12/21/13

വിപ്ലവം അനിവാര്യമാണ്സമരങ്ങള്‍ അനിവാര്യമായിരുന്ന കാലം ഉണ്ടായിട്ടുണ്ട്. അത് നടന്നിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. വിപ്ലവം മുദ്രാവാക്യം ആക്കിയ പാര്‍ട്ടി തന്നെയാണ് അതൊക്കെ നേടിത്തന്നത്. അല്ല എന്ന് പറയാന്‍ കഴിയില്ല. ആത്മാര്‍ഥമായി നാടിനെ സേവിച്ചവര്‍ വേറെ ഉണ്ടായിട്ടില്ല. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ചിന്തകളും മാറേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷം ആവാന്‍ സാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ പറയട്ടെ,
കേരളം ബംഗാളികള്‍ക്ക് വിട്ടുകൊടുക്കരുത്.പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആരോ ആവട്ടെ.  നാട്ടിലെ അവസാന ആണ്തരിയും (രാഷ്ട്രീയക്കാര്‍ ഒഴികെയുള്ള )ജോലി തേടി അന്യ നാട്ടിലേയ്ക്ക് പോകാതിരിക്കാന്‍ നിങ്ങള്ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. കാരണം നിങ്ങള്‍ ശക്തരായിരുന്നു. ഇപ്പോഴും സംഘടിതര്‍ ആണ്. ഇനിയും വേണമെന്ന് വിചാരിച്ചാല്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തിയുള്ളവര്‍.

നാട് വിട്ടു പോയി അന്യ നാട്ടില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചു വരാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റുക എന്ന് ചിന്തിക്കുക. അവരുടെ അറിവും പ്രവര്‍ത്തി പരിചയവും ജന്മ നാടിനുവേണ്ടി ഉപയോഗപ്പെടുത്തട്ടെ. ജനിച്ചു വളര്‍ന്ന നാട്ടില്‍ കുടുംബത്തോടൊത്ത്  സന്തോഷത്തോടെ ജോലി ചെയ്തു ജീവിച്ചു മരിക്കുക അവരുടെയും അവകാശമാണ്.

അന്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ ചിന്തിക്കുക, എന്‍റെ നാട്ടില്‍ തന്നെ ഇങ്ങനെ ഒരു ജോലിയും ശമ്പളവും കിട്ടിയിരുന്നെങ്കില്‍, അക്രമ രാഷ്ട്രീയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തിന് ഇങ്ങനെ പ്രവാസിയായി ജീവിച്ചു മരിക്കണം എന്ന്.

വ്യവസായങ്ങള്‍ തുടങ്ങാനുള്ള , അവ നില നിന്ന് പോകാനുള്ള സാഹചര്യം ഉണ്ടാക്കുക. മറ്റിടങ്ങളില്‍ വ്യവസായം തുടങ്ങി, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായികള്‍ കേരളത്തിലേയ്ക്ക് വരട്ടെ. അങ്ങനെ തൊഴില്‍ സാധ്യത കൂടട്ടെ. അല്ലെങ്കില്‍, നിങ്ങള്‍ തന്നെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുത്താലും നല്ലത്.

അങ്ങനെ തുടങ്ങുന്നവരെ "മൊയലാളിമാര്‍" "ബൂര്‍ഷ്വാ " എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതിനു പകരം അവരിലെ കഠിനാധ്വാനം, ദീര്‍ഘ വീക്ഷണം ഒക്കെ അംഗീകരിക്കുക. കേരളം ഗള്‍ഫിനെ ആശ്രയിക്കാതെ സ്വയം പര്യാപ്ത മാവട്ടെ.

നാട് നിറയെ വിമാനത്താവളങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത അത് അവരുടെ സാമ്പത്തിക ലാഭത്തിനല്ലെങ്കില്‍ പിന്നെ എന്തിനാണ്?   പറന്നു നടക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമേ അത് ഉപകരിക്കൂ. നമുക്ക് വേണ്ടത് നല്ല നല്ല റോഡ്‌കള്‍ തന്നെയാണ്. അതുണ്ടാക്കുക. ജനങ്ങളെ "സേവിച്ചു സേവിച്ചു " മതിയാകാത്തവര്‍ക്ക് യഥാര്‍ത്ഥ സേവനം എന്ത് എന്ന് കാട്ടിക്കൊടുക്കുക.

കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളിലും  , ഭാരതത്തിന് പുറത്തും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം, രാത്രിയും പകലും നോക്കാതെ എത്ര മണിക്കൂറുകളാണ് ജോലി ചെയ്യുന്നത് എന്നും എന്ത് മാത്രം ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുക്കുന്നത് എന്നും അതുകൊണ്ടൊക്കെ മാത്രമാണ് എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയുന്നത്‌ എന്നും. ആ ഒരു കാഴ്ചപ്പാട് കേരളത്തിലെക്കും പകര്ത്തുക.
അവകാശങ്ങളെക്കുറിച്ചറിയുന്നത്പോലെ കര്‍മ്മങ്ങളെ ക്കുറിച്ചും ബോധം ഉണ്ടാക്കുക.

ഒരു സന്ധ്യ കൂവുമ്പോള്‍ പകരം പതിനായിരം സന്ധ്യമാരെ എതിര്‍ പക്ഷത്ത് നിര്‍ത്തി കൂവിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയോ?

പുതിയൊരു കേരളം! ബംഗാളികള്‍ അവരവരുടെ നാട്ടിലേയ്ക്ക് പോകട്ടെ. പ്രവാസികള്‍ തിരിച്ചു വന്ന് അതേ ശമ്പളത്തില്‍ നാട്ടില്‍ തന്നെ ജോലി ചെയ്യട്ടെ-- ആശുപത്രിയില്‍ പോകാന്‍ വണ്ടി കിട്ടാതെ വിജനമായ റോഡില്‍, ആരും മരിച്ചു വീഴാതിരിക്കട്ടെ. ജയിച്ചു കഴിഞ്ഞാല്‍ കഷിഭേദമന്യേ ജനങ്ങളായി എല്ലാവരെയും കാണുക. അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റൊരാളെ പറ്റി ആരും ചിന്തിക്കില്ല. നിങ്ങളുടെ പാര്‍ട്ടി തന്നെ കേരളം എക്കാലവും ഭരിക്കട്ടെ.  ആര് ഭരിച്ചാലെന്ത്? നാട് നന്നാവണം. അത്രേയുള്ളൂ. പറയൂ, നിങ്ങളുടെ നേതാക്കളോട്. ഒരു പുനര്‍വിചിന്തനത്തിന് സമയമായി.

                                             *  *   * 
(നിങ്ങള്‍ക്കങ്ങനെയൊന്നും  ചിന്തിക്കാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ ------ചിന്തിക്കാന്‍ കഴിയുന്ന ഒരു പുതു തലമുറ കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ ഉയര്‍ന്നു വരട്ടെ.)