12/26/12

കാത്തിരുന്നൊരാള്‍

                                                                                       



                                   അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍





ഈ മുപ്പത്തി അഞ്ചാം വയസ്സില്‍ നീ എന്തിനുള്ളപുറപ്പാടാ?
ശരിക്കും നീയതു തീരുമാനിച്ചോ?
 വിശ്വാസം വരാത്തപോലെ ചേച്ചി ഗീതയുടെ മുഖത്ത് തന്നെ  സൂക്ഷിച്ചു നോക്കുകയാണ്.

അവര്‍ പതുക്കെ അവളോടു ചേര്‍ന്നിരുന്നു, മുടിയില്‍ മൃദുവായൊന്നു തലോടി.
ഒന്നുകൂടി ആലോചിച്ചിട്ടു പോരെ? നിനക്ക് ബാങ്കില്‍നല്ലൊരു ജോലിയുണ്ട്, ആവശ്യത്തിലധികം ശമ്പളമുണ്ട്,
 പോരാത്തതിന് വീട്ടില്‍ അമ്മ ഒറ്റയ്ക്കേ യുള്ളൂ, ഇത് വേണോ?
 അഥവാ നിനക്ക് അങ്ങനെയൊരാഗ്രഹമുണ്ടായിരുന്നു എങ്കില്‍, അത് നേരത്തെ  ആവാമായിരുന്നില്ലേ?

അവള്‍  തിരിച്ചൊന്നും പറയാതെ, ഉള്ളിലുള്ള സന്തോഷം പുറത്ത് കാട്ടാതെ, വെറുതെ ചേച്ചിയെയൊന്നു നോക്കുക മാത്രം ചെയ്തു.


എത്ര നല്ല ആലോചനകള്‍ വന്നതാണ്?

ആ ഹൈ സ്കൂള്‍ മാഷിനെന്തായിരുന്നു കുഴപ്പം? അന്ന് നീ പറഞ്ഞു, കല്ല്യാണെ  വേണ്ടാന്നു.

ആ പോലീസ് കാരന്‍ വന്നപ്പോ പറഞ്ഞത്, ജാതകം നോക്കീട്ടു ഒക്കൂലാന്നു പറയാന്‍.

ഇനി അത് വേണ്ടെങ്കില്‍  ആ പട്ടാളക്കാരനെ കെട്ടായിരുന്നില്ലേ?  നല്ലൊരു മനുഷ്യനായിരുന്നു.

ഒക്കെ ഗവെര്‍മെണ്ട് ജോലിക്കാരും.

ഇതൊക്കെ   വേണ്ടാന്നു പറഞ്ഞിട്ട് ഇപ്പോള്‍ ഈ നാല്പത്തി ഒന്‍പത്  വയസ്സുള്ള , നാട് മുഴുവന്‍ പേരുകേള്‍പ്പിച്ചു,  കള്ളും കുടിച്ചു നടക്കുന്ന ഒരാളെ തന്നെ തീരുമാനിക്കണമായിരുന്നോ?
ചേച്ചി  ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

 അവള്‍ക്കു മിണ്ടാതിരിക്കാനാണ് തോന്നിയത്. ചേച്ചി പറയുന്നതൊക്കെ ശരിയാണ്, ചേച്ചിയുടെ ഭാഗത്തൂന്നു നോക്കുമ്പോള്‍.

ഇരുപതു വയസ്സുമുതല്‍ കല്ല്യാണാലോചനകള്‍ വരുന്നതാണ്.
നാട്ടു നടപ്പനുസരിച്ചു നോക്കിയാല്‍ എല്ലാം നല്ല, നല്ല ആലോചനകള്‍.

 അവള്‍ക്കെന്തോ ഒന്നിലും താല്പര്യം തോന്നിയില്ല.
ചേച്ചിയുടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് താനും കൂടെ പോയാല്‍ അമ്മ ഒറ്റയ്ക്കാവും.
പിന്നെ ജീവിക്കാന്‍ നല്ലൊരു ജോലിയുണ്ട്,ചിലവാക്കാന്‍ പണമുണ്ട്, കൂട്ടുകാര്‍ ഒരുപാടുണ്ട്,കുട്ടികള്‍ വേണംന്ന തോന്നലേയില്ല.

പിന്നെ  ആരോടും പറയാത്തൊരു രഹസ്യവും-  വന്ന ആലോചനകളില്‍ ഒന്ന് പോലും അവള്‍ക്ക് ഇഷ്ടായില്ല!

കാരണം ചോദിച്ചാല്‍ അറിയില്ല.  അതുകൊണ്ട് തന്നെ ആരോടും അത് പറഞ്ഞില്ല.

വെറുതേ, കല്യാണം കഴിക്കുന്നതില്‍ എന്താ അര്‍ത്ഥമുള്ളത്?
എല്ലാം തികഞ്ഞവര്‍ എന്ന് ചേച്ചിയ്ക്കും അമ്മയ്ക്കു മൊക്കെ തോന്നുന്നതല്ലേ?
ഗീതയ്ക്ക് തോന്നീട്ടില്ലല്ലോ?
അവരുടെ  ശരിയല്ലല്ലോ ഗീതയ്ക്ക്?
അവള്‍ക്കു അവളുടെതായ ശരികളും തെറ്റുകളും ഉണ്ടല്ലോ.
ഗീതയെ സംമ്പന്ധിച്ച്, വന്നവരൊക്കെ  പാവങ്ങള്‍.
ഗീത സമ്മതിക്കുമോ എന്ന് സംശയിച്ചു നിന്നവര്‍!
 സ്നേഹത്തോടെ, താല്പര്യത്തോടെ അവളെ കടാക്ഷിച്ചവര്‍.

