1/29/19

ബുദ്ധിയും ഹൃദയവും


ബുദ്ധി
പറയും
അരുതെന്ന് 


ഹൃദയം
പറയും
തുടരെന്ന് !

ഇതുങ്ങള്‍
രണ്ടും
കീരിയും
പാമ്പും
ആയിരുന്നോ,
കഴിഞ്ഞ
ജന്മത്തില്‍?

എപ്പോ
നോക്കിയാലും
തമ്മിൽ തല്ല്!

രണ്ടിനേം
പേറി നടക്കുന്ന
എന്നെ
പറഞ്ഞാൽ
മതിയല്ലോ!

ആര് പറയുന്നതു
കേൾക്കും ഞാൻ?

*************
അനിത പ്രേംകുമാര്

1/28/19

മഴത്തുള്ളി

പുതുമണ്ണിൽ വീണ
മഴത്തുള്ളിയെ
മണ്ണ്
എവിടെക്കാവും
ആവാഹിച്ചത്!


ഹൃദയത്തിലേക്കോ
അതോ
ആത്മാവിലേക്കോ?

എന്തായാലും
അവനെ പിന്നാരും
കണ്ടില്ലപോലും!

പുഴ
ഇപ്പോഴും
അവനെ
കാത്തിരിപ്പാണ്!

*******
(അനിത പ്രേംകുമാർ)

ഒരു പകൽക്കിനാവ്



ആരാ?

ഞാനാ.

ഞാന്‍എന്നാല്‍ ?

യുഗങ്ങള്‍ക്കും
അപ്പുറത്ത് നിന്നും
നിങ്ങളെ കാണാന്‍
വന്ന ആള്‍.

ആഹാ,
കൊള്ളാം!

പക്ഷേ..
എനിക്ക്
നിങ്ങളെ
അറിയില്ലല്ലോ?

എനിക്കറിയാലോ!

എങ്കില്‍ ശരി.
എന്താ വേണ്ടേ?

ഒന്ന് കാണണം

കണ്ടിട്ട്?

വിശേഷങ്ങള്‍
പറയണം,
അല്‍പ നേരം
ഒന്നിച്ചിരിക്കണം.

ഇരിക്കാലോ..
ദാ..
അങ്ങോട്ട്‌
കയറി
ഇരുന്നോളൂ.
ചാരു കസേര
പഴേതാ..
സൂക്ഷിച്ച് വേണം..

ഇരുന്നു.
ചായ കുടിച്ചു.
യുഗങ്ങളുടെ
വിശേഷങ്ങള്‍
പറഞ്ഞു .

പതുക്കെ
എനിക്കും
പഴയ
ഓര്‍മ്മകള്‍
തിരിച്ചു കിട്ടി.

എന്‍റെ
വിശേഷങ്ങള്‍
പറഞ്ഞു
തീരും മുന്നേ
അയാള്‍
ഇറങ്ങി നടന്നു

മറ്റാരോ
ഇതുപോലെ
കാത്തിരിക്കുന്നു
പോലും!

പോട്ടെ ..
പുല്ല്!
എന്തിനാണാവോ
പിന്നെ
വന്നത്!

**********

 (അനിത പ്രേംകുമാര്‍)

ലാസ്റ്റ് റൈറ്റ്



അവസാന
കാലത്ത്
ഒരിക്കല്‍കൂടി നീ
അവളെ തേടി
ചെല്ലണം.


അവളുടെ
പരുപരുത്ത
കൈത്തലത്തില്‍
നിന്റെ കൈകള്‍
കൊരുത്തുകൊണ്ട്
നിന്നിലേക്ക്‌
അടുപ്പിക്കണം

ഒരുകൈ
പതുക്കെ
ഊരിയെടുത്ത്‌
നിവര്ന്നു
നില്‍ക്കാന്‍
സമ്മതിക്കാത്ത
അവളുടെ
നട്ടെല്ലിനു
പതിയെ
ഒരു താങ്ങ്
നല്‍കുക

എന്നിട്ടവളെ
അവള്‍ക്കു
മതിയാവോളം
മൂര്‍ദ്ധാവില്‍
ചുംബിക്കുക

അവള്‍
ഇത്രകാലവും
ആഗ്രഹിച്ചത്‌
മൂര്‍ദ്ധാവിലെ
ആ ചുംബനം
മാത്രമായിരുന്നു
എന്ന് നീ
അന്നറിയും.

പതിയെ
അവളുടെ
കണ്ണുകള്‍
അടയുമ്പോള്‍
അവളെ
അവിടെ
ഉപേക്ഷിക്കുക

തിരിഞ്ഞു
നോക്കാതെ
തിരിച്ചു
പോരുക

ബാക്കിയുള്ള
കാര്യങ്ങള്‍
മറ്റുള്ളവര്‍
നോക്കുമല്ലോ!

*****************

അനിത പ്രേംകുമാർ