7/21/18

സര്‍വ്വകക്ഷി സമാധാനം

സര്‍വ്വകക്ഷി സമാധാനം
----------------------------------
സമയം വൈകിട്ട് 3മണി. വെയിലിന്റെ ചൂട് കുറയാത്തതു കാരണമാകാം ആരും പുറത്തിറങ്ങാന്‍ തുടങ്ങിയിട്ടില്ല. വല്ലപ്പോഴുമാണ് ഏതെങ്കിലും വണ്ടികളും അങ്ങോട്ട്‌ വരുന്നത്.
അതുകൊണ്ട് തന്നെ ഒരു വെള്ള ടാറ്റ സുമോ വരുന്നത് കണ്ടപ്പോള്‍ അവന്‍ അത്ഭുതത്തോടെ നോക്കി. അന്ന് കണ്ട പെണ്ണിന്റെ വീട്ടുകാര്‍ ആയിരിക്കുമോ? ഏയ്‌.. അങ്ങിനെ വരാന്‍ വഴിയില്ല. കൂലിപ്പണിക്കാര്‍ക്കൊക്കെ പെണ്ണ് കൊടുക്കുമോ ആരെങ്കിലും! കല്യാണം കഴിക്കാനുള്ള മിനിമം യോഗ്യത ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം ആണല്ലോ!
സഡന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തി ഒരാള്‍ ഇറങ്ങി വന്നു. വേറെയും‍ രണ്ടുപേര്‍‍ ഉണ്ടായിരുന്നു അതില്‍.
ആയാള്‍ ചുറ്റുമൊന്നു വീക്ഷിച്ച ശേഷം പൂട്ടിയ ചായക്കയുടെ മുന്നില്‍ ഉണ്ടായിരുന്ന ബഞ്ചില്‍ ആരെയോ കാത്തിരിക്കുന്ന അവന്‍റടുത്ത് വന്നു ചോദിച്ചു.
"എന്താടാ ഇവിടൊരു തിരിഞ്ഞു കളി?"
"ഒന്നൂല്ല. വെറുതെ."
"എന്നാലും?"
"ഫ്രണ്ട്സ് വരാംന്നു പറഞ്ഞിരുന്നു. കണ്ടില്ല.കാത്തിരിക്കുന്നു."
"ആരൊക്കെയാ നിന്‍റെ ഫ്രണ്ട്സ്?"
"രൂപേഷ്, സതിഷ്, രാഗേഷ്.....പിന്നെ "
"ഏതു രൂപേഷ്?
അന്നത്തെ ആ കേസില്‍ കുറച്ചു നാള്‍ ഉള്ളില്‍ കിടന്നരൂപേഷ് ആണോ?"
"അ.. അതെ."
ക്രൂരമായ ഒരു സന്തോഷം മുഖത്ത് നിറച്ചുകൊണ്ട് അയാള്‍ ചോദിച്ചു. "അപ്പൊ നീ അവന്റെ ആളാ ഇല്ലേ ?"
" അയ്യോ..പാര്‍ട്ടിയില്‍ ഒന്നും ഇല്ല. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍ ആണ്." അവന്‍ വിക്കി വിക്കി പറഞ്ഞു.
"എന്താ നിന്റെ പേര്?"
"പ്രനീത് "
"എത്രവരെ പഠിച്ചു?"
"പ്ലസ് ടു."
"ഇപ്പൊ എന്ത് ചെയ്യുന്നു?"
"കൂലിപ്പണിക്ക് പോകുന്നു."
"അച്ഛനും അമ്മയും?"
"അവരും കൂലിപ്പണി."
"ഉം..
നന്നായി."
"എന്ത്?"
"ഒന്നുമില്ല. "
തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തോടെ അയാള്‍ തിരിഞ്ഞു മറ്റു രണ്ടുപേരോടും ഇറങ്ങി വരാന്‍ കൈ കാണിച്ചു.
പ്രനീത് ചുറ്റും നോക്കി. നാട്ടുകാരെ ആരെയും കാണാനില്ല.. ഇത് ഗുണ്ടകളോ മറ്റോ ആണോ !
രണ്ടാമന്‍ ഇറങ്ങി വന്നു ചോദിച്ചു
"നീയല്ലേ ഇന്നലെ ഞങ്ങളുടെ കൊടി പറിച്ചത്?"
"ഏതു കൊടി?"
"ആഹാ .. ഇപ്പോള്‍ ഏതു കൊടി എന്നായോ?"
"ഞാന്‍ ഒന്നിലും ഇല്ല. എനിക്ക് എല്ലാ കൊടിയും ഒരുപോലെ ആണ്."
"എന്ന് പറഞ്ഞാല്‍ എങ്ങിനാ? രൂപെഷ്ന്റെ കമ്പനിയല്ലേ നീ?"
"അവന്‍ ഫ്രണ്ട് മാത്രമാണ്."
"ഓഹോ.. ആണോ? എങ്കില്‍ ഇനി അങ്ങിനല്ല. അവന്‍ നിനക്ക് ആരാണ് എന്നും ആ പാര്‍ട്ടിയില്‍ നിന്റെ സ്ഥാനം എന്ത് എന്നും ഞങ്ങള്‍ തീരുമാനിക്കും."
