1/8/16

പ്രസവിക്കാൻ പെണ്ണിനെ കഴിയൂ


ഒരിക്കൽ ഒരു രാജാവ് തന്റെ സ്നേഹിതനോടൊപ്പം ചതുരംഗം (ഇന്നത്തെ ചെസ്സ്‌ ) കളിക്കുകയായിരുന്നു.
അകത്ത് തന്റെ കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം പുറത്തെകളിയും വീക്ഷിച്ചിരുന്ന ഭാര്യ പെട്ടെന്നാണ് ആ സത്യം മനസ്സിലാക്കിയത്.
അതെ, കളിയിൽ തന്റെ പ്രിയപ്പെട്ടവൻ തോൽക്കാൻ തയ്യാറായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ചതുരംഗപ്പടയിലെ രാജാവിനെ മറുപക്ഷം ഇനി നീങ്ങാൻ പറ്റാത്ത വിധം കുടുക്കിയിരിക്കുന്നു. ഇനി തോൽവി സമ്മതിക്കുകയല്ലാതെ വേറെ മാർഗമില്ല. ആകെ തകർന്നിരിക്കുകയാണ് അദ്ദേഹം.
അപ്പോഴാണ്‌ മഹാറാണി മറ്റൊരു കാര്യം കണ്ടുപിടിച്ചത്. മഹാരാജാവ് ശ്രദ്ധിക്കാതിരുന്ന ഒരു ചെറിയ, എന്നാൽ വലിയ ഒരു കാര്യം. എന്താണ് എന്നല്ലേ?
വെറുമൊരു കാലാളിനെ നീക്കിയാൽ രാജാവിന് ഈ പ്രതിസന്ധിയിൽ നിന്നും കരകയാറാം. കളി വീണ്ടും തുടരാം. ഒരു പക്ഷേ കളിയിൽ പിന്നീട് വിജയം വരിക്കാം.
പക്ഷെ, കളിയിൽ പങ്കെടുക്കാത്ത താൻ എങ്ങനെ അത് പറയും? അതിനും അവർ ഒരു സൂത്രം കണ്ടുപിടിച്ചു.
കുഞ്ഞിനെ താരാട്ട് പാടിക്കൊണ്ടിരുന്ന അവർ അതിലെ വരികൾ ഒന്ന് മാറ്റിപ്പിടിച്ചു. എന്നിട്ട് ഈണത്തിൽ ഇങ്ങനെ പാടി.
" ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്തുന്ത്
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത് "
അവർ പാടിയത് സ്നേഹിതൻ ശ്രദ്ധിച്ചില്ലെങ്കിലും രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം കാലാളിനെ നീക്കുകയും കളിയിൽ അവസാനം വിജയം കൈ വരിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ ഇതാണ് പത്നീ ധർമ്മം. അവൾ എപ്പോഴും അരങ്ങത്ത് ഉണ്ടാവണം എന്നില്ല. എങ്കിലും അയാളുടെ വിജയങ്ങൾക്ക് പിന്നിൽ അവർ ഉണ്ടാവാം. ഒരുപക്ഷേ ലോകത്തോട് അതാരും വിളിച്ചു പറയാത്തതുകൊണ്ട് അവർ എവിടെയും അറിയപ്പെടുന്നുണ്ടാവില്ല എന്ന് മാത്രം.
എന്ന് മുതലായിരിക്കും സ്ത്രീകൾ വീട്ടുജോലികൾക്ക് പുറമേ പുറത്തും ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവുക? അവന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോഴാകാം.
അല്ലെങ്കിൽ അവനോളമോ, അതിലേറെയോ വിദ്യാഭ്യാസം നേടിയപ്പോൾ ആ വിദ്യ പാഴായിപ്പോകാതിരിക്കാൻ ആവാം.
കാരണം എന്ത് തന്നെ ആയാലും ആണിനോനോടൊപ്പം തന്നെ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ കുറച്ചുകൂടി ആത്മാഭിമാനം ഉള്ളവളായി എന്നത് സമ്മതിക്കാതെ വയ്യ. അതിനു കാരണം കൈയ്യിൽ പണം വരുന്നു, തന്റെ വാക്കുകൾക്കു മറ്റുള്ളവർ വില കല്പ്പിക്കുന്നു എന്നതും ആവാം.
അപ്പോഴും വീട്ടുജോലികൾ മുഴുവനും, കൂടെ കുഞ്ഞുങ്ങളെ പ്രസവിക്കൽ, നന്നായിവളർത്തൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അവൾ പരാതികൾ പറഞ്ഞും പറയാതെയും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!
അപ്പോഴും നമ്മൾ പറഞ്ഞുകൊണ്ടിരുന്നു. "അവൾ പെണ്ണല്ലേ അവളെ ഇതിനൊന്നും കൊള്ളില്ല. ഇതൊക്കെ പുരുഷന്മാര്ക്ക് മാത്രം പറഞ്ഞിട്ടുള്ള ജോലികൾ ആണ്. അവൾ വീടും കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി " എന്ന്.
അവൾ അതിനും തയ്യാറായിരുന്നു. വീട്ടു ജോലികൾ, കുഞ്ഞുങ്ങളെ പ്രസവിക്കലും വളർത്തലും, ഒക്കെ പുരുഷൻ ചെയ്യുന്ന, വരുമാനം ഉണ്ടാക്കുന്നജോലികൾ പോലെ തന്നെ മികച്ച ജോലികൾ ആയി സമൂഹം അംഗീകരിച്ചിരുന്നു എങ്കിൽ.
ചെയ്യുന്ന ജോലി വരുമാനം ഇല്ലാത്തതായത്കൊണ്ട്, അവൾ കൈനീട്ടാതെ തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അവൾക്കു പകുത്തു കൊടുത്തിരുന്നു എങ്കിൽ.
ഇതൊന്നും നടക്കാത്തതുകൊണ്ടുതന്നെ, അണിയറയിൽ മാത്രമല്ല, അരങ്ങത്തും അവൾ ഉണ്ടാവും.
*******************************
അനിത പ്രേംകുമാർ

