Labels
- കവിത (78)
- കഥ (30)
- അനുഭവങ്ങള്‍ (16)
- ലേഖനം (12)
- നോവല്‍ -രേണുന്റെ കഥ (6)
- കുറിപ്പുകള്‍ (4)
- അച്ഛന്റെ കവിതകള്‍ (3)
- അമ്മ എഴുതിയത് (1)
- പുസ്തക പ്രകാശനം (1)
8/25/13
ചിങ്ങത്തിലെ അശ്വതി (കളിമണ്ണ്)
നാല്പത്തി രണ്ടു (42) വര്‍ഷം മുമ്പ് ചിങ്ങ മാസത്തിലെ ഈ അശ്വതി നാള്. സെപ്തെംമ്പര്‍ 8 ആം തീയതി. സ്ഥലം പായം സ്കൂളിനും വായനശാലയ്ക്കും ഇടയിലായ് വയലിന്റെ കരയിലുള്ള കാപ്പാടന്‍ വീട്.
കാര്‍ത്യായനി ടീച്ചര്‍ക്ക് തലേ ദിവസം വൈകിട്ട് 4 മണിക്കോ മറ്റോ തുടങ്ങിയ വേദനയാണ്. യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പേ, ഇരിട്ടിയില്‍ അവരുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. അവിടെ ആകുമ്പോള്‍ ഹോസ്പിറ്റലും ഡോക്ടര്‍ മാരും ഒക്കെ ഇഷ്ടം പോലെ ഉണ്ട്. ചുറ്റും പുഴയാല്‍ ചുറ്റപ്പെട്ട ഈ പായം നാട്ടില്‍ , പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ എന്ത് ചെയ്യും എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. രാത്രി, തോണിക്കാരും ഉണ്ടാവില്ല.
പക്ഷെ, എന്ത് പറയാന്‍! ഇരിട്ടിയിലെ ആ വലിയ വീട്ടില്‍ ആരോ "കൂടോത്രം" * ചെയ്തതുകൊണ്ട്, അവിടെ നിന്നാല്‍ ശരിയാകില്ല , പായത്തെയ്ക്ക് തന്നെ തിരിച്ചു പോകണം എന്ന ഉപദേശത്തിന്മേല് അവര്‍ തിരിച്ചു വരികയായിരുന്നു.
വീട്ടിലുള്ളവര്‍ക്ക് പുറമെ, ആകെ സഹായത്തിനുള്ളത്, കുര്യന് ചേട്ടന് എന്ന ആളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു നേഴ്സ് മാത്രം. അവര്‍ അവരെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട്. എന്നാലും ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു നേഴ്സ്നു എന്താണ് ചെയ്യാന്‍ പറ്റുക! സാമാന്യം നല്ല വളര്‍ച്ചയുള്ള കുഞ്ഞ്, അവളെ കൊണ്ട് പറ്റുന്നപോലെ ഒക്കെ ചെയ്തിട്ടുണ്ടാവാം, പുറം ലോകം കാണാന്‍. വേദനകൊണ്ട് പുളയുന്ന ആ അമ്മ, 12 മണിക്കൂര്‍ സഹിച്ചിട്ടും, കഷ്ടപ്പെട്ടിട്ടും കുഞ്ഞ് ഇനിയും പുറത്തെത്തിയില്ല. എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല. വീട്ടില്‍ എല്ലാവരും ആശങ്കയിലും.
ഗോവിന്ദന് മാസ്റെര്‍ക്ക്, ആദ്യമായി PSC പോസ്റ്റിങ്ങ് കിട്ടി, കാസര്‍ഗോഡ് ജോയിന്‍ ചെയ്യേണ്ട ദിവസം ആണ് ഇന്ന്. കുഞ്ഞിനെ കണ്ട ശേഷം പോകാന്‍ കാത്തു നില്‍ക്കുകയാണ് അദ്ദേഹം.
ഇതിപ്പോ, എന്തും സംഭവിക്കാം എന്ന നിലയും. ഇനി അവരെ എടുത്തു, നടന്നു, തോണി വഴി പുഴ കടത്തി , ഇരിട്ടിയില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേയ്ക്ക്, എന്തെങ്കിലും സംഭവിക്കും. അതുകൊണ്ട് കാത്തിരിക്കുക തന്നെ.
സമയം രാവിലെ ഒമ്പത് മണി യായി! ഇനിയും കാത്തിരിക്കാന്‍ വയ്യ. അവസാനം നേഴ്സ് കത്രിക കൈയ്യില്‍ എടുത്തു. ഡോക്ടര്‍മാര്‍ മാത്രം ചെയ്യുന്നകാര്യം.അവസാനത്തെ ആയുധം. ഇല്ലെങ്കില്‍ അമ്മയും കുഞ്ഞുമൊ, രണ്ടില്‍ ഒരാളോ, ഇല്ലാതാകും. അല്പ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കരച്ചില് കേള്‍ക്കാന്‍ തുടങ്ങി.
വേദനയുടെ ഹിമാലയ പര്‍വ്വതം കയറി ഇറങ്ങിയ ആ അമ്മ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചിറങ്ങി,തന്റെ ആദ്യത്തെ കണ്മണിയെ കണ് നിറയെ കണ്ടു. അമ്മയ്ക്ക് പകുതി ജീവനെ ഉണ്ടായിരുന്നുള്ളൂ.
ആ കുഞ്ഞിനും ഈ ലോകം കാണാനുള്ള , ഇവിടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു. അവള്‍ക്കു അവളുടെ അമ്മയോടൊപ്പം കഴിയാനും അതിലേറെ ഭാഗ്യം ഉണ്ടായിരുന്നു.
സന്തോഷം കൊണ്ട് കരഞ്ഞു പോയ അച്ഛന് ആ അന്തരീക്ഷം ഒന്ന് മാറിക്കിട്ടാന്‍ വേണ്ടി അവിടെ ആകെ ഉണ്ടായിരുന്ന ഒരു ആഡംബരമായ റേഡിയോ ഓണ്‍ ചെയ്തു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,
" അശ്വതി നക്ഷ്ത്രത്തമേ---
എന്‍ അഭിരാമ സങ്കല്പമേ---"
എന്ന പാട്ട് റേഡിയോയിലോടെ ഒഴുകാന്‍ തുടങ്ങി--- പാട്ട് കേട്ടു തീര്‍ന്നതും മാഷ് മനം നിറഞ്ഞു, ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ തന്റെ പ്രിയതമയോടു യാത്ര പറഞ്ഞു കാസര്ഗോട്ടെയ്ക്ക് പുറപ്പെട്ടു--
* * *
* കൂടോത്രം= അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ആകുന്ന എന്തോ സാധനം അവിടെ എവിടെയോ ആരും അറിയാതെ വയ്ക്കുക.
8/22/13
മാറേണ്ടത് അവര്‍ ആയിരുന്നില്ല

കഥ- അനിത പ്രേംകുമാര്‍
]
ഞാന്‍ വളരെ നല്ല ആളാണ്.
കുലീന കുടുംബത്തില്‍ പിറന്ന, മാന്യമായി സംസാരിക്കുന്ന , ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത, അനാവശ്യ മായി ആരോടും സഹായ അഭ്യര്‍ത്ഥന നടത്താത്ത, എന്നാല്‍ കഴിയുന്ന ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഒരു സാധാരണക്കാരന്!
എന്നാല്‍ എനിക്ക് ചുറ്റുമുള്ള, ആളുകള്‍, എന്റെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ ഇടപെടുന്ന സമൂഹം , എന്നെ ഭരിക്കുന്ന, ഈ നാടിനെ ഭരിക്കുന്ന ഭരണ കര്‍ത്താക്കള്‍, ആരും ശരിയല്ല.
അതുകൊണ്ടാവാം എനിക്ക് ജീവിതം വല്ലാതെ മടുത്തു. ഒരു കുറിപ്പ് എഴുതി വച്ച് മരണത്തിലേയ്ക്ക് പോയാലോ എന്ന് ആലോചിക്കാതെയല്ല. പക്ഷെ, ആത്മ ഹത്യ പാപ മാണത്രേ.
പിന്നെ എന്ത് ചെയ്യും?
കാത്തിരിക്കാം. എന്നെങ്കിലും ഒരു ദിവസം അവര്‍ ഒക്കെ മാറാതിരിക്കില്ല.
അന്ന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതെ അര്‍ത്ഥത്തില്‍ അവര്‍ക്ക് മനസ്സിലാവും.
എന്റെ ആശയങ്ങള്‍ അവര്‍ അംഗീകരിക്കും.
എന്റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്നെ അവര്‍ അനുവദിക്കും.
ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അവര്‍ എന്നെ അനാവശ്യമായി ചീത്ത പറയുന്നത് നിര്‍ത്തും.
എനിക്ക് ഇഷ്ട മുള്ളിടത്തൊക്കെ യാത്ര പോകാന്‍ കഴിയും.
അമ്മായി അമ്മ പോര് മതിയാക്കി, എന്റെ അമ്മ , എന്റെ ഭാര്യ യെ തിരിച്ചു വിളിക്കും.
അതല്ലെങ്കില്‍ അമ്മയുടെ സ്നേഹം മനസ്സിലാക്കി, അവള് തിരിച്ചു വന്നു എന്റെ കൂടെ താമസിക്കും.
അങ്ങനെ -- അങ്ങനെ-- ---------------അങ്ങനെ-- ഒരു പാടു കാര്യങ്ങള്‍.
"അങ്ങനെ ഒരു കാലം " അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി.
അയാളുടെ ജീവിതത്തിലെ വിലപ്പെട്ട, ഒരു പാടു വര്‍ഷങ്ങള്‍ സ്വപ്നം മാത്രം കണ്ടു കടന്നു പോയത് അയാള്‍ അറിഞ്ഞില്ല.
ഇന്ന് വയസ്സായി, കണ്ണും കാതും കേള്‍ക്കാതെ, നടക്കാനാവാതെ , അവശനായി, കിടപ്പിലായപ്പോള്‍ അയാള്‍ മനസ്സിലാക്കി.
മറ്റുള്ളവര്‍ എന്നെങ്കിലും മാറും എന്ന് കരുതി, മിണ്ടാതെ , എല്ലാം സഹിച്ചു ജീവിതം ജീവിക്കാതെ തീര്‍ന്നു പോയ ഞാന്‍ എന്തൊരു വിഡ്ഢി!ജീവിതം വളരെ ചെറുതായിരുന്നു. മറ്റുള്ളവരെ മാറ്റാന്‍ ഉള്ള സമയം ഒന്നും അത് നമുക്ക് തരുന്നില്ല.
യഥാര്‍ത്ഥത്തില്‍ മാറേണ്ടത് അവര്‍ ആയിരുന്നില്ല. ഞാന്‍ ആയിരുന്നു.
* * *
8/21/13
വഞ്ചിപാട്ട്
(കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ആണുങ്ങളുടെ "വള്ളം കളി" അവതരിപ്പിക്കാന്‍ എഴുതിയ പാട്ട്. ആ സമയത്ത് FB യില്‍ ആക്റ്റീവ് അല്ലാത്തതുകൊണ്ടും ബ്ലോഗ് തുടങ്ങിയിട്ടില്ലാതതുകൊണ്ടും എവിടെയും പോസ്റ്റ് ചെയ്തില്ല. ഇതില്‍ മാറ്റം വരുത്തി, ആവശ്യമുള്ളവര്‍ക്ക് അവരവരുടെ ഏരിയയില്‍ ഓണ പ്രോഗ്രാമിന് ഉപയോഗിക്കാം.)
വഞ്ചിപാട്ട്
ശ്രീരാംസദന്‍ അപാട്മെന്റില്‍
- തിത്തൈ തക തക തൈ തോം
ഓണാഘോഷം തുടങ്ങിയേ - തിത്തി
താര തൈ തോം
ശ്രീരാംസദന്‍
അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ
വന്നണഞ്ഞീടു--
ഓ തിത്തി താര തിത്തി തൈ
തിത്തൈ തക തക തൈ തോം
പായസങ്ങള്‍ പലവിധം - തിത്തൈ
തക തക തൈ തോം
സദ്യകൂട്ടമൊരുക്കിയും -
തിത്തി താര തൈ തോം
പായസങ്ങള്‍ പലവിധം,
സദ്യകൂട്ടമൊരുക്കിയും
പൂക്കളങ്ങള്‍ തീര്‍ത്തും നമ്മളാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ
തിത്തൈ തക തക തൈ തോം
നാനാജാതി മതസ്ഥരാം - തിത്തൈ
തക തക തൈ തോം
ഭാഷകളും പലവിധം - തിത്തി
താര തൈ തോം
നാനാജാതി മതസ്ഥരാം, ഭാഷകളും
പലവിധം
പൂക്കളങ്ങള്‍ തീര്‍ക്കാനുള്ള
പൂവുകളെപ്പോല്‍
ഓ തിത്തി താര തിത്തി തൈ
തിത്തൈ തക തക തൈ തോം
എല്ലാവരുമൊന്നാണിവിടെ -
തിത്തൈ തക തക തൈ തോം
കള്ളമില്ല, ചതിയില്ല -
തിത്തി താര തൈ തോം
എല്ലാവരുമൊന്നാണിവിടെ,
കള്ളമില്ല, ചതിയില്ല
കൂട്ടായ്മതന്‍
സന്തോഷത്തിലാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ
തിത്തൈ തക തക തൈ തോം
ശ്രീരാംസദന്‍ അപാട്മെന്റില്‍ ഓണാഘോഷം തുടങ്ങിയേ
വീട്ടുകാരെ, കൂട്ടുകാരെ
വന്നണഞ്ഞീടു--
ഓ തിത്തി താര തിത്തി തൈ
തിത്തൈ തക തക തൈ തോം
* * *
അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍
8/18/13
പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ല
നോവല്‍-രേണുവിന്റെ കഥ-ഭാഗം 6
അനിത പ്രേംകുമാര്‍
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അച്ഛന് അമ്മയോട് പറഞ്ഞു.
"എടോ, ഇന്ന് ഗംഗാധരന് മാഷ് എന്നോടു ചോദിച്ചു,
" അല്ല കെ. ജി, നിന്നെയും "ഓളെ" യും കാണാന്‍ നല്ലതാണല്ലോ! പിന്നെന്താ മോള് ഇങ്ങനെ? " ന്ന്!
അമ്മ-
"അവള് വെളുത്തിട്ടായിരുന്നില്ലേ, നിങ്ങള്‍ക്ക് ജോലി കിട്ടി, ഞങ്ങളും കാസര്‍ഗോട്ട് വന്നു താമസിക്കും വരെ? അവിടുത്തെ കടല്‍ കാറ്റാ അവളുടെ നിറം കെടുത്തിയത്. പിന്നെ അവളുടെ മൂക്കും കണ്ണും ഒക്കെ എന്റെ പോലെ ചപ്പിയ മൂക്കും ചെറിയ കണ്ണും ഒക്കെ തന്നെ. പക്ഷെ വിടവുള്ള പല്ലുകള്‍ നിങ്ങളുടെതാ--"
"എന്നാലും നീ അവളോടു ഭംഗിയായി മുടിയൊക്കെ കെട്ടി വൃത്തിയായി സ്കൂളില്‍ വരാന്‍ പറ. ഒന്നൂല്ലെങ്കില് അവള് എന്റെ സ്കൂളിലല്ലേ ഇപ്പോള്‍ പഠിക്കുന്നത്.ക്ലാസ് ടീച്ചറും ഞാന്‍ തന്നെ"
ശരിയാ .വിളക്കോട് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അവളുടെ ക്ലാസ് ടീച്ചര്‍ അച്ഛന് ആണ്. ഇംഗ്ലീഷ്, കണക്കു ടീച്ചറും.