അപ്പോഴേക്കും മൂന്നാമന്‍ മുന്നോട്ടു വന്നു പറഞ്ഞു."നീയാണ് ഞങ്ങള്‍ താഴെമുക്കില്‍ കെട്ടിയിരുന്ന കൊടി പറിച്ചത്."
"താഴെ മുക്കില്‍?"
"അതെ . താഴെ മുക്കില്‍."
"അവിടെ ഇതുവരെ ഒരു കൊടിയും ഉണ്ടായിരുന്നില്ലല്ലോ?"
"ഇതുവരെ ഇല്ല. പക്ഷെ ഇന്നലെ ഉണ്ടായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു.രാത്രി കൂട്ടുകാരെയും കൊണ്ടുവന്നു നീ അത് പറിക്കുന്നതിന് സാക്ഷികളും ഉണ്ട്."
"ഇല്ല. ഞാന്‍ അങ്ങിനെ ചെയ്യില്ല."
"അതോന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.
നീയാണ് അത് ചെയ്തത്."
ഒന്നാമന്‍ ബാക്കി രണ്ടുപെരോടുമായി പ്രഖ്യാപിച്ചു.
"ഇവനാണ് കൊടി കീറിയത്. അത് ചോദിക്കാന്‍ ചെന്നപ്പോള്‍ അവന്‍ ആക്രമിക്കാന്‍ വന്നു. നമ്മള്‍ തടുത്തു.
താഴെമുക്കിൽ കൊടി കീറിയതിന്റെ പേരിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷം തുടരുന്നു എന്ന്
വാട്സ് ആപ്പിൽ മെസ്സേജ് ഇടെടാ."
സാഹചര്യം ശരിയല്ലെന്നു മനസ്സിലായതും പ്രനീത് കുതറി ഓടാൻ ഒരു ശ്രമം നടത്തി.. ആറു ബലിഷ്ഠ കരങ്ങൾ അപ്പോൾ തന്നെ അത്
തടയുകയും ചെയ്തു.
അവൻ കരയാൻ തുടങ്ങിയപ്പോൾ മൂന്നാമന്‍ ഒന്ന് സംശയിച്ചു ഒന്നാമനെ നോക്കി.
ഇതൊരു പാവം ചെക്കന്‍ ആണ്. വേറെ നോക്കിയാലോ എന്ന ഭാവം.
"നിനക്ക് പ്രസ്ഥാനം ആണോ വലുത്, ഈ പീറ ചെക്കനോ?" ഒന്നാമന്റെ വാക്കുകളില്‍ കഞ്ചാവിന്റെ ഉശിര്.
"പാര്‍ട്ടി."
എങ്കില്‍ ആരെങ്കിലും എത്തുന്നതിനു മുന്നേ തുടങ്ങിക്കോ.
ചുറ്റും നോക്കിയപ്പോൾ ഏതൊക്കെയോ കണ്ണുകൾ കുറ്റിക്കാടുകളുടെ മറവിൽ തങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന് തോന്നിയതും കൈയ്യിൽ കരുതിയിരുന്ന ബോംബ് രണ്ടാമൻ അല്പം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
ഒളിഞ്ഞു നോക്കിയ കണ്ണുകൾ ബോംബ് പൊട്ടിയ ശബ്ദത്തിൽ അപ്രത്യക്ഷമായി.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
ഒന്നാമൻ അവനെ പിടിച്ചു വച്ചു.
രണ്ടാമൻ വടിവാള്‍ വണ്ടിയില്‍ നിന്നും എടുത്തു കാലുകള്‍ വെട്ടി വെട്ടി മാറ്റി.
വടിവാളിന്റെ മൂർച്ചയില്ലായ്മ അയാളെ വല്ലാതെ തളർത്തി.
മൂന്നാമൻ ഏറെ കഷ്ടപ്പെട്ട് കൈകളും വെട്ടിമാറ്റി. തല വെട്ടാന്‍ നോക്കിയപ്പോള്‍ ഒന്നാമൻ പറഞ്ഞു.
"വേണ്ട.
അങ്ങിനെ കിടക്കട്ടെ. രക്തം വാര്‍ന്നു തീര്‍ന്നോളും. "
നിമിഷങ്ങൾക്കുള്ളിൽ ടാറ്റ സുമോ സ്ഥലം കാലിയാക്കി.
**
പിറ്റേ ദിവസം എതിര്‍ പാര്‍ട്ടിയില്‍ രണ്ടാള്‍ കൊല്ലപ്പെട്ടു.
മൂന്നാം ദിവസം തിരിച്ചു ഒന്ന് കൂടി.
അപ്പോഴേക്കും ജനങ്ങള്‍ ഒക്കെ ഇളകി മറിഞ്ഞു നാടൊന്നു ഉഷാറായി.
എല്ലാവര്‍ക്കും പരസ്പരം പറയാന്‍ വിശേഷങ്ങള്‍ ആയി.
