3/6/17

പാരീസ് മിഠായി

പാരീസ് മിഠായി
------------------------
ബസ് സ്റ്റോപ്പിൽ വച്ച് എപ്പോള്‍ കണ്ടാലും പാവാടയുടെ പോക്കറ്റില്‍ നിന്നും കൈ നിറയെ പാരീസ് മിഠായി വാരിയെടുത്ത് അവള്‍ എനിക്ക് തരും. വീട് മാറിയപ്പോൾ പുതുതായി ചേർന്ന സ്‌കൂളിൽ, ഏഴാം ക്ലാസ്സില്‍, ഓണപ്പരീക്ഷ മുതല്‍ കൊല്ലപ്പരീക്ഷവരെ മാത്രം ഒരുമിച്ചുണ്ടായിരുന്ന ഒരു കൂട്ടുകാരി...

എപ്പോഴും പോക്കറ്റില്‍ എനിക്കായി മിഠായി കരുതാന്‍ മാത്രം ഞാന്‍ എന്ത് സ്നേഹമാണ് അവള്‍ക്കു തിരിച്ചു കൊടുത്തത്? അറിയില്ല. പക്ഷെ ഓരോ പ്രാവശ്യം മിഠായി തരുമ്പോഴും അവള്‍ എന്നെ വല്ലാതെ നോവിക്കും വിധം കൈത്തണ്ടയില്‍ ആഞ്ഞു നുള്ളുകയും ചെയ്യുമായിരുന്നു.

എന്തിനു ഇങ്ങനെ വേദനിപ്പിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അടുത്തപ്രാവശ്യം കാണുന്നതുവരെ ഈ വേദനയില്‍ നീ എന്നെ ഓര്‍ക്കണം എന്ന്! കണ്ണുകളിൽ നോക്കി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ച ഒരു കൂട്ടുകാരി..

പിന്നീട് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം കണ്ടപ്പോള്‍ പാരീസ് മിഠായികൾക്കൊപ്പം അവള്‍ ഇതുകൂടി പറഞ്ഞു "ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്, പക്ഷെ എനിക്ക് പഠിക്കണം, ഫാറൂഖ് അറബിക് കോളജിൽ ചേർന്നു ഡിഗ്രി എടുക്കണം.. എന്നിട്ട് നിന്റെ അമ്മയെപ്പോലൊരു ടീച്ചർ ആകണം, കൊന്നാലും കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല " എന്ന്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ച സ്കൂളിന്‍റെ വാര്‍ഷികത്തിന് ചെന്നപ്പോള്‍ കൈയ്യില്‍ നുള്ളാനും പാരീസ് മിഠായി തരാനും അവള്‍ എന്നെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.

" എന്തായി കല്യാണക്കാര്യം? " എന്ന് ചോദിച്ചപ്പോള്‍ അവള്‍ അല്പം ദൂരേയ്ക്ക് ചൂണ്ടി. എനിക്കൊന്നും മനസ്സിലായില്ല.

അപ്പോഴവൾ പറഞ്ഞു. " അതാ, ആ കാണുന്ന എന്‍റെ അനിയത്തിയെ ഓര്‍മ്മയില്ലേ നിനക്ക്?"

നോക്കിയപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്ന അവളുടെ അനിയത്തിക്കുട്ടി സാരിയുടുത്തു പത്തിരുപത്തെട്ടു വയസ്സുള്ള ഒരാളോടൊപ്പം അവിടെ നില്‍ക്കുന്നു..

ആകെ അന്ധാളിച്ചു നോക്കി നിന്ന എന്നോടു ഒരു സാധാരണക്കാര്യം പോലെ എന്നാൽ വല്ലാതെ വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു, " ഞാന്‍ സമ്മതിച്ചില്ല. അവള്‍ക്ക് എതിര്‍ക്കാന്‍ അറിയുകയും ഇല്ല"

അവൾ തന്ന മിഠായികൾക്ക് എന്തുകൊണ്ടോ അന്ന് രുചികുറവായി തോന്നി.

പിന്നീട് എന്‍റെ കല്ല്യാണം വിളിക്കാന്‍ ബസ്‌ സ്റൊപ്പിനു അടുത്തുള്ള, എന്നാൽ അല്പം ഉള്ളിലായുള്ള അവളുടെ വീട് തപ്പിപ്പിടിച്ചു ചെന്നെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ല.

ആകെ കാടുപിടിച്ചുകിടന്ന ഇടിഞ്ഞുപൊളിയാറായ ആ വീട്ടിൽ ആരെയും കാണാഞ്ഞത്കൊണ്ട് കല്യാണക്കത്ത് ഇറയത്ത് വച്ച് അന്ന് ഞാൻ തിരിഞ്ഞു നടന്നു.

മനസ്സിന്റെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരങ്ങൾ കിട്ടിയില്ല... എന്റെ പാരീസ് മിഠായി ഇന്ന് എവിടെയായിരിക്കും?

വേണ്ട, നേരിട്ട് ചോദിക്കാം.

അറബിക് ടീച്ചറെ, നീ ഇപ്പോൾ എവിടെയാണ്?
******************************************
അനിത പ്രേംകുമാർ

No comments:

Post a Comment