7/21/18

അളന്നെടുക്കപ്പെട്ടവൾ

അളന്നെടുക്കപ്പെട്ടവൾ
-----------------------------------
കവിത : അനിത പ്രേംകുമാർ


അളക്കാൻവന്നവർക്കുമുന്നിൽ
തലതാഴ്ത്തി നിന്നുകൊടുക്കുമ്പോഴും
മുഖം നിറയെ പുഞ്ചിരിപൂക്കുമ്പോഴും
അകം നിറയെ തീയായിരുന്നു.

അവർ ഏറെപ്പേർ ഉണ്ടായിരുന്നു
മൂക്കിന് നീളം കൂടുതലെന്നൊരാൾ
ഇടുപ്പിനു വണ്ണം പോരെന്നൊരാൾ
നെഞ്ചളവല്പം കൂടിയോ,ന്നൊരാൾ
മുടിക്കുള്ളു തീരെപോരെന്നൊരാൾ

വീടളന്നു, വീട്ടുപകരണങ്ങളും
അമ്മയെ അച്ഛനെ കൂടപ്പിറപ്പുകളെ
അളവുകൾ കൂട്ടിയും കിഴിച്ചും
പിന്നെ ഹരിച്ചും ഗുണിച്ചും
കസർത്തുകൾ മാസങ്ങൾ നീണ്ടു!

അവസാനമൊരു ഒത്തു തീർപ്പിൽ
അവളെയവർ കൂടെക്കൂട്ടുന്നു
കൂട്ടത്തിലെത്തി വൈകാതെതന്നെ
അളവുകൾ തെറ്റിയതവരറിയുന്നു.

അളക്കാമ്പോയോർ നെടുവീർപ്പിടുന്നു
എങ്ങിനെ തെറ്റി അളവെന്നതോർത്തു!
അളവുകളൊന്നും അവളല്ലയെന്നു
അറിയുന്നതില്ലിവർ അവളുടെഉടയോർ

അളന്നില്ലചിന്തകൾ ബുദ്ധിയും പിന്നെ
അളന്നില്ല സ്വപ്‌നങ്ങൾ മോഹങ്ങളും
അളന്നില്ല ആശകൾ ആകാംഷകളും
അളന്നില്ലറിവുകൾ അജ്ഞതപോലും!

അളന്നതു സ്ഥൂല ശരീരമതൊന്നു
അതിനുള്ളിൽസൂക്ഷ്മ ശരീരവുമുണ്ടെ
അളക്കാവതല്ലതു കണ്ണുകൾകൊണ്ട്
അന്തരാത്മാവാലെ കഴിയുന്നതല്ലൊ !
* * *

2 comments: