11/15/13

കുട്ടികളുടെ ദിനം


ഇന്നലെ കുട്ടികളുടെ ദിനം--(ശിശു ദിനം) ആയിരുന്നല്ലോ--- പല പോസ്റ്കളും വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, നമ്മളെല്ലാവരും കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്ത്, അത് വീട്ടിനുള്ളില്‍ ആയാല്‍ പോലും ഇല്ലെന്നോര്ത്ത് വല്ലാതെ ആകുലപ്പെടുന്നുണ്ട് എന്നതാണ്.

ആകുലതകള്‍ ഒന്നിനും പരിഹാരം ആകുന്നില്ല. എന്‍റെ അച്ഛനും ഭര്‍ത്താവും സഹോദരനും മകനും മറ്റൊരു പെണ്ണിനെയും കയറിപ്പിടിക്കില്ലെന്നും മാനഭംഗം ചെയ്യില്ലെന്നും ഞാന്‍ വിശ്വസിക്കുന്ന പോലെ ഓരോ പെണ്ണും വിശ്വസിക്കുന്നുണ്ട്. ഓരോ ആണും ഇതുപോലുള്ള ഓരോ പെണ്ണിന്റെയും ആരെങ്കിലും ആണ്.
അപ്പോള്‍ ആരാണ് ഇതൊക്കെ ചെയ്യുന്നത്? ഇവരൊക്കെ ചേര്‍ന്നുള്ള ഈ സമൂഹത്തിലെ ചിലരുടെ യഥാര്‍ത്ഥ മുഖങ്ങള്‍! അപ്പോള്‍ നാം ദിവസവും "ആ ചിലരില്‍" കാണുന്നത് പൊയ്‌ മുഖങ്ങള്‍ ആണെന്ന് വരുന്നു. അത് തിരിച്ചറിയാന്‍ പറ്റിയാല്‍ പണി എളുപ്പമായി.പക്ഷെ അവിടെയാണ് പ്രശ്നം.
മലയാളത്തിലെ ഏറ്റവും സുന്ദരമായ ഒരു പദം ആണ് പ്രണയം. പക്ഷെ  കൌമാരത്തില്‍ എത്തിയ പെണ്‍കുട്ടികള്‍ മുതല്‍ അമ്മ, അമ്മൂമ്മമാര്‍ വരെ ചിലപ്പോള്‍ ചതി ക്കുഴിയില്‍ പെടുന്നത് ഈ മനോഹരമായ പദം മുഖം മൂടി യാക്കി ഇവരെ തേടി ഇറങ്ങുന്ന ചിലരുടെ പൊയ്‌ മുഖങ്ങളിലൂടെയാണ്.

അതുകൊണ്ട് ആ വാക്കിനെയും വിശ്വസിക്കേണ്ട. നാണം കുണുങ്ങി കളുടെ കാലം ഒക്കെ കഴിഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യ ശാലികള്‍ ആകണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റിയൊക്കെ അറിവും ബോധവും ഉണ്ടാകണം. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഉത്തരം ഓരോരുത്തരുടെയും ഉള്ളില്‍ തന്നെ ഉണ്ട്. ഒന്ന് ചോദിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി.

