6/12/18

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍
----------------
പരസ്പരം കൈകള്‍ കോര്‍ത്ത്‌ മാര്‍ക്കറ്റ് റോഡില്‍ കൂടി അലഞ്ഞു തിരിയുമ്പോള്‍ കൂട്ടുകാരി ചോദിച്ചു. " പെണ്ണെ, നിനക്ക് ഏതു കളര്‍ ആണ് ഏറ്റവും ഇഷ്ടം?
ഗുരുവായൂരില്‍ ഒരു കല്യാണത്തിന് പോകാന്‍ സെറ്റ് മുണ്ട് വാങ്ങാന്‍ എന്നെയും കൂട്ട് വേണം എന്ന് പറഞ്ഞു വന്നതാണ് അവള്‍.
അവള്‍ വന്നാല്‍ പിന്നെ ഒരു മുങ്ങലാണ്.. മറ്റു കാര്യങ്ങള്‍ ഒക്കെ മാറ്റിവച്ച്.
ഓഫീസിനു അടുത്തുള്ള ഒരു മലയാളിക്കടയില്‍ എടുത്തിട്ട ഒന്നുപോലും ഇഷ്ടമാവാഞ്ഞപ്പോള്‍,
തല്‍ക്കാലം കൈയ്യില്‍ ഉള്ള പഴയ സെറ്റ് മുണ്ടിനു പറ്റിയ ഒരു നല്ല റെഡി മെയിഡ് ബ്ലൌസ് വാങ്ങാമെന്ന തീരുമാനവുമായി ഒരു കുര്‍ത്തിയും വാങ്ങി ഞങ്ങള്‍ അവിടുന്നിറങ്ങി...
അപ്പോഴാണ്‌ അവളുടെ ചോദ്യം.
"ഏതു കളര്‍ എന്ന ചോദ്യത്തിന് മറുപടി കൊടുത്തു.
" പച്ച, പിന്നെ മഞ്ഞ, പിന്നെ നീലയും ഇഷ്ടാണ്".
"അപ്പൊ നീ കറുപ്പ് ന്നു പറഞ്ഞതോ?"
"അതെ.. കറുപ്പും ഇഷ്ടാണ്."
"അപ്പോള്‍ മുന്പ് നീ ചുമപ്പ് ഇഷ്ടാന്ന് പറഞ്ഞല്ലോ?"
ഉം .. ചുമപ്പ് നല്ല ഇഷ്ടാ.."
"വെളുപ്പോ?"
"വെളുപ്പ്‌ ഇഷ്ടാണല്ലോ.."
"ഡീ... "
"ഉം .."
"അപ്പൊ എല്ലാ കളറും ഇഷ്ടമാണ് എന്നങ്ങു പറഞ്ഞൂടെ കൊരങ്ങെ നിനക്ക് ?"
ശരിയാണ്.. എനിക്കിഷ്ടമില്ലാത്ത കളര്‍ ഇല്ലല്ലോ..
പക്ഷെ പച്ചയോട് ഒരു വല്ലാത്ത ഇഷ്ടമാണ്. ഉള്ളസാരികളും ചൂരിദാറുകളും ഒക്കെ എടുത്തു നോക്കിയാല്‍ പാതിയിലേറെ പച്ച കാണും...
വര്‍ണ്ണങ്ങള്‍ ..... പല വര്‍ണ്ണങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന ഉടയാടകള്‍..
സില്‍ക്കോ, വിലകൂടിയതോ ഒന്നും വേണ്ട.
കോട്ടന്‍ മതി. പക്ഷെ കടും വര്‍ണ്ണങ്ങള്‍... അതുണ്ടാവണം.... ഒരു പുതുമ തോന്നാന്‍.
ഇന്നലെ മോള്‍ അവളുടെ കൂടെ പുറത്തുപോകാന്‍ വിളിച്ചു.അവളുടെ സ്കൂട്ടറിന്റെ പിറകില്‍ ഇരുന്നു യാത്ര. ന്യൂ ബെല്‍ റോഡില്‍ മാക്സിന്റെ ഷോറൂമില്‍ കയറി.
അവള്‍ നോക്കുന്ന ഡ്രസ്സ്‌ ഒക്കെ കറുപ്പോ വെളുപ്പോ അല്ലെങ്കില്‍ ഇളം നിറത്തില്‍ ഉള്ളതോ..
പതിവുപോലെ എനിക്കുറക്കം വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
" അമ്മയ്ക്ക് ടി ഷര്‍ട്ട്‌ വേണ്ടേ? ഏറോബിക്സ് ക്ലാസ്സിലേക്ക് ? ഇതാ ഇവിടെ നല്ല ടി ഷര്‍ട്ട് ഉണ്ട്. നോക്കൂ.. "
ഒരു ചുമപ്പും ഒരു പച്ചയും ഒരു നീലയും ഒരു മഞ്ഞയും ഒക്കെ എടുത്തപ്പോള്‍ അവള്‍ കളിയാക്കി ചിരിക്കുന്നു.. " എന്‍റെ അമ്മെ, അല്പം ലൈറ്റ് കളര്‍ എടുക്കൂ.. എല്ലാം ഡാര്‍ക്ക് കളര്‍.."
