3/15/14

ബാല്യം

ബാല്യം
------------
അനിത പ്രേംകുമാര്‍ 

 

കഷ്ടിച്ച് ഒരാള്‍ക്ക്‌ മാത്രം നടന്നുപോകാവുന്ന ഇടവഴിയിലും, കളകളാരവം പൊഴിച്ച് കൊണ്ടൊഴുകുന്ന തോട്ടിന്‍ കരയിലും, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ ക്കിടയിലും,
എത്ര നീന്തമറിയുന്ന ആള്‍ക്കും തളരാതെ മറു കര നീന്തിയെത്താന്‍ കഴിയാത്തത്ര ആഴവും പരപ്പുമുള്ള പുഴയിലെ ഓളങ്ങള്‍ക്കിടയിലും,
പുഴക്കരയിലെ വള്ളിക്കുടിലുകള്‍ക്കിടയിലും
പശുവിനെ മേയ്ക്കാനും പുല്ലരിയാനും നമ്മള്‍ ഒരുമിച്ചു പോകുമായിരുന്ന പുല്‍മേടുകളിലും,
നിന്നെ ഞാന്‍ വീണ്ടും വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയല്ലോ പ്രിയ കൂട്ടുകാരാ?

എന്നാണ് ഇനിയൊരു കണ്ടുമുട്ടല്‍! ഒരു പ്രാവശ്യം കൂടി, ഒരേയൊരു പ്രാവശ്യം കൂടി, എനിക്കെന്‍റെ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍!

എങ്കില്‍?

എങ്കില്‍ നമുക്ക് വീണ്ടും രണ്ടു പൂമ്പാറ്റകളായി,അവിടെയൊക്കെ പറന്നു നടക്കാമായിരുന്നു.
എറിഞ്ഞു വീഴ്ത്തിയ പച്ച പുളി മാങ്ങകള്‍ ഉപ്പും കൂട്ടി മതിയാവോളം തിന്നാമായിരുന്നു.
അങ്ങട്ടേലീം ഇങ്ങട്ടേലീം (അടുത്ത വീടുകളിലെ) നാട്ടുമാവിന്‍ കീഴില്‍ അടര്‍ന്നു വീഴുന്ന മാങ്ങകളിലെ മധുരം ഒരുമിച്ചു നുണയാമായിരുന്നു.
തേന്‍ വരിക്കയും പഴംചക്ക(കൂഴച്ചക്ക)യും മതിവരുവോളം തിന്ന്, കാ‍ന്താരി മുളകുടച്ച, ഉപ്പിട്ടകഞ്ഞി വെള്ളം കുടിച്ചു കാക്ക കളിക്കാനും ഒളിച്ചു കളിക്കാനും പുഴക്കരയിലെ "ചീളി" എന്നറിയപ്പെടുന്ന പുല്‍മെട്ടിലേക്ക് പോകാമായിരുന്നു.
വീട്ടിനു പിറകിലെ കൈത തോട്ടത്തില്‍ കയറി, രാഘവേട്ടന്‍ കാണാതെ പഴുത്ത, മധുരമൂറുന്ന, കൈതച്ചക്കകള്‍ പറിച്ചു കഴിക്കാമായിരുന്നു.
രാത്രിയില്‍ പത്തുമണി ആകുമ്പോള്‍ നിറഞ്ഞ സൌരഭത്തോടെ കുടമുല്ല പൂക്കള്‍ വിരിയുന്നത് കണ്ടാസ്വദിക്കാമായിരുന്നു.

ഓണത്തിന് പൂവിടാന്‍ തലേ ദിവസം വൈകിട്ട് ചേമ്പിലയുമായി ഇറങ്ങി, അതില്‍ നിറയെ വെള്ളിയിലകളും അരിപ്പൂക്കളും കാക്ക പൂക്കളും തുമ്പപൂക്കളും ഹനുമാന്‍ കിരീടം എന്ന വലിയ പൂക്കളും പറമ്പുകള്‍ തോറും കയറി ഇറങ്ങി പറിക്കാമായിരുന്നു..
ചെമ്പരത്തി മൊട്ടുകള്‍ പറിച്ചെടുത്ത്, കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു, പിറ്റേ ദിവസം രാവിലെ മഞ്ഞു തുള്ളികള്‍ പറ്റിയ വിടര്‍ന്ന പൂക്കളെ നോക്കി നില്‍ക്കാമായിരുന്നു.
ചാണകംമെഴുകിയമുറ്റത്ത്‌ മത്സരിച്ചു പൂക്കളങ്ങള്‍ തീര്‍ക്കാമായിരുന്നു.

വായിച്ചിട്ട് നിനക്ക് ബോറടിക്കുന്നോ?ഇനിയും ഒരുപാടുണ്ട്.
ഒന്നും നടക്കില്ല, അല്ലെ?

ആര് പറഞ്ഞു നടക്കില്ലാന്ന്? സ്വപ്നങ്ങള്‍ക്കും ഉണ്ട്, അതിന്‍റെതായ മനോഹാരിത! അതും ഒരടിപൊളി സംഭവാടോ.




                                                             * * *

8 comments:

  1. ഓർക്കാ‍ൻ സുഖമുള്ള ബാല്യങ്ങൾക്ക് സ്വപ്നത്തിലെങ്കിലും വീണ്ടും കാണാം.. അങ്ങനെയല്ലാത്ത പഴയ ബാല്യങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഇങ്ങനെയൊരു സ്വപ്നം ഒരിക്കൽ കൂടി കാണാൻ മനസ്സു വരില്ല...!

    ReplyDelete
  2. കിളികൊത്തിയ പഴുത്ത മാങ്ങകള്‍ പെറുക്കിയെടുത്ത് കൊത്തിയ ഭാഗം കടിക്കുമ്പോള്‍ കിട്ടുന്ന മധുരവും, കൈതക്കൂട്ടില്‍ കയറി കൈതപ്പൂവ് പറിക്കുമ്പോള്‍ തലയിലാകെ അതിന്റെ പൊടി വീഴുന്നത് ത ട്ടിക്കളയുമ്പോള്‍ മൂക്കിലേക്കുയരുന്ന കൈതപ്പൂ മണവും ആസ്വദിച്ച്....

    മരണമില്ലാത്ത ഓര്‍മ്മകളുടെ സ്വപ്‌നങ്ങള്‍ അടിപൊളി തന്നെ.

    ReplyDelete
  3. എന്തു മനോഹരമായ നടക്കാത്ത.........................!!!!!!

    ReplyDelete
  4. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാല വിശേഷങ്ങള്‍....
    മധുരമനോഹരമായ സ്വപ്നങ്ങള്‍.........................
    ആശംസകള്‍

    ReplyDelete
  5. ബാല്യം തിരിച്ചുകിട്ടില്ല. പക്ഷെ ഈ പറഞ്ഞ സുന്ദരമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാവുന്നതല്ലേയുള്ളൂ. അതൊക്കെയല്ലേ യഥാർത്ഥ ജീവിതം.

    ReplyDelete
  6. എല്ലാം ഓര്‍മ്മകള്‍......
    എല്ലാം ഓര്‍മ്മകള്‍... എന്നീ ചുഴിയില്‍ മൂടീഞാന്‍....
    എന്നിട്ടും.... എല്ലാം ചിരഞ്ജീവികള്‍..... ല്ലേ?....

    ReplyDelete
  7. മധുരിക്കുമോര്‍മ്മകള്‍...!!
    ഈ വഴികളിലൂടെയെല്ലാം ഞാനും നടന്നിട്ടുണ്ട്.... ഓര്‍മകള്‍ നന്നായി പറഞ്ഞിരിക്കുന്നൂ...

    ReplyDelete