വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അവള് അവന്റെ കൂടെ സ്വന്തം വീട്ടിലേയ്ക്കുള്ള ബസ് യാത്രയില്‍ ആയിരുന്നു. പിറകിലെ സീറ്റില്‍ ആദ്യമായി അങ്ങനെ ഒരുമിച്ച് ഇരിക്കുമ്പോള്‍ ഒരു ഗമയൊക്കെ തോന്നി. ഇതാ എന്റെ ആള് എന്ന് നാട്ടുകാരേം കൂട്ടുകാരേം ഒക്കെ കാണിക്കാന്‍ ഉള്ള വെമ്പല്‍ ആണ് മനസ്സ് നിറയെ.
ഇന്നിപ്പോള്‍ ലേറ്റ് ആയി. നാളെ പകല്‍ ഒന്ന് തോട്ടിന് കര വരെ പോകണം. വയല്‍ വരമ്പിലൂടെ കൈ കോര്‍ത്ത് നടക്കണം. പറ്റിയാല്‍ തോട്ടില്‍ ഒന്ന് നീന്തണം. മുങ്ങിക്കുളിക്കണം.കല്യാണത്തിന്
അവളുടെ വീട് ഒരു വലിയ കുന്നിന് ചെരുവില്‍ ആണ്. വീടിനു മുന്നില്‍ ഒരു പറമ്പ് കഴിഞ്ഞാല്‍ റോഡ്. (റോഡില്‍ നിന്നും ഒരു ഇടവഴിയിലൂടെ വേണം വീട്ടില്‍ വരാന്‍) അതിനപ്പുറം വയല്‍. അത് കഴിഞ്ഞാല്‍ പുഴപോലെ വലിപ്പമേറിയ തോട്. അതിനപ്പുറം വീണ്ടും വയല്‍.വീണ്ടും വലിയ കുന്ന്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടു കടന്നും ആ വലിയ കുന്നു കയറി, ഇറങ്ങി ഒക്കെയാണ് അമ്മ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്നത്.
അങ്ങനെ അങ്ങനെ ഒക്കെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് കേട്ടത്.
കടലാ--- കടല കടല--- കടലാ----
അവന് പൈസ എടുത്തു കൊടുത്തു പറഞ്ഞു."നീ ഒരു പാക്കറ്റ് കടല വാങ്ങ്"
സൈട് സീറ്റില്‍ ഇരുന്ന അവള് സന്തോഷത്തോടെ കടല വാങ്ങി അവന്റെ കയ്യില്‍ കൊടുത്തു. കടല അവള്‍ക്കും വലിയ ഇഷ്ടമാണ്.
അവന് കോണ്‍ ആകൃതിയിലുള്ള പാക്കറ്റ് അഴിച്ച് ഓരോന്നായി തിന്നാന്‍ തുടങ്ങി.നല്ല ചൂട് കടലയാണ് എന്ന് പാക്കറ്റ് തൊട്ടപ്പോഴേ മനസ്സിലായിരുന്നു.
വേണോന്ന് ചോദിക്കും എന്ന് കരുതി, കുറെ കാത്തിരുന്നു. ഒന്നുമുണ്ടായില്ല.
കാത്തു കാത്തിരുന്നെങ്കിലും ഒരു കടല മണി അബദ്ധത്തില്‍ പോലും തെറിച്ചു അവളുടെ നേര്‍ക്ക് വന്നില്ല.
അച്ഛനാണെങ്കില്‍ ഇങ്ങനെ ചെയ്യുമോ, എന്നാലോചിച്ചപ്പോള്‍ ഒരു തേങ്ങല്‍ വന്നു തൊണ്ടയില്‍ നിറഞ്ഞു.അത് പോട്ടെ--- എത്ര ആണുങ്ങള് പിറകെ നടന്നതാ-- ആ ഗോപാല കൃഷ്ണനെയോ മറ്റോ കെട്ടിയാല്‍ മതിയായിരുന്നു. എന്തൊരു സ്നേഹമായിരുന്നേനെ! എങ്കില്‍ ആ കടല മുഴുവന്‍ തനിക്ക് തന്നേനെ--- ഇത് ഒട്ടും സ്നേഹമില്ലാത്തവന്! അനുഭവിക്കുക തന്നെ.
ബസ്സിറങ്ങി വീട്ടിലെയ്ക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, വീട്ടില്‍ എത്തിയാല്‍ അമ്മയോട് പറയണം, ഇങ്ങനെ ഒക്കെ ഉണ്ടായി എന്ന്.
വീട്ടില്‍ എത്തിയപ്പോഴോ, അവര്‍ വരുന്നത് പ്രമാണിച്ച് അമ്മയും അച്ഛനും ഒരുപാടുപേരെ ക്ഷണിച്ചു ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ ഓടി നടക്കുന്നു. അനിയന് ആണെങ്കില്‍ അവന്റെ സുഹൃത്തുക്കളുടെ കൂടെ തമാശ പറഞ്ഞു ചിരിക്കുന്നു. ഇവിടെയും ആരുമില്ല, തന്റെ വിഷമങ്ങള്‍ പറയാന്‍. കെട്ടിച്ചു വിട്ടാല്‍ പിന്നെ എല്ലാം ആയല്ലോ. ഇനി ഒക്കെ അവന് നോക്കിക്കോളും എന്ന് വിചാരിക്കുന്നവരോടു എന്ത് പറയാന്‍. താന്‍ അനാഥയായിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇങ്ങനെ ആണെങ്കില്‍ ഇനി കുറച്ചു കഴിഞ്ഞാല്‍ എന്താവും!
ആരോടും പറഞ്ഞില്ല. എല്ലാവരും ഉറങ്ങിയ ശേഷം കുറെ കരഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോകണം എന്ന് കേട്ടപ്പോള്‍ ബാക്കി സ്വപ്നങ്ങളും തകര്‍ന്നു, തരിപ്പണം ആയി. സ്വപ്നം കാണല്‍ ഒക്കെ ഇനി നിര്‍ത്തണം. ഒന്നും തന്റെ കയ്യിലല്ലല്ലോ, തീരുമാനങ്ങള്‍!
ഇതുപോലുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഇടയ്ക്കെങ്കിലും ആരും കാണാതെ കരയുക ഒരു പതിവായി.
ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സംഭവവും ഇത് പോലുള്ള അനേകം സംഭവങ്ങളും അവള് വീണ്ടും പതുക്കെ എടുത്തു പുറത്തിട്ടു.
"എന്നാലും അന്ന് നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ? വേണോന്നു ഒന്ന് ചോദിക്കാമായിരുന്നു.."
എന്ത്? എപ്പോള്‍? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം മറുപടി
" നിനക്ക് വേണമെങ്കില്‍ ചോദിക്കായിരുന്നില്ലേ? ചോദിച്ചെങ്കില്‍ തന്നേനല്ലോ! എനിക്കറിയോ, നിനക്കും കടല ഇഷ്ടമാണെന്ന്? ഇത്രേം വര്‍ഷമായി ഇതൊക്കെ തന്നെ ആലോചിച്ചോ? വേറെ പണിയൊന്നും ഇല്ല." ഇതും പറഞ്ഞു, ആള് ആളുടെ വഴിക്ക് പോയി.
ഹും--തീര്‍ന്നു--
ഇത്രേ ഉള്ളൂ--- കാര്യം. പക്ഷെ അവള് ചോദിക്കുമോ? ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള് കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
പക്ഷെ അവളുടെ ആള്‍ക്ക് ഇപ്പോള്‍ പറയാതെ തന്നെ മനസ്സറിയാം കേട്ടോ. "Experience make the man Perfect." എന്നല്ലേ? ഇരുപതു കൊല്ലം അത്ര ചെറിയ സമയാ?

* * *
മഹത്തായ ഇരുപത്വര്ഷം പഴക്കമുള്ള ഒരു 'കടലപുരാണം'.
ReplyDeleteഎന്നാലും ഒരു മണികടലപോലും
പുതുപെണ്ണിന് സമ്മാനിക്കാതെ
മുഴുവന്‍ തനിയെ തിന്നുതീര്‍ത്ത
ആ പുത്യാപ്ല 'ഫ'യങ്കരന്‍ തന്നെ.. ഹമ്മോ..!! ആളെ സമ്മതിക്കണം..
പുള്ളി കേള്‍ക്കേണ്ടാ..ട്ടോ..
അഭിനന്ദനങ്ങള്‍... അനിതാ.. :)))))))))))))))
അക്കാകുക്കാ--- ആള് പാവമാ-- പെണ്ണിന്റെ മനസ്സില്‍ നടക്കുന്ന ഈ കുരുത്തക്കേടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ച് വരും എന്നറിയാതെ പാവം ആസ്വദിച്ചു കഴിച്ചു--- പോട്ടെ-- വിട്ടെയ്ക്ക്--
Deleteഅങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല.പെണ്ണിന്റെ മനസ്സറിയാനുള്ള ഒരു യന്ത്രം ആണുങ്ങള് കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
ReplyDelete(അനു ഇത് സ്ഥിരം പറയാറുള്ള ഒരു വിഷയമാണ്. എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടാവാത്തതും!)
അതൊന്നും അങ്ങനെ എളുപ്പമല്ല, അജിത്തെട്ടാ--- പ്രത്യേകിച്ചും, നിങ്ങളെപ്പോലുള്ളവര്‍ക്ക് നിസ്സാരമായ, പ്രാധാന്യം കൊടുക്കാത്ത കാര്യത്ത്തിനാവും ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതൊക്കെ അങ്ങനെയേ നടക്കൂ--- ആ വ്യത്യാസം ഉള്ളത് തന്നെ അതിന്റെ ഒരു സുഖവും!
Deleteഇക്കാലമത്രയും ഒരുമിച്ച് ജീവിച്ചിട്ടും ആ കടലമണി ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ലാല്ലെ....? പകരം സ്നേഹം വാരിക്കോരി കൊടുത്തിട്ടുണ്ട്. പക്ഷെ,അദ്ദേഹത്തെ അറിയാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നു തോന്നുന്നു...!
ReplyDeleteവീ കെ--- ക്ഷമിക്കുക--- അദ്ദേഹത്തെ നന്നായി അറിയുന്നതുകൊണ്ടല്ലേ, ആ സ്വാതന്ത്ര്യം മുതലെടുത്ത് ഇങ്ങനെയുള്ള പോസ്റ്കള്‍ ഇടുന്നതും! ഇടയ്ക്ക് ഞാന്‍ ചോദിക്കാറുണ്ട്, തോന്നിയതൊക്കെ എഴുതുന്നതില്‍ വിഷമം ഉണ്ടോ, എന്ന്. ഏയ്--- എന്ത് വേണമെങ്കിലും എഴുതിക്കോ എന്ന് പറഞ്ഞു. പിന്നെ എന്റെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും കാണുന്ന ഒരു "സാക്ഷി" ഓര്‍മ്മ വച്ചനാള്‍ മുതല്‍ എന്നോടു സംവദിക്കാറുണ്ട്. ആ സാക്ഷി ആണ് ആ സാഹചര്യങ്ങളിലെയ്ക്ക് വീണ്ടും കൊണ്ടുപോയി, ഇതൊക്കെ എഴുതിക്കുന്നത്. എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതുന്നു---- അഭിപ്രായത്തില്‍ സന്തോഷം---
Delete"ആരും കാണാതെ കരയുമ്പോള്‍ ഒരു പ്രതികാരം ചെയ്ത സുഖം." :D :D
ReplyDelete"ഇതൊക്കെ പറയാതെ അറിയണ്ടേ ? അങ്ങനെ പറഞ്ഞറിഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാല്‍ എന്ത് സന്തോഷമാണ് പെണ്ണിന് ഉണ്ടാവുക? ആണിനാണെങ്കില്‍ നേരിട്ട് പറയാതെ ഒരു കാര്യവും അറിയാനും പറ്റില്ല."
സത്യം അനിതേച്ചീ!!!! :) And its quite frustrating at times!! :/
അതൊക്കെ പതിയെ മാറ്റണം--- ഞാന്‍ ഇപ്പോള്‍ ഏതിലും സന്തോഷം കാണുന്ന അവസ്ഥയില്‍ ആണ്. ഈ എഴുതിയതൊക്കെ ആ പ്രായത്തിന്റെ പക്വത ക്കുരവ് ആണ് കാണിക്കുന്നത്-- പിന്നെ എന്തായാലും പെണ്ണ് പെണ്ണാവാതിരിക്കില്ലല്ലോ! പെണ്ണ് തന്നെ ആവണം--
Deleteഓരോ പ്രായത്തിലും ഓരോ ചിന്തകള്‍ ആണ്. കടന്നു വന്ന വഴി ഇന്നാലോചിക്കുമ്പോള്‍ അന്നത്തെ പല തോന്നലുകളും ഓര്‍ത്ത് ചിരിയും വരും. പരസ്പരം മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ ബന്ധം ദൃഡമാകുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍... അനിതാ..
ReplyDeleteതീര്‍ച്ചയായും ,തികച്ചും വളരെ നിസ്സാരമെന്നു തോന്നുന്ന ചില കൊച്ചുകൊച്ചു സംഭവങ്ങള്‍ ജീവിതകാലം വരെ ഉള്ളിലൊരു കരടായി ശല്യം ചെയ്യാറുണ്ട്.മറ്റുള്ളവര്‍ക്ക് തമാശയായി തോന്നുമെങ്കിലും....
ReplyDeleteആശംസകള്‍
your answer to vk is very correct, otherwise how can u write this type of posts
ReplyDeleteThank you shajitha
Deleteഞാൻ എന്നിലേക്ക് തിരിച്ച് നടക്കുകയായിർന്നു....... ഇതെ പോലെ “അവൾ” എന്തൊക്കെ എന്നിൽ നിന്നും പ്രതീക്ഷിച്ചിരിക്കും.... കഥായോ ലേഖനമോ എഴുതാൻ പറഞ്ഞാൽ ‘അവൾ‘ കേൾക്കില്ലെന്നേ...ഇനി എന്നാണവോ ഇതൊക്കെ അറിയുക.... ആശംസകൾ കുഞ്ഞേ
ReplyDeleteചന്തു ചേട്ടാ-- കമന്റ് വായിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര് പൊടിഞ്ഞു, അറിയാതെ--- നന്ദി--- ചിലര്‍ എഴുതുന്നു-, ചിലര്‍ നേരിട്ട് പറയുന്നു, ചിലരത് മനസ്സില്‍ ഒതുക്കുന്നു. പതിയെ ഇതൊന്നുമില്ലാതെ പലതും പരസ്പരം അറിയുന്നു-----
ReplyDeleteനന്നായി ...ഞാനും എന്റെ ആ കാലത്തേക്ക് പോയി ...ഇനി അവള്‍ക്കെന്തെന്കിലും പറയാന്‍ ഉണ്ടാവുമോ ?
ReplyDeleteനീ പറയുമ്പോലെ ഒഴുകിയ പുഴ
Delete----------------------------------------------------
കഥ
അനിത പ്രേംകുമാര്‍
കാട്ടിനുള്ളിലെവിടെയോ ഉറവയെടുത്ത അന്ന് മുതല്‍ നിന്നെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.
ഇടയ്ക്ക് വലിയ വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും മറ്റു തടസ്സങ്ങളും ഉണ്ടായിട്ടും വഴിമാറി ഒഴുകാതെ ലക്ഷ്യ ബോധത്തോടെ ഒഴുകി നിന്നിലേയ്ക്ക് എത്തിച്ചേര്‍ന്നു.
എനിക്ക് മുമ്പ് ആരെങ്കിലും ഒഴുകിയെത്തി നിന്നില്‍ ലയിച്ചുവോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു.ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച ശിവനെപ്പോലെ ചിരിച്ചത് ആണിന്റെ അഹങ്കാരമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. നീയും എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നുവെന്നും.
നീയാണെങ്കില്‍ എന്നോടങ്ങനെ ചോദിച്ചുപോലുമില്ല. എന്നെ ഞാനായി നീ അംഗീകരിച്ചു.
അഥവാ ചോദിച്ചാലും നിന്നോട് പറയാന്‍ പറ്റാത്തതായി എന്റെ ജീവിതത്തില്‍ എന്താണുള്ളത്?
പക്ഷെ കൂടിച്ചേര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍, തുടക്കത്തില്‍ എനിക്ക് എന്റെ സ്വന്തം ഉണ്മകളും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത് എവിടെയോ ഒരു വേദന ബാക്കിയാക്കി. ഞാനറിയപ്പെടുന്നത് നിന്റെ പേരില്‍ മാത്രമായി.
കാട്ടു ചെടികള്‍ക്കിടയിലൂടെ കുയിലിന്റെയും മറ്റു കിളികളുടെയും കളകൂജനങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ഞാന്‍, നഗരത്തിന്റെ , പരിചയമില്ലാത്ത , ചുറ്റുപാടുകളിലൂടെ, ആരും പരിചയക്കാരില്ലാതെ !
സ്വയം തിരഞ്ഞെടുത്ത വഴിയായിട്ടും നിന്നോടു ഞാന്‍ തുടക്കത്തില്‍ വല്ലാതെ കലഹിക്കുകയും ചെയ്തു. മൌനംകൊണ്ട് അതൊക്കെ നീ സമര്‍ത്ഥമായി നേരിട്ടു.
കൂടി ചേര്‍ന്നിട്ടും ഏറെ ദൂരം സ്വന്തം തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് നാം ഒഴുകി. പിന്നീട് എപ്പോഴോ, നാം അറിയാതെ , നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നായി. ചിന്തകള്‍ ഒന്നായി. തീരുമാനങ്ങള്‍ ഒന്നായി. രണ്ടും ചേര്‍ന്ന് വലിയൊരു പുഴയായെന്ന തിരിച്ചറിവ് വന്നു.
തുടക്കത്തില്‍ പരസ്പരം സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതിരുന്ന നമുക്ക് വിഷയങ്ങളുടെ ധാരാളിത്തത്തില്‍ സമയം തികയാതായി.
ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുന്നു. നിന്നെ ഇത്രമേല്‍ കരുത്തനാക്കിയതില്‍ , ഏതു തടസ്സങ്ങളെയും തട്ടി ,തെറുപ്പിച്ച് ഒഴുകാന്‍ പ്രപ്തനാക്കിയതില്‍ ഒരു പ്രധാന പങ്ക് എനിക്കുമുണ്ടല്ലോ എന്ന സന്തോഷം .
പണ്ട് ഞാന്‍ കലഹിച്ച സ്വാതന്ത്ര്യം വേണ്ടുവോളമെടുത്തോളാന്‍ നീ പറയുമ്പോള്‍ ഞാനറിയുന്നു, എനിക്കിനി അതൊന്നും വേണ്ട. ഉയരങ്ങളില്‍ നിന്നുള്ള പതനങ്ങളെയും പാറക്കെട്ടുകളെയും തട്ടി തകര്‍ത്ത് ചേര്‍ന്നൊഴുകി. ഇനി എനിക്കെന്തിനു സ്വന്തമായൊരു നിലനില്‍പ്പ്?
കടലിലേയ്ക്ക് ഇനി എത്രദൂരം എന്നൊന്നും അറിയില്ല. ദൂരവും വഴികളും ഒക്കെ തീരുമാനിക്കാന്‍ , കൂടെ നീയുള്ളപ്പോള്‍ നിനക്ക് കരുത്തായി,കൂടെ ഒഴുകുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തരവാദിത്തവും എനിക്ക് വേണ്ട.
ഇനി എനിക്കതൊന്നും വയ്യ. എല്ലാം നിന്റെ ഇഷ്ടം പോലെ നീ തിരഞ്ഞെടുക്കുക.
സൂര്യന് കീഴെയുള്ള സകലമാന കാര്യങ്ങളും സംസാരിച്ചുകൊണ്ട്, ഭാവിയെ പറ്റി ഒരിക്കലും വ്യാകുലപ്പെടാതെ ഇങ്ങനെ ഒഴുകാന്‍ എന്ത് രസമാണ്! അങ്ങനെ ഒഴുകി, ഒഴുകി, ഇനി നമുക്ക് ഒരുമിച്ചു കടലിലേയ്ക്ക് . നീ പറയുമ്പോലെ ഒഴുകിയ പുഴയായിരുന്നില്ലേ ഞാന്‍? നിന്നിലലിഞ്ഞത് മുതല്‍?
* * *
(റീ- പോസ്റ്റ്. മുമ്പ് വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക----)