കൂട്ടുകാരി അന്നമ്മയുടെ കൂടെ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു ഏതൊക്കെയോ ഇടവഴികളും ആളില്ലാ പറമ്പുകളും കടന്നു നടന്നുപോകുന്നതിനിടയ്ക്കു ഒരു വീട്ടുമുറ്റത്തെത്തിയപ്പോൾ അവൾ പറഞ്ഞു.
"അങ്ങോട്ട് നോക്കണ്ട.. വേഗം നടന്നോ.."
"അതെന്താ അന്നമ്മേ? "
"അത്, അവർ ചീത്ത സ്ത്രീയാ.."
"എന്ന് വച്ചാൽ? "
"വേശ്യ."
ആദ്യമായാണ് നാലാം ക്ലാസ്കാരി അങ്ങിനെ ഒരു വാക്കു കേൾക്കുന്നത്.
"എന്ന് വച്ചാൽ എന്താ?"
"കുറെ ഭര്ത്താക്കന്മാര് ഉള്ള സ്ത്രീ"
"ങേ! അങ്ങിനെയും ഉണ്ടോ!
അതെന്താ അങ്ങിനെ?
അവര്‍ എങ്ങിനെയാ ചീത്തയാവുക? "
പാഞ്ചാലിഅഞ്ചു പേരുടെ ഭാര്യയാണ് എന്ന് ഇന്നലെ വായിച്ച അമര്‍ ചിത്രകഥയില്‍ ഉണ്ടല്ലോ! കൃഷ്ണന് എന്തൊരു ഇഷ്ടാ പാഞ്ചാലിയെ!
അത് പോകട്ടെ. കൃഷ്ണന്റെ രാധ?
ചിന്തകള്‍ കാടുകയറുമ്പോള്‍ മിണ്ടാതിരുന്നാ ശീലം. അതാവാം, പിന്നെ അവളുടെ വല്യച്ഛന്റെ വീടെത്തും വരെയോ അവിടുന്നു അച്ഛന് ആവശ്യപ്പെട്ട സാധനങ്ങളുമായി തിരിച്ചു വരുന്ന വഴിയിലോ ഒന്നും സംസാരിക്കാൻ തോന്നിയില്ല..
"വേശ്യ" എന്ന വാക്കു മനസ്സിൽ കിടന്നു പൊള്ളിച്ചുകൊണ്ടിരുന്നു.
മൂന്നാലു ദിവസം കഴിഞ്ഞു ഞങ്ങളുടെ വീടിനടുത്തുള്ള തെങ്ങിന് തോപ്പില്‍ അന്നാമ്മ അടക്കമുള്ള മറ്റു കൂട്ടുകാരുടെ കൂടെ ഒളിച്ചു കളിക്കുന്നതിനിടയിൽ ഒരുമിച്ചു ഒരു മരത്തിന്റെ പിറകെ ഒളിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു..
അന്നമ്മേ, അപ്പൊ ഒന്നിലധികം ഭാര്യയുള്ള ആണും ചീത്തയല്ലേ? അവരെ "വേശ്യൻ" എന്ന് വിളിക്കുമോ?
സ്വതവേ വിടർന്ന അവളുടെ കണ്ണുകൾ എന്റെ നേരെ രൗദ്രഭാവത്തോടെ ഒന്ന് ഉരുട്ടികാണിച്ച ശേഷം അവൾ അവിടുന്നു മാറി മറ്റൊരു മരത്തിന്റെ പിന്നിൽ ഒളിച്ചു.
എനിക്കുള്ള ഉത്തരം തരാൻ നിന്നാൽ അവളും ഞാനും ഒളിച്ച സ്ഥലം കണ്ടുപിടിക്കപ്പെട്ടേനെ.. ഞാനെന്തൊരു മണ്ടിയാ!
............................................................................................
അന്ന് പായം മുക്കിൽ നിന്നും ഇരിട്ടിയിലേക്കു ബസ് കുറവായതുകൊണ്ട് ബസിന്റെ സമയമല്ലെങ്കില്‍ നടന്നു പോകണം. അങ്ങിനെ ഒരു ദിവസം അമ്മയുടെ കൂടെ നടന്നു പോകുന്നതിനിടയിൽ വഴിയ്ക്ക് വച്ച് ഒരു ഒരു ചേച്ചി ഞങ്ങള്‍ക്കൊപ്പം നടക്കാന്‍ ഉണ്ടായിരുന്നു.
എന്നെ അവര്‍ സ്നേഹത്തോടെ തലോടുകയും അമ്മയോട് വിശേഷങ്ങൾ തിരക്കുകയും ചെയ്തു. നല്ല ചന്തമുള്ള മുഖം. എന്റെ ഭംഗിയില്ലാത്ത ഇരുണ്ടമുഖം ആലോചിച്ചപ്പോള്‍ എനിക്കവരോട് അസൂയ തോന്നി. അവരുടെ പെരുമാറ്റം അതിലേറെ മനോഹരമായിരുന്നു.
