1/3/17

സ്വാമിയേ ശരണമയ്യപ്പാ

കഥ: അനിത പ്രേംകുമാര്‍


" നീ ഇങ്ങു വന്നേ.. നമ്മുടെ വക്കീല് വിജയ ശങ്കർ കത്തിക്കേറുന്നു.. ഹ.. ഹ.. ഹ.. അയാൾക്ക് പിന്നെ ഒന്നും നോക്കണ്ടല്ലോ! മേലെ നോക്കിയാൽ ആകാശം, താഴെ നോക്കിയാൽ ഭൂമി..


"ബാക്കിയുള്ളവർക്ക്‌ നേരെ തിരിച്ചാണോ",  എന്ന് ചോദിച്ചാലോന്ന് തോന്നിയതാ.. അടുക്കളേന്ന് എത്ര ഒച്ചയെടുത്താലാ അത് ടി.വി. യുടെ മുന്നിലുള്ള ആൾ കേൾക്കുക! അതുകൊണ്ട് വേണ്ടാന്നു വച്ചു.

ചപ്പാത്തിക്ക് കുഴച്ചുകൊണ്ടിരുന്ന മാവ് അടച്ചു വച്ചു. കറിക്കു മുറിച്ചുവച്ച കഷ്ണങ്ങൾ കുക്കറിൽ അടുപ്പത്ത് വച്ച് വേഗം അവളും ടി. വി. യുടെ മുന്നിൽ എത്തി.

ചാനൽ ചർച്ച (അതോ ബഹളമോ!) തകർക്കുകയാണ്.. ആകെ വിറളി പിടിച്ച അവതാരകൻ ഒരു ഭ്രാന്തനെപ്പോലെ ഒച്ചയെടുക്കുകയും അയാളുടെ തീരുമാനങ്ങൾ ചർച്ചയ്ക്കു വന്നവരിൽ അടിച്ചേൽപ്പിക്കാൻ കഠിനപ്രയത്നം ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നത്. അറിയാതെ ചിരിച്ചും പോയി...

" അല്ലാ, ഈ ചർച്ചയിൽ ചിരിക്കാൻ എന്താ ഉള്ളത്? നീ ചർച്ച ഒന്ന് ശ്രദ്ധിക്കൂ.. അവിടെ ഇപ്പോൾ ആര് ആരുടെ മേൽ കൈ വയ്ക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാ.. എന്നിട്ടും നീ ചിരിക്കുകയാണോ? "

അവൾ അപ്പോൾ മറ്റൊരു കാര്യമാണ് ഓർത്തത്.. ആ അവതാരകനെ ചർച്ചയ്ക്കു വന്ന എല്ലാവരും കൂടി വലിച്ചിട്ട് അടിച്ചാൽ നല്ല രസമായിരിക്കും.. പക്ഷേ അതവർ ലൈവ് ആയി കാണിക്കുമോ!

ഏയ്.. അപ്പൊ പരസ്യം വരാനാ സാധ്യത..

കുക്കറിന്റെ വിസിലുകളുടെ എണ്ണം കൂടുന്നു..

" ഞാൻ അടുക്കളയിലേക്ക് പോകുന്നു. ഈചർച്ചയൊക്കെ വീട്ടില്‍ ഒരു ജോലിയും ചെയ്യാത്ത, നിങ്ങൾ ആണുങ്ങൾക്കുള്ളതാ. എനിക്ക് ഇഷ്ടം പോലെ ജോലി ബാക്കിയുണ്ട്."

" അതെ. അത് ശരിയാ.. ഈ പെണ്ണുങ്ങൾക്കൊക്കെ ഇതൊക്കെ എവിടെ മനസ്സിലാവാൻ! നിന്നെ വിളിച്ച എന്നെ പറഞ്ഞാ മതിയല്ലോ!"

"ചപ്പാത്തിക്ക് എന്താ കറി?"

"ചെറുപയർ ഉരുളകിഴങ്ങും ചേർത്ത് വേവിക്കാൻ വച്ചിട്ടുണ്ട്."

"അയ്യോ, അത് വേണ്ട. കുറച്ചു പരിപ്പു വേവിച്ചു വയ്ക്കൂ.. ഒറ്റ വിസിൽ മതി. വെള്ളം കുറച്ചേ വയ്ക്കാവൂ.. ഞാൻ വന്നു നല്ല അടിപൊളി ഒരു കറിയുണ്ടാക്കിതരാം.. നീ എന്തുണ്ടാക്കിയാലും വായിൽ വയ്ക്കാൻ കൊള്ളില്ല.."

" അപ്പൊ വേവിക്കാൻ വച്ചത് ? "

"അത് നാളെ എടുക്കാലോ! "

ഇനി വീണ്ടും കുക്കർ ഒഴിച്ചു കഴുകണം. എന്നാലും സാരമില്ല. അവനുണ്ടാക്കിയ കറികള്‍ക്കെന്നും നല്ല രുചിയാണല്ലോ!

ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ കഴുകി ഒരല്പ സമയം ടി. വി.ക്കു മുന്നിൽ ഇരിക്കാം എന്ന് കരുതിയതാ.  പരസ്പരവും  കറുത്ത മുത്തും ചിന്താവിഷ്ടയായ സീതയും ഒക്കെ കണ്ടിട്ട് നാളുകള്‍ കുറെയായി. കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ കൂടെ ഇരുന്നു കണ്ടതാ. അതൊക്കെ എവിടം വരെ ആയോ എന്തോ! ആ ദീപ്തി ഐ.പി.എസ് ഓഫീസര്‍ ആണെന്ന് പറഞ്ഞിട്ടെന്താ! അവളുടെ കാര്യവും കഷ്ടം തന്നെയാണ്.

