11/12/13

പ്രിയമകനും പ്രിയതമനും

                                           കവിത : അനിത പ്രേംകുമാര്‍

അടുത്ത വീട്ടിലെ പെണ്ണായിരുന്നെങ്കില്‍
അവളായിരുന്നേനെ
അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി.

അവര്‍ വളരെ  നല്ല സ്ത്രീ ആയിരുന്നു.
അവള്‍ അതിലേറെ നല്ല പെണ്ണും.

പക്ഷെ , ഒരാളുടെ "പ്രിയമകന്‍"
മറ്റേ ആളുടെ "പ്രിയതമന്‍"ആകുമ്പോള്‍
അവനു വേണ്ടി അവര്‍ തമ്മില്‍ തല്ലുന്നു.

മിണ്ടിയാല്‍ അവര്‍ അവനെക്കൊല്ലും
മിണ്ടാതിരുന്നാല്‍ അവര്‍ തമ്മില്‍തല്ലും.
തമ്മില്‍ ഭേദം തമ്മില്‍ തല്ല്!

അതുവരെ മിണ്ടിക്കൊണ്ടിരുന്ന അവന്‍
അന്ന് മുതല്‍ ഊമയാകുന്നു.

തമ്മില്‍ തല്ലിന്‍റെ ഇടവേളകളില്‍
അവര്‍ പരസ്പരം പേന്‍ നോക്കുന്നു.
അവന്‍റെ കുറ്റങ്ങള്‍ തമ്മില്‍ പറഞ്ഞ്
അവനറിയാതവര്‍ ആര്‍ത്തു ചിരിക്കുന്നു.

അതെ-അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ്.
അല്ലെന്നു കരുതുന്നവര്‍ ബുദ്ധിയില്ലാത്തവര്‍

                            *  *  *