8/6/14

കര്‍മബന്ധനം                                                                 കവിത: അനിത പ്രേംകുമാര്‍


നാളുകളേറെയായ് ചുറ്റിടുന്നു.
സൂര്യന് ചുറ്റും കറങ്ങിടുന്നു
സന്തോഷമോടെന്നും ജീവിച്ചവള്‍
സന്താപമേതുമലട്ടിയില്ല.

എങ്കിലുമൊരുനാളവള്‍ കൊതിച്ചു
കുഞ്ഞു വാല്‍നക്ഷത്രമായി മാറി
സൌരയൂഥത്തിനുമപ്പുറത്ത്
ഒഴുകി നടക്കാന്‍ സ്വയം മറക്കാന്‍

കാര്യം പറഞ്ഞതും സൂര്യനെതിര്
കാഴ്ചകള്‍ കാണുവാന്‍ ഞാനും വരാം
ഒറ്റയ്ക്ക് പോകേണ്ട,വഴി തെറ്റിടും
ആരാനും കണ്ടെന്നാല്‍ കൊണ്ടോയിടും

കരഞ്ഞു പറഞ്ഞു ഭൂമിയപ്പോള്‍
ചുറ്റി മടുത്തു, തളര്‍ന്നു ഞാനും
നീ കൂടെ വന്നാല്‍ പിന്നെന്തു കാര്യം
അവിടെയും ചുറ്റുവാന്‍ ഞാന്‍ വരില്ല.

മെല്ലെ അയഞ്ഞു പറഞ്ഞയച്ചു
ദുഖാര്ത്തനായ് സൂര്യനന്നവളെ
പ്രിയയവള്‍ ദൂരേയ്ക്ക് പോയ്മറയെ
വേപഥു പൂണ്ടു, വിഷണ്ണനായി

സൂര്യനില്‍ നിന്നുമകന്നുടനെ
സൂര്യ കിരണങ്ങളന്യമായി
ഇല്ലാവെളിച്ചവും ദാഹനീരും


പ്രാണനെ കാക്കുന്ന വായുപോലും!

പോകെ പരിഭ്രമം കൂടി വന്നു
കൈകാല്‍ വിറയലും ശക്തമായി
ആകെ തളര്‍ന്നു പരവശയായ്,
മൃത്യുഹസ്തങ്ങള്‍ വരിഞ്ഞവളെ!
 


വീണ്ടും തിരിച്ചോടി വന്നെത്തിയോള്‍
കതിരവന്‍ തന്നെ പ്രദക്ഷിണമായ്
മാറ്റുവാനാകില്ല പ്രപഞ്ച സത്യം
അത് മാറ്റാന്‍ തുനിയുവാന്‍ നമ്മളാര്!  *--------------*--------------*-------------*

12 comments:

 1. സൌരയൂഥത്തിനുമപ്പുറം!
  അവിടെയൊക്കെ ഒന്ന് പോയാല്‍ കൊള്ളാമായിരുന്നു

  ReplyDelete
 2. അകലുമ്പോള്‍ മാത്രം അടുത്തറിയുന്ന സത്യം ...!

  ReplyDelete
 3. അതിമോഹമാണല്ലെ....?

  ReplyDelete
 4. തിരിച്ചറിവ് നന്നായി.
  ആശംസകള്‍

  ReplyDelete
 5. പ്രപഞ്ച സത്യം എന്നെല്ലാം പറഞ്ഞ് എന്നുമിങ്ങിനെ ചുറ്റിക്കറങ്ങി ജീവിച്ചാൽ മതിയോ? ഗുരുത്വാകർഷണ വലയം ഭേദിച്ച് അനന്തതയിലേക്ക് പോകട്ടെ. അവിടെയും മറ്റൊരു സൂര്യൻറെ ഉപഗ്രഹം ആകാതിരുന്നാൽ മതി.

  ReplyDelete
 6. അല്ലെങ്കിലും,
  ഈ സൂര്യേട്ടനും,ഭൂമ്യേച്ചിക്കും
  ഇതിന്‍റെ വല്ല കാര്യമുണ്ടായിരുന്നോ?.. ;)))))

  കൊള്ളാം.. ട്ടോ..
  ഭാവന സൌരയൂഥവും കടന്നപ്പുറമെത്തട്ടെ..!

  ആശംസകള്‍.. അനിതാ...

  ReplyDelete
 7. ഇഷ്ടായി ട്ടോ...
  ഒരു ഈണോം താളോം ഒക്കെണ്ട്...
  ന്നാലും ചിന്തപോയൊരു പോക്കെയ്...
  മനോഹരം....തുട൪ന്നും കാണാം...

  ReplyDelete
 8. "മാറ്റുവാനാകില്ല പ്രപഞ്ച സത്യം
  അത് മാറ്റാന്‍ തുനിയുവാന്‍ നമ്മളാര്"

  നല്ല വരികൾ. കവിത ഇഷ്ടമായി

  ReplyDelete
 9. സൂര്യനില്‍ നിന്നുമകന്നുടനെ....... :-)

  ReplyDelete
 10. കവിത നന്ന് എന്നതില്‍ പരം ഒന്നും പറയുന്നില്ല. എന്തെ കുറേ മാസങ്ങള്‍ ആയി ഇവിടെ ഒന്നും എഴുതി ഇടാത്തത് ?

  ReplyDelete
 11. എല്ലാവരോടും നന്ദി-- വരാം ഇനി--

  ReplyDelete