12/25/13

ഡിസംബറിലെ മഞ്ഞു തുള്ളികള്‍--

 അനിത പ്രേംകുമാര്‍
  





ബാംഗ്ലൂരില്‍ ഒരു ജോലി

"എടാ, നീ  ഈ "ഗ്രാമീണ നിഷ്കളങ്കത " എന്നൊക്കെ കേട്ടിട്ടില്ലേ? വല്ല്യ ഭംഗിയൊന്നും പറയാനില്ല, പക്ഷെ ഒരു നാടന്‍ ലുക്ക്‌-"

"ഉം -- എന്തെ?"

"അങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പെണ്‍കുട്ടി യുണ്ട്. നോക്കുന്നോ?
നമ്മുടെ നാട്ടുകാരി, തലശ്ശേരിക്കാരി തന്ന്യാ."

അവനു വിവാഹാലോചനകള്‍ തുടങ്ങിയതറിഞ്ഞു, കൂടെ പഠിച്ച സുഹൃത്തിന്‍റെതാണ് ചോദ്യം. ബാംഗ്ലൂരില്‍  അവന്‍  ജോലി ചെയ്യുന്ന കമ്പനിയുടെ പാലക്കാട് യൂനിറ്റില്‍ ജോലി ചെയ്യുകയാണ് സുഹൃത്ത്. അവിടെ ഒരു നമ്പ്യാര്‍ കുട്ടി ഉണ്ടത്രേ.

"നിന്നെപ്പോലെ തന്നെ  നല്ല ഭക്തിയൊക്കെയുണ്ട്.ഇടയ്ക്കിടെ അമ്പലത്തില്‍ പോകും. നെറ്റിയില്‍ മിക്കവാറും ചന്ദന ക്കുറി കാണും. വളരെ ലളിതമായ വേഷ വിധാനങ്ങള്‍. എന്നാല്‍ നോക്കാം അല്ലെ?"

"ഭക്തി" എന്ന വാക്കില്‍ അവന്‍ വീണു.

"ശരി, നീ ആദ്യം അവളോടൊന്ന് ചോദിക്കൂ-- ചിലപ്പോള്‍  ബംഗ്ലൂരിലെയ്ക്ക് വരാനൊന്നും ഇഷ്ടമല്ലെങ്കിലോ?"

സുഹൃത്ത് നേരെ പോയി  അവളോടു ചോദിച്ചു.
"---------, നിനക്ക്  ഒരു വര്‍ഷത്തെ അപ്പ്രന്റിസ് ഷിപ്പ് അല്ലെ? അത് ഇപ്പോള്‍ തീരുമല്ലോ. അത് കഴിഞ്ഞു എന്താ പരിപാടി?"

"പരിപാടി--- പ്രത്യേകിച്ച് ഒന്നും ഇല്ല. എവിടെയെങ്കിലും ജോലി കിട്ടുമോന്നു നോക്കണം."

"ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ?"

';എവിടെ ആയാലും ഒരു ജോലി വേണം. ഇവിടെ തന്നെ കിട്ടിയാല്‍ നന്നായിരുന്നു. പക്ഷെ കിട്ടില്ല അല്ലെ?"

അവിടെ പെര്‍മനന്റ് ആയി ജോലി ചെയ്യുന്ന അയാള്‍ ഒന്നും അവളോടു തിരിച്ച് പറയാതെ, നേരെ അവനെ വിളിച്ചു.
"എടാ, ബംഗ്ലൂരിലെയ്ക്ക് വരാന്‍ തയ്യാറാ, ജോലി നോക്കാനും."

"എന്നാലും അച്ഛനും അമ്മയും ടീച്ചറും മാഷും ഒക്കെ അല്ലെ?നമ്മക്കൊന്നും തരില്ലെടാ."
"എന്തായാലും നീ ഒന്ന് നോക്ക്."
                           *  *
പിന്നെയും കുറെ മാസങ്ങള്‍ (അതോ വര്‍ഷമോ) കഴിഞ്ഞപ്പോള്‍ ഒരു ജൂണില്‍ കല്ല്യാണാലോചനയുമായി രണ്ടു  കാരണവന്മാരും ഒരു അളിയനും  അവളുടെ വീട്ടിലെത്തി.
വീടുപണി നടന്നു കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞ് മതി കല്യാണം, ഇപ്പൊ നോക്കുന്നില്ല,  എന്നൊക്കെ പറഞ്ഞു, അവളുടെ അച്ഛന്‍.

എന്നാലും ഒന്ന് ജാതകം നോക്കട്ടെ എന്ന് വന്നവര്‍.
ജാതകം വാങ്ങി പോയി, ഒത്തിട്ടുണ്ട്‌, എന്നറിയിച്ചു. പിന്നെയും ഒരു മാസം കഴിഞ്ഞു  അമ്മ, മൂത്ത പെങ്ങള്‍ ബന്ധത്തിലുള്ള അനിയന്‍ ഒക്കെ വന്നു.  അവന്‍ മാത്രം വന്നില്ല. പിന്നെയും കുറെ നാള്‍ കഴിഞ്ഞു   ആഗസ്റ്റില്‍ അവന് ‍പ്രത്യക്ഷപ്പെട്ടു.
വന്ന ആള്‍ക്കാരോട് ‍ ഇരിക്കാന്‍ പറഞ്ഞ്, എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി അച്ഛന്‍ചോദിച്ചു."ബാബുഅല്ലെ?"
(അങ്ങനെ യായിരുന്നു ആദ്യം വന്നവര്‍ ഒക്കെ ചെറുക്കന്റെ പേരായി പറഞ്ഞിരുന്നത്.)
"അല്ല-- പ്രേംകുമാര്‍"
അച്ഛന്‍ വല്ലാതായി. അവളെ ഒന്ന് തറപ്പിച്ചു നോക്കി.ബാബു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാണ്. അത് അങ്ങനെ പറഞ്ഞാല്‍ പോരെ. അല്ല എന്ന് പറയേണ്ടല്ലോ. (പിന്നീട് അച്ഛന്‍ അവളോട് പറഞ്ഞു."നിനക്ക് താല്പര്യം ഉണ്ട് എന്ന് കണ്ടതുകൊണ്ടാ. എന്‍റെ സ്വഭാവം വച്ച് ഞാന്‍ അപ്പൊ തന്നെ എന്തെങ്കിലും പറഞ്ഞു പോയേനെ." എന്ന്.)

ജീവിതത്തില്‍ ആദ്യത്തെ പെണ്ണ് കാണല്‍. അവന്‍റെതും, അവളുടെയും.

ഒരു   ഇന്റര്‍വ്യൂ കഴിഞ്ഞ പോലൊരു പെണ്ണ് കാണല്‍. കൂടെ വേറെ ഒരളിയനും ഒരു സുഹൃത്തും ചേര്‍ന്നായിരുന്നു ചോദ്യങ്ങള്‍. ആ സമയത്ത് അവളെക്കാള്‍ മുതിര്‍ന്ന കുട്ടികളെ മയ്യില്‍ എന്ന സ്ഥലത്ത്  ഒരു ITC യില്‍ പഠിപ്പിക്കുന്ന എക്സ്പീരിയന്‍സ് വച്ച് ആ ഇന്റര്‍വ്യൂ ഒരു വിധം നന്നായി നേരിട്ടു. എന്റമ്മോ--- ഇത്രയും ഗൌരവം! എന്നാല്‍ അതൊന്നു കുറയ്ക്കണമല്ലോ. ഇത് തന്നെ തന്‍റെ ചെറുക്കന്‍.

ഇടയ്ക്ക് ചില കല്യാണം മുടക്കികള്‍ വന്നു ,പെണ്ണിന്‍റെ അച്ഛന്‍ അത്യാവശ്യം വെള്ളമടിക്കുന്ന ആളാണ്‌ , ഇത് വേണ്ടാ---, എന്ന് അവിടെയും, ചെറുക്കന്റെ അമ്മ ദേഷ്യം വന്നാല്‍ വഴക്ക് പറയും അതുകൊണ്ട് ഇത് വേണ്ടാ--എന്ന് ഇവിടെയും വന്നു പറഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം. രണ്ടിടത്തും ഒരാള്‍ തന്നെയാണ് പറഞ്ഞത് എന്ന്പിന്നീടറിഞ്ഞു.

അവിടത്തെ അമ്മ പറഞ്ഞുവത്രേ." എന്‍റെ മകന്‍  പെണ്ണിനെയാണ് കല്യാണം കഴിക്കുന്നത്‌. അവളുടെ അച്ഛനെ അല്ല." എന്ന്.

ഇവിടെ അച്ഛന്‍ തീരുമാനം അവള്‍ക്കു വിട്ടു കൊടുത്തു.

 "ചെറുക്കനെ അല്ലെ കല്ല്യാണം കഴിക്കുന്നത്‌, അമ്മയെ അല്ലല്ലോ, പിന്നെ കുറെയൊക്കെ നമ്മള്‍ അങ്ങോട്ട്‌ പെരുമാറുന്നതുപോലെ അല്ലെ, ഇങ്ങോട്ടും. എനിക്കതൊരു പ്രശ്നമായി തോന്നുന്നില്ല," ഞാന്‍ അട്ജസ്റ്റ്  ചെയ്തോളാം എന്ന് അവളും പറഞ്ഞു.

 ഇവിടെ വീട് പണി കഴിയണം. അവിടെ ലീവ് കിട്ടണം.   ഡിസംബറില്‍ നിശ്ചയം നടത്താന്‍  തീരുമാനം.

 വീണ്ടും ഒരു പ്രാവശ്യം ബയോഡാറ്റ കലെക്റ്റ് ചെയ്യാന്‍ അവന്‍ വന്നു. അവളുടെ ജോലി, അവളെപ്പോലെ തന്നെ ‍ അന്ന് അവന്‍റെയും  ആവശ്യമാണെന്നും അവള്‍ അറിഞ്ഞിരുന്നില്ല. 
.
അതില്‍ ഒപ്പിടുമ്പോള്‍ വീണ്ടും ചോദ്യം-ഗൌരവത്തില്‍- പേരിനു താഴെയാണോ ഒപ്പിടുന്നത്? മുകളില്‍ അല്ലെ വേണ്ടത്?
ഒന്ന് പേടിച്ചു-- എന്നാലും ഒന്നും മിണ്ടിയില്ല. മറ്റൊന്നെടുത്ത്  മുകളില്‍ ഒപ്പിട്ടു കൊടുത്തു. കാട്ടാളന്‍! എന്ന് മനസ്സില്‍ കരുതി.
അച്ഛന്‍ ചോദിച്ചു.
"ഇത് വേണോ?"
"എന്തെ അച്ഛാ-- ഇതെന്നെ മതി." "ഇയ്യാളെ ഒന്ന് മെരുക്കി എടുക്കണം" എന്ന് മനസ്സില്‍ പറഞ്ഞുവോ? അറിയില്ല. "പിന്നെ  പോളിയില്‍ പഠിച്ച ഞാന്‍ നാട്ടില്‍ നിന്നിട്ട് ഏതെങ്കിലും പോലീസ്, പട്ടാളം, അല്ലെങ്കില്‍  ഒരു മാഷേ കല്ല്യാണം കഴിച്ചിട്ട്  ഞാന്‍ പഠിച്ചത് വെറുതെ അവൂലെ? ബാംഗ്ലൂര്‍ ആവുമ്പോള്‍ എനിക്ക് ജോലിയും ചെയ്യാലോ."
അങ്ങനെ ഉറപ്പുകൊടുക്കല്‍ ചടങ്ങ് നടന്നു.

സെപ്റ്റംബറില്‍ അവളുടെ പിറന്നാളിന് മനോഹരമായ കൈപ്പടയില്‍ ഒരു ആശംസാ കാര്‍ഡു വന്നപ്പോള്‍, അതിലെ വരികള്‍ വായിച്ചപ്പോള്‍ മനസ്സിലായി, ഈ ഗൌരവം ഒക്കെ വെറും അഭിനയം. അവന്‍റെ ഉള്ളില്‍ നല്ലൊരു മനസ്സുണ്ട്. അത്പിന്നെപ്രണയലേഖനങ്ങള്‍ആയിമാറാന്‍തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും.


ഏഴര വയസ്സിനു മൂത്തയാളെ "പ്രേം" എന്ന് സംബോധന ചെയ്തപ്പോള്‍ പറഞ്ഞു.
"വേണ്ടാ,  "ബാബു ഏട്ടന്‍" എന്ന് തന്നെ വിളിക്കണം"
"ശരി, വിളിക്കാം. പിന്നെ എന്തിനാണ് അന്ന് അച്ഛനോട് അങ്ങനെ പറഞ്ഞത്?"
"അത്, അപ്പോ അങ്ങനെ പറയാനാണ് തോന്നിയത്, പറഞ്ഞു, അത്രേ ഉള്ളൂ."
ആള്‍ക്ക് അത്രേ യുള്ളൂ-- കേള്‍ക്കുന്ന ആളെ പറ്റി ചിന്തിക്കില്ല.

അതുവരെ ഓട്ടോഗ്രാഫില്‍ അല്ലാതെ ഒരു വരി കവിത പോലും കുറിക്കാത്തവര്‍ അറിഞ്ഞു, തങ്ങളുടെ ഉള്ളിലും നല്ലൊരു സാഹിത്യ കാരന്‍, കാരി , ഒളിഞ്ഞിരിക്കുന്ന കാര്യം. ഭാവനകള്‍ചിറകു വിരിച്ചു പറന്നു, യാഥാര്‍ത്യങ്ങള്‍ അടുത്തെത്തും വരെ.

ഭക്തയും ദൈവവും

അങ്ങനെ വിവാഹം. ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂര്‍ലേക്ക് വന്നു. വന്നതിന്‍റെ പിറ്റേ ദിവസം മുതല്‍ പത്രത്തില്‍ പരസ്യം നോക്കി , സ്വയം ജോലി അന്വേഷിച്ചു പോകല്‍.സ്വതവേ മടിച്ചിയായ അവള്‍ക്ക്, ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാതെ ജോലി ചെയ്യുന്ന അവന്‍ ബസ് നമ്പര്‍ പറഞ്ഞു കൊടുക്കും.  താല്‍പര്യമില്ലാതെ തന്നെ ദിവസവും രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ഇറങ്ങും. ഭാഷ അറിയാത്തതുകൊണ്ട്, എഴുത്ത് പരീക്ഷയില്‍ പാസായാലും ഇന്റര്‍വ്യൂ നന്നാകാതെ  ആറു മാസം എടുത്തു, ജോലി കിട്ടാന്‍. പിന്നീടങ്ങോട്ട് ബാംഗ്ലൂര്‍ ജോലി ചെയ്യുന്നതിന്‍റെ കഷ്ടപ്പാടുകള്‍-

ഇതിനിടയില്‍ ഒരു ദിവസം അവന്‍ ചോദിച്ചു.

"നീ എന്നും അമ്പലത്തില്‍ ഒക്കെ പോകാറുണ്ട് അല്ലെ?
"ഏയ്‌--- എവിടെ?"
"പിന്നെ , അവന്‍ പറഞ്ഞല്ലോ?"
"എന്ത്?"
"നീ പാലക്കാട് ഹോസ്റലില്‍ ആയിരുന്നപ്പോള്‍ ഇടയ്ക്കിടെ അമ്പലത്തില്‍ പോകുന്ന കാണാറുണ്ട്‌ എന്ന്?"
"ഓ--- അതോ-- അഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം രാവിലെ കഞ്ഞിയും കടലയും ആണ്. . രാവിലെ തന്നെ അത് എങ്ങനെ കഴിക്കാനാ--
അവിടെ അമ്പലത്തില്‍ ആണെങ്കില്‍ രണ്ടു രൂപ കൊടുത്താല്‍ ഗണപതി ഹോമത്തിന്‍റെ  പ്രസാദം കിട്ടും. ഒരുപാടുണ്ടാവും. അന്നത്തെ പ്രഭാത ഭക്ഷണം അതാണ്. ---അല്ലാതെ--- നിങ്ങള്‍ വിചാരിക്കുന്ന മാതിരി--- ഭക്തി ഒന്നും ഇല്ല---"

എല്ലാ വര്‍ഷവും മുടങ്ങാതെ മൂകാബികയെ തൊഴാന്‍ പോകുന്ന, രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞാല്‍ വിളക്ക് വച്ച് പ്രാര്‍ഥിക്കാതെ പുറത്തിറങ്ങാത്ത അവന്‍, പെട്ടെന്ന് ഒന്ന് പകച്ചു.

"അപ്പോള്‍ നിനക്ക് ഭക്തി ഇല്ല?"
"പിന്നെ, ഭക്തിഒക്കെ ഉണ്ട്. അതിന് എന്തിനാ ബാബുഏട്ടാ അമ്പലത്തില്‍ തന്നെ പോകുന്നത്? ദൈവം കൃഷ്ണന്‍ ആയും അയ്യപ്പന്‍ ആയും ഒക്കെ എന്‍റെ ഉള്ളില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയല്ലേ?"

"ഓ--- സമാധാനമായി.
ദേവിയെ ഉപാസനാമൂര്ത്തിയായി കാണുന്ന അവന്‍ ചോദിച്ചു.
"ഏതു ദൈവത്തെ ആണ് ഇഷ്ടം?"

"അത് പിന്നെ കൃഷ്ണനെ."

"അതെന്താ?"

"അത്--  , മകനായും കാമുകനായും ഭര്‍ത്താവായും സംരക്ഷകന്‍ ആയും--- അങ്ങനെ   ഏതുരൂപത്തിലും സങ്കല്‍പ്പിക്കാന്‍ ഒരു എളുപ്പം കൃഷ്ണനെ ആണ്. പക്ഷെ എപ്പോഴെങ്കിലും പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ പറയുന്നത് "സ്വാമിയെ ശരണമയ്യപ്പാ--- "എന്ന് മാത്രവും."
"അതെന്താ?"
"അത്-- മൂന്നാം ക്ലാസ്സില് വച്ച് മലയ്ക്ക് പോകാന്‍ മാലയിട്ടപ്പോള്‍ വൈകിട്ട് വിളക്ക് വച്ചാലും പിന്നെ  പുലര്‍ച്ചെ പുഴയില്‍ പോയി കുളിച്ചു വരുമ്പോള്‍ തണുക്കാതിരിക്കാനും   ഉച്ചത്തില്‍  ശരണം വിളിക്കാന്‍ പറയുമായിരുന്നു അച്ഛന്‍.  പിന്നെ എപ്പോള്‍ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും അതെന്നെ അറിയാതെ വരും."

സമാധാനം, അത്രയെങ്കിലും കേട്ട ആശ്വാസത്തില്‍ അവന്‍ചോദിച്ചു.
"അപ്പോള്‍ സ്ഥിരം തൊടുന്ന ഈ ചന്ദനക്കുറി?"

"അതൊക്കെ ഒരു സ്റൈലിനല്ലേ?ഹോസ്റലില്‍ എന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ കുറെ പാലക്കാട്കാരും ഉണ്ടല്ലോ. അവര്‍ക്ക് എന്നും മൂന്നാല് കുറികള്‍ വേണം. അപ്പോള്‍ നമ്മള്‍ക്ക്  ഒന്നെങ്കിലും വേണ്ടേ?"

അവന്‍ അവളുടെ കൈ പിടിച്ചു പതുക്കെ പുറത്തിറങ്ങിക്കൊണ്ട് പറഞ്ഞു. "വാ, നമുക്ക് ഒന്ന് നടന്നിട്ട് വരാം. "
(കിടന്നാല്‍ എവിടെ ഉറക്കം വരാന്‍!
പാവം-- വരാനുള്ളത് വഴിയില്‍ തങ്ങുമോ---)

 കഥയിലെ രാജകുമാരി
                                                   
പിന്നീട് ഒരു പത്ത് വര്‍ഷത്തിനു ശേഷം ഒരു ദിവസം അവളുടെ അച്ഛന്‍ അമ്മയോട് പറയുന്ന കേട്ടു." അവന്‍ നമ്മുടെ മോളെ രാജ കുമാരിയെ പ്പോലെ അല്ലെ നോക്കുന്നത്" എന്ന്. ഇപ്പോള്‍ അവര്‍ക്ക് അവളെക്കാള്‍ ഇഷ്ടം അവനെ--

വരുന്ന ജനുവരിയില്‍ ഇരുപതു വര്ഷം ആകാന്‍ പോകുന്നു-- അവള്‍ അച്ഛന്റെ ഭാഷയില്‍ "രാജ കുമാരി" ആയിട്ട്!
വിവാഹത്തിനു മുമ്പ് എഴുതിയ എഴുത്തുകളിലല്ലാതെ  സ്നേഹം വാക്കുകളില്‍ പ്രകടിപ്പിക്കാതിരുന്നവന്‍-----
ചെയ്യാത്ത, ചിന്തിക്കാത്ത  കാര്യങ്ങള്‍ക്ക് ആരെങ്കിലും അവളെ വഴക്കുപറയുമ്പോള്‍ അതിലൊന്നും ഇടപെടാതെ, ബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു മിണ്ടാതെ നിന്നവന്‍--------
അവന്‍റെ ഒരു കൈ ഇന്നും അവളെ ഇറുകെ പിടിച്ചിരിക്കുന്നു. സ്വന്തം നിഴലായി കൂടെ നടത്തുന്നു. ഞാനില്ലേ കൂടെ, എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നു--
രണ്ടുപേരും ഒരുമിച്ചു കഠിനാധ്വാനം ചെയ്‌താല്‍ ജീവിതം കരയ്ക്കെത്തിക്കാമെന്നു കാണിച്ചു കൊടുത്തിരിക്കുന്നു-----
                  ----   ---------   ---
അപ്പോഴും  വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ അനുഭവിച്ച അനാഥത്വം ഓര്‍മ്മപ്പെടുത്തുവാനായ്  ഡിസംബറിലെ മഞ്ഞു തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നു--
തിരിച്ചു പോകാതിരിക്കാന്‍ വാക്കുകളില്‍ ഒരിറ്റു സ്നേഹം തേടിയ നാളുകള്‍ ഓര്‍മ്മിപ്പിച്ച് ----
കണ്ണിലെ സ്നേഹം മനസ്സിലാക്കാന്‍ പക്വത ഇല്ലാതിരുന്ന പ്രായത്തെ ഓര്‍മ്മിപ്പിച്ച് ----
ജോലിത്തിരക്കിനിടയില്‍ ഡോക്ടറെ പ്പോലും കാണാന്‍ കൂട്ടാക്കാതെ, ഏഴാം മാസത്തില്‍ ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെടുത്തിയ വളര്‍ച്ച യില്ലാത്ത ആദ്യത്തെ കുഞ്ഞിനെ ഓര്‍മ്മിപ്പിച്ച്---
ഒരു കുഞ്ഞു നൊമ്പരം എവിടെയോ അവശേഷിപ്പിച്ച്---- 

                                             *  *  *


10 comments:

  1. sathyaseelan iverkulm12/25/13, 8:00 AM

    .മഞ്ഞു തുള്ളികൾ ഇറ്റിറ്റു വീഴുന്ന അനാഥത്വം പ്രായോഗികമായി ഇല്ലെങ്കിലും സ്വല്പമെങ്കിലും ഒരാത്മനൊമ്പരം പോലെ കൂടെ കൂട്ടുന്നത്‌ നല്ലതാണ് !!! കാരണം ജീവന്റെ മുകുളങ്ങളിലൊക്കെ തുടുത്തു ഘനീഭവിച്ചു നില്ക്കുന്നത് വേർപിരിയലിന്റെ ആത്യന്തിക ദുഖമാണ് !!! ഈയൊരു സത്യം തിരിച്ചറിയുന്നവരാണ് ഡിസ്സംബറിലെ മഞ്ഞുതുള്ളിയിൽ പോലും പ്രതീക്ഷയർപ്പിക്കുന്നത് !!! വെൽ റിട്ടണ്‍ !!!

    ReplyDelete
  2. ഒരു കൈ നല്ല ബലത്തോടെ കഴിഞ്ഞ ഇരുപതു വർഷമായി ഇറുകെ പിടിച്ചിട്ടുണ്ടല്ലൊ. ആ കൈകളിൽ വിശ്വാസവുമുണ്ടല്ലൊ... ‘ഭാഗ്യവതി’ എന്നേ ഞാൻ പറയൂ.... കിട്ടാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതെ, കിട്ടിയതിൽ സ്വർഗ്ഗം കാണാൻ നാലു വശവും കണ്ണു തുറന്നു നോക്കൂ.... അവസാന കൂട്ടിക്കിഴിക്കലിൽ ലാഭമേ കാണൂ........
    നന്നായിരിക്കുന്നു.......
    ആശംസകൾ....

    ReplyDelete
  3. ആശംസകള്‍
    മംഗളം ഭവിക്കട്ടെ!

    ReplyDelete
  4. അനിതെച്ചീ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് തന്നെ ചൊല്ല്,എല്ലാം നല്ലതിനും..
    മനോഹരമായി പറഞ്ഞു ജീവിതം...
    മംഗളങ്ങൾ

    ReplyDelete
  5. കഥ നന്നായിട്ടുണ്ട് കല്യാണം മുടക്കികള്‍എല്ലായിടത്തുംഉണ്ടല്ലേ

    ReplyDelete
  6. കഥ നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  7. മനോഹരമായി അവതരിപ്പിച്ചു.

    പുതുവത്സരാശംസകള്‍

    ReplyDelete
  8. oru manju thulliyil................

    ReplyDelete