11/6/13

പ്രണയം


കഥ- അനിത പ്രേംകുമാര്‍


കഥ- അനിത പ്രേംകുമാര്‍

 അവന് 20, അവള്‍ക്ക് 17. ഇനി ഒരു വര്ഷം കൂടി കാത്തിരിക്കണം, നാട്ടാരറിഞ്ഞുള്ള കല്യാണത്തിന്! ഇല്ലെങ്കില്‍ ആരെങ്കിലും പരാതി കൊടുത്താലോ?
അത് വരെ ഇങ്ങനെ കോണിച്ചുവട്ടിലും, മറപ്പുരയുടെ പിന്നിലും, അടുക്കള ജോലിക്കിടയിലും ഒക്കെ ഒളിച്ചും പാത്തും കാണുക.
കണ്ണുകള്‍ കൊണ്ട് കഥ പറയുക.
ആരും കാണാതെ ഇടയ്ക്കൊന്നു തട്ടിയും മുട്ടിയും!
ഇന്നലെ കറിക്ക് പച്ചക്കറി മുറിക്കുമ്പോള്‍, അറിയാതെ പിറകിലൂടെ വന്ന്----
അവള്‍ പെട്ടെന്നൊന്നു പേടിച്ചു. കള്ളന്‍---ഒരു നാണോം ഇല്ലാന്നേ.
അതാ ഇപ്പോഴത്തെ അവസ്ഥ.
എന്താ രസം!
അവന്‍റെ കണ്ണില്‍ നോക്കാന്‍  അവള്‍ക്കു മടിയാണ്.
ഈ ലോകത്തെ എല്ലാ കുസൃതിത്തരങ്ങളും ഒളിപ്പിച്ചു വയ്ക്കാന്‍ ഈ കൊച്ചു കണ്ണുകള്‍ക്ക് എങ്ങനെ കഴിയുന്നു!
വാക്കുകള്‍ ഇല്ലാതെ അവ എന്തൊക്കെ കാര്യങ്ങളാണ് തന്നോടു പറയുന്നത്?
അത് വായിച്ചാല്‍ ചിരി വരും.
പക്ഷെ നേരിട്ട് അധികം ചിരിക്കില്ല. അത് മതി, അവന്‍റെ കണ്ട്രോള്‍ പോകാന്‍.

ഇന്നലെ അവന്‍ അവളോടു ചോദിക്കുവാ, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അവന്‍റെ റൂമില്‍ വരാമോ എന്ന്. അവള്‍ പോയില്ല.
അയ്യേ--ആരെങ്കിലും കണ്ടാല്‍! ആലോചിക്കാന്‍ വയ്യ.

ഈശ്വരാ, ഇത് സ്വപ്നോ, ജീവിതോ?

അവള്‍ക്ക്  അവനോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"നിനക്കെന്താടാ, വയസ്സാകാത്തെ?"

---    ---   ---   --  ---- ---- --- ---
----  ---- ---- ---- ------- ----- ---

എന്നിട്ട് വേണം എനിക്കും  വയസ്സായി വാനപ്രസ്ഥത്തെ കുറിച്ചൊക്കെ ഒന്നാലോചിക്കാന്‍! ഞങ്ങളുടെ ഈ കള്ളക്കളി  കണ്ടു പേരക്കുട്ടികള്‍ എന്ത് കരുതുമോ, എന്തോ!

ഇന്നലെ രാത്രി കൊച്ചു മോള് ചോദിക്കുവാ, അമ്മൂമ്മയ്ക്ക് അച്ചാച്ചന്റെ കൂടെ കിടന്നാലെന്താ, എന്ന്.
"എനിക്ക് മോളുടെ കൂടെ കിടക്കാനാണല്ലോ ഇഷ്ടം" എന്ന് മാത്രം പറഞ്ഞു.

ഇനി അതും കൂട്യേ വേണ്ടൂ--
മരുമകള്‍ ഇപ്പോള്‍തന്നെ ഇത്തിരി മുഖം വീര്‍പ്പിക്കലോക്കെ തുടങ്ങീട്ടുണ്ട്.
അത് പിന്നെ ആരായാലും ഇല്ലാണ്ടിരിക്ക്വോ?

"നിനക്കെന്താടാ വയസ്സാകാത്തെ?
നമ്മുടെ ടൈം കഴിഞ്ഞില്ലേ?"

"നീ പൊ പെണ്ണെ, ഞാനുള്ളപ്പോഴോ?"

അവള്‍ പതുക്കെ തല താഴ്ത്തി, അയാളുടെ നെഞ്ചിലേയ്ക്ക് ചായവേ,
ചുളിവുകള്‍ വീണ കൈകള്‍ കൊണ്ട് അവന്‍ അവളെ തന്നിലേയ്ക്കു ചേര്‍ത്തു. അവരുടെ പ്രണയം അവരില്‍ കണ്ട  പ്രായം  ഇരുപതും  പതിനേഴും ആയിരുന്നു.
                                  *  *  *