4/19/13

വളര്‍ത്തു മൃഗം
 അനിത പ്രേംകുമാര്‍
അവന്‍റെ ഉള്ളില്‍ ആരോടും 
പകയോ വിരോധമോ ഇല്ല. 
അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നു  
എങ്കില്‍, അതവന്‍റെ കുറ്റമല്ല.

എന്നാലും അവന്‍ നിങ്ങളില്‍ നിന്നും
ഒരല്പം അകലം സൂക്ഷിക്കുന്നു.
നിങ്ങള്‍ അറിയുക,
അടുക്കുംമ്പോഴൊക്കെ നിങ്ങള്‍
സ്വാതന്ത്ര്യം മുതലെടുത്ത് അവനെ തല്ലിയിരുന്നു.
ചീത്ത വിളിച്ചിരുന്നു,
എടുക്കാതിരുന്ന ചുമടുകളുടെ പേരില്‍.

അവന് പലരെയും പേടിയാണ് 
നിസ്സഹായനായി,അനാഥനായി, അവന്‍  
നിങ്ങളുടെ മുമ്പില്‍ ഒരുപാടു കേണിട്ടുണ്ട് 
ഒരല്പം കരുണയ്ക്ക്,ഒരല്പം സ്വാതന്ത്ര്യത്തിന്. 
അന്ന് നിങ്ങള്‍ക്കത് മനസ്സിലായില്ല, 
അല്ലെങ്കില്‍ മനസ്സിലാകാത്തപോലെ നടിച്ചു.
ഒരുപാടു കാലം അവ ന്‍ നിങ്ങളുടെ വിഴുപ്പ് ചുമന്നതല്ലേ? 
ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിലും. 
അവനെ സ്നേഹിക്കേണ്ട, തല്ലാതിരുന്നുകൂടെ?  
കരുണയുടെ ഒരു നോട്ടം അവനും കൊടുത്തുകൂടെ?


--------------------------------------------------------------