്നും ശരിയാകാതെ തിരിച്ചു പോകാന്‍ സമയമായപ്പോള്‍ വകയിലുള്ള ഒരമ്മാമനാണ് അതുവരെ മറന്നു പോയ ഒരു കാര്യം ഓര്‍ത്തപോലെ പറഞ്ഞത്.
“കാര്യാട് ഒരു കുട്ടീണ്ട്. ഒന്ന് പോയി നോക്ക്യാലോ?”
എന്നാ നിനക്കതു നേരത്തെ പറഞ്ഞൂടായിരുന്നോ ദാമോ? ഇതിപ്പോ അവന്‍ പോകാന്‍ പെട്ടിയോരുക്കാന്‍ തുടങ്ങുമ്പോഴ--
അമ്മ ചൂടായി.
അവസാനം തിരക്കിട്ടൊരു പെണ്ണ് കാണല്‍, രണ്ടാഴ്ചകൊണ്ട് കല്ല്യാണം.
എങ്ങനെയൊക്കെയോ ലീവ് രണ്ടാഴ്ചെം കൂടി നീട്ടി കിട്ടിയത് കൊണ്ട്,
അത്രേം ദിവസത്തെ ഹണീ മൂണ്‍.
ഹണീ മൂണ്‍ എന്ന് പറയാന്‍ പറ്റുമോ ?
നേരാം വണ്ണം അവളെ ഒന്ന് കാണാന്‍ പോലും ബന്ധുക്കളും വീട്ടുകാരും സമ്മതിച്ചില്ല. എല്ലാവരേം കൂട്ടി മിഥുനം മോഡല്‍ ഒന്ന് വീഗാലാണ്ട് പോയി.
എന്തൊരു ഭംഗ്യായിരുന്നു അവളെ കാണാന്‍. കണ്ടു കൊതി തീരും മുമ്പേ—
അവളുടെ പതിഞ്ഞ ആലില വയര്‍ കണ്ടപ്പോള്‍ ചോദിച്ചതാണ്.
“ഇവിടെ എങ്ങനെയാ ഒരു കുഞ്ഞു കിടക്കുക?
നാണത്തില്‍ കുതിര്‍ന്നു അവള്‍ മറുപടി പറഞ്ഞു.
“ അതിനു ഒരു മൂന്നു നാല് വര്‍ഷത്തേയ്ക്ക് നമുക്ക് കുഞ്ഞുങ്ങള്‍ വേണ്ടല്ലോ?”
അതേ നമുക്ക് ജീവിതം ആഘോഷമാക്കി മാറ്റണം.
എന്നിട്ടും രണ്ടാഴ്ചകഴിഞ്ഞ് തിരിച്ചു പോരേണ്ടിവന്നു.
എന്നാലും ആ സമയം കൊണ്ട് തന്നെ വിശേഷം ആയതു നന്നായി. ഇല്ലെങ്കില്‍ എന്‍റെ സാന്നിധ്യമില്ലാതെ അവള്‍ !

രണ്ടാമത് നാട്ടില്‍ പോയത് ഇളയ അനിയത്തിയുടെ കല്യാണത്തിനാണെങ്കിലും,അന്ന് ബാക്കി വച്ച ഹണിമൂണ്‍ ശരിക്കൊന്നു ആഘോഷിക്കുകഎന്നതായിരുന്നു മനസ്സില്‍.
അവളുടെ രൂപം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അയച്ചുതന്ന ഫോട്ടോ ഇത്ര വൃത്തികേടില്ലായിരുന്നു.
തടിച്ചു, ചടച്ചു, വലിയ വയറുമായി!
സ്വയം തണുത്തുറയുന്നപോലെ തോന്നി.
ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങനെ? മലയാളി പെണ്ണിന്‍റെ ശരീരം ഒരു പ്രസവം കഴിഞ്ഞാല്‍ പിന്നെ ഊതി വീര്‍പ്പിച്ച ബലൂണായി മാറുന്നു. അതിനു പിന്നെ നിമ്നോന്നതങ്ങളില്ല, വിചാര വികാരങ്ങളില്ല--  
അതോ ഇതൊക്കെ ഈ വിരഹം സമ്മാനിച്ച സമ്പാദ്യങ്ങളോ?
ഏതോ അപരിചിതന്‍ അമ്മയുടെ കൂടെ കിടക്കാന്‍ എത്തിയതില്‍ ഉള്ള അമര്‍ഷം കാരണം അന്ന് രാത്രി മുഴുവനും മോള് കരഞ്ഞു കൊണ്ടിരുന്നു.
മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ഇതിന്  ഫുള്‍ ടൈം കരച്ചില് തന്നെയാണോ പണി?”
മറുപടി കിട്ടീല്ലാന്നു  മാത്രല്ല, മോളുടെ കൂടെ അമ്മേം കരയാന്‍ തുടങ്ങി.
വെട്ടിയിട്ട തടിപോലെ കിടക്കുന്ന അവളേം കണ്ടു, ഒരു മാസത്തെ ലീവ് എങ്ങനെയൊക്കെയോ തീര്‍ത്തു തിരിച്ചു പോന്നു.
ആദ്യത്തെ പ്രാവശ്യം യാത്രയയക്കുമ്പോള്‍ പെയ്തു തോരാത്ത മിഴികളുമായി നിന്നവള്‍ക്ക് പകരം അന്ന്  കണ്ടത്,
ആശ്വാസത്തിന്റെ ഒരേ ഒരു ഭാവം.
അങ്ങനെ പിന്നെയും രണ്ടോ, മൂന്നോ യാത്രകള്‍.
ആ യാത്രകളില്‍ പക്ഷെ, മോളോട് കൂടുതല്‍ അടുക്കുകയായിരുന്നു.
 ഇന്ദുവിന്‍റെ ഫോണ്‍ വന്നപ്പോള്‍ സത്യത്തില്‍ അമ്പരപ്പായിരുന്നു..
“ഏട്ടാ, മോള് വലിയ കുട്ടിയായി. ഇന്ന് രാവിലെ യായിരുന്നു. ആരോടും പറയുന്നില്ല. ഇപ്പൊ അങ്ങനെയുള്ള ചടങ്ങുകളൊന്നും ഇല്ലല്ലോ. ഏട്ടനെ അറിയിച്ചൂന്നു മാത്രം.
പിന്നെ വീട്ടുപണി നടന്നു കൊണ്ടിരിക്കുന്നു. ഒരു മൂന്നു ലക്ഷം ഉടനെ വേണം, ആശാരിപ്പണി തുടങ്ങാന്‍ മരത്തിന് അഡ്വാന്‍സ് കൊടുക്കാനാ. എന്നാല്‍ ശരി, പണിക്കാര്‍ക്ക് ചായയുണ്ടാക്കട്ടെ. വയ്ക്കുന്നു.”
പക്ഷെ അയാള്‍ തീരുമാനിച്ചു. ഇപ്രാവശ്യം ഒന്ന് പോയെ തീരൂ.
             *  *  * 
എങ്ങനെയൊക്കെയോ ലീവ് സംഘടിപ്പിച്ചു നാട്ടിലെത്തി.
പതിവുപോലെ എയര്‍ പോര്‍ട്ടില്‍ ഒരു കാറ് നിറയെ ആളുകള്‍ കാത്തു നില്ക്കുന്നു.. അനിയത്തിമാരും അളിയന്മാരും ഒക്കെ  ഉണ്ട്.
ചേട്ടാ, ഞാനൊരു എല്‍.ഇ.ഡി  ടിവി യ്ക്ക് പറഞ്ഞിരുന്നല്ലോ, അത് കൊണ്ടുവന്നിട്ടുണ്ടോ?
ഞാനും പറഞ്ഞിരുന്നു ഒരു മൈക്രോ വേവ് ഓവനും നല്ലൊരു ഡിജിറ്റല്‍ ക്യാമറയും. അതുണ്ടോ ചേട്ടാ?
രണ്ടനിയത്തിമാരും എന്തൊക്കെയോ ചോദിക്കുന്നു. രണ്ടുപേരെയും കല്ല്യാണം കഴിച്ചയപ്പിച്ച കടം തീര്‍ന്നെങ്കില്‍ തിരിച്ചു വരുന്നതിനെ പറ്റി ഒന്ന് ചിന്തിക്കാമായിരുന്നു. ഇതിപ്പോ, ടി വി, ഓവന്‍--

അളിയന്മാര്‍ക്കൊക്കെ നാട്ടില്‍ നല്ല ജോലിയുണ്ട്. പക്ഷെ അമ്മ പറയുന്നത്, അവരേം മക്കളേം നോക്കേണ്ടത് തന്‍റെ കടമയാണ് എന്ന്! വിദേശത്ത് ജോലി തനിക്കല്ലേയുള്ളൂ--മനസ്സില്‍ എന്തൊക്കെയോ പറയാന്‍ വന്നുവെങ്കിലും ഒന്നും പറഞ്ഞില്ല.
“ഇല്ല, ഇപ്രാവശ്യം പെട്ടെന്ന് തീരുമാനിച്ചതല്ലേ?ഒന്നും വാങ്ങാന്‍ പറ്റിയില്ല.“
ഒന്നും കൊണ്ട് വരാഞ്ഞതില്‍ പ്രതിഷേധിച്ചു അവരൊക്കെ അന്ന് വൈകിട്ട് തന്നെ തിരിച്ചു പോയി.
“മോളെവിടെ ഇന്ദു? എയര്‍ പോര്‍ട്ടിലു വച്ച് ഒന്ന് കണ്ടൂന്നെയുള്ളൂ—
ഇതൊക്കെ ഞാന്‍ മോള്‍ക്കു വേണ്ടി വാങ്ങിയതാ.”
അയാള്‍ മോള്‍ക്ക്‌ വേണ്ടി വാങ്ങിച്ച പട്ടു പാവാട തുണികളും ചൂരിദാറുകളും ഒക്കെ പുറത്തെടുത്തു. കൂടെ നല്ല ഒരു ഡയമണ്ട് സെറ്റും.
അവള്‍ ചോദ്യം കേട്ടതായി തോന്നിയില്ല. വീണ്ടും ചോദിച്ചു.
“മോളെവിടെ?”
“അവള്‍ അവളുടെ അമ്മൂമ്മയുടെ വീട്ടില്‍ പോയി.”
ഭാര്യയുടെ കണ്ണിലെ തീ കണ്ടപ്പോള്‍ അത് എന്തിനാണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.
“എന്നോടു ചോദിക്കാതെയോ? അതും ഞാന്‍ വന്ന ഉടനെ?”
“ആരാ പറഞ്ഞെ, ഇപ്പൊ ഇങ്ങോട്ട് വരാന്‍? അവളുടെ കല്യാണമൊന്നും ആയിട്ടില്ലല്ലോ? ആയാല്‍ അറിയിക്കും. വീടിന്‍റെ പണി പകുതിയില്‍ നില്‍ക്കുമ്പോഴാ, ഒരു കാരണവു മില്ലാതെ ഈ വരവ്.
എയര്‍ പോര്‍ട്ടില്‍ വച്ചുള്ള ആ നോട്ടവും ഉഴിയലും ഒന്നും ഞാന്‍ കണ്ടില്ലെന്നു വിചാരിച്ചോ? ഇങ്ങനെയുമുണ്ടോ ഒരച്ഛന്‍? നാണമില്ലാത്ത മനുഷ്യന്‍! അതും സ്വന്തം മോളോട്! ഒരമ്മ എന്ന നിലയില്‍ എന്‍റെ ഉത്തരവാദിത്തം ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ പോയശേഷം ഇങ്ങോട്ട് വന്നാല്‍ മതി, എന്ന് പറഞ്ഞിട്ടുണ്ട്.
ഭാര്യേം മോളേം തിരിച്ചയാന്‍ പറ്റാത്ത ജന്മങ്ങള്‍.”
അയാള്‍ക്ക്‌ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇന്നലെ മോളെ കണ്ടപ്പോള്‍ നോക്കി നിന്നുപോയി എന്നത് സത്യം. അവളുടെ അമ്മയെ ആദ്യം കണ്ടപ്പോള്‍ ഉള്ളതിനേക്കാള്‍ സൌന്ദര്യം! രണ്ടു വര്ഷം കൊണ്ട് ഒരു പെണ്‍കുട്ടി ഇത്രയ്ക്ക് മാറുമോ? മെലിഞ്ഞു നാരോന്തു പോലിരുന്ന കുഞ്ഞ്! അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. അത് തന്‍റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും പോലും ഇഷ്ടമായില്ലെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു.
മകന്‍ വളരുന്നതും, അവനു പൊടി മീശ വരുന്നതും, കാണാനും ആസ്വദിക്കാനും അവനെ കെട്ടിപ്പിടിക്കാനും ഒക്കെ അമ്മയ്ക്ക് സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ സ്വന്തം മകള്‍ ഒരു പൂ വിടരുന്നത് പോലെ വിടര്‍ന്നു , മനോഹരിയായ ഒരു യുവതിയായി മാറുന്നത് പിതൃ വാത്സല്ല്യത്തോടെ കാണാന്‍, അവളെ ഒന്ന് തൊടാന്‍ ഒരച്ഛന് ഈ നാട്ടില്‍ ഇനി കഴിയില്ലെന്ന സത്യം അയാള്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു- വര്‍ത്തമാന പത്രങ്ങളില്‍ വന്ന പൊള്ളുന്ന വാര്‍ത്തകളുടെ ചൂട് തന്നിലേയ്ക്കു അരിച്ചെത്തുന്നത് അയാള്‍ അറിഞ്ഞു.
പിറ്റേ ദിവസം തന്നെ വിളിച്ചു ലീവ് ക്യാന്‍സല്‍ ചെയ്തു.
“നിനക്ക് മോളെ കാണാന്‍ പറ്റാത്തത് കൊണ്ടാണെങ്കില്‍ അവളോടു ഒന്ന് കൂടി ഒന്ന് വന്നിട്ട് തിരിച്ചു പോയ്ക്കോളാന്‍ പറയാം.” അമ്മയാണ്.
“വന്നിട്ട് തിരിച്ചു പോയ്ക്കൊള്ളാന്‍” എന്ന വാക്ക് പിന്നെയും പൊള്ളിച്ചു.
അയാള്‍ ഒന്നും പറയാതെ പെട്ടി പാക്ക് ചെയ്യാന്‍ തുടങ്ങി. ഇനി പെട്ടെന്നൊന്നും ഒരു തിരിച്ചു വരവ് ആഗ്രഹിക്കാതെ.

പെട്ടികള്‍ അടുക്കി വച്ച്, ആരോടും യാത്ര ചോദിക്കാനില്ലാതെ പടിയിറങ്ങാന്‍ തുടങ്ങിയതും

കരഞ്ഞു കൊണ്ട് മകള്‍ അതാ ഓടിവരുന്നു---
"അച്ഛാ--- എന്ന് വിളിച്ചു മകള്‍ വന്നു കയ്യില്‍ പിടിച്ചു പൊട്ടി ക്കരയാന്‍ തുടങ്ങി.
അച്ഛന്‍ പോകരുത്--- എനിക്ക് കഥകള്‍ പറഞ്ഞു തരണം. എനിക്ക് അച്ഛന്റെ മടിയില്‍ തല വച്ച് കിടക്കണം. അല്ലെങ്കില്‍ അച്ഛന്‍ പോകുകയേ വേണ്ട. നമുക്ക് ഇവിടെ തന്നെ എന്തെങ്കിലും ജോലി കണ്ടു പിടിക്കാം---പ്ലീസ്--- അച്ഛാ--- അച്ഛന്റെ മുത്തല്ലേ പറയുന്നത്---  അവള്‍ താഴെ ഇരുന്നു കാലില്‍ പിടിച്ചു വച്ചിരിക്കുന്നു.
നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
രണ്ടു കൈ കൊണ്ടും അവളെ പതുക്കെ എഴുന്നേല്‍പിച്ചു നിര്‍ത്തി. സങ്കടം സഹിക്കാനാവാതെ അയാള്‍ പൊട്ടി പൊട്ടി കരയാന്‍ തുടങ്ങി.

" എന്ത് പറ്റി?  അടുത്ത കട്ടിലില്‍ കിടക്കുന്ന റഹിം ആണ്.
രാജേട്ടാ-- ഇതെന്താ? സാധാരണ എല്ലാവരും നാട്ടില്‍ പോകാന്‍ ടിക്കെറ്റ് ബുക്ക്‌ ചെയ്‌താല്‍ ഉറക്കത്തില്‍ ചിരിക്കുന്നത് ഒരു പാടു കണ്ടിട്ടുണ്ട്. ഇതാദ്യമായാ ഇങ്ങനെ."
കുറച്ചു സമയമെടുത്തു,, പരിസര ബോധം വരാന്‍. നാട്ടില്‍ നിന്നും ഇന്ദു വിന്‍റെ ഫോണ്‍ വന്നപ്പോള്‍, ഇന്ന് പേപ്പറില്‍ വായിച്ച വാര്‍ത്തയും ഓര്‍ത്തു കിടന്നു പോയതാണ്. റഹിമ്നോടു എന്ത് പറയും!

വിങ്ങുന്ന ഹൃദയവുമായി അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  പെട്ടെന്നാണ് മൊബൈല്‍ റിംഗ് ചെയ്തത്. ആരായിരിക്കും? ‍ പതുക്കെ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്ത്.
ഇന്ദു ആണ്. "ഏട്ടാ, മോള്‍ക്ക് കൊടുക്കാം. അവള്‍ക്ക് അച്ഛനോട് എന്തോ പറയാനുണ്ടത്രേ."

" അച്ഛാ, "
" ഉം-- പറ മോളെ--"
"എപ്പോഴാ ഫ്ലൈറ്റ്? ഒക്കെ റെഡി ആക്കിയോ? വരുമ്പോള്‍ എനിക്കൊരു ഡയമണ്ട് സെറ്റ് കൊണ്ടുവരാമോ? "
"ഉം-- ഞാന്‍ വാങ്ങി വച്ചിട്ടുണ്ടല്ലോ!"
"ആണോ? ഉം---മ്മ----  നല്ല അച്ഛന്‍." അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നും ‍ കേട്ടില്ല. അയാള്‍ പട്ടു പാവാടയില്‍ തിളങ്ങി നില്‍ക്കുന്ന മകളെ മനസ്സില്‍ കണ്ടു. ഛീ-- ഞാന്‍ എന്തൊക്കെയാ സ്വപ്നം കണ്ടത്! അയാള്‍ വേഗം ചെന്ന് പെട്ടി അടുക്കി വയ്ക്കാന്‍ തുടങ്ങി.
                                                     
                       * *  * 
                                 
കഥ- അനിത പ്രേംകുമാര്‍

6 comments:

 1. വാർത്തകളിൽ പലതും കാണും.
  ഭാര്യക്ക് മകളെക്കുറിച്ചോർത്ത് ഭർത്താവിനെ പേടിക്കണമെങ്കിൽ, ഭർത്താവിന്റെ മുൻ ചെയ്തികളേക്കുറിച്ച് നല്ല ബോധമുള്ളതു കൊണ്ടാകണം. അയാൾക്ക് നല്ല ഒരു ഭൂതകാലമില്ലെന്ന് ഉറപ്പ്.