3 comments:

  1. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!, sathyam

    ReplyDelete
  2. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!, sathyam

    ReplyDelete
  3. സത്യത്തിൽ ഇന്ന് ജോലിക്ക് പോകുന്ന മിക്ക സ്ത്രീകള്ക്കും ഇരട്ട ജോലിയാണ്..
    ഓഫീസിലൊരു (അല്ലെങ്കിൽ തന്റെ ജോലിസ്ഥലത്ത്) ജോലി.. അതിനേക്കാൾ കടുത്തത്‌ സ്വന്തം വീട്ടിലും.
    പിന്നെയും അവൾക്ക് അവഗണന ബാക്കിയാണ്. അത് പൊതു സമൂഹത്തിന്റെ ഒരു രീതിയാണു.
    ആദ്യകാലങ്ങളിൽ മനുഷ്യന് വിഭവങ്ങൾ കണ്ടെത്താൻ വലിയ അദ്ധ്വാനത്തിന്റെ ആവശ്യമുണ്ടായിരുന്നു. അന്ന് പല ജോലികളും സ്ത്രീകൾക്ക് അപ്രാപ്യമായിരുന്നു. ഇന്നങ്ങിനെ അല്ല. യന്ത്രവത്കരണം മനുഷ്യാദ്ധ്വാനം കുറച്ചു. സ്വാഭാവികമായിട്ടും സ്ത്രീകള്ക്കും എല്ലാ ജോലികളും ചെയ്യാമെന്നായി. അപ്പോഴും ഇരയാക്കപ്പെട്ടത് സ്ത്രീ തന്നെ ആണ്. സൂക്ഷ്മ നിരീക്ഷണത്തിൽ അത് വ്യക്തമാണ്.
    പോസ്റ്റ്‌ എനിക്കിഷ്ടമായി.. ആശംസകളോടെ..

    ReplyDelete