10/18/16

വടിയല്ല, വടിവാൾ



ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പ്രതീക്ഷിക്കാതെ തില്ലെങ്കേരിയിലും ചെന്നു. അച്ഛനും അമ്മയും ബാംഗ്ലൂര്‍ക്ക് വന്നേപിന്നെ, സാധാരണ തലശ്ശേരിയിലുള്ള വീട്ടില്‍ മാത്രം പോയി തിരിച്ചു വരികയാണ് ചെയ്യാറ്.
പോകുന്ന വഴിക്ക് തന്നെ ഒരുപാടു നാട്ടുകാരെ കണ്ടു. കാണുന്നിടത്തെല്ലാം വണ്ടി നിര്‍ത്താന്‍ ഏട്ടനോട് എങ്ങനെ പറയും? അതുകൊണ്ട് തന്നെ എല്ലാവരോടും മിണ്ടാന്‍ ഒന്നും പറ്റിയില്ല. എങ്കിലും ഒരുപാട് പ്രിയപ്പെട്ട കുറച്ചുപേരോടു മിണ്ടാന്‍ പറ്റി.. ബന്ധുക്കളെക്കാര്‍ ഞങ്ങള്‍ സ്നേഹിച്ചതും ഞങ്ങളെ സ്നേഹിച്ചതും നാട്ടുകാര്‍ ആയിരുന്നു. ആ നാട്ടില്‍ തന്നെ അധ്യാപകര്‍ ആയിരുന്ന അച്ഛനോടും അമ്മയോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനം ഞങ്ങള്‍ക്കും കിട്ടുന്നു എന്ന് മാത്രം.

അങ്ങനെ മിണ്ടിയു പറഞ്ഞും സമയം പോയപ്പോള്‍ ഒന്ന് വയലില്‍ പോയി വരാന്‍ തീരുമാനിച്ചു. തോട്ടിന്‍ കരയിലുള്ള ഞങ്ങളുടെ വയലിന്‍റെ അടുത്തെത്തിയപ്പോള്‍ മൂന്നാല് കുട്ടികള്‍ വെള്ളത്തിൽ നിന്നും വിളിച്ചു പറഞ്ഞു പറഞ്ഞു.

"അവിടെ കൂട്ടിയിട്ടിരിക്കുന്ന പൂഴി ഞങ്ങളുടെതാണ്"

ഞങ്ങള്‍ നോക്കിയപ്പോ പൂഴിയൊന്നും കാണാനില്ല. എങ്കിലും വെറുതെ പറഞ്ഞു." ഞങ്ങളുടെ സ്ഥലത്ത് നിങ്ങള്‍ എന്ത് കൂട്ടിയിട്ടാലും അതൊക്കെ ഞങ്ങള്‍ തിരിച്ചുപോകുമ്പോള്‍ കാറില്‍ കയറ്റി കൊണ്ട് പോകും. ദാ , ആ കാണുന്ന പശുവിനെ ഉള്‍പ്പെടെ." തൊട്ടു മുന്നിലായി ഒരു പശുവിനെ ആരോ കെട്ടിയിട്ടത് അവിടെ നടന്നു മേയുന്നുണ്ടായിരുന്നു.

ഉടനെ ഓരോ കൊച്ചു തോര്‍ത്ത് മാത്രം ചുറ്റി വെള്ളത്തില്‍ മലക്കം മറിഞ്ഞിരുന്ന കുട്ടികള്‍ ഓടി വന്നു ഞങ്ങളെ കടന്നു മുന്നോട്ടു പോയി. വയലിന്‍റെ അങ്ങേയറ്റത്തായി അവര്‍ വെള്ളത്തിലിറങ്ങി കോരിയിട്ട കുറെ പൂഴി കൂമ്പാരമായി കിടക്കുന്നത് അപ്പോഴാണ്‌ ഞങ്ങളും കണ്ടത്. അതിനടുത്തുള്ള ഒരാള്‍ക്ക്‌ വേണ്ടി എടുത്തു വച്ചതാണ് എന്നും ഒരു കൊട്ടയ്ക്കു 40 രൂപ വച്ച്, 60 കൊട്ടയുണ്ട് എന്നും പറഞ്ഞു.

" ആഹാ... മണല്‍ മാഫിയ ആണ് ഇല്ലേ? ഞങ്ങള്‍ ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ ഇടും " എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, "മണല്‍ മാഫിയ അല്ല, മണല്‍ കൊള്ളക്കാര്‍ എന്ന് തന്നെ പറഞ്ഞോളൂ" എന്ന്! എന്നിട്ട് പല പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി.

അവര്‍ മരത്തില്‍ കയറി കുടംപുളി യൊക്കെ പറിച്ചു തന്നു. നല്ല "കുരുത്തം കെട്ട കുട്ടികള്‍"... ഇന്നത്തെ കാലത്ത് കാണാന്‍ കിട്ടില്ല... വംശനാശം വന്നുകൊണ്ടിരുന്ന ഒരു വര്‍ഗ്ഗത്തെ കണ്ടപോലെ ഞങ്ങളും സന്തോഷിച്ചു. അവരുടെ കൂടെ അവിടെയൊക്കെ ഓടി നടന്നു.

ഇതിനിടയിൽ കെട്ടിയിട്ട പശു എവിടെപ്പോയി എന്നാലോചിക്കുമ്പോൾ, കുട്ടികളിൽ ഒരാള്‍ എന്നോടു പറഞ്ഞു.

"ഞങ്ങള്‍ ഒരു സിനിമ എടുത്തിട്ടുണ്ട്, മൊബൈലില്‍. കാണിച്ചു തരട്ടെ?"
ദൈവമേ, എന്ത് സിനിമയാണോ! എന്നാലും പറഞ്ഞു, "കാണിക്കൂ..."

കൂട്ടത്തില്‍ തടിമിടുക്കുള്ള ഒരു കുട്ടി അവന്റെ കൊച്ചു മൊബൈല്‍ ഓണ്‍ ചെയ്തു, അതില്‍ അവന്റെ കൂട്ടുകാരന്‍ ചിത്രീകരിച്ച ഒരു "സിനിമ" പ്ലേ ചെയ്യാന്‍ തുടങ്ങി.

ആകെ ബഹളമയം ആണല്ലോ! കുറെ അലര്‍ച്ചകളും കരച്ചിലുകളും ഒക്കെയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. വ്യക്തതയും കുറവ്.
കുറച്ചു ദൂരെ മാറി നിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഏട്ടന്‍ ചോദിച്ചു."

എന്താ അവിടെ?"

" ആ.. ഇവര്‍ സിനിമ എന്ന് പറഞ്ഞു ഏന്തൊക്കെയോ കാണിക്കുന്നു.. എനിക്കൊന്നും മനസ്സിലായില്ല."

അപ്പോള്‍ ആ കുട്ടി തന്നെ വിശദീകരണവുമായി വന്നു.

" ഇങ്ങോട്ട് നോക്കൂ... ഇത് ഞാന്‍. ഞാന്‍ ----- എന്ന പാര്‍ട്ടിയാണ്. ഇതാ, ഇത്, ഇവന്‍. ഇവന്‍ ----- എന്ന പാര്‍ട്ടിയും. ഞാന്‍ ഇവനെ കൊല്ലാന്‍ ശ്രമിക്കുന്നതും, ഇവന്‍ അലറിക്കരയുന്നതും ആണ് നിങ്ങള്‍ സിനിമയില്‍ കണ്ടത്... അവസാനം ഇവന്‍ മരിക്കുന്നതും... എന്‍റെ കൈയ്യില്‍ കാണുന്നത് വടിയല്ല... വടി വാള്‍ ആണ്.... വടി വാള്‍. ( അത് വടി തന്നെയാണ്, വടിവാൾ അവരുടെ സങ്കൽപം )

ഒരു മിനിട്ട് പകച്ചുപോയി ഞങ്ങള്‍. പിന്നെ ഓര്‍ത്തു. ഇവരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥം! പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നപ്പോഴും മുതിര്‍ന്നവരെ അനുകരിച്ചു കളിച്ചിരുന്നല്ലോ.. കഥയും തിരക്കഥയും വേറെ ആയിരുന്നു. ചിത്രീകരിക്കാന്‍ മൊബൈലും ഉണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രം..

അവര്‍ കാണുന്നത് അവര്‍ അനുകരിക്കട്ടെ.. തിരിച്ചു പോരാന്‍ നേരം ഞാന്‍ വെറുതെ അവരോടു ചോദിച്ചു.

" നിങ്ങള്‍ക്ക്--- എന്ന ടീച്ചറെ അറിയോ? നിങ്ങളുടെ അച്ഛനെയും അമ്മയെയും ഒക്കെ പഠിപ്പിച്ച ടീച്ചര്‍ ആണ്.

അവര്‍ പറഞ്ഞ ഉത്തരം. " ഇല്ല, അറിയില്ല. പക്ഷെ കൈയ്യില്‍ കിട്ടിയാല്‍ അവരേം കൊല്ലും ഞങ്ങള്‍!"

കൂടെ ഉണ്ടായിരുന്ന ചേച്ചി അവനോടു പറഞ്ഞു,
" അവര്‍ ഇവരുടെ അമ്മയാണ്. നീ എന്താ പറഞ്ഞത്?"

അതിനു പ്രത്യേകിച്ച് ഭാവഭേദമൊന്നും കാട്ടാതെ, അവര്‍ ഓടിപ്പോയി തോട്ടിലേക്ക് എടുത്തു ചാടി കുത്തി മറിഞ്ഞു കളിച്ചു. എന്നിട്ട് പൊങ്ങി വന്നു സ്നേഹത്തോടെ ചിരിച്ചുകൊണ്ട്, ഞങ്ങള്‍ക്ക് ബൈ പറഞ്ഞു, കൈ വീശി.

നിഷ്കളങ്കരായി!

കളങ്കം നമ്മളില്‍ അല്ലെ? അവര്‍ കുട്ടികള്‍ തന്നെയാണ്. സൂക്ഷിക്കേണ്ടത് നമ്മളാണ്....

******************************
അനിത പ്രേംകുമാര്‍

No comments:

Post a Comment