  ഇവിടെ അഛനാണ് അത്തരം ഒരു സ്വപ്നം കാണുന്നത്. പത്രവാർത്ത കണ്ട് സ്വന്തം മകളെക്കുറിച്ചോർത്ത് ഇത്തരം സ്വപ്നം കാണുന്നത് തന്റെ തന്നെ ഭൂതകാലം വേട്ടയാടുന്നതു കൊണ്ടാകണം.

  കഥ നന്നായിരിക്കുന്നു. ഗൾഫുകാരന്റെ ജീവിതം ഒരു വിധം പകർത്തിയിട്ടുണ്ട്.
  ആശംസകൾ...

  ReplyDelete
 2. കഥ നന്നായിരിക്കുന്നു ... ഒരു പ്രവാസിയുടെ ജീവിതം അപ്പാടെ പകര്‍ത്തിയില്ലങ്കിലും ... ചില യാഥാ ര്‍ത്തങ്ങള്‍ സമകാലിക പ്രസക്തിയുള്ള ചിലചിന്തകള്‍ ... പക്ഷെ തികച്ചും സാങ്കല്‍പ്പികമായ വികലമായ അത്തരം ചിന്തകള്‍ ഒരു പ്രവാസിയുടെ തലയിലേക്ക് എറിയണ മായിരുന്നോ... നാറാനത്ത് ഭ്രാന്തന്‍റെ രീതി ശരിയല്ല പ്രവാസിയെ വാനോളം പുകഴ്ത്തി താഴേകിടുന്ന രീതി .... ആശംസകള്‍ ....

  ReplyDelete
 3. sathyaseelan iverkulm12/23/13, 10:56 AM

  ഹൃദയസ്പൃക്കായി എഴുതി ...... അച്ഛന്റെ മനോവ്യാപാരങ്ങൾ എന്റെയും ആധിയും വ്യാധിയുമായി പരിവർത്തിപ്പിക്കാൻ താങ്കൾക്കു സമർത്ഥമായി കഴിഞ്ഞു !!! സ്വാഭാവികമായി തന്നെ അനാവരണം ചെയ്യപ്പെട്ട രംഗങ്ങളെ റഹിം മുറിക്കും വരെ അതൊരു മനോവ്യാപാരമായി അനുഭവപ്പെട്ടതെയില്ല !! പിന്നീട് ഇന്ദുവിന്റെ ഫോണും അതേറ്റു വാങ്ങുന്ന രാജേട്ടനും തുടർന്ന് ഫോണിൽ തുടരുന്ന മകളും ഒക്കെ ഒക്കെ ............!!! നൃശംസയുടെ പ്രതീകമായ അച്ഛനെ ആധിയുടെ കാലിക സമസ്യയയിലേക്ക് വേഷപ്പകർച്ച നടത്തിച്ച ഫിനിഷിംഗ് തികച്ചും തന്മയത്വമുള്ളതായിരുന്നു !! ഈ നന്മ എഴുത്തിൽ എന്നും കെടാതെ കാത്തു സൂക്ഷിക്കുക !! നന്നായി വരും !!!!!!!!!!!!!!

  ReplyDelete
 4. ദുഃസ്വപ്നങ്ങളുടെ കഥ
  യഥാര്‍ത്ഥത്തില്‍ ഇതൊന്നുമാകാതിരിക്കട്ടെ നടക്കുന്നത്!

  ReplyDelete
 5. കഷ്ടപ്പാടിനുപുറമേ, ഉള്ളില്‍ ആശങ്കകളുമായി കഴിയുന്ന പ്രവാസിജീവിതം!
  ആശംസകള്‍

  ReplyDelete
 6. പ്രവാസിയുടെ കഥ എന്നും ഇത്തരം വികല ചിന്തകളുടെതാണ്..

  നന്നായി എഴുതി ആശംസകള്‍

  ReplyDelete