8/18/13

പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ല


 നോവല്‍-രേണുവിന്റെ കഥ-ഭാഗം 6

അനിത പ്രേംകുമാര്‍


















അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അച്ഛന്‍ അമ്മയോട് പറഞ്ഞു.
"എടോ, ഇന്ന് ഗംഗാധരന്‍ മാഷ്‌ എന്നോടു ചോദിച്ചു,

 " അല്ല കെ. ജി, നിന്നെയും "ഓളെ" യും കാണാന്‍ നല്ലതാണല്ലോ! പിന്നെന്താ മോള് ഇങ്ങനെ? " ന്ന്!

അമ്മ-

"അവള്‍ വെളുത്തിട്ടായിരുന്നില്ലേ, നിങ്ങള്‍ക്ക് ജോലി കിട്ടി, ഞങ്ങളും കാസര്‍ഗോട്ട് വന്നു താമസിക്കും വരെ? അവിടുത്തെ കടല്‍ കാറ്റാ അവളുടെ നിറം കെടുത്തിയത്. പിന്നെ അവളുടെ മൂക്കും കണ്ണും ഒക്കെ എന്‍റെ പോലെ ചപ്പിയ മൂക്കും ചെറിയ കണ്ണും ഒക്കെ തന്നെ. പക്ഷെ വിടവുള്ള പല്ലുകള്‍ നിങ്ങളുടെതാ--"

"എന്നാലും നീ അവളോടു ഭംഗിയായി മുടിയൊക്കെ കെട്ടി വൃത്തിയായി സ്കൂളില്‍ വരാന്‍ പറ. ഒന്നൂല്ലെങ്കില്‍ അവള്‍ എന്‍റെ സ്കൂളിലല്ലേ  ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് ടീച്ചറും ഞാന്‍ തന്നെ"

ശരിയാ .വിളക്കോട് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അവളുടെ  ക്ലാസ് ടീച്ചര്‍ അച്ഛന്‍ ആണ്. ഇംഗ്ലീഷ്, കണക്കു ടീച്ചറും.

അതുകൊണ്ടെന്താ - ചോദ്യം ചോദിച്ച് ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാവര്ക്കും ഒരടി. അവള്‍ക്കു മാത്രം രണ്ട്! അച്ഛന്റെ ക്ലാസ് ഇഷ്ടാ. ഒരു കൊല്ലം ഇവിടെ പഠിച്ചാല്‍ അടുത്തകൊല്ലം ഇരിട്ടി ഹൈ സ്കൂളില്‍ ആക്കാം എന്നാണ്അച്ഛന്‍ പറഞ്ഞത്. പക്ഷെ വേണ്ടായിരുന്നു.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് ജോലി കിട്ടി. പിന്നെ രേണൂം അനിയനും തോന്നിയപോലെ കുപ്പായം ഇട്ടു  ഒരു പോക്കാണ് സ്കൂളിലേയ്ക്ക്. മുടിയൊക്കെ ആര് കെട്ടിത്തരാന്‍!

എന്നാലും ,അച്ഛന്‍ പറഞ്ഞത് സത്യം തന്നെയാ.അവള്‍ക്ക് അമ്മയ്ക്കും അനിയനും ഉള്ള നിറമില്ല. അച്ഛന്റെ ഭംഗിയില്ല. അല്പം പൊങ്ങിയ വിടവുള്ള പല്ലുകള്‍!

 "പല്ല് കാണാന്‍ നല്ല ഭംഗിയാ, അച്ഛന്‍റെ പല്ലുകള്‍ പോലെ തന്നെ " എന്ന് അമ്മ വെറുതെ പറയുന്നതാ.

പക്ഷെ അവളെ കാണാന്‍ ഭംഗിയില്ലാന്നു മനസ്സിലാക്കിയത് ഇപ്പോഴല്ല. നാലാം ക്ലാസ്സില്‍ സ്കോളര്‍ ഷിപ്പ് പരീക്ഷയ്ക്ക് പയഞ്ചേരി സ്കൂളില്‍ നിന്നും അഞ്ച് കുട്ടികളെ ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക് കൊണ്ടുപോയി.

ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജ,ഗംഗ, മീറ, ഷീന,കൂട്ടത്തില് കണ്ണ് തട്ടാതിരിക്കാന്‍ ‍ വീട്ടിലെത്തിയാല്‍ ബുക്ക്‌ തൊടാത്ത അവളും .

"ഞാന്‍ എന്തിനാ പോകുന്നത്?"എന്ന് ശങ്കരന്‍ മാഷോട് ചോദിച്ചപ്പോള്‍ അടിക്കാന്‍ ഓങ്ങിക്കൊണ്ട് പറഞ്ഞു.

"പിന്നെ, രേണു  പോകാതെ? രേണുവും  പോകണം".

അങ്ങനെ എല്ലാവരും കൂടി പയഞ്ചേരി മുക്കിലെ കുത്തനെയുള്ള കുന്നും കയറി, ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക്. കൂടെയുള്ളവരൊക്കെ അതിനുള്ള പുസ്തകം സംഘടിപ്പിച്ച്, എപ്പോള്‍ നോക്കിയാലും ഇരുന്നു വായന തന്നെ.
പഠിക്കുന്നതുമായി ബന്ധമുള്ള  ഒരു പുസ്തകം പോലും വായിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് അവള്‍ മാത്രം "പൂമ്പാറ്റ" യും "ബാലരമ"യും  വായിച്ചു നടന്നു.

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ചേട്ടന്‍ മാരുടെ ഇടയില്‍ ഇരുന്നു വേണം എഴുതാന്‍.
ആരും അവളെ ശ്രദ്ധിച്ചില്ല. എന്നാല്‍ "ഗംഗ" യോടും മീറയോടും ഷീനയോടും ഒക്കെ മിണ്ടാനും അടുത്തിരുത്താനും അവര്‍ മത്സരിച്ചു. അതിനു ശേഷം ആണ് പെണ്ണിന്‍റെപ്രത്യേകത "കാണാന്‍ ഭംഗി ‌" ആണെന്ന് മനസ്സിലായത്‌. എന്തായാലും സ്കോളര്‍ ഷിപ്പ് ഗംഗയ്ക്ക് കിട്ടുകയും ചെയ്തു.

അതുകൊണ്ട് ഇന്ന് അച്ഛന്‍ ഇത് അമ്മയോട് തന്‍റെമുന്നില്‍ വച്ച് പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. അമ്മ രേണുനോട് എന്തെങ്കിലും പറയുമെന്ന് കരുതി.  ഒന്നും പറഞ്ഞില്ല.

അവള്‍ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. നന്നായി ഒന്ന് പുഞ്ചിരിച്ചു.ഏയ്‌-- അത്ര മോശമൊന്നുമല്ല.
മറ്റുള്ളവര്‍ക്ക്  കാണാന്‍ ഭംഗി തോന്നിയില്ലെങ്കില്‍ എനി‍ക്കെന്താ?   എനിക്ക് എന്നെ കാണാന്‍ നല്ല ഭംഗിയാ. സ്വയം അങ്ങനെ കണ്ടെത്തിയപ്പോ നല്ല സന്തോഷം തോന്നി.

എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുമ്പോള്‍ അമ്മ രണ്ടു ജോടി ഡ്രസ്സ്‌ ഇരിട്ടിയിലെ "കുഞ്ഞമ്പു മേസ്രി"യുടെ കടയില്‍ നിന്നും വാങ്ങിത്തരും. രേണൂന്റെ പാവാട യുടെ തുണിയും അനിയന്‍റെ ഷര്‍ട്ടും ഒന്ന് തന്നെയാ , പുതിയ രണ്ടെണ്ണം കിട്ടുമ്പോള്‍ പഴയതില്‍ നിന്നും രണ്ടു ജോടി അമ്മ , അമ്മയുടെ സ്കൂളിലെ അതുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് കൊടുക്കും. അതുകൊണ്ട് ഡ്രസ്സ്‌ ന്‍റെ ആകെ എണ്ണം ഒരിക്കലും കൂടിയില്ല. പൊട്ട്, കണ്മഷി, അങ്ങനുള്ള സാധനങ്ങള്‍ ഒന്നും വാങ്ങാറെ ഇല്ല.

അങ്ങനെ ഇതിലൊന്നും പരാതി പറയാതെ,  അച്ഛന്‍റെ അഴകില്ലാതെ , അനിയന്റെം അമ്മയുടേം നിറം ഇല്ലാതെ, നന്നായി പഠിക്കാതെ മുടി നന്നായി ചീകി കെട്ടാതെ, കണ്ണെഴുതാതെ,പൊട്ടു തൊടാതെ,ആരോടും അധികം ഉരിയാടാതെ, നടന്നു. അതൊന്നും  രേണൂനെ ബാധിക്കാത്ത കാര്യം ആണല്ലോ. രേണൂന്റെ മനസ്സില്‍ രേണു ‍ സുന്ദരി യായിരുന്നു. അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് അവരുടെ കുറ്റമല്ലേ?

എന്നിട്ടും  പുഴുവിന്  ചിറകു മുളച്ച് പൂമ്പാറ്റ യായി മാറുന്നപോലെ, അവളും പതുക്കെ ഒരു പൂമ്പാറ്റയായി മാറാന്‍ തുടങ്ങി. വര്‍ണ്ണ ചിറകുകള്‍  വിടര്‍‍ത്തി ഇഷ്ടമുള്ളിടത്തൊക്കെ പറന്നു നടന്നു.ആരും തടഞ്ഞില്ല. ആരും ഉപദ്രവിച്ചില്ല. അല്ലെങ്കിലും പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ലല്ലോ! തന്നെപ്പോലെ തന്നെ ഈ ഭൂമിയും ഇവിടുള്ള ആളുകളും മനോഹരമായ സൃഷ്ടികളായി അവള്‍ക്കു തോന്നി. അവള്‍  രാത്രി മാത്രമല്ല, പകലും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
അങ്ങനെയുള്ള സ്വപ്നങ്ങളില്‍ അവള്‍രാജകുമാരി യായും മാലാഖയായും ടീച്ചര്‍ ആയും നര്‍സ് ആയും കലക്ടര്‍ ആയും ഒക്കെ  മാറി.

                                                                                   തുടരും--- 

 ഈ നോവലിന്‍റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


10 comments:

  1. തുടക്കം നന്നായി ഒരു ശലഭം പാറിതുടങ്ങുന്നു.അടുത്തത് വേഗം വന്നോട്ടെ വായനയുടെ ഒഴുക്ക് കളയണ്ടല്ലോ.

    ReplyDelete
    Replies
    1. അനീഷ്‌, ആദ്യത്തെ അഭിപ്രായത്തില്‍ സന്തോഷം--

      Delete
  2. നിഷ്കളങ്കമായ ഗതിയുള്ള കഥ .. ബാക്കി കൂടി നോക്കാം .
    നല്ലതോ ചീത്തയോ എന്ന് പറയണമെങ്കിൽ മുഴുവൻ അറിയണ്ടേ ?

    ReplyDelete
    Replies
    1. അപ്പോള്‍ ഇതിനു മുമ്പുള്ള 5 ഭാഗങ്ങള്‍ വായിച്ചില്ലേ? ഇത് ആറാം ഭാഗ മാണല്ലോ-- ബാക്കി പതുക്കെ വരും--

      Delete
  3. പൂമ്പാറ്റകളെ കല്ലേറിയാറുണ്ട്. സൂക്ഷിക്കണം

    കഥ നന്നായി പുരോഗമിക്കുന്നുണ്ട്!

    ReplyDelete
    Replies
    1. അജിതെട്ടാ- ആരെങ്കിലും ഇത് പറയുമെന്ന് അറിയാമായിരുന്നു. അന്നത്തെക്കാലത്ത്‌ അങ്ങനെയായിരുന്നു. ഇന്ന് ആണെങ്കില്‍ കല്ലെറിയുക മാത്രമല്ല, ചവിട്ടി മെതിക്കാനും സാധ്യത--

      Delete
  4. ചിത്രശലഭം കണക്കെ തന്നെ..മനോഹരം

    ReplyDelete
    Replies
    1. താങ്ക്സ് വര്‍ഷിണി--

      Delete