9/2/15

ഗായത്രി, ഫുട്പാത്ത്, നെലമങ്ങല

ഇത് ഒരു സംഭവ കഥയാണ്‌. കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എന്നാലും കഥകള്‍ പറയാനുള്ളതാണല്ലോ.
ATM കാര്‍ഡും പണവും DOCUMENTS ഉം അടങ്ങിയ പര്‍സ് തട്ടിയെടുത്തു, അര ലക്ഷത്തോളം രൂപ കവര്‍ന്ന സ്ത്രീയെ രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ട് ഞങ്ങള്‍ കൈയ്യോടെ പിടിച്ചു കൊടുത്തിട്ടും പോലീസ് ചെയ്തത് ഇങ്ങനെ. സമയമുണ്ടെങ്കില്‍ ഒന്ന് വായിച്ചു നോക്കൂ..

 ഗായത്രി, ഫുട്പാത്ത്, നെലമങ്ങല

2010 ജൂലൈ 10.

ഒരു ശനിയാഴ്ച . ഞാനും അനിയത്തിയും ചേർന്ന് ഡേ കെയർ നടത്തുന്ന സമയം. ബാക്കിയുള്ള ദിവസങ്ങളില്‍ രാത്രി 7.30 ഒക്കെ കഴിയുമെങ്കിലും ശനിയാഴ്ചകളില്‍ ഞങ്ങള്‍ ഡേ കെയര്‍ നാല് മണിക്ക് അടയ്ക്കും . അതുകൊണ്ട് തന്നെ അന്ന് ആയമാരും മറ്റുള്ള ജോലിക്കാരും ഒക്കെ നല്ല സന്തോഷത്തില്‍ ആവും. രക്ഷിതാക്കളും അന്നൊരു ദിവസം വേഗം വന്നു കുട്ടികളെ കൊണ്ടുപോകും. പ്രീ സ്കൂള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ ഉള്ളൂ.
സെന്റര്‍ അടച്ചു വീട്ടില്‍ വന്നപ്പോള്‍ മോള്‍ക്ക് സ്കൂള്‍ ബാഗ്‌ വാങ്ങാന്‍ മത്തിക്കെരെ പോണം.ടു വീലറില്‍ വേണ്ട, നമുക്ക് ബസ്സിനു പോകാം, എന്ന് പറഞ്ഞപ്പോള്‍ അവളും സമ്മതിച്ചു. ബാഗ്‌ ഒക്കെ വാങ്ങി ഒറ്റ ഒരു സ്റ്റോപ്പ്‌ മാത്രം ദൂരെയുള്ള ഗോകുലയില്‍ ബസ് ഇറങ്ങി വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഒരു നൂറു രൂപ കൈയ്യില്‍ ഉണ്ടാകുമോ എന്ന് ഭര്ത്താവ് ചോദിച്ചത്. അതെടുക്കാന്‍ ബാഗില്‍ പര്‍സ് നോക്കിയപ്പോള്‍ കാണാനില്ല. എവിടെപ്പോയി? അവസാനം കയറിയ കടയില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ തിരികെ ബാഗില്‍ വച്ചത് നന്നായി ഓര്‍ക്കുന്നു. ഇത്ര കുറച്ചു സമയം കൊണ്ട് അതെവിടെ പോകാനാ?
നിറയെ കള്ളികള്‍ ഉള്ള, പൊതുവേ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ആ പര്സില്‍ എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും ഡേ കെയറില്‍ ഉപയോഗിക്കുന്ന ഒമ്നി വാനിന്റെ ആര്‍.സി. കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സ്ന്‍റെ കോപ്പി യും പ്രിയപ്പെട്ടവരുടെ കുറച്ചു പാസ് പോര്‍ട്ട്‌ ഫോട്ടോ കളും പിന്നെ എനിക്ക് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിഷുവിനു കൈ നീട്ടം കിട്ടിയ മടക്കാത്ത, ഒരു രൂപാ നോട്ടുകളില്‍ ബാക്കി വന്ന ല ചിലതും ( അത് ഒരു വലിയ സമ്പാദ്യം പോലെ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു ) അടക്കം പലതും ഉണ്ടായിരുന്നു. അതല്ലാതെ പണമായി വളരെ കുറച്ച് രൂപയും. ചുരുക്കി പറഞ്ഞാൽ എന്റെ മൊത്തം സമ്പാദ്യം അതിനകത്തായിരുന്നു.
ഏയ്‌... എവിടെയും പോകില്ല എന്നുംപറഞ്ഞു ഞാന്‍ പരതുമ്പോള്‍ ഏട്ടന്‍ പറഞ്ഞു. "നീ ഇനി പരതണ്ട. അത് പോക്കറ്റടിച്ചിരിക്കുന്നു. ഇനി വേണ്ടത് കഴിയുന്നതും വേഗം എല്ലാം ബ്ലോക്ക് ചെയ്യുകയാണ്."
ഉള്ളില്‍ പെരുമ്പറ കൊട്ടുന്നത് എനിക്ക് കേള്‍ക്കാം. അബദ്ധം പറ്റിയിരിക്കുന്നു. മത്തിക്കെരെ യില്‍ നിന്നും ഗോകുലയിലേക്കുള്ള ഒരു സ്റ്റോപ്പ്‌ ദൂരത്തിനിടയില്‍ അത് മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഇനി എന്ത് ചെയ്യും! എല്ലാം അതിനുള്ളില്‍!
പെട്ടെന്ന് തന്നെ വിജയാ ബാങ്ക് ന്‍റെ എ.ടി. എം ‍കാര്‍ഡ് (ഡേ കെയര്‍ ന്‍റെ ) ബ്ലോക്ക് ചെയ്യിപ്പിച്ചു. കൂടെ ക്രെഡിറ്റ്‌ കാര്‍ഡുകളും ചെയ്യാന്‍ പറ്റി. അവസാനം എസ.ബി.എം ന്‍റെ കാര്‍ഡ് ബ്ലോക്ക്‌ ചെയ്തപ്പോള്‍ സമയം ഏകദേശം ആറു മണി ആയി. പര്സ് നഷ്ടപ്പെട്ടത് ഏകദേശം നാലര മണിക്കും.
രണ്ടാം ശനി ആയതുകൊണ്ടും ജോലി സമയം കഴിഞ്ഞതുകൊണ്ടും ഒരു ബാങ്കിലും നേരിട്ട് സംസാരിക്കാനും പറ്റുമായിരുന്നില്ല.
എല്ലാം കഴിഞ്ഞു രണ്ടുപേരും കൂടി പോലീസ് സ്റ്ഷനില്‍ പരാതിയും കൊടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുറെ വൈകി. ഉറക്കമില്ലാത്ത ഒരു രാത്രി കടന്നുപോയി.

ജൂലൈ 11:

പിറ്റേ ദിവസം. അന്ന് ഞായറാഴ്ച . അന്ന്
കൂടുതൽ ഒന്നും നോക്കാൻ പറ്റിയില്ല

ജൂലൈ 12

തിങ്കളാഴ്ച . എസ്.ബി. എമ്മില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അവര്‍ അക്കൗണ്ട്‌ ചെക്ക്‌ ചെയ്തു.നോക്കി. അതില്‍ ഉണ്ടായിരുന്ന , അത് വരെയുള്ള ആകെ സമ്പാദ്യമായ അമ്പതിനായിരം രൂപയില്‍ 40100.00 രൂപ 7 ട്രാന്‍സാക്ഷന്‍ വഴി എസ.ബി.ഐ ന്‍റെ ജാലഹള്ളി ശാഖ എ.ടി.എം ഇല്‍ നിന്നും പിന്‍വലിച്ചിരിക്കുന്നു. ബാക്കി രണ്ടു റിലയന്‍സ് പര്‍ച്ചേസ്. ഒന്ന് മത്തിക്കെരെ(Rs.481.50), പിന്നൊന്ന് മഹാലക്ഷ്മി ലേഔട്ട്‌( Rs.3719.00). ആറു മണിക്ക് കാര്‍ഡ്‌ ബ്ലോക്ക് ചെയ്തിട്ടും ലാസ്റ്റ് ട്രാന്‍സാക്ഷന്‍ നടന്നത് 6.21നു.! അതിന്റെ വിശദ വിവരങ്ങള്‍ ബാങ്ക് കൈമാറി. ലോകം കീഴ്മേൽ മറിഞ്ഞ പോലെ തോന്നി. എന്ത് ചെയ്യും?
ജൂലൈ14 :
പോലീസ്ന്‍റെ സഹായത്തോടെ ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ ഷട്ടര്‍ താഴ്ത്തി,എ.ടി. എം പിറകു വശത്ത് കൂടി തുറന്നു, ഉള്ളില്‍ കയറി,അതിലെ ക്യാമറയില്‍ റെക്കോര്‍ഡ്‌ ആയ ആ ട്രാന്സാക്ഷന്‍സ് നടത്തിയ ആളുകളുടെ ഫോട്ടോ ഫോണില്‍ എടുക്കാന്‍ അനുവദിച്ചു. നന്നായി ഡ്രസ്സ്‌ ചെയ്ത, ആഭരണങ്ങള്‍ അണിഞ്ഞ രണ്ടു സ്ത്രീകള്‍. ഒരു സ്ത്രീയുടെ കൈയ്യില്‍ കുഞ്ഞും ഉണ്ട്. ഏതോ ഒരു പുരുഷന്‍ അവരെ പണം പിന്‍വലിക്കാന്‍ സഹായിക്കുന്നതും ഫോട്ടോയില്‍ കാണാം. റിലയന്‍സില്‍ ചെന്നപ്പോള് അവര്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും കിട്ടി. ഇതൊക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു.

ജൂലൈ 15:

കിട്ടിയ എല്ലാ വിവരങ്ങളുംപോലീസി നു കൈമാറിയിട്ടും അവര്‍ പറഞ്ഞത് പിടിച്ചു തന്നാല്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാം. എന്ന്!
ജൂലൈ16
സൈബര്‍ ക്രൈം പോലീസ്നും പരാതി കൊടുത്തു.
അവസാനം ഞങ്ങള്‍ പിടിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പത്രങ്ങളിലും ഞങ്ങള്‍ക്ക് പരിചയമുള്ള കടകളിലും ഈ ഫോട്ടോകള്‍ എത്തിച്ചു. ഇവരെ ഇനി കാണുകയാണെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞു.

ജൂലൈ18

ഞായറാഴ്ച .പ്രമുഖ പത്രങ്ങളില്‍ ഫോട്ടോ അടക്കം റിപ്പോര്‍ട്ട്‌ വന്നു.
ഒരാഴ്ചയായി ഓടി നടക്കുന്നു, ഇതിന്റെ പിറകെ. ഒന്ന് റിലാക്സ് ആകാന്‍ വേണ്ടി ബാംഗ്ലൂര്‍ ഉള്ള ഒന്ന് രണ്ടു ബന്ധുക്കളെ കുടുംബ സമേതം വീട്ടിലേക്കു ക്ഷണിച്ചു. എന്തിനാണ് എന്നൊന്നും പറഞ്ഞില്ല.എല്ലാവര്‍ക്കും ബിരിയാണിയൊക്കെ ഉണ്ടാക്കി കൊടുത്തു. കഴിച്ച ശേഷം ആണ് അവരോടും കാര്യം പറഞ്ഞത്.എന്നിട്ട് പത്രവും എടുത്തു കാട്ടി ക്കൊടുത്തു. വലിയൊരു വിഷമം എല്ലാവരും ചേര്‍ന്ന് ഒരു പൊട്ടിച്ചിരിയാക്കി മാറ്റി. കാരണം ലോകത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സങ്കടം തീര്‍ക്കാന്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നത്!
അങ്ങനെ ഞായറാഴ്ച പകല്‍ ഭംഗിയായി കടന്നുപോയി.
അന്ന് വൈകുന്നേരം മത്തിക്കെരെ ഒരു ബേക്കറിയില്‍ ഇതേ സ്ത്രീകളും കുട്ടിയും വന്നതായി അവര്‍ അറിയിച്ചു.