അതെങ്ങനാ, ഈ റിമോട്ട് ഒന്ന് കൈയ്യില്‍ കിട്ടിയിട്ട്മാസങ്ങളായി. അച്ഛന്‍ പിടി വിട്ടതും  മക്കള്‍ കൈക്കലാക്കി!

അപ്പോഴേക്കും അകത്തുനിന്നും വിളി വന്നു.

" കിടക്കാറായില്ലേ? കുറച്ചു വെള്ളം ഇവിടെ കൊണ്ടുവന്നു വച്ചേക്കണേ". 

"ഇപ്പൊ വരാട്ടോ.. "

അകത്തു ചെന്ന്  വളരെ സ്നേഹപൂർവ്വം അവൾ അയാളോട് ചോദിച്ചു.

"അതേയ്, നിങ്ങൾ എപ്പോഴാ വ്രതം തുടങ്ങുന്നേ? "

"എന്ത് വ്രതം?"

"ഇത് ശബരിമല സീസൺ അല്ലേ ? ഇപ്രാവശ്യം പോകുന്നില്ലേ?"

"ഹ.. ഹ... ഹ

നിനക്ക് റസ്റ്റ് വേണം ഇല്ലേ ?"

" ഉം... അങ്ങനെയും പറയാം... മാലയിട്ടാൽ പിന്നെ നിങ്ങളുടെ ഈ ചുറ്റിക്കളിയൊക്കെ കുറച്ചുനാൾ നിന്നുകിട്ടുമല്ലോ ! നേരെ മുന്നില്‍പ്പെട്ടാലും കാണാത്തപോലെ ഒരു പോക്കുണ്ട്... കള്ളന്‍!

അയാൾ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
" പെണ്ണെ, അതിനൊക്കെയാണ് പത്രം വായിക്കുകയും ചാനൽ ചർച്ചകാണുകയും ഒക്കെ ചെയ്യേണ്ടത്... "

" ങേ.. അതും ഇതും തമ്മിൽ എന്ത് ബന്ധം ? "

"ബന്ധങ്ങളെയുള്ളൂ.. ഇനി മുതൽ ശബരിമലയ്ക്കു നിനക്കും വരാം...

"ങേ!"

"അതെ..ഭക്ഷണമൊന്നും ഇനി വഴിവക്കിൽ കാണുന്ന ഹോട്ടലിൽ നിന്നല്ല.. നീ വച്ചുണ്ടാക്കിയ നല്ല ഹോം മെയ്ഡ് ഫുഡ്! പോകുമ്പോള്‍ നമുക്ക് അത്യാവശ്യം കുക്ക് ചെയ്യാനുള്ള സാധന സാമഗ്രികളും കരുതാം. "

"അപ്പൊ, അ.... അമ്പതു വ..യ..സ്സ്?"

തുറന്നു പിടിച്ച അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് അടച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"അതൊക്കെ പണ്ട്.. നീ വാ. കിടക്കാം.. "

എന്തിനെന്നറിയാതെ ദേഷ്യം വന്നു..

എട്ടാമത്തെ വയസ്സില്‍ അച്ഛന്റെ കൈയും പിടിച്ചു മലകയറിയത് ഇപ്പോഴും ഓര്‍ക്കുന്നു. കെട്ടുനിറയുടെ സമയത്ത് ശരണം വിളികളില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്, പേട്ട തുള്ളിയത്..കല്ലിടാം കുന്നില്‍ കല്ലിട്ടത്.. ശരം കുത്തിയില്‍ ശരമെറിഞ്ഞത്, സന്നിധാനത്തിലെ തിരക്കില്‍ ഏതോ ഒരു പോലീസുകാരന്‍ എടുത്തുയര്‍ത്തി അയ്യപ്പനെ കാട്ടിത്തന്നത്, പിന്നെ വെളുപ്പാന്‍ കാലത്തെ തണുപ്പില്‍ ഐസ് പോലെ തണുപ്പാര്‍ന്ന ഉരക്കുഴിതീര്‍ത്ഥത്തില്‍ കുളിച്ചത്...

ഇനി, മധ്യവയസ്സുകഴിഞ്ഞു  എല്ലാ തിരക്കുകളും കടമകളും ഒക്കെ കഴിഞ്ഞു, പെണ്ണ് എന്ന ദേഹബോധം ഒഴിഞ്ഞശേഷം   മാത്രമേ പോകാന്‍ പറ്റൂ എന്നാണു കരുതിയത്‌.
ഇപ്പോള്‍ അതും മാറിയിരിക്കുന്നു!
ഇനിയിപ്പോ കിടന്നിട്ടെന്തിനാ?ഉറങ്ങാൻ കുറെ കഴിയണ്ടേ!

പെട്ടെന്ന് അവൾ ചോദിച്ചു,

"ഈ പെണ്ണുങ്ങളുടെ ശബരിമല എന്ന് പറയുന്ന അമ്പലത്തിൽ നിങ്ങളെ കയറ്റാൻ പുതിയ നിയമം വല്ലതും വന്നോ ?"

" ഇല്ല"

" എങ്കിൽ ഞാൻ നാളെമുതൽ വ്രതം തുടങ്ങുന്നു.. "

"എന്തിന് ?"

 അതിനുത്തരം പറയാതെ അവള്‍ കയറിക്കിടന്നുറങ്ങി. ഉറക്കം വരാഞ്ഞതുകൊണ്ടോ എന്തോ, അവന്‍ വീണ്ടും ടി.വി യില്‍ ചാനല്‍ ചര്‍ച്ചകള്‍ കാണാനിരുന്നു.


**************************

അനിത പ്രേംകുമാർ

No comments:

Post a Comment