ഗള്‍ഫിലുള്ള ശ്രേയസ്സിന്റെ അമ്മ അഭിമാനത്തോടെ ഞെളിഞ്ഞു നിന്നപ്പോള്‍ ബാംഗ്ലൂര്‍ ഉള്ള യശസ്സിന്റെ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഞാനൊന്നു ഈ വിശേഷങ്ങള്‍ മോനോടു പറയട്ടെ. അവന്‍ നാളെ ഇങ്ങോട്ട് വരാന്‍ ഇരുന്നതാ. ഇപ്പോള്‍ വാട്സ് ആപ്പില്‍ വിശേഷങ്ങള്‍ തിരക്കിയിരുന്നു.
ഇനി രണ്ടാഴ്ച കഴിഞ്ഞു വന്നാല്‍ മതിന്നു പറയാം. "
മീത്തലെ വീട്ടിലെ ശാരദ കുവൈറ്റില്‍ ഉള്ള ഭര്‍ത്താവ് ഗോപാലെട്ടനോടു വിശേഷങ്ങള്‍ പങ്കു വച്ചപ്പോള്‍ ത്രേസ്യാമ്മ അമേരിക്കയിലുള്ള മോളോട് വിവരങ്ങള്‍ വാട്സ് ആപ്പില്‍ അറിയിച്ചു. "അവള്‍ ഇപ്പോള്‍ ഉറങ്ങുകയായിരിക്കും. എഴുന്നെറ്റാല്‍ വിളിക്കും" എന്ന് ആത്മഗതം ചെയ്തു.
വരാന്‍ പോകുന്ന ഇലക്ഷന് പൊടിപാറിയ മത്സരം സ്വപ്നം കാണാന്‍ ഓരോരുത്തരും മത്സരിച്ചു.
ബംഗാളികൾ ലൈൻ അടിക്കാൻ പറ്റിയ പെൺകുട്ടികളെയും വീട്ടമ്മമാരെയും തേടി നടന്നു.
**
രണ്ടു ഹര്‍ത്താല്‍..
ആണുങ്ങള്‍ കുറച്ചു പേര്‍ തെങ്ങും വാഴയും ഒക്കെ വയ്ക്കാന്‍ സമയം കണ്ടെത്തി.
ബാക്കി കുറേപ്പേര്‍ രാത്രിയും പകലും ഉറങ്ങി.
കുറേപ്പേര്‍ കുടിച്ചു മതോന്മാത്തര്‍ ആയി.
കുറെ കോഴികള്‍ ഇഹലോകവാസം വെടിഞ്ഞു.
നാല് വീടുകളിലെ റെക്കോര്‍ഡ്‌ ചെയ്ത കരച്ചില്‍ ഒരുമിച്ചിരുന്നു കാണുമ്പോള്‍ നേതാക്കന്മാര്‍ ശ്രദ്ധിച്ചത് കരയുന്ന ഭാര്യമാരുടെ അല്ലെങ്കില്‍ അമ്മമാരുടെ നൈറ്റിക്കുള്ളില്‍ നിറഞ്ഞു കണ്ട ചിലതില്‍ ആയിരുന്നു.
നാളെ എവിടെ പോകണം ആശ്വസിപ്പിക്കാന്‍ എന്ന കാര്യത്തില്‍ അവര്‍ പരസ്പരം ഒരു ധാരണയില്‍ എത്തിയശേഷം
പതിവ് അജണ്ടയില്‍ മീറ്റിംഗ് നടന്നു.
അവസാനം കൈ കൊടുത്തു കെട്ടിപ്പിടുത്തവും കഴിഞ്ഞു പിരിയുമ്പോഴാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം ചര്‍ച്ച ചെയ്തീല്ലല്ലൊ എന്നോര്‍ത്തത്. .
"ഇപ്രാവശ്യം ഞങ്ങള്‍ ആണ് തുടങ്ങി വച്ചത്. എപ്പോഴും ഞങ്ങളുടെ പിള്ളേര്‍ അതിനു തയ്യാറാവില്ല. അടുത്ത പ്രാവശ്യം നിങ്ങള്‍ വേണം."
"ഓക്കേ. അതിനെന്താ?'
"എപ്പോള്‍?"
"നിങ്ങള്‍ പറഞ്ഞാല്‍ മതി. അപ്പോള്‍ തുടങ്ങാം. "
"ശരി. ഒന്നോ രണ്ടോ മാസം കഴിഞ്ഞു മതി. ഇതിന്‍റെ ഹാങ്ങോവര്‍ ഒന്ന് തീരട്ടെ ".
"എങ്കില്‍ എല്ലാം പറഞ്ഞപോലെ. "
സര്‍വ്വ കഷിയോഗം കഴിഞ്ഞു മ്ലാനമായ മുഖത്തോടെ പുറത്തുവന്ന നേതാക്കന്മാരെ കണ്ടു അണികള്‍ക്ക് ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല.
അവര്‍ മത്സരിച്ചു അതാതു നേതാവിനു ജയ് വിളിച്ചു കൊണ്ടിരുന്നു.
********************************************************
കഥ: അനിത പ്രേംകുമാര്‍

4 comments: