10/24/13

ഉടമകള്‍ അറിയാന്‍
 കവിത : അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
അടിമകള്‍ ഉടമകളോട് പ്രതികരി‍ക്കുന്നത്
സ്നേഹക്കുറവു കൊണ്ടല്ല.
ഏറെനാള്‍ മിണ്ടാതിരുന്നു മിണ്ടുമ്പോള്‍
ഉടമകള്‍ അങ്ങനെ കരുതുകയാണ്.

 എതിര്‍ക്കുന്നത് മുതിര്‍ന്നവരോടാണെങ്കില്‍
അത് തര്‍ക്കുത്തരം ആയി നിര്‍വ്വചിക്കും.
അവളെ വിട്ടവര്‍ ‍ പ്രതിക്കൂട്ടിലാക്കുന്നത്
വളര്‍ത്തിയ രക്ഷിതാക്കളെ തന്നെയായിരിക്കും.

എതിര്‍ക്കുന്നത് ആണിനോട് പെണ്ണാണെങ്കില്‍
അവള്‍ ഫെമിനിസ്റ്റ് ആയി മാറ്റപ്പെടും.
നിങ്ങള്‍ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും
അവളെ ഫെമിനിച്ചി എന്ന് വിളിച്ചാഘോഷിക്കും.

എതിര്‍ക്കുന്നത് ഭര്‍തൃ വീട്ടുകാരോടെങ്കില്‍
അവള്‍ തലയിണ മന്ത്രക്കാരിയായ് മാറ്റപ്പെടും.
ഒന്നിനുമില്ലാത്ത ഭര്ത്താവുപോലും
പെങ്കോന്തനെന്നും അറിയപ്പെടും.

എതിര്‍ക്കുന്നത് രാഷ്ട്രീയത്തിലാണെങ്കില്
അത് അച്ചടക്ക ലംഘനമായി തീരും.
നേതാക്കള്‍ ‍ പല്ലും നഖവും ഉപയോഗിച്ച്
അടിച്ചമര്‍ത്തി വിജയക്കൊടിനാട്ടും.‍‍‍

എതിര്‍ക്കുന്നത് ഏതെങ്കിലും മതത്തിനെ ആണെങ്കില്‍
അവള്‍‍ വര്‍ഗീയ വാദിയായ് അറിയപ്പെടും.
തെറ്റുകള്‍ ഇല്ലാത്ത മതാചാരങ്ങളില്ലെങ്കിലും
മാറുവാന്‍ തയ്യാറല്ല, മതാചാര്യ വര്‍ഗ്ഗം.‍

അടിമകളെ പ്രതികരിക്കാന്‍ അനുവദിക്കുക.
അത് ബന്ധങ്ങള്‍ നില നിര്‍ത്താന്‍ സഹായിക്കും.
സ്വാഭാവിക പ്രതികരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
അസ്വാഭാവിക പ്രതികാരങ്ങള്‍  ആവാതിരിക്കാന്‍.

                            
                                                  *  *  *