3/24/15

ചില പിന്നാമ്പുറ ചിന്തകള്‍നിയമ സഭയിൽ നടന്ന സംഭവങ്ങൾ ഞങ്ങളും ടി.വി.യിൽ കണ്ടതാണ്. ഞങ്ങളിൽ ചിലരുടെ ആങ്ങളമാരോ അച്ഛനോ ഒക്കെയാണ് പ്രതിസ്ഥാനത്ത്. ഞങ്ങളും ഇത്രയധികം ക്യാമറകളും നോക്കി നിൽക്കെ മദ്ധ്യവയസ്സകരായ തങ്ങളുടെ സഹ പ്രവര്ത്തകരിലെ സ്ത്രീകളെമാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കുകയും ലൈംഗീക പീഡനം നടത്തുകയും ചെയ്തെങ്കിൽ, ഞങ്ങളുടെ കണ്മറയത്ത് ഇവർ എന്തൊക്കെയാവും കാട്ടിക്കൂട്ടുക?
എന്തായാലും ഇവരെ വെറുതെ വിടരുത്. ഇരകള്‍ ആക്കപ്പെട്ടവരും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയാണ്. പോലീസില്‍ കേസ് കൊടുത്തോ എന്നറിയില്ല. എല്ലാ പീഡന കേസുകളിലും പോലെ പോലീസ് ഇരകളെ കീറി മുറിച്ച് ക്രോസ് വിസ്താരം ചെയ്തോ എന്നും അറിയില്ല. ഒന്നറിയാം. ഇരകൾ മുഖം മറയ്ക്കാതെ, പേര് ഒളിച്ചു വയ്ക്കാതെ പൊതു സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കേസാവും ഇത്. പീഡനത്തിന് ഇരയാകുന്ന ഓരോ പെണ്ണിനും അനുകരിക്കാവുന്ന രീതി. തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് അഭിമാനത്തോടെ വിളിച്ചു പറയുക. പീഡന സമയത്ത് പോലും ചിരിച്ചുകൊണ്ട് നേരിടുക ! കടിച്ചു കൊണ്ട് പ്രതികരിക്കുക!
കേരളം പുരോഗതിയിലേക്ക് തന്നെ ആണ് എന്നാണ് പെണ്‍ പക്ഷത്തു നിന്ന് നോക്കുമ്പോൾ തോന്നുന്നത്.
കൂടെ രാഷ്ട്രത്തെക്കാളും ജനങ്ങളെക്കാളും വലുതാണ്‌ രാഷ്ട്രീയം എന്ന വലിയ പാഠം നമ്മള്‍ തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നമ്മളെ പഠിപ്പിക്കുന്നു. യഥാര്‍ത്ഥ പ്രശ്നം അഴിമതിയില്‍ മുങ്ങി ക്കുളിച്ചു എന്നാരോപിക്കപ്പെട്ട മാണിയുടെ ബജറ്റ് അവതരണം ആയിരുന്നോ, അതോ പിന്നിട് കണ്ട സംഘര്‍ഷങ്ങളോ? നമ്മളെന്താ പഠിക്കാത്തെ?
പറഞ്ഞു വരുന്നത് മറ്റൊരു കാര്യം.
നമുക്കൊക്കെ അറിയാം, കേരളത്തിന്റെ ദേശീയ ഉത്സവമാണ് ബന്ദ്‌ അല്ലെങ്കിൽ ഹർത്താൽ എന്ന്. അന്ന് നമ്മുടെ ആണുങ്ങൾ മുഴുവൻ ഒരു കുപ്പിയുമായൊ അല്ലാതെയോ ഒരു ജോലിയും ചെയ്യാന്‍ പറ്റാതെ, വീട്ടിൽ കുത്തിയിരുന്നു അതാഘോഷിക്കുന്നു. കുട്ടികൾ വീട്ടിലും മുറ്റത്തും പൊതു നിരത്തിലും കളികളിൽ ഏർപ്പെടുന്നു.
അതെ സമയം നമ്മുടെ സ്ത്രീ ജനങ്ങളോ?
എല്ലാവരും വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അടുക്കളയിൽ നിന്നും പുറത്തിറങ്ങാം എന്ന് കരുതി കാത്തിരുന്ന അവർ അന്ന് മുഴുവനും അടുക്കളയിൽ കെട്ടിയിടപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന നമ്മുടെ പ്രിയ പ്രതിപക്ഷ നേതാവും വരാന്‍ പോകുന്ന പ്രതിപക്ഷ നേതാവും ഈ വിഷയംകൂടി ഒന്ന് ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ആർഹമായ പരിഗണന ഇക്കാര്യത്തിലും അവർക്ക് കിട്ടണം. ആഘോഷങ്ങൾ ആണുങ്ങൾക്ക് മാാത്രം ഉള്ളതല്ലല്ലോ!