9/27/16

കണ്ണൂർ ജില്ലയിലെ കെട്ടാ ചെറുക്കൻമാർ(അനിത പ്രേംകുമാർ)

1980-90 കാലഘട്ടം.

നൂറ്റി ഇരുപത്തഞ്ചാമത്തെ പെണ്ണ്കാണൽ കഴിഞ്ഞപ്പോൾ രാജേഷ് വീട്ടുകാരോട് പറഞ്ഞു.

" ഇനി എനിക്ക് വയ്യ , ഞാൻ ഇനി കല്ല്യാണം കഴിക്കുന്നേയില്ല". എന്ന്.
കാര്യം എന്താണെന്നല്ലേ?

പുത്തൻ പണക്കാരനും ദുബായ്ക്കാരനുമായ രാജേഷിന് പെണ്ണ് കൊടുക്കാൻ അന്ന് നാട്ടിൽ പലരും തയ്യാറായിരുന്നു. പക്ഷേ അവനും വീട്ടുകാരും അന്വേഷിച്ചത്, സൗന്ദര്യത്തിൽ, സ്വത്തിൽ, കുടുംബ മഹിമയിൽ ഒക്കെ അവരെക്കാൾ ഒരുപടി മുന്നിൽ ഉള്ള പെണ്ണിനെ ആയിരുന്നു.

പറഞ്ഞിട്ടെന്തുകാര്യം!
സൗന്ദര്യം ഉള്ള പെണ്ണിന് ചിലപ്പോൾ സ്വത്തുണ്ടാവില്ല. സ്വത്തുള്ളതിന് ചിലപ്പോൾ സൗന്ദര്യവും. ഇത് രണ്ടും ഉള്ളയാൾക്കും കുടുംബ മഹിമ എന്നൊന്ന് ഉണ്ടായില്ലെങ്കിലോ?

ഇനി ഇതൊക്കെ തികഞ്ഞ ഒരു പെണ്ണിനെ കണ്ടെത്തുമ്പോഴേക്കും അവളുടെ ജാതകം ചേരില്ല!

അഥവാ ജാതകം കൂടി ചേർന്നാലോ, അമ്മയോ, ഉപദ്രവമല്ലാതെ യാതൊരുവിധ ഉപകാരവും ജനിച്ചിട്ട് ഇന്നേവരെ ആങ്ങളയ്ക്കുവേണ്ടി ചെയ്തിട്ടില്ലാത്ത അഞ്ചോ ആറോ പെങ്ങന്മാരിൽ ഒരാളോ പറയും, " അവളുടെ നോട്ടം അത്ര ശരിയല്ല.. അല്പം അഹങ്കാരം കൂടുതലാ.. നമുക്ക് ചേരൂല!" എന്ന്.

നൂറ്റി എട്ടാമത്തെ വീട്ടിൽ നിന്നും ചായ കുടിച്ചു ലഡുവിന്റെ മധുരം നുണഞ്ഞു, കൂടെ വന്ന അളിയനും അതെ, അതു ശരിയാണ് എന്ന് തലയാട്ടും..
അങ്ങനെ മടുത്തിട്ടാണ് രാജേഷ് 125 ആമത്തെ തവണ ഇനി കല്യാണമേ വേണ്ട എന്ന് പറഞ്ഞത്. അവസാനം അവർ തിരിച്ചുപോയി ആ നൂറ്റിഎട്ടിനെ തന്നെ കെട്ടി എന്നത് ചരിത്രം.

ഇതൊരു രാജേഷിന്റെ കഥ മാത്രമല്ല. ജീപ്പ് ഡ്രൈവർ രാജീവൻ ആയാലും, ചിട്ടി നടത്തുന്ന വേലായുധൻ ആയാലും പോലീസ് കോൺസ്റ്റബിൾ പപ്പൻ ആയാലും, പട്ടാളം പുരുഷു ആയാലും സ്ഥിതി ഇത് തന്നെ.

