8/25/13

ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്‍)നാല്പത്തി രണ്ടു (42) വര്ഷം മുമ്പ് ചിങ്ങ മാസത്തിലെ ഈ അശ്വതി നാള്. സെപ്തെംമ്പര്‍ 8 ആം തീയതി.  സ്ഥലം പായം സ്കൂളിനും വായനശാലയ്ക്കും  ഇടയിലായ്‌ വയലിന്‍റെ കരയിലുള്ള  കാപ്പാടന്‍ വീട്.

കാര്‍ത്യായനി ടീച്ചര്ക്ക് തലേ ദിവസം  വൈകിട്ട് 4 മണിക്കോ മറ്റോ തുടങ്ങിയ വേദനയാണ്.  യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പേ, ഇരിട്ടിയില്‍ അവരുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. അവിടെ ആകുമ്പോള്‍ ഹോസ്പിറ്റലും ഡോക്ടര് മാരും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ചുറ്റും പുഴയാല്‍ ചുറ്റപ്പെട്ട ഈ പായം നാട്ടില്‍ , പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. രാത്രി, തോണിക്കാരും ഉണ്ടാവില്ല.

പക്ഷെ, എന്ത് പറയാന്‍! ഇരിട്ടിയിലെ ആ വലിയ വീട്ടില്‍ ആരോ "കൂടോത്രം" * ചെയ്തതുകൊണ്ട്, അവിടെ നിന്നാല്‍ ശരിയാകില്ല , പായത്തെയ്ക്ക് തന്നെ തിരിച്ചു പോകണം എന്ന ഉപദേശത്തിന്മേല്‍ അവര്‍ തിരിച്ചു വരികയായിരുന്നു.

വീട്ടിലുള്ളവര്‍ക്ക് പുറമെ, ആകെ സഹായത്തിനുള്ളത്, കുര്യന്‍ ചേട്ടന്‍ എന്ന ആളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു നേഴ്സ് മാത്രം. അവര്‍ അവരെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു നേഴ്സ്നു എന്താണ് ചെയ്യാന്‍ പറ്റുക! സാമാന്യം നല്ല വളര്‍ച്ചയുള്ള കുഞ്ഞ്, അവളെ കൊണ്ട് പറ്റുന്നപോലെ ഒക്കെ ചെയ്തിട്ടുണ്ടാവാം, പുറം ലോകം കാണാന്‍.  വേദനകൊണ്ട് പുളയുന്ന ആ അമ്മ, 12 മണിക്കൂര്‍ സഹിച്ചിട്ടും, കഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഇനിയും പുറത്തെത്തിയില്ല. എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല. വീട്ടില്‍ എല്ലാവരും ആശങ്കയിലും.

ഗോവിന്ദന്‍ മാസ്റെര്‍ക്ക്, ആദ്യമായി PSC പോസ്റ്റിങ്ങ്‌ കിട്ടി, കാസര്‍ഗോഡ്‌ ജോയിന്‍ ചെയ്യേണ്ട ദിവസം ആണ് ഇന്ന്. കുഞ്ഞിനെ കണ്ട ശേഷം പോകാന്‍ കാത്തു നില്‍ക്കുകയാണ് അദ്ദേഹം.

ഇതിപ്പോ, എന്തും സംഭവിക്കാം എന്ന നിലയും. ഇനി അവരെ എടുത്തു, നടന്നു, തോണി വഴി പുഴ കടത്തി , ഇരിട്ടിയില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേയ്ക്ക്‌, എന്തെങ്കിലും സംഭവിക്കും. അതുകൊണ്ട് കാത്തിരിക്കുക തന്നെ.

സമയം രാവിലെ ഒമ്പത് മണി യായി! ഇനിയും കാത്തിരിക്കാന്‍ വയ്യ. അവസാനം  നേഴ്സ് കത്രിക കൈയ്യില്‍ എടുത്തു. ഡോക്ടര്‍മാര്‍ മാത്രം ചെയ്യുന്നകാര്യം.അവസാനത്തെ ആയുധം. ഇല്ലെങ്കില്‍ അമ്മയും കുഞ്ഞുമൊ, രണ്ടില്‍ ഒരാളോ, ഇല്ലാതാകും. അല്‍പ സമയം  കഴിഞ്ഞപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി.

വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്‍റെ ആദ്യത്തെ കണ്മണിയെ കണ്‍ നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ.

ആ കുഞ്ഞിനും  ഈ ലോകം കാണാനുള്ള , ഇവിടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അവള്‍ക്കു അവളുടെ അമ്മയോടൊപ്പം  കഴിയാനും അതിലേറെ ഭാഗ്യം ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന്‍  ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ  റേഡിയോ ഓണ്‍ ചെയ്തു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,

" അശ്വതി നക്ഷ്ത്രത്തമേ---
എന്‍ അഭിരാമ സങ്കല്‍പമേ---"

എന്ന പാട്ട് റേഡിയോയിലോടെ ഒഴുകാന്‍ തുടങ്ങി---  പാട്ട് കേട്ടു തീര്‍ന്നതും മാഷ്‌ മനം നിറഞ്ഞു,  ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ തന്‍റെ പ്രിയതമയോടു യാത്ര പറഞ്ഞു കാസര്ഗോട്ടെയ്ക്ക് പുറപ്പെട്ടു--

                                                                 * * * * കൂടോത്രം= അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ആകുന്ന എന്തോ സാധനം അവിടെ എവിടെയോ ആരും അറിയാതെ വയ്ക്കുക.