പിന്നീടൊരിക്കൽ സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയിൽ വച്ച് വീണ്ടും അവരെ കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി പറഞ്ഞു, അവരോട് മിണ്ടണ്ടട്ടോ.. അവർ ചീത്തയാണ്..
ങേ! ആരാ പറഞ്ഞത്?
"താത്തി വല്യമ്മ അമ്മയോട് പറയുന്നത് കേട്ടു".
ഓ! വീടുകളില്‍ ഒക്കെ കയറി വിവരങ്ങള്‍ പറയുന്ന ആ വല്യമ്മ ഇടയ്ക്ക് എന്റെ വീട്ടിലും വരാറുണ്ട്.
ഈ "ചീത്ത" ആളുകളെ പറ്റി അമ്മയോട് ചോദിച്ചാലോ?
വല്യച്ഛന്റെ വീട്ടില്‍ നിന്നും വായിച്ച പത്രത്തില്‍ കണ്ട കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്കിന്റെ അര്‍ഥം ചോദിച്ചു മുന്‍പൊരിക്കല്‍ അമ്മയുടെ അടുത്തു ചെന്നു.
" എന്താ അമ്മേ, "ബലാല്‍സംഗം" എന്ന് പറഞ്ഞാല്‍?
നൂറു കൂട്ടം പണിത്തിരക്കില് ആയിരിക്കും എപ്പോഴും അമ്മ. ദേഷ്യപ്പെട്ടു ഒന്ന് നോക്കിയ ശേഷം ചോദിച്ചു.
"നിനക്ക് എവിടുന്നു കിട്ടി ഈ വാക്ക്"?
"അത്, അത് പത്രത്തില്‍ നിന്നും."
" വലുതാവുമ്പോള്‍ മനസ്സിലാവും. ഇപ്പോള്‍ ഇതൊന്നും അറിയണ്ട." (അന്നെന്തു പീഡനം! ലൈംഗിക വിദ്യാഭ്യാസം! ഗുഡ് ടച്ച്, ബാഡ് ടച്ച്..... അതൊക്കെ ഇപ്പോള്‍ വന്നതല്ലേ!)
ഉത്തരം കിട്ടാന്‍ സാധ്യത ഇല്ല എന്നറിഞ്ഞിട്ടും, മടിച്ചു മടിച്ചു ആണെങ്കിലും അമ്മയോട് ഇതിനെ പറ്റിയും ചോദിച്ചു.
"അവർ ആര് എന്നത് നോക്കണ്ട.. ഒരാളെ പറ്റിയും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കണ്ട. നമ്മളോട് സ്നേഹം ഉണ്ടെങ്കിൽ തിരിച്ചും സ്നേഹത്തോടെ പെരുമാറുക.. " എന്നതായിരുന്നു ഉത്തരം.
............................................................................
എങ്കിലും അപ്പോഴും ഇപ്പോഴും ഒരു കാര്യം ശ്രദ്ധേയമാണ്... അവൻ ചീത്ത ആണാണ്.. അവനോട് മിണ്ടണ്ട എന്ന് ആരും ഒരിക്കലും പറഞ്ഞുകേട്ടില്ല..
അത് ആണുങ്ങൾ ഒക്കെ നല്ലവർ ആയതുകൊണ്ടാണോ?
എന്തുകൊണ്ടാണ് സ്ത്രീകള്‍ മാത്രം ചീത്തയാകുന്നത്?
അവർമാത്രം ഈ മുഖ പുസ്തകത്തിലും വെടികളും വേശ്യകളും ആകുന്നതു?
അവരുടെ കൂടെ കിടന്ന ആണുങ്ങള് ഓട്ടോഗ്രാഫ് ഒപ്പിട്ടു കൊടുക്കുന്നതില്‍ ഇപ്പോഴും നമുക്ക് വിരോധമില്ലാത്തത്?
നാലാം ക്ലാസ്സുകാരി നാല്പതുകളില് എത്തിയിട്ടും ഉത്തരം കിട്ടിയിട്ടില്ല.
സ്ത്രീ അമ്മയാണ്.. ദേവിയാണ്, എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ, അവിടെ ദൈവം കുടിയിരിക്കുന്നു എന്നൊക്കെ നമ്മള് പറയും.
എന്നാൽപുരുഷൻ അച്ഛനാണ്, ദേവനാണ്.. പൂജിക്കപ്പെടേണ്ടവനാണ് എന്ന് എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ ?
ഇല്ല.
അപ്പൊ നല്ലതിനേ ചീത്തയും ഉള്ളൂ എന്നാണോ?
ആവാം അല്ലെ? അല്ലെങ്കില്‍ അങ്ങിനെ ആശ്വസിക്കാം!

- അനിത പ്രേംകുമാര്‍ -
No comments:
Post a Comment