ഓരോ പെൺകുട്ടികളും അവരുടെ വീട്ടുകാരും ശ്വാസം അടക്കിപിടിച്ചു കാത്തിരിക്കും. എന്തെങ്കിലും അരുതാത്തതു മിണ്ടിപ്പോയാൽ ഈ പെണ്ണിനെ വിട്ട്, ചെക്കൻ അടുത്ത വീട്ടിൽ പെണ്ണുണ്ടോ എന്നന്വേഷിച്ചു, അവിടെ ചായ കുടിക്കാൻ കയറുന്നതു കാണേണ്ടിവരും എന്നത് തന്നെ കാരണം.
ഇനി വിവാഹം കഴിഞ്ഞാലും പെൺ വീട്ടുകാർ പെണ്ണിന്റേയോ ചെറുക്കന്റെയോ മേൽ യാതൊരു അവകാശവും ഇല്ലാത്തവർ.. ഒരു രണ്ടാം തരം പൗരൻമാർ! ചെറുക്കന്റെ അമ്മയോ, പെങ്ങന്മാരോ, മരുമക്കളോ ഒക്കെ കഴിഞ്ഞുള്ള ചെറിയ അവകാശമേ പിന്നീട് പെണ്ണിന്റെ വീട്ടുകാർക്ക് ഇവരുടെ മേൽ ഉണ്ടാവൂ.. പെൺ വീട്ടുകാർ എപ്പോഴും ഓച്ഛാനിച്ചു നിൽക്കണം. ഇല്ലെങ്കിൽ പെണ്ണ് വിവരമറിയും.

പിന്നെ എത്ര പഠിച്ച, ജോലിയുള്ള പെണ്ണാണെങ്കിലും അവളെ കാണുന്നത് വീട്ടുജോലികൾ ചെയ്യാൻ പണം കൊടുക്കേണ്ടാത്തയാൾ എന്ന രീതിയിൽ കൂടിയായിരുന്നു.

ഇതൊക്കെ ഇങ്ങനെയൊക്കെ ആകുന്നതിനു പ്രധാന കാരണം ഞങ്ങളുടെ നാട്ടിൽ അഞ്ചുപൈസ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നില്ല എന്നതും ആവാം.

എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. നാട്ടിൽ പെൺകുട്ടികളെ കിട്ടാനില്ല. സ്ത്രീധനം എന്നപേരിൽ കൊടുക്കുന്നും വാങ്ങുന്നും ഇല്ലെങ്കിലും അച്ഛൻ, അമ്മാവൻമാർ തുടങ്ങി ആരെങ്കിലും ഒരു ജന്മം മുഴുവൻ പ്രവാസിയായി പെണ്ണിന്റെ കുടുംബത്തിൽ ഉണ്ടെങ്കിൽ പെണ്ണിന് കുറഞ്ഞത് അഞ്ഞൂറ് പവൻ ഒക്കെ കൊടുക്കും. പെൺ വീട്ടുകാർ പലപ്പോഴും ചെക്കനേയും പെണ്ണിനേയും നിയന്ത്രിക്കുന്ന ശക്തികൾ ആയി മാറാനും തുടങ്ങി.

ആദ്യത്തെ കുട്ടി ആൺ കുട്ടിയാണെങ്കിൽ ഒരു കുട്ടിയിൽ നിർത്തിയ രക്ഷിതാക്കളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോൾ, നാട്ടിൽ പെണ്കുട്ടികൾക്ക് വല്ലാത്ത ക്ഷാമം! ഉള്ളവർ ആകട്ടെ, ഒക്കെ B- tech, അല്ലെങ്കിൽ MCA കഴിഞ്ഞവർ!
പത്താം ക്‌ളാസും ഗുസ്തിയും കഴിഞ്ഞു ഗൾഫിൽ പോയി അഞ്ചോ പത്തോ വർഷം കഴിഞ്ഞു പ്രാരബ്ധങ്ങൾ ഒഴിഞ്ഞു മുപ്പത്തൊന്നാം വയസ്സിൽ ഇനിയൊരു പെണ്ണ്കെട്ടിക്കളയാം എന്ന് കരുതി പെണ്ണുകാണാൻ ഇറങ്ങിയവരെ ബ്രോക്കർ കാണിച്ചത് 28 കഴിഞ്ഞ, ആരും കെട്ടാതെ ഒഴിഞ്ഞുപോയ ചിലരെയും!

31ലും 18 വയസ്സുകാരിയെകെട്ടിയ അമ്മാവന്റെ അനന്തിരവൻ സ്വപ്നം കണ്ടതും 18 വയസ്സുകാരിയെയായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം! കാലം മാറിയിരുന്നു. B - tech കാരിക്ക് കൂടെ പഠിച്ച പയ്യൻ മതി വരനായിട്ട്. അതല്ലെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ വയസ്സിനു മാത്രം മൂപ്പുള്ളവരെ.

പ്ലംബർ, ഡ്രൈവർ, കച്ചവടക്കാർ, തുടങ്ങിയവരൊക്കെ ചായകുടിച്ചു പുറത്തിറങ്ങി പെൺവീട്ടുകാർ പറയുന്ന "ഇപ്പൊ പെണ്ണിനെ അയക്കുന്നില്ല " എന്ന സ്ഥിരം പല്ലവിയും കേട്ട് വന്നപോലെ തിരിച്ചുപോയി.. പകരം പല പെൺവീട്ടുകാരും കാത്തിരുന്നത് ഗവെർമെന്റ് ജീവനക്കാരെ.. അഥവാ ചെക്കന് എന്തെങ്കിലും സംഭവിച്ചാലും ആ ജോലി, അല്ലെങ്കിൽ പെൻഷൻ, തന്റെ മകൾക്കു കിട്ടും എന്ന ഉറപ്പ് ആദ്യമേ ചോദിച്ചറിഞ്ഞവരും ഏറെ!

ഇപ്പോൾ കണ്ണൂർജില്ലയിൽ 30 കഴിഞ്ഞ, നാൽപ്പതു കഴിഞ്ഞ ചെറുപ്പക്കാർ പെണ്ണ് കിട്ടാതെ നട്ടംതിരിയുകയാണ്.. ഇതിനിടയിൽ ലോട്ടറി അടിച്ചപോലെയാണ് സർക്കാർ ജീവനക്കാരും ബാംഗ്ലൂർ അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലെ, അല്ലെങ്കിൽ സിംഗപ്പൂർ, അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലെ ടെക്കികളും. ആഗ്രഹിച്ച പെണ്ണിനെ അവർക്കു കിട്ടുന്നു. മറ്റുള്ളവർ നോക്കി നിൽക്കുന്നു. കൃഷിപ്പണി ചെയ്യുന്നവരുടെ കാര്യം ഇതിലേറെ കഷ്ടം.

പണ്ട് എല്ലാ പെൺകുട്ടികളും BA പാസ്സായവർ ആയിരുന്നു എങ്കിൽ ഇന്ന് എല്ലാവരും B tech കഴിഞ്ഞവർ. അപ്പോൾ പറക്കമുറ്റിയമുതൽ ഗള്ഫിലോ നാട്ടിലോ കഷ്ടപ്പെട്ടു വേണ്ടപ്പെട്ടവർക്കൊക്കെ ജീവിതമുണ്ടാക്കികൊടുത്ത ശേഷം തന്റെ ഭാവിയെപറ്റി ചിന്തിക്കാൻ തുടങ്ങിയവർ ഇനി എന്ത് ചെയ്യും? സ്വന്തം നാടിനെ സ്നേഹിച്ചു, മണ്ണിന്റെ മണമറിഞ്ഞു നാട്ടിൽ ജീവിച്ചവരോ ?
പലർക്കും അതിന് ഉത്തരമില്ല..

പെണ്ണിന് 18 ആവുന്നതു മുതൽ കല്ല്യാണആലോചനകൾ തുടങ്ങുന്ന അമ്മമാർ പലരും പെണ്മക്കളുടെ മക്കൾക്കു കല്ല്യാണാലോചന തുടങ്ങിയാലും സ്വന്തം മകനെ കല്ല്യാണം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്.. മറ്റൊരു വീട്ടിലെ പെണ്ണിനെ ഉൾക്കൊള്ളാനുള്ള വിശാലമനസ്കത പലർക്കും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

പിന്നെ, ചിലർ കാലങ്ങളോളം കറവപ്പശുക്കൾ ആയിരിക്കുമല്ലോ!

ഇപ്പോൾ ആൺമക്കളുടെ രക്ഷിതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടാവാം.

പക്ഷേ പെണ്മക്കളുടെ അച്ഛനമ്മമാർ മാറിപ്പോയി! പെൺകുട്ടികളും ഏറെ മാറി.

* ഈ എഴുതിയതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. മറ്റു സമുദായങ്ങളുടെ കാര്യം അറിയില്ല എങ്കിലും ഹിന്ദു സമുദായത്തിൽ ഏറെകുറെ ഇങ്ങനെയൊക്കെ ആണ് ഇപ്പോഴത്തെ അവസ്ഥകൾ. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

********************

  (ബാംഗ്ലൂർ ജാലകത്തിൽ ഓണപ്പതിപ്പിൽവന്ന ലേഖനം.)

No comments:

Post a Comment