(ഈ കഥയുടെ ചുരുക്കംഈ ബ്ലോഗ് തുടങ്ങിയപ്പോള്‍ പോസ്റ്റ് ചെയ്തിരുന്നു)
ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴയിലെ വെള്ളത്തിന് നല്ല ചെമ്മണ്ണിന്‍റെ നിറമുണ്ടായിരുന്നു. എന്തൊക്കെയോ സാധനങ്ങള്‍ പുഴയിലൂടെ ഒഴുകി വരുന്നത് കാണാന്‍ നല്ല രസം. എന്തൊരു ഒഴുക്കാ! പുഴയുടെ മറ്റേക്കര കൂടുതല്‍ ദൂരേക്ക് പോയപോലെ. ശരിക്ക് കാണുന്നില്ല.മഴ നിന്നെങ്കിലും മഴത്തുള്ളികള്‍ ഇറ്റിറ്റ് വീണ് കുപ്പായം മുഴുവന്‍ നനഞ്ഞിരിക്കുന്നു.
പാവം, അനിയന്‍.
"നിനക്ക് തണുക്കുന്നുണ്ടോടാ?"
"ഉം-- ഉണ്ട്. ചേച്ചിയല്ലേ പറഞ്ഞത് മഴ നിന്നു, കുട എടുക്കണ്ട എന്ന്. ഇപ്പോള്‍ മുഴുവനും നനഞ്ഞില്ലേ?"
"സാരമില്ലെടാ-- നമുക്ക് വേഗം തിരിച്ചു വീട്ടില്‍ പോകാം. ഇതാ തോണി വന്നു."
ആളുകള്‍ ഒക്കെ ഇറങ്ങിയശേഷം, കാത്തു നിന്ന മറ്റുള്ളവരോടൊപ്പം
തോണിയില്‍ കയറി.
" ഇതെങ്ങോട്ടാ ഈ ചാക്കുകെട്ടുമായ്"? തോണിക്കാരന്‍ ഗോപലേട്ടന്‍ ആണ്.
"അക്കരയ്ക്കാ "
അമ്മൂമ്മയുടെ വീടും, അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെ വീടും , പുഴക്കക്കരെ ആയതിനാല്‍ ഞങ്ങള്‍ക്ക് ഈ തോണി യാത്ര എന്നും പതിവുള്ളതായിരുന്നു. അത് ഗോപാലേട്ടനും അറിയാം. ഞങ്ങള്‍ ഈ പോകുന്നതിന്‍റെയൊക്കെ കണക്ക്, ഗോപാലേട്ടന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. മാസത്തിലൊരു പ്രാവശ്യം അച്ഛന്‍ ഒരുമിച്ചു പണം കൊടുക്കും.
ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് ഈ മല വെള്ളത്തില്‍ ആളുകളെ അക്കരെ എത്തിക്കുക അത്ര എളുപ്പമല്ല. ഗോപാലേട്ടന്‍ തോണി കുത്തിയിറക്കുന്നതും പിന്നെ ആഞ്ഞാഞ്ഞു തുഴയുന്നതും കൌതുകത്തോടെ നോക്കി നിന്നു.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്ക് കെട്ട് അനങ്ങുന്നതു കണ്ട് അയാള്‍ക്ക് എന്തോ ഒരു പന്തികേട് തോന്നി.
എന്താ മക്കളെ അതിനകത്ത്?
അനിയനാണ് ഉത്തരം പറഞ്ഞത്
"ഇതിനകത്തൊരു പൂച്ചയാണ്.
ഇത് വല്ലാത്ത കള്ളന്‍ പൂച്ച യാണ്",
"അതെ, ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എന്തുണ്ടാക്കിയാലുംതട്ടിമറിച്ചിട്ടു കട്ടു തിന്നുന്നു". ഞാനുംചേര്‍ന്നു.
"അതിന് എന്തിനാണ് ഇതിനേം കൊണ്ട് തോണിയില്‍ കയറിയത്"?
"ഇതിനെ പുഴ കടത്തി അക്കരെയാക്കണം. പിന്നെ അതിന്‍റെ ശല്യമുണ്ടാവില്ലല്ലോ"
കേള്‍ക്കേണ്ട താമസം ഗോപാലേട്ടന്‍ മുന്നോട്ടു നീങ്ങിയ തോണി കഷ്ട്ടപ്പെട്ട്തിരിച്ചു തുഴയാന്‍ തുടങ്ങി. എന്നിട്ട് കരയ്ക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
"മക്കള്‍ ഇറങ്ങിയാട്ടെ.ഈ മലവെള്ള പാച്ചിലില്‍ കുത്തി യൊഴുകുന്നപുഴയിലൂടെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ തുഴഞ്ഞ് അക്കരെ എത്തുന്നത്.
ഈ കള്ളന്‍പൂച്ചയെ അക്കരെയെത്തിച്ചാല്‍ തൊട്ടക്കരെയുള്ള എന്‍റെ വീട്ടിലെക്കാവും നെരെ വരിക."
ഇറങ്ങാന്‍ മടിച്ചു നിന്നത് കണ്ടാവണം,ആദ്യം പിടിച്ചു വാങ്ങിയ ചാക്ക് കെട്ടും പിന്നാലെ നാലിലും ഒന്നിലും പഠിക്കുന്ന ഞങ്ങളെയും എടുത്തു കരയിലേക്ക് ഇട്ട ശേഷം ഗോപാലേട്ടന്‍ തോണി തിരിച്ച് വീണ്ടും തുഴഞ്ഞു പോയി. തോണിയിലുള്ള ബാക്കി യാത്രക്കാരൊക്കെ ചിരിയോടു ചിരി.
ഹും! ചിരിക്കട്ടെ-- അവരുടെ വീട്ടിലും വരണം, ഇങ്ങനത്തെ ഒരു പൂച്ച. അപ്പൊ മനസ്സിലാവും.
തോണിയില്‍ നിന്നിറങ്ങിയ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.
വല്ലാതെ സങ്കടം വന്നു കണ്ണ് നിറയാന്‍ തുടങ്ങി.
ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പണി ചെയ്തതാ!
ഒരു പ്രാവശ്യം,വീട്ടിനു പിറകിലുള്ള കൈതച്ചക്ക തോട്ടവും അതിന് പിറകിലെ കുന്നും കയറ്റി , മയിലാടന്‍പാറ എന്ന സ്ഥലത്ത് കഷ്ടപ്പെട്ട് വിട്ട്, ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ പൂച്ചയതാ ഞങ്ങളെക്കാത്തു വീട്ടിലിരിക്കുന്നു.
പിന്നീടൊരിക്കല്‍ നമ്പീശന്‍ വീട്ടിലെ വല്യമ്മ പറഞ്ഞു, മലര്‍ത്തി പിടിച്ചു കൊണ്ടുപോയാല്‍ മതി, അപ്പൊ ആകാശമേ കാണൂ, ഭൂമി കാണാത്തതുകൊണ്ട് വഴി മനസ്സിലാവൂല്ല, എന്ന്. അവരുടെ വീട്ടില്‍ കറന്നു വച്ച പശുവിന്‍ പാല് തട്ടി മറിച്ചു മുഴുവനും കുടിച്ചതില്‍ വല്ല്യമ്മയ്ക്കും അതിനോട് ദേഷ്യമുണ്ട്. പായം മുക്ക് എന്ന സ്ഥലത്തേക്ക് പൂച്ചയെ മലര്ത്തിപിടിച്ചു കൊണ്ട് നടന്നു, അവിടെ വിട്ടു. എന്നിട്ടും അവന്‍ ഞങ്ങളെക്കാള്‍ മുന്നേ വീട്ടില്‍ എത്തി!
പൂച്ചയെ കൊന്നാല്‍ കൈ വിറയ്ക്കും എന്ന് കൂട്ടത്തിലാരോ പറഞ്ഞത് കേള്‍ക്കാതെ ഒരുപ്രാവശ്യം ഞാനും മൊയമ്മദലിയും കാപ്പിയും റഷീദയും സജിയും മനുവും ഒക്കെ ചേര്‍ന്നു, ബാരവള്ളി കൊണ്ട് (കുറ്റിച്ചെടികളില്‍ പടര്‍ന്നുകയറുന്ന നേരിയ വള്ളിച്ചെടി) അതിനെ കെട്ടി തൂക്കി.
വള്ളി പൊട്ടി പൂച്ച താഴെ വീഴാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ! തിരിഞ്ഞു നിന്ന് അഹങ്കാരത്തോടെ ഞങ്ങളെയൊന്നു നോക്കിയ ശേഷം അവന്‍ നേരെ കതീസുമ്മയുടെ അടുക്കളയില്‍ കയറി അന്നുണ്ടാക്കിയ മീന്‍ മുഴുവനും കട്ട് തിന്നു. ദുഷ്ടന്‍!
ഇപ്പോള്‍ അവസാന പിടിവള്ളിയും കൈവിട്ടിരിക്കുന്നു.
എവിടെ കൊണ്ടുചെന്നാക്കിയാലും തിരിച്ചു വീട്ടിലെത്തുന്ന പൂച്ചയെ ഇനിയും വെറുതെ ചുമന്നു നടക്കുന്നതെന്തിനാ?
അതിനെ അവടെ തുറന്നുവിട്ടാലോ എന്നാലോചിക്കുമ്പോള്‍ അതാ, അമ്മൂമ്മയുടെ വീടിന്‍റെ അയല്‍പക്കത്തുള്ള രാജീവേട്ടന്‍ വരുന്നു.
"ഇതെങ്ങോട്ടാ അനിയും സജിയും കൂടി ഈ മഴയത്ത്? കയ്യില്‍ ഒരു ചാക്ക് കെട്ടും ഉണ്ടല്ലോ?"
"അത്--- ഈ ചാക്കില്‍ ഒരു പൂച്ചക്കുട്ടിയാണ്. അക്കരെയുള്ള ഒരാള്‍ക്ക് കൊടുക്കാന്‍ കൊണ്ട് പോകുന്നു. ഗോപാലേട്ടന്‍ ഇതുമായി തോണിയില്‍ കയറാന്‍ സമ്മതിക്കുന്നില്ല. "
"ഓ- അതാണോ പ്രശ്നം? എന്‍റെ വീട്ടില്‍ വല്ലാത്ത എലി ശല്ല്യം.ഇതിനെ എനിക്ക് തരുമോ? ഞാന്‍ കൊണ്ട് പൊയ്ക്കോളാം. അയാള്‍ക്ക് വേറൊന്നിനെ കൊടുക്കൂ. ഇനിയും ഉണ്ടാകുമല്ലോ, വീട്ടില്‍ പൂച്ച കുട്ടികള്‍, ഇല്ലേ ?"
"ഏ-- ആ-- ഉണ്ട്."
"എങ്കില്‍ ഇങ്ങു താ."
ചാക്ക് കെട്ടുമായി അയാള്‍ പതുക്കെ നടന്നകലുന്നതും നോക്കി ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ അനിയന്‍ ചോദിച്ചു.
"ചേച്ചീ--- ഗോപാലേട്ടന് മനസ്സിലാവൂലെ?"
"ഡാ-- വേഗം വിട്ടോ----"
തകര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ കല്ലുകള്‍ പോലെ ദേഹത്ത് പതിക്കുന്നത് അവഗണിച്ച് ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി. റോഡില്‍ നിന്നും പറമ്പിലേക്ക് കയറിയപ്പോള്‍ ചുമന്നു കലങ്ങിയ വെള്ളം നിറഞ്ഞ് വഴികളൊന്നും കാണുന്നുണ്ടായിരുന്നില്ല. തപ്പി ത്തടഞ്ഞു വീണ്, കാല്‍ മുട്ട് പൊട്ടി ചോര ഒലിക്കുന്നു. സാരമില്ല, കാര്യം നടന്നല്ലോ.
വീട്ടിലെത്തി ഓടി ഇറയത്ത് കയറി, തല തുവര്‍ത്തി നിവര്‍ന്നതും ഇടവഴിയില്‍ നിന്നും ഒരു ശബ്ദം കേട്ടു.
മ്യാവൂ---- മ്യാവൂ---
* ------- * ----- * ------ *
Maarjjaaran ...!
ReplyDeleteAbhinandanagal, Ashamsakal...!!
GOOD... NALLA EFFORT.. KEEP IT UP
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteമൃഗങ്ങള്‍ക്ക് ഇണങ്ങാനേ അറിയൂ. പിണങ്ങാനറിയില്ല. ഇമ്മക്ക് ഇതുരണ്ടും പറ്റുംന്ന് അവര്‍ക്കറിയില്ലല്ലോ. പാവങ്ങള്‍ എത്ര തള്ളികളഞ്ഞാലും തിരിച്ചുവരും.
ReplyDeleteനല്ല ഇണക്കമുള്ള പൂച്ച.....
ReplyDeleteനന്നായിരിക്കുന്നു കഥ
ആശംസകള്‍
വായന സുഖകരം..ആസ്വദിക്കാന്‍ കഴിയുന്നു എഴുത്ത്.
ReplyDeleteനല്ല കഥ അനിതാ മാം.
ReplyDeleteഎനിക്കും കുഞ്ഞു നാളിലെ ഇതുപോലുള്ള ഓർമ്മകൾ മനസ്സിലുണ്ട്..
വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒനുരണ്ടു കുസൃതി കുട്ടന്മാർ..
അച്ഛനും അമ്മയുമൊക്കെ ശല്ല്യം ഒഴിയാൻ ഓരോന്നിനെ ദൂരെ കൊണ്ട് കളഞ്ഞപ്പോൾ സങ്കടം തോന്നിയിരുന്നു.. അവയൊന്നും തിരികെ വന്നതുമില്ല..
ആശംസകൾ !
ഓരോരുത്തര്‍ ഓട്ടോറിക്ഷയൊക്കെ വിളിച്ചാണ് ദൂരെ കൊണ്ട് വിടാറുള്ളത്... എന്നിട്ടെന്തുകാര്യം???
ReplyDeleteThis is my blog. Click here.
ReplyDeleteบาคาร่าคืออะไร ทำไมคนชอบเล่นเกมบาคาร่า เล่นไวได้เงินจริง