12/20/12

തുമ്പി

                                                                                                                                                


                                           


              അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍ഞാനൊരു  കൊച്ചു തുമ്പി.
കല്ലെടുക്കുക  എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു,
കണ്ടു  നിന്നു രസിക്കുന്നു.

എനിക്കിഷ്ടം, 
ആകാശത്ത് പറന്നു നടക്കാന്‍,
മൂളിപ്പാട്ട് പാടാന്‍,
നൃത്തം ചെയ്യാന്‍.

കല്ലെടുക്കാന്‍  തയ്യാറാണെന്ന്, ഞാനാരോടും പറഞ്ഞിട്ടില്ല.
എന്നിട്ടും !എന്‍റെ വാലില്‍ പിടിച്ചു വച്ചിരിക്കുന്നു,
ഞാന്‍ കൈ കാലിട്ടടിക്കുന്നത്
കൌതുകത്തോടെ നോക്കി നില്‍ക്കുന്നു,

എങ്കിലും  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
വാലില്‍ മുറുകെ പിടിച്ചപ്പോഴും,
വേദനകൊണ്ട്  പുളഞ്ഞപ്പോഴും ,
ഒരിക്കല്‍ പ്പോലും ഞാന്‍ നിങ്ങളെ കടിച്ചില്ലല്ലോ!

ഞാനൊരു കൊച്ചുതുമ്പി,
കല്ലെടുക്കുക എന്‍റെ ജോലിയേയല്ല.
എന്നിട്ടും  നിങ്ങളെന്നെക്കൊണ്ട് കല്ലെടുപ്പിക്കുന്നു!
കണ്ടു  നിന്നു രസിക്കുന്നു!

-------------------------------------------------------------------------------------------------------
ഓഫീസിലും വീട്ടിലുമായി മുഴുവന്‍ സമയവുംജോലി ചെയ്ത്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനാകാത്ത വനിതകള്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു.