10/3/13

മതേതരത്വം

                            ലേഖനം -അനിത പ്രേംകുമാര്‍

ഭാരതം ഒരു മതേതരത്വ രാജ്യം ആണെന്ന് പറയുന്നു. ആണോ?
 എങ്കില്‍ എന്തിനാണ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ജാതിയും മതവും അന്വേഷിച്ചു കണ്ടെത്തുന്നത്?
 അങ്ങനെ ഒരു കോളം തന്നെ ഇല്ലാതാക്കിക്കൂടെ?
എന്തിനാണ് മതത്തിന്റെ പേരില്‍ സംവരണങ്ങള്‍?
വീതം വയ്പ്പുകള്‍?

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താന്‍ ആണെങ്കില്‍ സാമ്പത്തികം ആകണ്ടേ സംവരണ മാനദണ്ഡം?
ഒരു ഇന്ത്യന്‍ പൌരന്‍ ഏതു പ്രായത്തില്‍ വിവാഹം കഴിക്കണം, എന്നും ആ ബന്ധം നില നില്‍ക്കെ മറ്റൊരു വിവാഹം പാടുണ്ടോ എന്നതും ഉണ്ടെങ്കില്‍  എത്ര ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍ ഉണ്ടാവാം, എന്നതും ഒക്കെ ഓരോ ഇന്ത്യന്‍ പൌരനും തുല്ല്യമാക്കെണ്ടേ?
ഉന്നത വിദ്യാഭ്യാസത്തിന് ആണ്‍ പെണ്‍ ഭേദമന്ന്യേ എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഒരേ പോലെ സാഹചര്യം ഉണ്ടാവണ്ടേ?

ഒരേ വിദ്യാഭ്യാസം നേടിയ രണ്ടുപേര്‍ എല്ലാ എഴുത്ത്, വാചാ പരീക്ഷണങ്ങളും കഴിഞ്ഞു ഫൈനലില്‍ എത്തുമ്പോള്‍ മതത്തിന്റെ പേരില്‍ രണ്ടാം സ്ഥാന ക്കാരന് ജോലി കൊടുക്കുന്നത് മതേതരത്വം ആണോ?

കുടുംബ സ്വത്ത് വീതം വയ്ക്കുമ്പോള്‍ ഏതു മതത്തിലാണ് എന്ന് നോക്കിയാണോ ഓഹരി തീരുമാനിക്കേണ്ടത്?

എന്തെ ആരും ഒന്നും മിണ്ടാത്തത്? ഒക്കെ കള്ളത്തരമാണ് എന്ന് മനസ്സിലായില്ലേ? സമയവും സന്ദര്‍ഭവും അനുസരിച്ച് , ഓരോ പ്രദേശത്തെയും വോട്ട് ബാങ്ക് അനുസരിച്ച്, ഭരിക്കുന്നവര്‍ക്കും നേതാക്കന്മാര്‍ക്കും തോന്നുന്നത് പോലെ ഓര്‍ഡിനന്‍സ് കൊണ്ട് വരികയും , മത പ്രീണനം നടത്തി വോട്ട് പിടിക്കുകയും ചെയ്യുന്ന നാട്ടില്‍ എന്ത് മതേതരത്വം!

നമ്മളില്‍ കുറെ വിഡ്ഢികള്‍ അര്‍ത്ഥ മറിയാതെ വിളിച്ചു കൂവുന്ന ഒരു വാക്ക് മാത്രമായി അത് ചുരുങ്ങിയിരിക്കുന്നു.
എന്നിട്ട് മതത്തിന്‍റെ പേരില്‍ തമ്മില്‍ തമ്മില്‍ പോരടിക്കുന്നു.
എല്ലാ മതങ്ങളും ഈശ്വരനിലേയ്ക്കുള്ള , പരമമായ സത്യത്തിലേയ്ക്കുള്ള വഴി കാണിക്കുക മാത്രമാണ് എന്നറിയാതെ.

ഒന്നും മറ്റൊന്നിനേക്കാള്‍ മുകളില്‍ അല്ല, താഴെയും അല്ല എന്ന് തിരിച്ചറിയുക. ഏതു വഴിയിലൂടെ യാത്ര ചെയ്താലും ( അത് യുക്തി വാദത്തിലൂടെ ആയാലും)എത്തുന്നത്‌ ഒരേ ഇടത്തിലാണ് എന്ന് മനസ്സിലാക്കുക.

ജനിച്ചതും വളര്‍ന്നതും ഏതു മത സാഹചര്യത്തില്‍ ആണോ, അതില്‍ വിശ്വസിക്കുക, അതിനെ തള്ളിപ്പറയാതിരിക്കുക,അതിലെ നമ ഉള്‍ക്കൊണ്ടു വളരുക.  നല്ലൊരു മനുഷ്യന്‍ ആയി ഈ മനോഹരമായ ജീവിതം ജീവിച്ചു തീര്‍ക്കുക. നമ്മള്‍ അറിയാതെ ഒരു മതേതരത്വം അവിടെ രൂപപ്പെടുന്നത് കാണാം. പണ്ട് നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു.

 റംസാന് അസൂക്കയും കതീസുമ്മയും വെച്ച് വിളമ്പുന്ന വിഭവങ്ങളുടെ രുചിയും , ക്രിസ്മസ്സിനു പെണ്ണമ്മ ചേച്ചിയുടെയും തമ്പിയെട്ടന്റെയും കൂടെ അര്‍ദ്ധ രാത്രിയില്‍ പള്ളിയില്‍ പോകുന്നതും പിറ്റേ ദിവസം കള്ളപ്പം തിന്നതും ഓണത്തിനു പായസവും നെയ്യപ്പവും അവര്‍ക്ക് പങ്കു വയ്ക്കുന്നതും പാലക്കാട BPL ല്‍ ജോലി ചെയ്യുമ്പോള്‍ കോണ്‍വെന്റ്  ഹോസ്റ്റലില്‍ സുഹൃത്തായ ഫാത്തിമയുടെ കൂടെ നോമ്പ് നോറ്റതും  ഒന്നും മറക്കാന്‍ കഴിയില്ല. എന്നെ ഞാന്‍ ആക്കിയത് ഇവര്‍ ഒക്കെ ചേര്‍ന്നാണ്.

എല്ലാ ഇന്ത്യ ക്കാരും സഹോദരീ സഹോദരന്മാരാണ് എന്ന് പറയുവാന്‍ വേണ്ടി നമ്മളാരും സ്വന്തം മാതാപിതാക്കളെ തള്ളി പറയേണ്ടി വരുന്നില്ല. അതുപോലെ യുള്ള ആത്മ വിശ്വാസത്തോടെ പറയുക, താന്‍ വളര്‍ന്നത്‌ ഇന്ന മതത്തില്‍ ആണെന്നും. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. അതേ പോലെ , മത പഠനവും എല്ലാവരുടെയും അവകാശമാകട്ടെ. അതും നന്മയിലേക്കുള്ള  വെളിച്ചമാകട്ടെ--- മതിയാക്കൂ-- കപട മതേതരത്വം---