ജൂലൈ 19

ബേക്കരിയിൽ ചെന്നപ്പോള്‍ അവര്‍ CCTV ഇമേജ് കാണിച്ചു തന്നു. ഇതേ സ്ത്രീകള്‍! ഏതായാലും വൈകിട്ട് അവര്‍ വീണ്ടും വരാന്‍ ചാന്‍സ് ഉണ്ട്. ഇന്ന അവരെ് പിടിച്ചേ പറ്റൂ എന്ന്ഞങ്ങള്‍ തീരുമാനിച്ചു.
ഒരു സുഹൃത്ത്‌നെയും കൂട്ടി മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ പോകാനും .എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം, ഞങ്ങള്‍ ഉടനെ എത്തും എന്ന് പറഞ്ഞു സ്റെഷനിലെ രണ്ടുപോലീസുകാര്‍ ഫോണ്‍ നമ്പര്‍ തന്നിരുന്നു. പോകുന്നതിനു മുന്‍പ് അവരെ വിളിച്ചു പറഞ്ഞു. ആവശ്യം വന്നാല്‍ ഉടനെ എത്താം എന്ന് അവര്‍ സമ്മതിച്ചു. മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ കണ്ട വനിതാ ട്രാഫിക് പോലീസിനോടും കാര്യം പറഞ്ഞു. അവര്‍ വരികയാണെങ്കില്‍ സഹായിക്കാം എന്ന് അവരും സമ്മതിച്ചു. ബേക്കറിക്കാരും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മത്തിക്കെരെ എത്തി കുറെ സമയം കാത്തു നിന്നിട്ടും കാണാതായപ്പോള്‍ അടുത്ത ബസ് സ്റ്റോപ്പില്‍ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഭര്ത്താവും. സുഹൃത്തും പോയി. അഥവാ ഇവിടെ വരികയാണെങ്കില്‍ വിളിച്ചാല്‍ മതി, പെട്ടെന്നു ഞങ്ങള്‍ എത്തുംഎന്നും പറഞ്ഞു.
സമയം ആറു മണിയായി. ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന് മടുക്കാന്‍ തുടങ്ങി. അപ്പോഴതാ ഒരു ബസ് വന്നു നില്‍ക്കുന്നു. ഇതേ സ്ത്രീകളും കുട്ടിയും ബസ്സില്‍ നിന്നും ഇറങ്ങുന്നു. ഫോട്ടോയില്‍ വ്യക്തമായി കാണുന്ന നീല സാരിയുടുത്ത വിശാലമായ നെറ്റിത്തടമുള്ള, മൂക്കുത്തിയണിഞ്ഞ നീണ്ട മൂക്കുള്ള , തടിച്ച ചുണ്ടുകള്‍ ഉള്ള സ്ത്രീ കുട്ടിയുമായി ബസ്സിറങ്ങിയ ഉടന്‍ അവിടെ തന്നെ കുത്തിയിരുന്നു.
മറ്റെയാൾ തിരക്കിൽ അലിഞ്ഞ് അപ്രത്യക്ഷയായി, ആരുടെയോ പർസും അന്വേഷിച്ചാവാം.
എനിക്ക് ശരീരമാസകലം വിറയ്ക്കുന്നപോലെ തോന്നി. ഇത്രയും ദിവസം അന്വേഷിച്ചു നടന്ന ആളിതാ തൊട്ടു മുന്നിൽ. എല്ലാത്തിനും സൂത്രധാരകനായി കൂടെ നിന്ന ഭര്ത്താവ് അടുത്ത സ്റ്റോപ്പിൽ എവിടെയോ അവളെ അന്വേഷിക്കുകയാണ്. എന്തുചെയ്യും?
തൊട്ടു പിന്നിലുള്ള ബേക്കറിയിൽ അവൾ അറിയാതെ അവളെ കാണിച്ചു കൊടുത്തു. അവൾ അവിടന്നു എഴുന്നേറ്റു പോകുകയാണെങ്കിൽ തടയാൻ ആവശ്യപ്പെട്ടു. വനിതാ പോലീസിനെയും അവൾക്കു സംശയമില്ലാതെ അവിടെ വരുത്തി. എന്നിട്ട് എന്റെ കൂടെ വന്നവരേയും സഹായിക്കാം എന്നേറ്റ പോലീസിനെയും വിളിച്ചു പറഞ്ഞു.
അവൾ പതുക്കെ ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റതും കടക്കാരനും പോലീസും ഞാനും വളഞ്ഞു. അവളുടെ സാരിത്തുമ്പ് എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു. അവളോടു എന്റെ ഡോക്യുമെന്റ്സ് അടങ്ങിയ പർസ്എങ്കിലും തരൂ, എന്ന് പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ അവൾ പറഞ്ഞു, എ.ടി.എം കാർഡ്‌ എടുത്തിട്ടു പർസ് അവൾ എവിടെയോ വലിച്ചെറിഞ്ഞു എന്ന്!
അപ്പോഴേയ്ക്കും പോലീസുകാരൻ അവിടെയെത്തി. ഒരു ഓട്ടോ പിടിച്ചു അവളെയും കുഞ്ഞിനേയും നടുക്കിരുത്തി സ്റ്റെഷനിലേക്ക് പോകുന്ന വഴി അവളുടെ ബേഗ് തുറന്നു നോക്കി പോലീസ് എന്നോടുപറഞ്ഞു. "മേഡം, ഇതിൽ ആറായിരം രൂപയുണ്ട്. ഇവർ ധരിച്ചിരിക്കുന്ന പാവാടയിലും നിറയെ പോക്കറ്റ് ഉണ്ടാവും. പണവും. എന്നിട്ട്
ആ ബേഗ് എന്റെ കൈയ്യിൽ സൂക്ഷിക്കാൻ ഏല്പിച്ചു.
സ്റെഷനിൽ എത്തുമ്പോഴേയ്ക്കും ഭർത്താവും സുഹൃത്തും ഒക്കെ അവിടെയെത്തി. അവളെയും ബേഗും അവിടെ ഏല്പ്പിച്ചു വിജയശ്രീ ലാളിതയായി ബാക്കിയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കള്ളനെ പിടിച്ച കഥ കേൾക്കാൻ ഫോണ്‍ വിളികളുടെ പ്രവാഹം. .. അവർ ആ സ്ത്രീയെ അകത്തു കൊണ്ട് പോയി ചോദ്യം ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് പുറത്തു വന്നു ആ പോലീസ്കാരൻ ചോദിച്ചു
" മേഡം, ഞങ്ങൾ അവളെ അടിക്കുന്ന ശബ്ദം കേട്ടില്ലേ നിങ്ങൾ? അടികൊണ്ട് അവൾ ഒന്നല്ല, രണ്ടും പോയി. അവളെകൊണ്ട് തന്നെ വൃത്തിയാക്കിച്ചു."
"അയ്യോ,, അടിക്കുകയൊന്നും വേണ്ട. എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയാ മതി"
"അതെങ്ങനാ? അടിക്കാതെയൊന്നും ഇവർ കാര്യം പറയില്ല" അതും പറഞ്ഞു അവളുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ കുറച്ചു സമയം നോക്കാൻ അവർ എന്നെ ഏല്പ്പിച്ചു. ഞാൻ ഡേ കെയർ നടത്തുകയാണല്ലോ!
ഒൻപതു മണിയൊക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വന്നു. അതിനിടയിൽ മറ്റു ബന്ധുക്കളും സ്റെഷനിൽ വന്നിരുന്നു.
പിറ്റേ ദിവസത്തെ പത്രങ്ങളിൽ വീട്ടമ്മ സാഹസീകമായി കള്ളിയെ പിടിച്ച വാര്ത്ത വലിയ അക്ഷരത്തിൽ അച്ചടിച്ചു വന്നു.