പൌഡര്‍ ഇട്ടു കണ്ണെഴുതി പൊട്ടും കുത്തി കാതില്‍ ജിമിക്കി കമ്മലും കൈയ്യില്‍ കുപ്പി വളകളും കാലില്‍ പാദസരവും അണിഞ്ഞു മാത്രം അവളുടെ പ്രായത്തില്‍ എന്നെ കണ്ടിട്ടുള്ള ഞാന്‍ അവളെ എന്നും കാണുന്നത് കമ്മല്‍ ഇടാതെ, പൌഡര്‍ ഇടാതെ പൊട്ട് എന്ന സാധനം കണ്ടിട്ടേ ഇല്ലാതെ, കണ്ണെഴുതാതെ...
സ്ട്രൈറ്റന്‍ ചെയ്ത മുടിയും നിറമില്ലാത്ത എന്നാല്‍ ക്ലാസ് ലുക്ക്‌ എന്നൊക്കെ അവള്‍ വിശേഷിപ്പിക്കുന്ന വസ്ത്രങ്ങളും ആണ് അവള്‍ക്ക്. .. വല്ലപ്പോഴും ഇടുന്ന ഐ ലൈനര്‍, ഒപ്പം നേരിയ കളറില്‍ ലിപ്സ്റിക്.. തീര്‍ന്നു അവളുടെ ഒരുക്കങ്ങള്‍..
പണ്ട് പത്തു പ്രാവശ്യം കണ്ണാടിയില്‍ നോക്കി ഒരുങ്ങിക്കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ മുറ്റത്ത്‌ കാത്തു നില്‍ക്കുന്നുണ്ടാകും. മുടിയില്‍ ചൂടാന്‍ ഒരു തുളസിക്കതിര്‍.. അല്ലെങ്കില്‍ ഒരു കുഞ്ഞു റോസാപൂവുമായി.. പിന്നെ അതും മുടിയില്‍ ചൂടിയാണ് ഒന്നര കിലോമീറ്റര്‍ നടന്നു ബസ് സ്റ്റോപ്പില്‍ എത്തി ബസ് കയറുക.
ഇങ്ങോട്ട് പറിച്ചു നടപ്പെട്ട ഫെബ്രുവരി മാസത്തില്‍ ബാംഗ്ലൂര്‍ നഗരത്തിനു മുല്ലപ്പൂക്കളുടെ മനം മയക്കുന്ന ഗന്ധമായിരുന്നു. ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റും.
ഒരു മുളം മുല്ലപ്പൂവുമായി ഒരു സന്ധ്യയില്‍ ഭര്‍ത്താവ് കയറി വന്നപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി.. പ്രണയപൂര്‍വ്വം കണ്ണില്‍ നോക്കിയപ്പോള്‍ ആള് പുഞ്ചിരിയോടെ അത് വിളക്കിനു പിറകില്‍ ഉള്ള ദേവിയുടെ ചിത്രത്തിന് ചാര്‍ത്തി പ്രാര്‍ഥിക്കുന്നതാണ് കണ്ടത്. അതോടെ പൂക്കള്‍ മുടിയില്‍ ചൂടാന്‍ ഉള്ളതല്ല എന്ന തിരിച്ചറിവ് വന്നു. നടക്കുമ്പോള്‍ കിലുങ്ങുന്ന പാദസരം കല്യാണം കഴിഞ്ഞ രാത്രിയിലും കുപ്പി വളകള്‍ കല്യാണ തലേന്നും വിടപറഞ്ഞു പോയിരുന്നല്ലോ!
ഉദ്യാന നഗരിയുടെ പൂക്കള്‍ പോലും നമുക്കല്ല..
ഈ വര്‍ണ്ണങ്ങള്‍ എങ്കിലും ?
കടും പച്ചയും ചുമപ്പും മഞ്ഞയും വസ്ത്രങ്ങള്‍ അണിഞ്ഞു തമിഴത്തികളും കന്നടക്കാരികളും തെലുങ്കത്തികളും ഇപ്പോഴും മുന്നില്‍ കൂടി മുല്ലപ്പൂവും ചൂടി നടന്നുപോകുന്നതു കാണാഞ്ഞല്ല..
ഇവിടിങ്ങനെ ജീവിക്കുമ്പോൾ ഒരു ക്ലാസ് ലുക്ക് ഒക്കെ വേണല്ലോ !
- അനിത പ്രേംകുമാര്‍-

1 comment: