11/8/12

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്

 

        അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍

                


 ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം 

ആഗ്രഹിച്ച കരിവണ്ടിനു ദൈവം

 പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.

ഒന്നുകില്‍  ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തത്തിന്

അല്ലെങ്കില്‍ പ്രകാശം അധികമായതിന്

ഓരോരുത്തര്‍ക്കും  അവരവരുടെ രീതികള്‍!

നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?

ഈ  പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.

അവളുടെ  കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല

അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.

ഒടുവില്‍  അവരൊരുഒത്തുതീര്‍പ്പിലെത്തി.

നക്ഷത്രം  അല്പം താഴേക്കു വരിക.

കരിവണ്ടല്പം മുകളിലേക്കും പോകുക.

അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ

അവര്‍ ഒരുമിച്ചു,

അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.

അവളാ  കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!

എന്നാല്‍  അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്

ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.

അപ്പോഴും നക്ഷത്രം അവളെനോക്കി,

 പ്രകാശം പരത്തി ക്കൊണ്ടിരുന്നു.

അവള്‍ക്കു  വേണ്ടിയും പിന്നെ

എല്ലാവര്‍ക്കും  വേണ്ടിയും.

ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍

അവളും മൂളിക്കൊണ്ടേയിരുന്നു,

ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.

ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


                             -----------------------------------------------