പക്ഷെ, അവള്‍ക്കു മനം പിരട്ടലാ ഉണ്ടായത്.
എങ്ങനെയെങ്കിലും ഒന്നോഴിവായി കിട്ടിയാല്‍ മതിഎന്ന തോന്നല്‍.
അവരെ കെട്ടി, ഉണ്ട്, ഉറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യ.
ഒരു ത്രില്ലു മില്ലാതൊരു ജീവിതം.
ഒരല്പം വില്ലത്തരം ഇല്ലാത്ത യാളിന്‍റെ കൂടെ എങ്ങനെയാ ജീവിക്കുക? ബോറടിക്കില്ലെ ?
 അവള്‍ക്കു പൊരുതി ജീവിക്കാനാ, ഇഷ്ടം.

ഇന്ന്, അവള്‍ കാത്തിരുന്ന ആള്‍ വന്നിരിക്കുന്നു.
ആരും പെണ്ണ് കൊടുക്കാത്തതുകൊണ്ട്, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കാത്തത് കൊണ്ട്, കല്യാണം നീണ്ടു പോയൊരാള്‍- എന്ന് നാട്ടുകാര്‍ പറയുന്ന ആള്‍ ‍.
അവളുടെ പതിനേഴാം വയസ്സില്‍ പാട വരമ്പത്ത് നിന്ന് വഴിമാറിക്കൊടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ കുറിച്ചിട്ടയാള്‍.

മറ്റുള്ളവര്‍ക്ക് ,  അയാളുടെ നിറം ഇരുണ്ടതായിരുന്നു.
അയാള്‍ക്ക് ‍ തടികൂടുതലായി രുന്നു.
അയാള്‍ക്ക്‌ കുടവയര്‍ ഉണ്ടായിരുന്നു.
അയാള്‍ക്ക്‌  അവളെക്കാള്‍ ഒരുപാട് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു.
പക്ഷെ അതൊക്കെ അവള്‍ക്കിഷ്ടമായിരുന്നല്ലോ?
എന്നിട്ടും എന്തെ അയാളിതുവരെ വന്നില്ല?
പെണ്ണ് ചോദിച്ചില്ല?
അവള്‍ക്കറിയില്ല.

അവളുടെ ദേഹം കണിക്കൊന്നപോലെ പൂത്തുലയാന്‍ തുടങ്ങി.
പാട വരമ്പത്തും ഇടവഴിയിലും ഓടി നടന്നിരുന്ന പതിനേഴുകാരിയായി അവള്‍ മാറി.
അന്നുവരെ  കിടന്നാല്‍ അപ്പൊ ഉറങ്ങുന്ന അവള്‍ക്ക്, അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.
ഉറങ്ങാതെ തന്നെ അവള്‍ സ്വപ്നം കാണുകയായിരുന്നല്ലോ .


        -------------------------------------------------------------------------------------------------
                                      
(ഇ മഷി എന്ന ഓണ്‍ലൈന്‍ മാഗസിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ)















8 comments:

  1. ബെറ്റര്‍ ലേ ദാന്‍ നെവെര്‍

    നല്ല കഥ

    ReplyDelete
  2. നല്ല കഥ....ആശംസകള്

    ReplyDelete
  3. അവള്‍ക്കു അവളുടെതായ ശരികളും തെറ്റുകളും ഉണ്ടല്ലോ.

    അയാളെ തന്നെ വേണമെന്ന നായികയുടെ വാശി എന്തിനാണെന്ന് മനസ്സിലായില്ല, പതിനേഴില്‍ തോന്നിയ ആദ്യ ചിന്ത പൂവണിയിച്ചതാണോ കഥാകാരി !?

    ReplyDelete
  4. ജലീല്‍,
    ഇത് വെറും കഥ.

    അനിത

    ReplyDelete
  5. മിനിപിസി12/31/12, 11:23 PM

    ആശംസകള്‍

    ReplyDelete
  6. മനുഷ്യ മനസ്സിന്റെ കഥ ...അത് ഒരു കഥയാണ്‌ .

    ReplyDelete
  7. വീട്ടുകാര്‍ക്കു ബോധിക്കുന്ന ആള്‍ എല്ലാം തികഞ്ഞവനാണെങ്കിലും, കൂടെ ജീവിക്കേണ്ട ആള്‍ക്ക് മനസുകൊണ്ടൊരു അടുപ്പം തോന്നാതെ വിവാഹം കഴിക്കുന്നതില്‍ അര്‍ഥമില്ല...അവിടുന്നങ്ങോട്ട് സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചു കഴിയേണ്ടത് വീട്ടുകാരല്ലല്ലോ!! പിന്നെ രൂപത്തിലും ഭാവത്തിലും എന്തിരിക്കുന്നു...മനസിന്‍റെ ഒരുമ, അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്...:)

    ReplyDelete