ജൂലൈ 20

അന്ന് വൈകിട്ട് ഞങ്ങൾ വീണ്ടും സ്റെഷനിൽ ചെന്നു. ദൂരെ നില്ക്കുകയായിരുന്ന ഒരാളെ ചൂണ്ടി പോലീസ് പറഞ്ഞു, ഈ സ്ത്രീക്ക് വേണ്ടി വന്ന അഡ്വക്കേറ്റ് ആണ്. അയാളോട് സംസാരിക്കൂ എന്ന്.
അതെ. അവർക്ക് പോലും പിറ്റേ ദിവസം ഹാജരാകാൻ അഡ്വക്കേറ്റ്!
അയാൾ ഞങ്ങളോട് പറഞ്ഞത് വേണമെങ്കിൽ അയ്യായിരം രൂപ തന്നു സെട്ട്ൽ ചെയ്യാം എന്ന്. നാൽപത്തഞ്ച് പോയിട്ട് അഞ്ചിന് ഒത്തുതീര്പ്പാക്കാൻ! വേണ്ട എന്ന് പറഞ്ഞു. പിടിക്കപ്പെടുമ്പോൾ അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന രൂപ എവിടെ എന്ന് ചോദിച്ചപ്പോൾ എസ്. ഐ. പറഞ്ഞു. "എന്ത് രൂപ ? അവരുടെ കൈയ്യിൽഒന്നും ഉണ്ടായിരുന്നില്ല" എന്ന്.
എന്റെ കൂടെ ഓട്ടോയിൽ ഉണ്ടായിരുന്ന
പോലീസുകാരനെ നോക്കിയപ്പോൾ അയാൾ കൈമലർത്തി.
രാത്രിയിൽ ഞങ്ങൾ വീണ്ടും ചെന്നപ്പോഴേക്കും അവർ അവിടെയില്ലായിരുന്നു. പോലീസ് പറഞ്ഞത് അവരെ കോർട്ടിൽ ഹാജരാക്കി, ജയിലിലേക്ക് മാറ്റി , അവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ ഉണ്ട് എന്ന്.

ജൂലൈ21

രാവിലെ ഞങ്ങൾക്ക് FIR ന്റെ കോപ്പി തന്നു.

ജൂലൈ24

വീണ്ടും സ്റെഷനിൽ ചെന്നപ്പോൾ ഇൻസ്പെക്ടർ പറഞ്ഞത് ജാലഹള്ളി എസ്.ബി.ഐ. ഇന്ചാര്ജിനെ വിറ്റ്നെസ്സ് ആക്കിയിട്ടുണ്ട്. ഒരു തരത്തിലും ആ സ്ത്രീക്ക് ജാമ്യം കിട്ടുന്ന പ്രശ്നമില്ല എന്ന്.

ജൂലൈ26

നാട്ടില്‍ നിന്നും ഒരു ഫോണ്‍ കാൾ വരുന്നു. "സൂക്ഷിക്കണം, നീ അവരെ പിടിക്കുമ്പോൾ അവരുടെ കൂട്ടാളികൾ നിന്നെ കണ്ടിട്ടുണ്ടാകും, അവർ ബാബുവിനെയോ ( ഭര്‍ത്താവ്) ,  മക്കളെയോ തട്ടിക്കൊണ്ടു പോകുമോ എന്നാലോചിക്കുമ്പോള്‍ പേടിയാകുന്നു " എന്ന് വിളിച്ചയാൾ കുറ്റപ്പെടുത്തല്‍ പോലെ പറഞ്ഞപ്പോള്‍
അതുവരെയുണ്ടായ ധൈര്യം ഒക്കെ പോയി. പിന്നെ വീട്ടിൽ നിന്നും പോയ ഓരോ ആളും തിരിച്ചെത്തുന്നതുവരെ വേവലാതിയും വെപ്രാളവും തുടങ്ങി. വീട്ടുകാര്ക്ക് അപകടം പറ്റുന്നതോർത്ത് ആകെ അസ്വസ്ഥത.

2010 ആഗസ്റ്റ്‌

അവൾക്കു ജാമ്യം കിട്ടി എന്നറിയുന്നു.
എത്ര ശ്രമിച്ചിട്ടും അവളിൽ നിന്നും ഒരു വിവരവും കിട്ടിയില്ലത്രേ. ഗായത്രി, ഫുട് പാത്ത്, നെലമങ്ങല എന്ന അഡ്രെസ്സ് എഴുതി അവർ അവളെ വിട്ടയച്ചു.
ഒരാഴ്ചയോളം പനി വന്നു. പിന്നതു കുറഞ്ഞു.

ആഗസ്റ്റ്‌ 22

ഒന്നാം ഓണം. അപ്പാര്ട്ട്മെന്റിലെ ക്ലീനിംഗ്, സെക്യൂരിറ്റി ജീവനക്കാർ ആയ പത്തു പതിനേഴു പേർക്ക് ഓണ സദ്യ ഉണ്ടാക്കി കൊടുത്തു. തിരുവോണം അമ്മയുടെയും അച്ഛന്റെയും അടുത്ത്.

ആഗസ്റ്റ്‌24

വീണ്ടും പനി തുടങ്ങി. എല്ലാ ടെസ്റ്റ്‌കളും ചെയ്തിട്ടും ഒക്കെ നോർമൽ ആയിട്ടും പനി മാറുന്നില്ല. അത് ആഴ്ചകളോളം നീളുന്നു,

സെപ്റ്റംബർ 18

എന്തുകൊണ്ട് പനി മാറുന്നില്ല എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് ഞാൻ ഭർത്താവിനോട്‌ പറഞ്ഞു. ഇങ്ങനെ ഒരു ഫോണ്‍ വന്ന കാര്യവും അന്ന് മുതൽ നിങ്ങള്ക്ക് മൂന്നുപേര്ക്കും എന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചാണ് ഓരോ നിമിഷവും തള്ളി നീക്കിയത് എന്നും.
"അയ്യേ,, അങ്ങനെ പിടിക്കുകയാണെങ്കിൽ നിന്നെയല്ലേ അവർ കണ്ടിട്ടുള്ളൂ, നിന്നെയല്ലേ പിടിക്കുക?" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട്പറഞ്ഞു.
അത് ശരിയാണല്ലോ! അത് എനിക്കൊരു പ്രശ്നവും അല്ല.അതുവരെ അനുഭവിച്ച ടെൻഷൻ അവിടെ തീരുന്നു. പനിയും!
പിന്നീട് രണ്ടുമൂന്നു തവണ കോർട്ടിൽ വിളിപ്പിച്ചു. ഫുട്പാത്ത് കാരിയെ പിടിക്കാൻ ഒരു രക്ഷയുമില്ല, കേസ് ക്ലോസ് ചെയ്തെക്കട്ടെ എന്ന് മാത്രം അവർ ചോദിക്കും. വേണ്ട, എന്നെങ്കിലും കിട്ടിയാലോ എന്ന് പറഞ്ഞു ക്ലോസ് ചെയ്യാതെ തിരിച്ചു വരും.

2015

മൂന്നാല് മാസം മുന്പും അങ്ങനെ വിളിപ്പിച്ചു. ജഡ്ജിയെ നോക്കി ഉണ്ടായ കാര്യമെല്ലാം പറഞ്ഞു. എന്നിട്ട് ഇനി ഇതിലൊന്നും വിശ്വാസമില്ല. ഇങ്ങനെ വരാൻ സമയവും ഇല്ല. അതുകൊണ്ട് നിങ്ങൾ ക്ലോസ് ചെയ്തോളൂ എന്ന് പറഞ്ഞു. അവർ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടും കൊടുത്തു.

എന്നിട്ടും ....... ഗായത്രി, ഫുട്പാത്ത്, നെലമങ്ങല എന്ന അഡ്രസ്‌ ഇപ്പോഴും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ പ്രതിരൂപമായി എന്നെയും, ഒരു നോട്ടം കൊണ്ടുപോലും കുറ്റപ്പെടുത്താതെ രണ്ടാഴ്ചയോളം അവധിയെടുത്തു ആവശ്യമായ എല്ലാ രേഖകളും പോലീസിനു സംഘടിപ്പിച്ചു കൊടുത്ത എന്‍റെ ഭര്‍ത്താവിനെയും നോക്കി ചിരിക്കുന്നു. ഒരു തുണ്ട് കടലാസ്സില്‍ എവിടെയോ ആ പര്സില്‍ പിന്‍ നമ്പര്‍ എഴുതിയത് ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടക്കില്ലായിരുന്നു. നാളെ ഒരുപക്ഷെ നിങ്ങളെ നോക്കിയും ചിരിച്ചേയ്ക്കാം. ജാഗ്രതെ

*******************************************

യുദ്ധം ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പൊരുതി തോല്ക്കുന്നത് തന്നെ.

അനിത പ്രേംകുമാർ

11 comments:

 1. cheetha oru anubhavan panku vechathu nannayi, pin number ini ezhuthi vekkathirikkumallo

  ReplyDelete
 2. സാഹസികമായ മുന്നറ്റം നടത്തിയെങ്കിലും പിന്‍തിരിയേണ്ടിവന്ന സന്ദര്‍ഭമാണ് സങ്കടകരം!
  ഇത്രത്തോളം നിനച്ചില്ല.പിടികൂടിയപ്പോള്‍ എല്ലാം ഭംഗിയായി കലാശിക്കുമെന്നാണ് വിചാരിച്ചത്.
  എന്തുചെയ്യാം !സൂക്ഷിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ!
  നന്മകള്‍ നേരുന്നു...

  ReplyDelete
 3. ഹീ.ചേച്ചീ...

  ഇത്ര സാഹസികമായി അവളെ പിടിച്ചത്‌ വീർപ്പടക്കിയിരുന്നാ വായിച്ചത്‌...ഒരു ഡിറ്റക്ടിവ്വ്‌ നോവൽ വായിയ്ക്കുന്നത്‌ പോലെ...കർണാടക പോലീസ്‌ ആയത്‌ കാരണം അവസാനം ഇതേ സംഭവിയ്ക്കാൻ പാടുള്ളൂ.വെറും പത്ത്‌ രൂപ കൈക്കൂലി കൊടുത്ത്‌ ഞങ്ങൾ പലപ്പോഴും ഹെൽമെറ്റ്‌ വെക്കാത്തിനു രാജേശ്വരിനഗറിൽ നിന്ന് ഊരിപ്പോന്നിട്ടുണ്ട്‌...സാരമില്ല കേട്ടോ!!!!


  ഹൃദയത്തിൽത്തട്ടുന്ന രീതിയിൽ വിലപ്പെട്ട ഉപദേശം തന്നതിനു നന്ദി.!!!

  ReplyDelete
 4. വായനയില്‍ നിന്നും മനസ്സിലാവുന്നത് പിടിക്കപ്പെട്ട സ്ത്രീയുടെ ബാഗില്‍ ഉണ്ടായിരുന്ന രൂപ ചോദ്യംചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന് ആ സ്ത്രീ നല്‍കിയിരിക്കണം എന്നതാണ് .അതുകൊണ്ടാണ് അവ്യക്തമായ മേല്‍വിലാസം എഴുതിച്ചേര്‍ത്തതും ആ സ്ത്രീയെ മോചിപ്പിച്ചതും .നിങ്ങള്‍ക്ക് മേലധികാരികളെ സമീപിച്ച് നിജസ്ഥിതി ബോധിപ്പിക്കാമായിരുന്നു .സത്യസന്ധമായി കര്‍ത്തവ്യം നിര്‍വഹിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരും നമ്മുടെ രാജ്യത്തുണ്ട് .എഴുത്തിന് ആയുധത്തെക്കാള്‍ മൂര്‍ച്ചയുണ്ട്‌ അതുകൊണ്ടുതന്നെ ഈ അനുഭവക്കുറിപ്പുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് സുധിയാണ് ഈ കുറിപ്പ് എന്നെ പരിചയപ്പെടുത്തിയത് .സമയ ലഭ്യതപോലെ ഇനിയും വരാം

  ReplyDelete
 5. ഒരു കുറ്റാന്വേഷണ കഥ പോലെ വായിച്ചു.. അവസാനം നിസ്സഹായതയോടെ ചിന്തിക്കുകയും ചെയ്തു.. ലോകം നന്നാവൂല..ചിലര്‍ നന്നാക്കാന്‍ സമ്മതിക്കൂല..