അതുകൊണ്ടെന്താ - ചോദ്യം ചോദിച്ച് ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാവര്ക്കും ഒരടി. അവള്‍ക്കു മാത്രം രണ്ട്! അച്ഛന്റെ ക്ലാസ് ഇഷ്ടാ. ഒരു കൊല്ലം ഇവിടെ പഠിച്ചാല്‍ അടുത്തകൊല്ലം ഇരിട്ടി ഹൈ സ്കൂളില്‍ ആക്കാം എന്നാണ്അച്ഛന്‍ പറഞ്ഞത്. പക്ഷെ വേണ്ടായിരുന്നു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് ജോലി കിട്ടി. പിന്നെ രേണൂം അനിയനും തോന്നിയപോലെ കുപ്പായം ഇട്ടു ഒരു പോക്കാണ് സ്കൂളിലേയ്ക്ക്. മുടിയൊക്കെ ആര് കെട്ടിത്തരാന്‍!
എന്നാലും ,അച്ഛന് പറഞ്ഞത് സത്യം തന്നെയാ.അവള്‍ക്ക് അമ്മയ്ക്കും അനിയനും ഉള്ള നിറമില്ല. അച്ഛന്റെ ഭംഗിയില്ല. അല്പം പൊങ്ങിയ വിടവുള്ള പല്ലുകള്‍!
"പല്ല് കാണാന്‍ നല്ല ഭംഗിയാ, അച്ഛന്റെ പല്ലുകള്‍ പോലെ തന്നെ " എന്ന് അമ്മ വെറുതെ പറയുന്നതാ.
പക്ഷെ അവളെ കാണാന്‍ ഭംഗിയില്ലാന്നു മനസ്സിലാക്കിയത് ഇപ്പോഴല്ല. നാലാം ക്ലാസ്സില്‍ സ്കോളര്‍ ഷിപ്പ് പരീക്ഷയ്ക്ക് പയഞ്ചേരി സ്കൂളില്‍ നിന്നും അഞ്ച് കുട്ടികളെ ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക് കൊണ്ടുപോയി.
ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന വനജ,ഗംഗ, മീറ, ഷീന,കൂട്ടത്തില്‍ കണ്ണ് തട്ടാതിരിക്കാന്‍ വീട്ടിലെത്തിയാല്‍ ബുക്ക് തൊടാത്ത അവളും .
"ഞാന്‍ എന്തിനാ പോകുന്നത്?"എന്ന് ശങ്കരന് മാഷോട് ചോദിച്ചപ്പോള്‍ അടിക്കാന്‍ ഓങ്ങിക്കൊണ്ട് പറഞ്ഞു.
"പിന്നെ, രേണു പോകാതെ? രേണുവും പോകണം".
അങ്ങനെ എല്ലാവരും കൂടി പയഞ്ചേരി മുക്കിലെ കുത്തനെയുള്ള കുന്നും കയറി, ഇരിട്ടി ഹൈ സ്കൂളിലേയ്ക്ക്. കൂടെയുള്ളവരൊക്കെ അതിനുള്ള പുസ്തകം സംഘടിപ്പിച്ച്, എപ്പോള്‍ നോക്കിയാലും ഇരുന്നു വായന തന്നെ.
പഠിക്കുന്നതുമായി ബന്ധമുള്ള ഒരു പുസ്തകം പോലും വായിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് അവള് മാത്രം "പൂമ്പാറ്റ" യും "ബാലരമ"യും വായിച്ചു നടന്നു.
പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ചേട്ടന് മാരുടെ ഇടയില്‍ ഇരുന്നു വേണം എഴുതാന്‍.
ആരും അവളെ ശ്രദ്ധിച്ചില്ല. എന്നാല്‍ "ഗംഗ" യോടും മീറയോടും ഷീനയോടും ഒക്കെ മിണ്ടാനും അടുത്തിരുത്താനും അവര്‍ മത്സരിച്ചു. അതിനു ശേഷം ആണ് പെണ്ണിന്റെപ്രത്യേകത "കാണാന്‍ ഭംഗി " ആണെന്ന് മനസ്സിലായത്. എന്തായാലും സ്കോളര്‍ ഷിപ്പ് ഗംഗയ്ക്ക് കിട്ടുകയും ചെയ്തു.
അതുകൊണ്ട് ഇന്ന് അച്ഛന് ഇത് അമ്മയോട് തന്റെമുന്നില്‍ വച്ച് പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. അമ്മ രേണുനോട് എന്തെങ്കിലും പറയുമെന്ന് കരുതി. ഒന്നും പറഞ്ഞില്ല.
അവള് കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. നന്നായി ഒന്ന് പുഞ്ചിരിച്ചു.ഏയ്-- അത്ര മോശമൊന്നുമല്ല.
മറ്റുള്ളവര്‍ക്ക് കാണാന്‍ ഭംഗി തോന്നിയില്ലെങ്കില്‍ എനിക്കെന്താ? എനിക്ക് എന്നെ കാണാന്‍ നല്ല ഭംഗിയാ. സ്വയം അങ്ങനെ കണ്ടെത്തിയപ്പോ നല്ല സന്തോഷം തോന്നി.
എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുമ്പോള്‍ അമ്മ രണ്ടു ജോടി ഡ്രസ്സ് ഇരിട്ടിയിലെ "കുഞ്ഞമ്പു മേസ്രി"യുടെ കടയില്‍ നിന്നും വാങ്ങിത്തരും. രേണൂന്റെ പാവാട യുടെ തുണിയും അനിയന്റെ ഷര്‍ട്ടും ഒന്ന് തന്നെയാ , പുതിയ രണ്ടെണ്ണം കിട്ടുമ്പോള്‍ പഴയതില്‍ നിന്നും രണ്ടു ജോടി അമ്മ , അമ്മയുടെ സ്കൂളിലെ അതുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് കൊടുക്കും. അതുകൊണ്ട് ഡ്രസ്സ് ന്റെ ആകെ എണ്ണം ഒരിക്കലും കൂടിയില്ല. പൊട്ട്, കണ്മഷി, അങ്ങനുള്ള സാധനങ്ങള്‍ ഒന്നും വാങ്ങാറെ ഇല്ല.
അങ്ങനെ ഇതിലൊന്നും പരാതി പറയാതെ, അച്ഛന്റെ അഴകില്ലാതെ , അനിയന്റെം അമ്മയുടേം നിറം ഇല്ലാതെ, നന്നായി പഠിക്കാതെ മുടി നന്നായി ചീകി കെട്ടാതെ, കണ്ണെഴുതാതെ,പൊട്ടു തൊടാതെ,ആരോടും അധികം ഉരിയാടാതെ, നടന്നു. അതൊന്നും രേണൂനെ ബാധിക്കാത്ത കാര്യം ആണല്ലോ. രേണൂന്റെ മനസ്സില്‍ രേണു സുന്ദരി യായിരുന്നു. അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് അവരുടെ കുറ്റമല്ലേ?
എന്നിട്ടും പുഴുവിന് ചിറകു മുളച്ച് പൂമ്പാറ്റ യായി മാറുന്നപോലെ, അവളും പതുക്കെ ഒരു പൂമ്പാറ്റയായി മാറാന്‍ തുടങ്ങി. വര്‍ണ്ണ ചിറകുകള് വിടര്‍ത്തി ഇഷ്ടമുള്ളിടത്തൊക്കെ പറന്നു നടന്നു.ആരും തടഞ്ഞില്ല. ആരും ഉപദ്രവിച്ചില്ല. അല്ലെങ്കിലും പൂമ്പാറ്റകളെ ആരും കല്ലെറിയാറില്ലല്ലോ! തന്നെപ്പോലെ തന്നെ ഈ ഭൂമിയും ഇവിടുള്ള ആളുകളും മനോഹരമായ സൃഷ്ടികളായി അവള്‍ക്കു തോന്നി. അവള് രാത്രി മാത്രമല്ല, പകലും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
അങ്ങനെയുള്ള സ്വപ്നങ്ങളില്‍ അവള്‍രാജകുമാരി യായും മാലാഖയായും ടീച്ചര്‍ ആയും നര്‍സ് ആയും കലക്ടര്‍ ആയും ഒക്കെ മാറി.
തുടരും---
ഈ നോവലിന്റെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)