1/29/18

പായം പുഴ
  - മഴയോര്‍മ്മകള്‍-എന്നെ പോലെ തന്നെയായായിരുന്നു , പായം പുഴയും.
ചിലപ്പോ ചിരിച്ചു കളിച്ച്... ചിലപ്പോ ആരോടും ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച്! മറ്റു ചിലപ്പോ ദേഷ്യപ്പെട്ട്, അലറിവിളിച്ച്..
മുമ്പ്, വേനല്‍ക്കാലത്ത് ചിരിച്ച്,കളിച്ച്, കള-കള ഒച്ചയുണ്ടാക്കിക്കൊണ്ടുള്ള ഒഴുക്ക് കാണാന്‍ നല്ല ഭംഗിയായിരുന്നു.
മെലിഞ്ഞുനീണ്ട എന്‍റെ അമ്മ, വെള്ളയില്‍കറുത്ത പൂക്കളുള്ള ആ, ഭംഗിയുള്ള സാരി ചുറ്റിയ പോലെ!
ആ സമയത്ത്മാത്രം അക്കരെ കടക്കാന്‍ തോണി വേണ്ട.
പുഴയിലൂടെ ഉരുളന്‍കല്ലുകളില്‍ തട്ടിവീഴാതെ , മുട്ടിനുമുകളില്‍ വെള്ളത്തില്‍, പാവാടയൊക്കെ പൊക്കിപ്പിടിച്ച്... ഓ, എന്ത് രസമായിരുന്നു! അക്കരെയെത്തുംമ്പോഴേയ്ക്കും അരവരെ നനഞ്ഞിട്ടുണ്ടാവും.
പിന്നെ അണക്കെട്ട് വന്നു. പുഴയുടെ രണ്ടുഭാഗത്തും വെള്ളംകയറി ഒരു പുഴയ്ക്ക്പകരം മൂന്ന് പുഴയുടെ വീതി! തെളിഞ്ഞ വെള്ളമാണ്.. പക്ഷെ ആരോടും ഒന്നും മിണ്ടാത്തപോലെ തോന്നും. ദേഷ്യോം സങ്കടോം സന്തോഷോം ഒന്നൂമില്ല.
അണകെട്ടിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നിട്ടും
എല്ലാവര്‍ക്കും ഉപകാരമാവുല്ലോ, എന്ന് കരുതി മിണ്ടാതിരിക്കുന്നപോലെ.
മഴക്കാലം തുടങ്ങിയാല്‍ പിന്നെ പറയണ്ട. ആകെ ദേഷ്യം വന്നു കണ്ടാല്‍ പേടിയാകുന്ന പോലെ.
ചുവന്നു കലങ്ങിമറിഞ്ഞ്, രണ്ട്കരയിലുമുള്ള, മരങ്ങളെല്ലാം പറിച്ചെടുത്ത്, പശൂനേം , ആട്ടിനേം ഒക്കെ തട്ടിയെടുത്ത്, ആരോടൊക്കെയോ വാശി തീര്‍ക്കുന്ന പോലെ അലറി വിളിച്ചു പായും!
ഒരു മഴക്കാലത്ത്‌ സ്കൂള്‍വിട്ടുവന്നപ്പോ അച്ചമ്മയോട് വെള്ളംകാണാന്‍ പോട്ടെന്ന് ചോദിച്ചു. ഉള്ളില് പേടിയുണ്ട്. പക്ഷെ വെള്ളംകാണാന്‍ പോയെ തീരൂ.
'മോള് പോയിട്ടു വേഗംവര്വോ" അച്ചമ്മ ചോദിച്ചു. "അച്ഛന്‍ വരുന്നേനുമുമ്പേ ഇങ്ങെത്തണെ";
വരാംന്നും പറഞ്ഞു തലയാട്ടി, കുടയുമെടുത്ത് കുന്നിറങ്ങി ഒരൊറ്റ ഓട്ടം. പുഴക്കരെഎത്തി, കുറെ സമയം വെള്ളവും നോക്കി നിന്നു.
നല്ല കലക്ക വെള്ളാ....
എന്തൊക്കെയോ ഒഴുകി വരുന്നുണ്ട്. പുഴക്കരയില്‍ നില്ക്കുമ്പോ സമയം പോകുന്നതറിയില്ല.
ഇരുട്ടായി തുടങ്ങി.
അച്ഛന്‍ വരുന്നേനു മുമ്പേ വീട്ടിലെത്തിയില്ലെങ്കില്‍ അടി ഉറപ്പാ. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ഒരു തവളയുടെ ദയനീയമായ കരച്ചില്‍ കേട്ടു.
അവിടെ യുള്ള കുറ്റിക്കാട്ടിലൊക്കെ തിരഞ്ഞു. കാണുന്നില്ല. പാവം. എന്തോ പറ്റീട്ടുണ്ട്.
പെട്ടെന്നാണ് അത് കണ്ടത്. ഒരു വലിയ പാമ്പ്... അതിന്‍റെ തുറന്നുവച്ച വലിയവായില്‍ ഒരു തവളയും!
അമ്മേ... ന്നും വിളിച്ചുകൊണ്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു.
തട്ടുതട്ടായി തിരിച്ച കമുകിന്‍തോട്ടത്തിലൂടെ മുകളിലേയ്ക്ക് കുടയുംപിടിച്ച് ഓടുന്നതിനിടയില്‍ തട്ടിത്തടഞ്ഞുവീണത്‌ മാത്രം ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ അച്ഛന്‍റെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു. കണ്ണ് തുറന്നതും അച്ഛന്‍ പറഞ്ഞു.
"മോള്‍ ഒന്നെണീറ്റെ".
നില്‍ക്കണ്ട താമസം "ഠപ്പേ" ന്നു ഒരടി! " ഇനി എന്നോടു ചോദിക്കാണ്ട് നീ ഈ വീട്ടിന്ന് പുറത്തിറങ്ങ്, അപ്പൊ കാണാം. എത്ര പറഞ്ഞാലും ഇവള്‍ക്ക് മനസ്സിലാവൂല്ലല്ലോ, കൂട്ടിനൊരു അച്ഛമ്മയും".
"എന്‍റെ മോക്ക് നൊന്ത്വോ?"
അച്ചമ്മയുടെ ചോദ്യം ഞാന്‍ കേട്ടില്ല. നിറഞ്ഞ കണ്ണുകളോടെ അച്ഛനെത്തന്നെ നോക്കുകയായിരുന്നു.
പതുക്കെ അച്ഛന്‍റെ കണ്ണും നനയുന്നത് കണ്ടു.
.................................................
- അനിത പ്രേംകുമാര്‍

No comments:

Post a Comment