  ReplyDelete
 6. Do not disclose your PIN number to anyone
  That four digit number is the key to your safe locker
  (Moral of the story)

  ReplyDelete
 7. അനിതാജി.... കര്‍ണ്ണാടക എന്ന വാക്കിനു കരുണയനാടു എന്ന അര്‍ത്ഥമുണ്ട്.....
  പണത്തിനു വേണ്ടി എന്തും ചെയ്യുന്ന എരപ്പ പോലീസുകാര്‍ എവിടെയുമുണ്ട്....
  നിങ്ങളുടെ പ്രയത്നം ഒരു പോയിന്റിൽ മാത്രം ഒതുങ്ങി നിന്നതു കൊണ്ടാണ് ഫലമില്ലാതെ ആയി പോയത് കുറ്റപ്പെടുത്തുകയല്ല......
  ഹെവി സ്പീഡുള്ള ബാംഗ്ളൂർ നഗരത്തില്‍ ഇത്തരം കേസുകൾ എല്ലാവരിലും എത്തില്ല.....
  അതുകൊണ്ട് കൈയ്യില്‍ കിട്ടിയാല്‍ പൊതിരം തീര്‍ക്കുക എന്നുള്ളതില്‍ കവിഞ്ഞ് വേറോന്നും ചെയ്യാനില്ല....
  അല്ലായിരുന്നെങ്കില്‍ ഹൈയ്യര്‍ അതോറിറ്റിയില്‍ പോകണമായിരുന്നു.....
  ഏതായാലും .... നല്ല രീതിയിൽ വായന സമ്മാനിച്ചു..... സുധിഅയച്ചു തന്ന ലിങ്കിലൂടെ ഇവിടെ എത്തി നല്ലെഴുത്തിന് ആശംസകൾ.....
  പിന്‍കുറിപ്പ്:- എവിടെ പോയാലും ലോകത്തിലെ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഞാൻ ജനിച്ച ബാംഗ്ലൂർ തന്നെയാണ്.... ഒരുപാട് പേര്‍ക്ക് താങ്ങും തണലും നല്‍കിയ പ്രിയ നഗരം....

  ReplyDelete
 8. എപ്പോഴാണ്‌ ആ സ്ത്രീയെ അവസാനമായി കണ്ടതെന്ന് ? ചോദ്യം ചെയ്യലിനു ശേഷം കണ്ടിരുന്നോ ? നോക്കാൻ ഏൽപ്പിച്ച കുഞ്ഞിനെ ആരുടെ കയ്യിലാണ്‌ തിരിച്ചേൽപ്പിച്ചത് ? അഡ്വക്കേറ്റിനൊപ്പം കണ്ടിരുന്നോ ? കോടതിയിൽ പരസ്പരം കണ്ടിരുന്നോ ? ജയിലിൽ വച്ച് കണ്ടിട്ടുണ്ടോ ?
  ചോദ്യം ചെയ്യാനായി ഉള്ളിലേക്ക് കൊണ്ടുപോയി. പിന്നീട് എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാനാവുന്നില്ല. ചോദ്യം ചെയ്യലിനെത്തുടർന്ന് കൊല്ലപ്പെട്ടിരിക്കുമോയെന്നും സംശയിക്കേണ്ടിവരുന്നു. അങ്ങനെയെങ്കിലും കേസ് ഈ രീതിയിൽ ക്ലോസ്സ് ചെയ്യേണ്ടത് അധികാരികളുടെ ആവശ്യമായിവരും.

  ReplyDelete
 9. സുധിഅയച്ചു തന്ന ലിങ്കിലൂടെ ഇവിടെ എത്തി.ഈ അനുഭവക്കുറിപ്പുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

  ReplyDelete
 10. എന്ത് ചെയ്യാനാ.... ഒന്നും ചെയ്യാൻ പറ്റാതെ ഹെല്പ്ലസ്സ് ആയി പോവുന്ന അവസ്ഥ..

  മൂന്ന് വർഷങ്ങൾക് മുമ്പേ കൊച്ചിയിൽ ബസിൽ യാത്ര ചെയ്യുമ്പോ എന്റെ ലാപും ക്യാമറയും അടങ്ങിയ ബാഗ്‌ ഇത് പോലെ മോഷണം പോയതാണ്... ഏകദേശം 1 ലക്ഷത്തിനടുത്ത് നഷ്ടമായി....

  കൊച്ചിയിലും പരിസര പ്രദേശത്തും ഉള്ള അഞ്ചിൽ കൂടുതൽ സ്റ്റേഷനുകളിൽ കയറി ഇറങ്ങി കരഞ്ഞു കാലു പിടിച്ചതാ... അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ശ്രദ്ധിക്കണമായിരുന്നു എന്ന് പറഞ്ഞു... അതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല... അത്രയും വിലപെട്ടതും ആശിച്ചു വാങ്ങിയതുമായ ക്യാമറയും ലാപും ഒക്കെയാണ് എനിക്ക് നഷ്ടമായത്..

  ReplyDelete