6/26/15

എനിക്കുമിന്നൊരു കവിത മൂളണംകരിവണ്ട് മൂളുന്നപോലെയല്ല,
കുയിലമ്മ പാടുന്നപോലെയല്ല,
കരിയിലപക്ഷി, കൂട്ടുകാരോടൊത്ത്,
മുറ്റത്ത്‌ വന്നു, ചിലച്ചപോലല്ല

കാറ്റിലുലയുന്ന തേന്മാവിൻകൊമ്പുകൾ
കാതിൽ രഹസ്യങ്ങൾ ചൊന്നപോലെ
അതുകണ്ടാര്‍ത്തു ചിരിച്ചൊരുചക്കര
മാമ്പഴം താഴെ വീണുരുളുംപോലെ

അതുകണ്ടോരണ്ണാരക്കണ്ണൻ-
വന്നോടിയെടുത്ത്, കടിക്കുംപോലെ
ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
ടൊഴുകി പരന്നു പടർന്നപോലെ

കാട്ടു പൂഞ്ചോലയൊഴുകും പോലെ
കാറ്റുവന്നെൻകാതിൽ മന്ത്രിക്കും പോൽ
കാര്‍വര്‍ണ്ണന്‍ രാധയോടെന്ന പോലെ
കാതോരം നീ വന്നിരിക്കുമെങ്കില്‍!


കട-ക്കണ്ണാലെ നീ ചൊന്ന കവിതയല്ലേ
അത് വാക്കിനാല്‍ നോവാതെ ചൊല്ലണം ഞാൻ
അത് നീ മാത്രം കേൾക്കുന്ന കവിതയല്ലേ
എന്റെ പ്രാണനിൽ നീ തൊട്ട വരികളല്ലേ
ഏറെ പ്രിയതരമാമൊരു രഹസ്യമല്ലേ

അത് പ്രണയമാണെന്നതറിഞ്ഞുവോ നാം?

5 comments:

 1. നന്നായിട്ടുണ്ട്‌!!!!!!


  ((അതുകണ്ടോര..ണ്ണാരക്കണ്ണൻ-
  വന്നോടിയെടുത്ത്, കടിക്കുംപോലെ
  ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
  ടൊഴുകി പരന്നു പടർന്നപോലെ)) മനസിലായില്ല.

  ReplyDelete
 2. "ക" കാര പ്രാസത്തിനു വേണ്ടിയുള്ള ശ്രമം ശ്രദ്ധേയമായി...... ലളിത വരികളിലൂടെയുള്ള യാത്ര രസകരമായി.......
  ആശംസകൾ......

  ReplyDelete
 3. കാറ്റു വന്നെന്‍ കാതില്‍ മന്ത്രിക്കും പോലെ.,
  എന്നു തന്നെ മതിയായിരുന്നു എന്ന് തോന്നി..

  എനിക്കുമിന്നൊരു കവിത മൂളണം.. കാതോരം നീവന്നിരിക്കുമെങ്കില്‍..
  എന്ന് തുടക്കത്തിലും ആ ഖണ്ഡികയുടെ അവസാനവും ആവര്‍ത്തന വരികളായ് ചേര്‍ത്തിരുന്നെങ്കില്‍ കൂടുതൽ രസകരമായേനെ എന്നും തോന്നി..
  വളരെ.. ആ മാമ്പഴച്ചാറുപോലെ രസകരമായ വരികളാണ്. കവിതയും തീമും എല്ലാം ഇഷ്ടമായി.. എങ്കിലും ഒന്നുകൂടൊന്നു നന്നാക്കിയാല്‍ അതിലും മധുരതരമായ് തീരും..
  അനിതച്ചേച്ചിയെകുറിച്ചും കവിതകളെക്കുറിച്ചും കുറെ മുന്‍പ് ഞാൻ ഏതോ വാരാന്ത്യപ്പതിപ്പില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ ബ്ലോഗ് കാണുന്നതിപ്പോള്‍ സുധി ലിങ്ക് അയച്ചുതന്നപ്പോഴാണ്.
  ഇനിയും വരാം ചേച്ചീ..

  ReplyDelete
 4. കവിത ഇഷ്ടായി അനിതാ ....

  ReplyDelete