സദാചാരം എന്ന വാക്ക് ഓരോരുത്തരും മറ്റൊരാള്‍ക്ക് വേണ്ടി കരുതി വച്ച നാടാണ് കേരളം. അത് പോര. അതിനെ പറ്റി ചര്‍ച്ച ചെയ്തു സമയം കളയുന്നതിന് പകരം അത് സ്വന്തം ജീവിതത്തില്‍ പകര്ത്തുക. മറ്റുള്ളവരോടു അത് പറഞ്ഞു അവരെ കൊണ്ട് ചെയ്യിക്കുന്നതിനു പകരം, നമ്മള്‍ ചെയ്യുന്നത് കണ്ടു അവര്‍ ഓരോരുത്തരും പഠിക്കട്ടെ.  വിവാഹവും കുടുംബവും അതിന്‍റെ കെട്ടുറപ്പും അത് നല്‍കുന്ന സുരക്ഷിതത്വവും നന്നായി ആസ്വദിച്ചു വളര്‍ന്ന നാം തന്നെ, അതൊക്കെ അനാവശ്യം ആയി കാണുന്ന പ്രവണത ശരിയല്ല. നല്ല ഒരു സമൂഹം പടുത്തുയര്ത്താന്‍ അതും അത്യാവശ്യമാണ്.
നായ പെറ്റു കൂട്ടുന്നത്‌ പോലെ അച്ഛന്‍ ആരെന്നറിയാത്ത മക്കളെ പ്രസവിക്കെണ്ടവരല്ല , നമ്മുടെ സ്ത്രീകള്‍. ദമ്പതികള്‍ പരസ്പരം അങ്ങേയറ്റം പ്രണയിക്കുക. രണ്ടുപേരില്‍ ഒരാള്‍ മൂന്നമതൊരാളെ തേടിപ്പോകാതെ നോക്കാന്‍ പ്രണയത്തിനു മാത്രമേകഴിയൂ. ശരീരത്തിനു വയസ്സാകും. വയ്യായ്മകള്‍ വരും.

വളരെ വേദനയോടെ പറയേണ്ടി വരുന്ന മറ്റൊരു കാര്യം- ഒരു പെണ്‍കുഞ്ഞിനെ  അവളെ ഭര്‍ത്താവിന്റെ കൈയ്യിലെല്‍പ്പിക്കുവോളം സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ച ഏറ്റവും വലിയ സംരക്ഷകന്‍ ആണ് അച്ഛന്‍. അവളെ സംബന്ധിച്ച് ദൈവത്തിന്‍റെ പ്രതിരൂപം. ആ വിഗ്രഹങ്ങള്‍ അവനവന്‍ സ്വയം ഉടയ്ക്കാതിരിക്കുക. അതില്പരം ഒരു വേദന അവള്‍ക്കീ ജന്മത്തില്‍ വേറെ ഉണ്ടാകില്ല.

ഇവിടെ എല്ലാവരും അമ്മമാരെ വല്ലാതെ സ്നേഹിക്കുന്നവരാണ് . ആ സ്നേഹംകപടമല്ലെങ്കില്‍, നിങ്ങള്ക്ക് ഒരാള്‍ക്കും ഒരു പെണ്ണിനേയും അപമാനിക്കാണോ, അവളോടു സംസ്കാരം ഇല്ലാതെ പെരുമാറാനോ കഴിയില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളുടെ പുണ്യ പാപങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ അമ്മയും. വളര്‍ത്തു ദോഷം എന്ന വാക്ക് വിരല്‍ ചൂണ്ടുന്നത് അമ്മയുടെ നേര്‍ക്ക്‌ തന്നെ ആണല്ലോ!
ഈ മനോഹരമായ ഭൂമിയും ഇവിടുത്തെ സന്തോഷ കരമായ ജീവിതവും പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശ പ്പെട്ടതാണ്.അവരെ അതിനനുവദിക്കുക.
ആണുങ്ങളില്‍ കൂടുതലുംനല്ലവരാണ്എന്നും നിങ്ങളെ എപ്പോഴും സഹായിക്കാന്‍ സന്നദ്ധതയുള്ളവരാണ് എന്നും പെണ്‍കുട്ടികള്‍ ഓര്മ്മിക്കുക.കൂടെഅപകടങ്ങളില്‍ചെന്ന്ചാടാതിരിക്കാന്‍
സദാജാഗരൂകരായിഇരിക്കുക.
 വളര്‍ത്തു ദോഷം എന്ന് കേള്‍ക്കാന്‍ ഒരമ്മയ്ക്കും ഇട വരുത്താതെ ചുറ്റുമുള്ള ആരോടും സ്നേഹവും ബഹുമാനവും ചേര്‍ത്ത് പെരുമാറാന്‍ എല്ലാ  മക്കള്‍ക്കും കഴിയട്ടെ---  അമ്മമാര്‍ മക്കളെ ഓര്‍ത്തു അഭിമാനിക്കട്ടെ---
അമ്മമാര്‍ക്ക് മക്കള്‍ എന്നും ശിശുക്കള്‍ ആണ്. ഓരോ ദിനവും  ശിശുദിനവും.


                                                     * * *